SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.34 PM IST

ചിന്നം വിളിച്ച് കൊമ്പന്മാ‌ർ; ഉറക്കം നഷ്ടപ്പെട്ട് മലയോരം

elephant

നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ തന്നെ പേടിയാണ് ജില്ലയിലെ മലയോരവാസികൾക്ക്. ഏത് നിമിഷവും പുലിയോ കാട്ടാനയോ ആക്രമിച്ചേക്കാം. നിലമ്പൂർ, വഴിക്കടവ്, നാടുകാണി, കരുവാരക്കുണ്ട്, പോത്തുകല്ല് പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് മനുഷ്യരാണ് വന്യജീവികളുടെ ആക്രമണം പേടിച്ച് പുറത്തിറങ്ങാൻ പോലും കഴിയാതെ ജീവിക്കുന്നത്. കാട്ടാന ശല്യം കാലങ്ങളായി മലയോര മേഖല നേരിടുന്നതാണെങ്കിൽ പുലി ശല്യം അടുത്ത കാലത്താണ് തുടങ്ങിയത്. നാടുകാണി ചുരത്തിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ ജനവാസ മേഖലകളിലേക്കും കടുവ എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. കടുവയുടെ കാല്‌പാടുകൾ ഇതിന് തെളിവായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വളർത്തുമൃഗങ്ങളെ ലക്ഷ്യമിട്ടെത്തുന്ന വന്യമൃഗങ്ങൾ ആളുകളെയും ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ വരുത്തുന്ന വന്യജീവി ശല്യത്തിനെതിരെ നാട്ടുകാർ വനംവകുപ്പ് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും അനങ്ങുന്നു പോലുമില്ല. ജനവാസ മേഖലകളിൽ ഇറങ്ങുന്ന പുലികളെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പോലും അവഗണിക്കപ്പെടുകയാണ്.


കാട്ടിലെ ജീവികളെല്ലാം നാട്ടിൽ

കാട്ടാന, പുലി, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങി കാട്ടിൽ നിന്നും നാട്ടിലെത്തുന്ന ജീവികളുടെ ലിസ്റ്റ് നീളുകയാണ്. കാട്ടാനയും പന്നിയും ഉഴുത് മറിക്കുന്ന കൃഷികൾക്ക് കൈയും കണക്കുമില്ല. ഇവ സ്ഥിരമായി നാട്ടിലേക്കിറങ്ങുന്ന വനമേഖലകളിൽ വൈദ്യുതിവേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ കേട്ടില്ലെന്ന മട്ടിലാണ്. വൈദ്യുതി വേലിയും കിടങ്ങ് അടക്കമുള്ള വന്യജീവികളെ തടയുന്നതിനുള്ള ഉപാധികൾക്കായി തുക വകയിരുത്തുമെന്ന പ്രഖ്യാപനമല്ലാതെ ഒന്നും നടക്കുന്നില്ല. കരുവാരക്കുണ്ടിലെ കൽക്കുണ്ട്, ചേരി, കുണ്ടോട, കക്കറ, കരിങ്കന്തോണി, വീട്ടിക്കുന്ന് തുടങ്ങിയ ജനവാസ മേഖലകൾ വന്യജീവികളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. സ്ഥിരമായി കൃഷി നശിപ്പിക്കുന്നതിൽ കർഷകർക്ക് കൃഷിയിടങ്ങൾ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. വാഴ, ചേമ്പ്, ചേന, മറ്റു കിഴങ്ങുവർഗങ്ങൾ വ്യാപകമായി പന്നിക്കൂട്ടങ്ങൾ നശിപ്പിക്കുന്നുണ്ട്. കർഷകർ സ്വന്തം ചെലവിൽ സൗരോർജ്ജ വേലി സ്ഥാപിച്ചെങ്കിലും ഇത് തകർത്താണ് ആനകളുടെ വരവ്. കുരങ്ങന്മാർ കൂട്ടത്തോടെയിറങ്ങി തേങ്ങ മുഴുവൻ പറിച്ചെടുക്കുന്നു. രണ്ടാഴ്ചയായി ജനവാസ മേഖലയിൽ ഇറങ്ങുന്ന പുലി തോട്ടങ്ങളിലെ തൊഴിലാളികളെയും ആക്രമിക്കാൻ തുടങ്ങിയതോടെ കൃഷിപ്പണിക്കും ആളെ കിട്ടുന്നില്ല.


