SignIn
Kerala Kaumudi Online
Thursday, 18 April 2024 8.27 AM IST

ആധി ഒഴിയാതെ നെല്ലറയിലെ കർഷകർ

paddy

പാലക്കാട് നെല്ലറയിലെ കർഷകരെ സംബന്ധിച്ചിടത്തോളം ആധി ഒഴിഞ്ഞ നാളുകളില്ല. വിളവിറക്കുന്നത് മുതൽ വിളവെടുത്ത് സ്വന്തം പോക്കറ്റിൽ പണം ലഭിക്കുന്നിടം വരെ പടപൊരുതേണ്ടി വരുന്ന ഗതിയാണ് കർഷകരുടേത്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കർഷകരെ സഹായിക്കാൻ കോടികണക്കിന് രൂപ ചെലവഴിക്കുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോഴാണ് കർഷകർക്ക് ഇത്തരമൊരു ദുർഗതി. കാലവസ്ഥാ വ്യതിയാനത്തോടൊപ്പം വന്യമൃഗശല്യം വരെ അതിജീവിച്ചാണ് കർഷകർ പാടത്ത് നെൽകൃഷിയിറക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ നെല്ല് സംഭരണത്തിനായി മുറവിളി കൂട്ടണം. എല്ലാ വർഷവും നെല്ല് സംഭരണം ഏളുപ്പത്തിലാക്കുമെന്ന് മന്ത്രിമാരടക്കമുള്ളവർ കർഷകർക്ക് ഉറപ്പ് നൽകുമെങ്കിലും പക്ഷേ കൊയ്ത്ത് കഴിഞ്ഞാൽ സ്ഥിതി മറിച്ചാണെന്നാണ് കർഷകർ പറയുന്നത്. സപ്ലൈകോ വഴിയാണ് നെല്ല് സംഭരണം. സപ്ലൈകോ ചുമതലപ്പെടുത്തുന്ന സ്വകാര്യമില്ലുകൾ നെല്ല് സംഭരിച്ച് അരിയാക്കി സിവിൽ സപ്ലൈസിന് തന്നെ നൽകും. സപ്ലൈകോയും സ്വകാര്യ മില്ലുകാരും തമ്മിൽ കരാർ സംബന്ധിച്ചുള്ള തർക്കം കാരണം സംഭരണം നീളുന്നതാണ് ഓരോ വിളവിലും കർഷകരെ ദുരിതത്തിലാക്കുന്നത്. പിന്നെ വകുപ്പുമന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി വേണം പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ. ഓരോ വിളവെടുപ്പ് സമയത്തും അടുത്ത വിളവെടുപ്പ് സമയത്ത് സംഭരണം സുഗമമാക്കുമെന്ന് പ്രഖ്യാപനം നടത്തുമെങ്കിലും ഇതുവരെ ഇത്തരമൊരു പ്രശ്നത്തിന് പരിഹാരമായിട്ടില്ല.

സംഭരണത്തിനു ശേഷവും

കടമ്പകൾ ഏറെ

നെല്ല് സംഭരണം നടന്നാൽ പിന്നെ കർഷകർക്ക് അദ്ധ്വാനിച്ച പണം കിട്ടാനാണ് ബുദ്ധിമുട്ട്. സ്വകാര്യ മില്ലുകാർ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച കണക്ക് സപ്ലൈകോ ഓഫീസിൽ എത്തിച്ചാൽ മാത്രമേ പണം അനുവദിക്കൂ. നെല്ല് അളന്ന കർഷകർക്ക് പണം ഉടൻ നൽകുമെന്ന സിവിൽ സപ്ലെെസ് മന്ത്രിയുടെ വാക്കുകേട്ട് ബാങ്കിലെത്തുമ്പോൾ പണം വന്നിട്ടില്ലെന്ന് പറയുമ്പോഴാകും കർഷകർ കാര്യം അറിയുക. പിന്നെ നേരെ സപ്ലൈകോയിലേക്ക് പോകും.

