SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.00 PM IST

വീര 'ജവാൻ' !

jawan

രാജ്യസുരക്ഷയ്ക്കായി രാപ്പകൽ കണ്ണുംകാതും കൂർപ്പിച്ചിരിക്കുന്ന സൈനികരെയാണ് നാം ജവാന്മാർ എന്നു വിളിക്കുന്നത്. കാർഗിൽ യുദ്ധം വിജയിച്ച വീരജവാന്മാരുടെ പോരാട്ടത്തിന്റെ കഥകൾ ഇപ്പോഴും രോമാഞ്ചമുണ്ടാക്കുന്നു. ഹിന്ദിയിലെ ജവാൻ എന്നതിന് ധൈര്യശാലിയായ ചെറുപ്പക്കാരൻ എന്ന് മലയാള അർത്ഥമുണ്ട്. പറഞ്ഞുവരുന്നത് ജവാൻ നിസാരക്കാരൻ അല്ലെന്നാണ്. പക്ഷെ, കഴിഞ്ഞ ദിവസങ്ങളിൽ ജവാൻ എന്ന വാക്ക് മലയാളി പറയുന്നത് തട്ടിപ്പിന്റെയും അഴിമതിയുടെയും അടയാളമായിട്ടാണ്. തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ നടന്ന സ്പിരിറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജവാൻ നമ്മുടെ നാവിൽ വരുന്നത്, മനസിൽ പതിഞ്ഞത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സിൽ നിർമിക്കുന്ന മദ്യത്തിന്റെ പേരാണ് 'ജവാൻ'!. ജവാൻ റം നിർമ്മിക്കാൻ മദ്ധ്യപ്രദേശിൽ നിന്ന് കൊണ്ടു വന്ന സ്പരിറ്റ് ചോർത്തി വിറ്റ് കാലങ്ങളായി നടക്കുന്ന അഴിമതികളാണ് വെളിച്ചത്തു വന്നത്. ഏതോ ഒറ്റുകാരൻ എക്സൈസ് എൻഫോഴ്സ്മെന്റിന് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് സ്പരിറ്റുമായി വന്ന ലോറിയെ അതിർത്തിയായ മഞ്ചേശ്വരം മുതൽ നിരീക്ഷിച്ച് തിരുവല്ലയിൽ എത്തിയപ്പോൾ നടത്തിയ വിശദ പരിശോധനയിൽ ഇരുപതിനായിരം ലിറ്റർ സ്പിരിറ്റ് കാണാനില്ലെന്ന വിവരം പുറത്തായി. അന്വേഷണവും അറസ്റ്റും ഉദ്യോഗസ്ഥരുടെ സസ്പെൻഷനുമെല്ലാം മുറപോലെ നടക്കുന്നു.

2001ലാണ് ട്രാവൻകൂർ ഷുഗേഴ്സിൽ ജവാൻ റം നിർമിക്കാൻ തുടങ്ങിയത്. മറ്റ് മദ്യത്തെക്കാൾ വിലകുറച്ച് ലഭിക്കുന്ന ജവാനെ പാവങ്ങളുടെ ബെക്കാർഡി എന്നും സീസർ എന്നും വിശേഷിപ്പിക്കുന്നുണ്ട്. കൂലിപ്പണിക്കു പോയി വരുന്നവരും നാട്ടിൻ പുറങ്ങളിലെ 'പ്രശസ്ത' മദ്യപാനികളും ജവാന്റെ ആരാധകരായി. സംസ്ഥാന സർക്കാർ വിപണിയിൽ ഇറക്കിയ മദ്യത്തിന് ജവാൻ എന്ന പേര് നൽകുന്നതിനെതിരെ തുടക്കം മുതൽ വിമുക്ത ഭടന്മാർ എതിർപ്പ് പ്രകടിപ്പിച്ചു പോരുന്നതാണ്. ജവാൻ എന്ന പേര് മദ്യത്തിനിട്ട് അവഹേളിക്കരുതേ എന്ന നിലവിളി ആരും കേട്ടില്ല. കേരളത്തിൽ വിമുക്ത ഭടൻമാരുടെ ശബ്ദത്തിന് വിലയില്ലാത്തതുകൊണ്ട് പേരുമാറ്റി മദ്യം പുറത്തിറക്കാനുള്ള നൂലാമാലകളിലേക്ക് സർക്കാർ പോയതുമില്ല. ലഹരി പിടിപ്പിക്കുന്ന സാധനത്തിന് ജവാൻ എന്ന് പേരിടുന്നതിനെ മദ്യവിരുദ്ധ പ്രവർത്തകരും എതിർത്തു പോന്നു. കേരളത്തിൽ മാത്രമേ മദ്യത്തിന് ജവാൻ എന്ന് പേര് ഇട്ടിട്ടുള്ളൂവെന്ന വിമുക്തഭടൻമാരുടെ വാദം ശരിയാണ്. സംസ്ഥാനം എന്തിനാണ് വീരജവാൻമാരെ ഇങ്ങനെ അവഹേളിച്ചുകൊണ്ടിരിക്കുന്നത് എന്ന് പട്ടാള സേവനം കഴിഞ്ഞെത്തിയവർ ചോദിച്ചു കൊണ്ടിരിക്കുന്നു. മദ്യത്തിന് ജവാന്റെ പേരിട്ട് അധിക്ഷേപിക്കുന്നെന്ന് പട്ടാളക്കാർ പരാതി പറയുന്നതിനിടെ ബ്രാൻഡിനെതിരെ പരാതിയുമായി മദ്യപരും രംഗത്തുണ്ട്. ഗുണനിലവാരത്തിൽ ജവാൻ വളരെ പിന്നിലെന്നാണ് അവരുടെ വിലയിരുത്തൽ. കുടിച്ചാൽ ഫിറ്റാകുന്നില്ലെന്നാണ് പരാതി.

