SignIn
Kerala Kaumudi Online
Friday, 27 September 2024 3.56 PM IST

ആംബുലൻസുകൾ കട്ടപ്പുറത്ത് ,​ നീറ്റലായി ഫൈസലും ചെല്ലനും

Increase Font Size Decrease Font Size Print Page
d

മൂന്ന് പഞ്ചായത്തുകൾ മാത്രമുള്ള അട്ടപ്പാടി താലൂക്ക് ഗോത്രവർഗക്കാർക്കുവേണ്ടിയുള്ള കേരളത്തിലെ ഏകതാലൂക്കെന്ന വിശേഷണമുള്ളതാണ്. ഓരോ വർഷവും കേന്ദ്ര,സംസ്ഥാന സർക്കാർ പദ്ധതികളിലായി കോടിക്കണക്കിന് രൂപ ഈ വിഭാഗത്തിന്റെ സംരക്ഷണത്തിനായി ചെലവഴിക്കപ്പെടുമ്പോഴും ഇല്ലായ്മകളുടെയും ദുരിതങ്ങളുടെയും ശിശുമരണങ്ങളുടെയും പേരിലാണ് അട്ടപ്പാടി മേഖല കേരളത്തിന് നീറ്റലാവുന്നത്. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിവരെ ഉണ്ടായിട്ടും ചികിത്സ വൈകിയതിനെ തുടർന്നുള്ള മരണങ്ങളുണ്ടാകുന്നത് കണ്ണീർക്കാഴ്ചയാണ്. വികസനം അട്ടപ്പാടി ചുരം കയറുകയാണെന്ന് സർക്കാർ വാതോരാതെ പറയുന്നുണ്ടെങ്കിലും യാഥാർത്ഥ്യം മറിച്ചാണെന്നതിന്റെ നേർക്കാഴ്ചയാണ് ഫൈസലിന്റെയും ചെല്ലന്റെയും അതിദാരുണ മരണങ്ങൾ.

ഗുരുതര പരിക്കേറ്റയാളെയോ,അസുഖംബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരെയോ എത്രയുംപെട്ടെന്ന് ജീവൻരക്ഷാ സൗകര്യങ്ങളുള്ള ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിക്കുന്നതിനാവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമം. എന്നാൽ,പലപ്പോഴും വേണ്ടത്ര സൗകര്യങ്ങളുള്ള ആംബുലൻസുകൾ വിളിപ്പുറത്തുണ്ടാവില്ല. അട്ടപ്പാടിയിൽ ഫൈസലിന്റെയും ആദിവാസി വൃദ്ധൻ ചെല്ലന്റെയും മരണത്തിലേക്ക് വഴിവെച്ചതും യഥാസമയം ആംബുലൻസ് സേവനം കിട്ടാത്തതാണ്. ഒറ്റപ്പാലത്ത് നിന്നും അട്ടപ്പാടിചുരം കയറിയിറങ്ങി ആംബുലൻസ് എത്തുമ്പോഴേക്കും സമയമേറെയായിരുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം രണ്ട് മരണങ്ങൾ....., പരിഹാരം കാണേണ്ടവർ അലംഭാവം കാണിക്കുന്നു, ഇത് അട്ടപ്പാടിയിൽ മാത്രം ഒതുങ്ങന്നതല്ല... ജില്ലയിലെ മലയോര മേഖലയായ നെല്ലിയാമ്പതി,പറമ്പിക്കുളം എന്നിവിടങ്ങളിലെ സ്ഥിതിയും ആശങ്കയുയർന്നുണ്ട്.

ആംബുലൻസുണ്ട്

ഗുണമില്ല

അട്ടപ്പാടിക്ക് ജീവൻ രക്ഷിക്കാനുള്ള ഏകാശ്രയമായിരുന്നു ഒരുമാസമായി വർക്ക്ഷോപ്പിൽ കഴിയുന്ന എ.എൽ.എസ് ആംബുലൻസ്. പ്രധാന ചികിത്സാ കേന്ദ്രമായ കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രി 2 മാസം മുമ്പാണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. 6 ആംബുലൻസുകളാണ് ഇവിടെയുള്ളത്. നാലെണ്ണമേ ഓടിക്കാനാവൂ. ഒരെണ്ണം മാസങ്ങളായി കട്ടപ്പുറത്താണ്. കൂട്ടത്തിൽ ഒന്നേ പുതിയതുള്ളൂ. ബാക്കിയൊക്കെ കാലപ്പഴക്കവും റോഡിന്റെ ദുരവസ്ഥയും കാരണം മിക്കപ്പോഴും വർക്ക്ഷോപ്പിലാകും. രണ്ട് 108 ആംബുലൻസുകളാണ് പ്രധാന ആശ്രയം.

