SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.41 PM IST

റോക്കറ്റുവേഗത്തിൽ ഉയർന്ന് കാലിത്തീറ്റവില കണ്ണീരുകുടിച്ച് ക്ഷീരകർഷകർ

cow

ഉത്പാദന ചെലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ ക്ഷീരകർഷകർ പാടുപെടുമ്പോഴാണ് ഇരുട്ടടിയായി കാലിത്തീറ്റ വില റോക്കറ്റു വേഗത്തിൽ കുതിക്കുന്നത്. സ്വകാര്യ കമ്പനികളുടെ 50 കിലോ വരുന്ന കാലിത്തീറ്റ ചാക്കിന് മൂന്നാഴ്ചയ്ക്കിടെ നൂറു രൂപയോളം വർദ്ധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിൽ വേണ്ടത്ര കാലിത്തീറ്റ ഉത്പാദനം നടക്കാത്തതിനാൽ സ്വകാര്യ കമ്പനികളെയാണ് സംസ്ഥാനത്തെ ഭൂരിഭാഗം ക്ഷീരകർഷകരും ആശ്രയിക്കുന്നത്. പാലക്കാട് മാത്രം 60000 ക്ഷീരകർഷകരുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനമൂലം കാലിത്തീറ്റവില കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് സ്വകാര്യകമ്പനികൾ,​ ഇത് തുടർന്നാൽ ക്ഷീരമേഖലയിൽ നിന്ന് കർഷകരുടെ കൊഴിഞ്ഞുപോക്ക് തടയാനാകില്ല.

തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന വൈയ്‌ക്കോലും സ്വകാര്യകമ്പനികളുടെ കാലിത്തീറ്റയുമാണ് നിലവിൽ ക്ഷീരകർഷകരുടെ പ്രധാന ആശ്രയം. കേരളത്തിൽ കാലിത്തീറ്റ മേഖലയിൽ വില സ്ഥിരത ഉറപ്പുവരുത്തുന്നത് കേരള ഫീഡ്സ് ആണെന്ന് അധികൃതർ പറയുമ്പോഴും അതിന്റെ ഫലമൊന്നും പാവം കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. മിൽമയും കേരള ഫീഡ്‌സും ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റ ചെറിയൊരു ശതമാനം കന്നുകാലികൾക്ക് കൊടുക്കാനേ ഉപകരിക്കുന്നുള്ളൂ എന്നതാണ് വസ്തുത. ദിവസം 1250 ടൺ കാലിത്തീറ്റയാണ് കേരള ഫീഡ്സിന്റെ മൂന്ന് ഫാക്ടറികളിൽ നിന്നായി സംസ്ഥാനത്തെ വിപണിയിലേക്കെത്തുന്നത്. കല്ലേറ്റുംകരയിൽ നിന്നും 650 ടണ്ണും കരുനാഗപ്പള്ളി, കോഴിക്കോട് എന്നിവിടങ്ങളിൽ 300 ടൺ വീതവുമാണ് ഉത്പാദന ശേഷി. പൊതുമേഖലയിൽ തൊടുപുഴയിലും മലപ്പുറത്ത് ആതവനാട്ടും കാലിത്തീറ്റ ഫാക്ടറികൾ തുടങ്ങിയെങ്കിലും ഉത്പാദനം പൂർണതോതിലായിട്ടില്ല. തൊടുപുഴയിലെ 500 ടൺ ശേഷിയുള്ള അത്യാധുനിക ഉത്പാദന യൂണിറ്റ് സജ്ജമാകുന്നതോടെ പ്രതിദിന ഉത്പാദനം 1750 ടണ്ണായി ഉയരുമെന്നും രണ്ട് വർഷത്തിനുള്ളിൽ വിപണിയുടെ പകുതി കേരള ഫീഡ്സിന്റെ കാലിത്തീറ്റ വിഹിതമാകുമെന്നുമാണ് ഇപ്പോഴും അധികൃതർ കണക്കുകൂട്ടുന്നത്. പക്ഷേ ഇത് യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയാണെന്നാണ് ക്ഷീര കർഷകർ പറയുന്നത്.

കാലിത്തീറ്റ നിർമാണം വർദ്ധിപ്പിക്കണം

കാലിത്തീറ്റ ലഭ്യത കുറവായതിനാൽ ഉയർന്ന വിലകൊടുത്ത് ഗുണനിലവാരം കുറഞ്ഞ തീറ്റവാങ്ങാൻ ക്ഷീരകർഷകർ നിർബന്ധിതരാകുകയാണ്. ഇത് പാലുത്പാദനം കുറയാനിടയാക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കന്നുകാലികളെ മേയാൻ വിടാനാകാത്തതും കടുത്ത വേനലിൽ വെള്ളവും പുല്ലും കുറഞ്ഞതും പാൽ ഉത്പാദനച്ചെലവ് കൂട്ടിയിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് 14 ലക്ഷം പശുക്കളുണ്ട്. 2006 ൽ 21 ലക്ഷം പശുക്കൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്. പശുക്കളുടെ എണ്ണം കുറഞ്ഞെങ്കിലും സങ്കരയിനം പശുക്കൾ കൂടുതലുള്ളതിനാൽ പാലുത്പാദനം കുറഞ്ഞിട്ടില്ല.