അവിടെ ചെന്നാൽ പാഡി റസീറ്റ് ഷിറ്റ് (പി.ആർ.എസ്) കിട്ടിയിട്ടില്ലെന്ന് പറയുമ്പോൾ കർഷകന് കിട്ടുന്ന ഉത്തരം സർക്കാർ സപ്ലൈകോയിലേക്ക് ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ്. പിന്നെ സപ്ലൈകോ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മുന്നിൽ വെയിലും മഴയും കൊണ്ട് സമരം നടത്തിയാൽ പണം അനുവദിക്കും. നിലവിൽ പല കർഷകർക്കും ഒന്നാംവിളയുടെ പണം കിട്ടിയിട്ടില്ല. ഒന്നാംവിളയ്ക്ക് ജില്ലയിൽ 62,900 പേരാണ് സപ്ലൈകോയിലേക്ക് നെല്ലളക്കാനായി രജിസ്റ്റർ ചെയ്തത്. ഇതിൽ ഇതുവരെ 47,960 കർഷകർക്കായി 358 കോടി 56,32120 രൂപയാണ് കൊടുത്തിട്ടുള്ളത്. രണ്ടാംവിള ആരംഭിച്ചിട്ടും ഒന്നാംവിളയുടെ പണം ലഭിക്കാത്ത കർഷകരുടെ സാമ്പത്തിക ദുരിതം തുടരുകയാണ്. ഇത്തരം പ്രതിസന്ധികൾക്കിടയിലും രണ്ടാംവിളയ്ക്ക് ഇതുവരെ 47960 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊയ്ത്തിന് രണ്ടാഴ്ച മുമ്പ്

സംഭരണ തീയതി

പ്രഖ്യാപിക്കണം

നെല്ല് സംഭരണത്തിലെ താളപ്പിഴയാണ് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നം. കൊയ്ത്തിന് രണ്ടാഴ്ച മുമ്പ് സംഭരണ തീയതി പ്രഖ്യാപിക്കണമെന്നാണ് ജില്ലയിലെ കർഷക സംഘടനകളുടെ പ്രധാന ആവശ്യം. ഇത് നടപ്പിലാക്കാനുള്ള നടപടി അധികൃതർ ഇനിയും കൈക്കൊണ്ടിട്ടില്ല. നെല്ലിന് താങ്ങുവില നിശ്ചയിച്ച് സർക്കാർ സംഭരണം നടത്തുന്നത് കർഷകരെ സഹായിക്കാനും നെൽവയലുകൾ നിലനിറുത്താനുമാണ്. സാമാന്യം നല്ല വിളവ് ലഭിച്ചിട്ടും സാമ്പത്തികമായി മെച്ചമുണ്ടാക്കാൻ കർഷകർക്ക് കഴിയാതിരിക്കുന്നതിന് കാരണം സംഭരണത്തിലെ പാളിച്ചകളാണ്. അളന്നെടുത്ത നെല്ലിന്റെ വില കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ട ദുരവസ്ഥയും കർഷകരെ അലട്ടുന്നു. 'ഇനി മുതൽ നെല്ലളന്ന് 24 മണിക്കൂറിനകം സംഭരണ വില കർഷകന്റെ അക്കൗണ്ടിൽ വീഴും' എന്നാണ് മാസങ്ങൾക്കു മുമ്പ് ജില്ലയിലെത്തിയ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ കർഷകർക്ക് ഉറപ്പ് നൽകിയത്. 24 മണിക്കൂറിനകം കിട്ടിയില്ലെങ്കിലും ചുരുങ്ങിയ സമയപരിധിക്കുള്ളിലെങ്കിലും പണം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാർഷികമേഖലയിലെ ഇത്തരം പ്രശ്നങ്ങൾ കാരണം ജില്ലയിൽ 1970ൽ ഉണ്ടായിരുന്ന 3.25 ലക്ഷം ഹെക്ടർ നെൽകൃഷി 77,000 ഹെക്ടർ ആയി കുറഞ്ഞു. ഇതേ കാലയളവിൽ കേരളത്തിൽ ഒമ്പത് ലക്ഷം ഹെക്ടർ ഉണ്ടായിരുന്നത് ഇപ്പോൾ 1.80 ലക്ഷം ഹെക്ടറായും കുറഞ്ഞു.