ഡീസലിനും അറ്റകുറ്റപ്പണിക്കും പണമില്ലാത്തതാണ് മറ്റൊരു പ്രശ്നം. പി.എസ്.സി നിയമിച്ച 2 ഡ്രൈവർമാരാണുള്ളത്. ആശുപത്രി പരിപാലന സമിതി 4 പേരെ നിയമിച്ചിട്ടുണ്ട്. വാഹനം ഉണ്ടായാലും ഡ്രൈവറില്ലാത്ത സ്ഥിതിയാണ് പലപ്പോഴും. ഷോളയൂരിൽ രമേശ് ചെന്നിത്തല എം.എൽ.എയും പുതൂരിൽ എം.ബി.രാജേഷ് എം.പിയായിരിക്കെ നൽകിയതുമായ ആംബുലൻസുകളാണ് ആശ്രയം. അഗളി സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ആംബുലൻസില്ല. പുതിയ എ.എൽ.എസ് ആംബുലൻസുകളും ആവശ്യത്തിന് ഫണ്ടും ഡ്രൈവർമാരെയും അനുവദിച്ചില്ലെങ്കിൽ ജീവന് വേണ്ടി പോരാടി ആശുപത്രി വരാന്തയിലും വഴിയിലും ഇനിയുമൊരുപാട് പേരുടെ ജീവൻ കൊഴിഞ്ഞപോകും.

നെല്ലിയാമ്പതിയിൽ

108 ഏക ആശ്രയം

തോട്ടംമേഖലയിലെ തൊഴിലാളികൾക്കും ആദിവാസികൾക്കും ഉൾപ്പെടെ ജീവൻ രക്ഷാദൗത്യത്തിനായി ഓടേണ്ട ആംബുലൻസുകൾ മൂന്നെണ്ണമുണ്ടായിട്ടും ഓടുന്നത് ഒന്നുമാത്രം. ഒരു ആംബുലൻസ് ഉപയോഗിക്കാൻ കഴിയാതെ തുരുമ്പെടുത്ത് നശിക്കുകയും മറ്റൊന്ന് ഷെഡിൽ നിറുത്തിയിട്ടിരിക്കയുമാണ്. നിലവിൽ ഓടുന്ന '108' ആംബുലൻസിന്റെ സേവനം രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ മാത്രം. ഗുരുതരാവസ്ഥയിൽ എത്തുന്നവർക്കും ബന്ധുക്കൾക്കും ഭാഗ്യമുണ്ടെങ്കിൽ ഈ സമയത്തിനകം ആശുപത്രിയിലെത്തിക്കാം.

നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ആംബുലൻസുകളുണ്ടായിട്ടും ഉപയോഗിക്കാൻ കഴിയാതിരിക്കുന്നത്. 2010ൽ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 8.50 ലക്ഷം ചെലവഴിച്ചാണ് ആദ്യം ആംബുലൻസ് വാങ്ങിയത്. ആംബുലൻസ് ഡ്രൈവറുടെ ശമ്പളം,പരിപാലനച്ചെലവ് എന്നിവ തനതുഫണ്ടിൽനിന്ന് കണ്ടെത്താൻ കഴിയാതെ വന്നതോടെ ഒരുവർഷത്തിനുശേഷം വാങ്ങിയ ആംബുലൻസ് നിറുത്തിയിട്ടു. വർഷങ്ങൾ കഴിഞ്ഞതോടെ പഞ്ചായത്തോഫീസിനു മുന്നിൽ നിറുത്തിയിട്ട ആംബുലൻസ് തുരുമ്പെടുത്ത് ഉപയോഗിക്കാൻകഴിയാത്ത സ്ഥിതിയിലായി.

ഇതിനിടെ കൊവിഡ് കാലത്ത് '108' ആംബുലൻസിന്റെ സേവനം നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ലഭിച്ചത് ആശ്വാസമായിരുന്നു. പിന്നീട് 2021ൽ രമ്യാഹരിദാസ് എം.പി.യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 20 ലക്ഷംരൂപ ചെലവഴിച്ച് ഓക്സിജൻ സൗകര്യങ്ങളോടുകൂടിയ ആംബുലൻസും ലഭിച്ചു. കൊവിഡ് കാലത്ത് ഓടിയിരുന്ന ഈ ആംബുലൻസ് പിന്നീട് ഓടിക്കുന്നതിനാവശ്യമായ ഫണ്ട് പഞ്ചായത്തിൽ ഇല്ലാതായതോടെ രണ്ടുവർഷമായി ഷെഡ്ഡിൽ കയറ്റിനിർത്തിയിരിക്കയാണ്. പ്രതിദിനം നൂറുകണക്കിന് സഞ്ചാരികളെത്തുന്ന നെല്ലിയാമ്പതിയിൽ അത്യാഹിതം സംഭവിച്ചാൽ 30 കിലോമീറ്റർ അകലെയുള്ള നെന്മാറയിലാണ് ചികിത്സാസൗകര്യമുള്ളത്. വാഹനാപകടവും വന്യമൃഗശല്യവും വർധിച്ചതോടെ മിക്കപ്പോഴും ജീപ്പുകളിലാണ് ആശുപത്രിയിലേക്ക് എത്തിക്കുന്നത്. ആംബുലൻസുകളുടെ പരിപാലനച്ചെലവ് ഗ്രാമപഞ്ചായത്ത് സ്വന്തംനിലയിൽ കണ്ടെത്തണമെന്ന സർക്കാർ നിർദ്ദേശംകൂടി വന്നതാണ് വിനയായത്.