ഈ വിഷുക്കാലത്ത് കൂടുതൽ പാൽ വില്പന നടത്തി മിൽമ പാലക്കാട് ഡയറി ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 11 മുതൽ വിഷുവരെ നാലുദിവസങ്ങളിലായി 7.82 ലക്ഷം ലിറ്റർ പാലാണ് വിറ്റത്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ മൂലം വിഷു ആഘോഷമൊന്നും ഉണ്ടായിരുന്നില്ല. 2019നെ അപേക്ഷിച്ച് പാൽ വില്പന ഇത്തവണ കൂടി. 6.30 ലക്ഷം ലിറ്റർ പാലാണ് അന്ന് വിറ്റത്.

സിവിൽ സപ്ലൈസ് വകുപ്പിന്റെ മാതൃകയിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കാർഷികോത്പന്നങ്ങളും ഉപോത്പന്നങ്ങളും ശേഖരിച്ച് കാലിത്തീറ്റ നിർമാണം വർദ്ധിപ്പിച്ചാൽ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാകും. അത് ക്ഷീരകർഷകർക്ക് ഏറെ ഗുണവും ചെയ്യും. കാലിത്തീറ്റ വില കുറഞ്ഞാൽത്തന്നെ കൂടുതൽപ്പേർ പശുക്കളെ വളർത്താൻ തയ്യാറാകും. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപ്പെട്ട് അതിന്റെ സാദ്ധ്യതകളെക്കുറിച്ച് ആലോചിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.

പാൽ വില വർദ്ധിപ്പിക്കണമെന്ന് മിൽമ

തീറ്റവിലയിലുണ്ടായ വർദ്ധനയ്ക്ക് ആനുപാതികമായി പാൽവില ഉയരാത്തത് കേരളത്തിലെ ക്ഷീരകർഷകരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. പാലിന് ശരാശരി 35 - 40 രൂപയാണ് ലഭിക്കുക. കൊഴുപ്പും കൊഴുപ്പിതര ഖരപദാർത്ഥങ്ങളും നോക്കി ലഭിക്കുന്ന തുച്ഛമായ വില പലർക്കും പശുവിനുള്ള കാലിത്തീറ്റ വാങ്ങാൻ പോലും പര്യാപ്തമല്ല. പാൽവില വർദ്ധിപ്പിച്ചാൽ മാത്രമേ കർഷകർക്ക് നിലനില്‌പ്പുള്ളൂ എന്ന് കർഷകർ തന്നെ പറയുന്നു. എന്നാൽ, പെട്ടെന്ന് വില വർദ്ധിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയിൽ പാൽ കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. വിലകുറഞ്ഞ പാൽ വിപണിയിൽ സജീവമാകുമ്പോൾ സാധാരണ കർഷകർക്ക് പിടിച്ചുനിൽക്കുക പ്രയാസമാണ്.

സംസ്ഥാനത്ത് മിൽമ പാലിന്റെ വില ലിറ്ററിന് അഞ്ച് മുതൽ ഏഴ് രൂപവരെ വർദ്ധിപ്പിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. വിലവർദ്ധനവ് അനിവാര്യമാണെന്ന് മിൽമ സംസ്ഥാന സർക്കാരിനെ അറിയിച്ചതായാണ് സൂചന. ലിറ്ററിന് ആറുരൂപ വരെ വർദ്ധിപ്പിക്കണമെന്നാണ് മേഖല യൂണിയനുകൾ മിൽമയ്ക്ക് ശുപാർശ നൽകിയിട്ടുള്ളത്. കാലിത്തീറ്റയുടെ വില കൂടി, വേനൽക്കാലത്ത് പാലിന് ക്ഷാമം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാൽ ഇറക്കുമതി ചെയ്യണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വില വർദ്ധനയ്ക്ക് ലക്ഷ്യമിടുന്നത്.

ഏഴുമാസം മുമ്പാണ് പാൽ വില മിൽമ കൂട്ടിയത്. ക്ഷീരകർഷകർക്ക് ഓണത്തിന് മുമ്പ് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിച്ച മിൽമ വീണ്ടും പാൽവില കൂട്ടിയാൽ സാധാരണക്കാരനെ വലയ്ക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. കാലിത്തീറ്റയുടെ വിലയിലുണ്ടായ വർദ്ധനവും കനത്ത ചൂടും കൊറോണയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ബാദ്ധ്യതകളും കർഷകരെ പിന്നോട്ടടിക്കുന്നെന്നാണ് മിൽമ വ്യക്തമാക്കുന്നത്. ഒന്നുകിൽ സർക്കാർ പാൽവില ഇൻസെന്റീവ് നൽകി കർഷകരെ സഹായിക്കണം. അല്ലെങ്കിൽ കർഷകരെ സഹായിക്കാൻ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണം. അല്ലാത്ത പക്ഷം വില വർദ്ധനയല്ലാതെ മറ്റൊരു മാർഗമില്ലെന്നാണ് നിലപാട്. നിലവിൽ പാൽ കടുംനീല കവറിന് ലിറ്ററിന് 46, മഞ്ഞ കവറിനും ഇളം നീല കവറിനും 44, കാവി, പച്ച കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന് 48 എന്നിങ്ങനെയാണ് വില നിലവാരം. തൈരിന് പച്ചക്കവറിന് 54, നീലക്കവറിന് 70 എന്ന നിരക്കാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKADU DIARY, CATTLEFEED
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.