കെട്ടികിടക്കുന്നത്

250 ടൺ നെൽവിത്ത്

നെൽവിത്ത് ഉത്പാദന കർഷകരുടെ സ്ഥിതിയും ദയനീയമാണ്. നല്ല വിളവെടുപ്പിനായി നെൽവിത്ത് ഉത്പാദിപ്പിക്കുന്ന ജില്ലയിലെ കർഷകർക്കും പറയാനുള്ളത് ദുരിതകഥ. വിത്തിറക്കി സംഭരിക്കുന്നതുവരെ നെൽകർഷകർ നേരിടുന്ന അതേ വെല്ലുവിളികളാണ് ഇവരും നേരിടുന്നത്. കേരളത്തിലേക്ക് ആവശ്യമായ നെൽവിത്തിൽ 70 ശതമാനവും ഉത്‌പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലെ കർഷകരാണ്. ഇതിൽ 45 ശതമാനം കർഷകരും കൊല്ലങ്കോട് ബ്ലോക്കിൽ നിന്നാണ്. ബാക്കിയുള്ള കർഷകർ നെന്മാറ, കുഴൽമന്ദം ഭാഗത്തുനിന്നുള്ളവരാണ്. ഒന്നാംവിളയിൽ നെൽവിത്ത് ഉത്പാദിപ്പിച്ച കർഷകരിൽ നിന്ന് നെൽവിത്ത് വികസന അതോറിറ്റി സംഭരിക്കാതെ കെട്ടികിടക്കുന്നത് 250 ടൺ നെൽവിത്താണ് . വിളവെടുപ്പ് സമയത്തുണ്ടായ മഴ കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കി. 13 ശതമാനം ഈർപ്പത്തോടെ ഉണക്കി 85 ശതമാനം മുള ശേഷി ഉണ്ടെന്ന് ആലപ്പുഴയിലുള്ള ലാബിലെ സാമ്പിൾ പരിശോധനയിൽ തെളി‌ഞ്ഞാൽ മാത്രമേ വിത്ത് സംഭരിക്കുകയുള്ളൂ. ഇത്തരത്തിലുള്ള വിത്ത് രൂപപ്പെടുത്തണമെങ്കിൽ കാലാവസ്ഥയും അനുകൂലമാകണം. വിളവെടുത്ത് മിനിമം രണ്ട് ദിവസത്തിനുള്ളിൽ ഉണക്കാൻ ആരംഭിച്ചാൽ മാത്രമേ അതിനു സാധിക്കൂ എന്ന് നെല്ല് വിത്തുത്‌പാദന ഏകോപന സമിതി ജില്ലാ പ്രസിഡന്റും കർഷകനുമായ സി.ബാലകൃഷ്ണൻ പറഞ്ഞു. വിത്തിന് കിലോയ്ക്ക് 35 രൂപ നിരക്കിലാണ് കർഷകർക്ക് ലഭിക്കുക. ഒരു ഹെക്ടറിന് 80 കിലോയും ഏക്കറിന് 32 കിലോയും ആണ് നെൽവിത്ത് വികസന അതോറിറ്റി കർഷകർക്ക് സൗജന്യമായി നൽകുക. ഇത്തവണ ഒന്നാംവിളയിൽ വിളവെടുത്ത പല കർഷകരും കാലാവസ്ഥ ബുദ്ധിമുട്ടുകൾ കാരണം വിത്ത് ആക്കാതെ സപ്ലൈകോയിലേക്ക് അളക്കുകയാണ് ഉണ്ടായത്. ഇത്തരത്തിൽ നെൽവിത്ത് ഉത്‌പാദിപ്പിക്കുന്നത് നിറുത്തേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. വിത്തില്ലെങ്കിൽ നെൽകൃഷിയില്ല, നെൽകൃഷിയില്ലെങ്കിൽ കർഷകരില്ല. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തപക്ഷം 'നെല്ലറ' എന്ന പേര് മാത്രമാകും അവശേഷിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKADU DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.