ഒറ്റപ്പാലത്ത് '108'

പാതിവഴിയിൽ

താലൂക്കാശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ആരോഗ്യവകുപ്പിന്റെ കനിവ് 108 ആംബുലൻസുകളുടെ പ്രവർത്തനം ഇനിയും പുനഃസ്ഥാപിച്ചില്ല. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ആംബുലൻസുകൾ തിരിച്ചെത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

എന്നാൽ, വോട്ടെടുപ്പുകഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും അനിശ്ചിതാവസ്ഥ തുടരുകയാണ്.

കൊവിഡ്കാലം മുതൽ താലൂക്കാശുപത്രിയിൽ സേവനംനടത്തിയിരുന്ന രണ്ട് ആംബുലൻസുകളുടെ സേവനമാണ് നിർത്തിയിരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ആംബുലൻസ് ചിറ്റൂർ താലൂക്കാശുപത്രിയിലേക്കും മറ്റൊന്ന് മാർച്ചിൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയിരുന്നത്. ഇതോടെ ജില്ലയിൽ 108 ആംബുലൻസ് സേവനമില്ലാത്ത ഏക നഗരസഭയായി ഒറ്റപ്പാലം മാറിയിരുന്നു.

നിലവിൽ രണ്ട് ആംബുലൻസുകളുടെ സേവനം ആശുപത്രിയിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവിടെനിന്ന് 108 ആംബുലൻസുകൾ മാറ്റിയിരുന്നത്. നേരത്തേ താലൂക്കാശുപത്രിയുടെ ചുമതലയിലുണ്ടായിരുന്ന സൂപ്രണ്ട് ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആംബുലൻസുകൾ മാറ്റിയത്. ഇതോടെ ഒറ്റപ്പാലത്ത് രക്ഷാപ്രവർത്തനം നടത്താനായി ഉപകരിച്ചിരുന്ന സേവനമാണ് ഇല്ലാതായത്.

ഒരു ആംബുലൻസും

അഞ്ച് ഡ്രൈവർമാരും

മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിലുള്ളത് ഒരു ആംബുലൻസിന്റെ സേവനം മാത്രം. അതേസമയം ഡ്രൈവർമാരായി അഞ്ചുപേരുമുണ്ട്. രണ്ട് ആംബുലൻസുകൾ കാലാവധി കഴിഞ്ഞതിനാൽ ആശുപത്രിവളപ്പിൽ കിടക്കുകയാണ്. അത്യാവശ്യഘട്ടങ്ങളിൽ '108' ആംബുലൻസിന്റെ സേവനവും ലഭിക്കുന്നതാണ് ആശ്വാസം. അട്ടപ്പാടി ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽനിന്നുള്ള രോഗികൾ താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കാറ്. അത്യാവശ്യഘട്ടങ്ങളിൽ പാലക്കാട് ജില്ലാ ആശുപത്രി,കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് ഒരു രോഗിയുമായി പോകേണ്ടിവന്നാൽ അടുത്ത രോഗിയുമായി പോകാൻ വാഹനം എത്തുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

വെന്റിലേറ്റർ

സൗകര്യമില്ല

മുതലമട ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള പറമ്പിക്കുളത്ത് രണ്ട് ആംബുലൻസുണ്ട്. എന്നാൽ, രണ്ടിലും വെന്റിലേറ്റർ സൗകര്യമില്ല.

രാജ്യസഭാംഗമായിരിക്കെ എ.കെ. ആന്റണിയുടെ ഫണ്ടുപയോഗിച്ച് വാങ്ങിയ ആംബുലൻസ് സുങ്കം ഊരിലും പറമ്പിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ '108 ' ആംബുലൻസുമാണുള്ളത്.

പറമ്പിക്കുളം കടുവാസങ്കേതത്തിനകത്ത് 11 ഊരുകളിലായി 2,000ത്തിലധികം ഊരുവാസികളുണ്ട്.

ഇതിൽ ഏറ്റവുംദുരിതം അനുഭവിക്കുന്നത് കൊല്ലങ്കോട് വനംറേഞ്ചിന്റെ ഭാഗമായ തേക്കടി അല്ലിമൂപ്പൻ,മുപ്പതേക്കർ,അക്കരെ ഊര് എന്നിവിടങ്ങളിലുള്ളവരാണ്. അടിയന്തര ആവശ്യങ്ങൾക്ക് ജീപ്പാണ് ആശ്രയം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.