കാട്ടാനകൾ കൈയേറി,​ എന്നിട്ടും

പ്ലാന്റേഷൻ കോർപ്പറേഷന്റെ പുഞ്ചക്കൊല്ലി എസ്റ്റേറ്റ് കാട്ടാനക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഇരുപതും മുപ്പതും ആനകളടങ്ങുന്ന കൂട്ടങ്ങളാണ് എസ്റ്റേറ്റിൽ വിവിധ ഇടങ്ങളിൽ തമ്പടിക്കുന്നത്. കാട്ടാനക്കൂട്ടങ്ങളെ ഭയന്ന് പുലർച്ചെയുള്ള റബർ ടാപ്പിംഗ് ഒഴിവാക്കിയ തൊഴിലാളികൾ നന്നായി വെളിച്ചം വീണ ശേഷമാണ് ജോലി ആരംഭിക്കുന്നത്. ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പലപ്പോഴും ഇവിടത്തെ തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. വനംവകുപ്പിന്റെ സ്ഥലം 1980ലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ ഏറ്റെടുത്ത് എസ്റ്റേറ്റ് തുടങ്ങിയത്. 750 ഹെക്ടറോളം സ്ഥലത്ത് റബർ, കശുമാവ്, കമുക് തുടങ്ങിയ കൃഷികളാണുണ്ടായിരുന്നത്. 30 ഹെക്ടറോളം കശുമാവും 20 ഹെക്ടറോളം കമുകും ആനക്കൂട്ടം നശിപ്പിച്ചു. റബർ മാത്രമാണ് അവശേഷിക്കുന്നത്. ഇതും ആനക്കൂട്ടം നശിപ്പിക്കുന്നുണ്ട്. വലിയ തുക ചെലവഴിച്ച് എസ്റ്റേറ്റിന് ചുറ്റും വൈദ്യുതിവേലി സ്ഥാപിച്ചെങ്കിലും കാട്ടാനകൾ ഇതെല്ലാം തകർത്തു. സന്ധ്യയോടെ കാടിറങ്ങുന്ന ആനക്കൂട്ടം നേരം പുലർന്നാണ് മടങ്ങുന്നത്.


കുങ്കിയാന വരാൻ

ഉപരോധം വേണം

നാടുകാണിയിൽ ജനവാസ മേഖലകളിലെത്തി സ്ഥിരമായി ഭീതിയുയർത്തുന്ന കാട്ടാനക്കൂട്ടങ്ങളെ തുരത്താൻ നടപടിയെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ അധികൃതർ അനങ്ങാതിരുന്നതോടെ ഒടുവിൽ നാടുകാണി ജീൻപൂൾ ഗാർഡന് മുന്നിൽ റോഡ് ഉപരോധിക്കേണ്ടി വന്നു. പ്രദേശങ്ങളിലെ 15 വീടുകളും ആറ് കടകളുമാണ് ആനക്കൂട്ടം തകർത്തത്. മുതുമല ആന ക്യാമ്പിൽ നിന്ന് മൂന്ന് കുങ്കിയാനകളെ എത്തിച്ചാണ് കാട്ടാനകളെ കാട് കയറ്റിയത്. നാടുകാണി ജീൻപൂൾ ഗാർഡനിൽ കുങ്കിയാനകളും വനപാലകരും ക്യാമ്പ് ചെയ്യുന്നുണ്ട്. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണെങ്കിലും ഇവിടങ്ങളിൽ മലയാളികളും ഏറെയാണ്.

നേരത്തെ ജില്ലയിലെ ആദിവാസി മേഖലകളിലായിരുന്നു വന്യജീവിശല്യം രൂക്ഷമായിരുന്നത്. കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയതോടെ കാടിനോട് ചേർന്നുള്ള കോളനികളിൽ നിന്ന് ആദിവാസികൾ പടിയിറങ്ങി. കോളനികളിലെ വീടുകൾ തകർത്ത് ഭക്ഷണസാധനങ്ങൾ തിന്നുകയാണ് ആനകളുടെ ലക്ഷ്യം. കാട് വിട്ടിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങൾ ഇപ്പോൾ നിലമ്പൂർ നഗരത്തിൽ വരെയെത്തി. ചക്ക ഏറെ ഇഷ്ടപ്പെടുന്ന കാട്ടാനകൾ സ്ഥിരമായി നാട്ടിലിറങ്ങി തുടങ്ങിയതോടെ മണിമൂളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്ലാവുകൾ വ്യാപകമായി നാട്ടുകാർ വെട്ടിമാറ്റിയിട്ടുണ്ട്. ആനക്കൂട്ടങ്ങൾ ഇപ്പോൾ വാഴത്തോട്ടങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മലയോര മേഖലകളിൽ വാഴത്തോട്ടങ്ങൾ യഥേഷ്ടം ഉണ്ടെന്നതിനാൽ കാട് വിട്ടിറങ്ങുന്ന ആനകളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഇവയെ തുരത്താൻ യഥാസമയം നടപടി സ്വീകരിക്കാത്തതിനാൽ നാട്ടിൽ തമ്പടിച്ചും ഇവ ശീലിച്ചിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കിൽ കൃഷി മാത്രമല്ല മലയോരപ്രദേശം തന്നെ ഉപേക്ഷിച്ചു പോവേണ്ട അവസ്ഥയിലാവുമെന്ന് പ്രദേശവാസികൾ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKADU DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.