ജവാൻ എന്ന പേര് മദ്യക്കുപ്പിയിൽ നിന്ന് മാറ്റാൻ പട്ടാളക്കാർ ഇനി തെരുവിലിറങ്ങേണ്ടി വരും.

അഴിമതി സ്പിരിറ്റാക്കിയവർ

അഴിമതി നടത്തി ലക്ഷങ്ങൾ കൊയ്യുന്ന സംഘമാണ് ജവാൻ നിർമിക്കാൻ കൊണ്ടുവന്ന സ്പിരിറ്റ് തട്ടിപ്പിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംസ്ഥാന സർക്കാർ സ്ഥാപനമായിട്ടും ട്രാവൻകൂർ ഷുഗേഴ്സിൽ ജോലി ചെയ്യുന്നവർ ഏറെയും കരാറുകാരും താത്‌കാലിക ജീവനക്കാരുമാണ്. ചെറിയ വിഭാഗം ഉദ്യോഗസ്ഥരാണ് ഇവിടെ സ്ഥിരനിയമനത്തിൽ ജോലി ചെയ്യുന്നത്. നൂറ്റിയൻപതോളം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 12പേർ മാത്രമാണ് സ്ഥിരം ജീവനക്കാർ. തട്ടിപ്പ് നടത്തിയതിന് പ്രതിപ്പട്ടികയിലുള്ള ജനറൽ മാനേജർ, പേഴ്സണൽ മാനേജർ, പ്രൊഡക്ഷൻ മാനേജർ എന്നിവരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

പഞ്ചസാര ഫാക്ടറിയായിരുന്ന ട്രാവൻകൂർ ഷുഗേഴ്സിൽ കരിമ്പിന്റെ ലഭ്യതക്കുറവ് കാരണം ഉത്‌പാദനം നിറുത്തിവച്ച ശേഷം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് സർക്കാർ നിയന്ത്രണത്തിൽ മദ്യ നിർമാണത്തിനായി തുറന്നു കൊടുത്തു. ജനപ്രിയ റം ആയി ജവാൻ ഉയർന്നു വരാൻ കാരണം വിലക്കുറവായിരുന്നു. എന്നാൽ, അടുത്ത കാലത്തായി ജവാന്റെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപങ്ങളുയർന്നു. സ്പിരിറ്റിന്റെ അളവ് കുറച്ച് പകരം വെള്ളം ചേർക്കുന്നതായി കണ്ടെത്തി. കുറഞ്ഞ തുകയ്ക്ക് കരാർ ഏറ്റെടുക്കുന്ന ട്രാൻസ്പോർട്ടിംഗ് കമ്പനിയാണ് മദ്യനിർമാണത്തിനുള്ള സ്പിരിറ്റ് എത്തിച്ചുകൊണ്ടിരുന്നത്. സ്പിരിറ്റ് എവിടെ നിന്നാണ് വരുന്നതെന്ന് ട്രാവൻകൂർ ഷുഗേഴ്സിന് അറിയേണ്ട ആവശ്യമില്ല. ടാങ്കർ ലോറിയിൽ എത്തുന്ന സ്പിരിറ്റ് തിരുവല്ലയിലെയും തിരുവനന്തപുരത്തെയും ലാബിൽ ഗുണനിലവാരം പരിശോധിക്കുക എന്നതു മാത്രമാണ് ചെയ്യുന്നത്. റം ഉത്‌പാദിപ്പിച്ച ശേഷവും ഗുണനിലവാര പരിശോധന നടത്താറുണ്ട്. ഇൗ പരിശോധനകളിൽ ഗുണനിലവാരമില്ലെന്ന് വ്യക്തമായിരുന്നിട്ടും മറച്ചുവച്ചെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വീര്യം കുറഞ്ഞിട്ടും റം ഉത്‌പാദിപ്പിച്ച് വിതരണം ചെയ്തുകൊണ്ടിരുന്നു.

പെർമിറ്റിൽ രേഖപ്പെടുത്തിയ അളവിലും കുറഞ്ഞ സ്പിരിറ്റ് എത്തിയിരുന്നതും മറച്ചുവച്ചു. ട്രാവൻകൂർ ഷുഗേഴ്സിലേക്ക് സ്പിരിറ്റുമായി എത്തുന്ന ലോറികൾക്ക് ഇ - ലോക്ക് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പിന്റെ നിയന്ത്രണത്തിലാണ് ലോറിയുടെ യാത്രയെന്നും പറയുന്നു. ഇ - ലോക്കിനെ വെട്ടിച്ച് തട്ടിപ്പ് മുൻപും നടന്നതായാണ് ലോറി ഡ്രൈവർ നൽകിയ മൊഴി. ആറ് മാസത്തിനിടെ അൻപതിനായിരം ലിറ്റർ സ്പിരിറ്റ് മോഷ്ടിച്ചെന്നും മൊഴിയിൽ പറയുന്നു. അപ്പോഴെല്ലാം വെള്ളം ചേർത്ത് അളവ് കൃത്യമാക്കുമായിരുന്നു.

അഴിമതി നടത്തി പേര് ചീത്തയാക്കിയ ട്രാവൻകൂർ ഷുഗേഴ്സ് ഇടവേളയ്ക്ക് ശേഷം വീണ്ടും ജവാൻ നിർമാണത്തിനുളള പുറപ്പാടിലാണ്. പുതിയ ജനറൽ മാനേജരെയും പ്രൊഡക്ഷൻ മാനേജരെയും നിയമിച്ചു കഴിഞ്ഞു. ഒരു ദിവസം ഉത്‌പാദിപ്പിക്കുന്നത് 8000 കെയ്സ് മദ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAWAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.