SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.37 PM IST

കൊവിഡ് കുതിക്കുന്ന ആശങ്ക

covid

രാജ്യത്തെ പകുതിയിലേറെ കൊവിഡ് പൊസിറ്റീവ് പ്രതിദിന കേസുകൾ കേരളത്തിലാണെന്നത് ഇപ്പോൾ വലിയ ആശങ്കയാണ്. മൊത്തം കേസുകളുടെ 52 ശതമാനത്തോളം കേരളത്തിലാണ്. കൊവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ചകളുടെ ഫലമാണ് ഇതെന്ന് അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. അങ്ങനെ അംഗീകരിച്ചു കൊടുക്കാൻ ഒരു സർക്കാരും തയ്യാറാവുകയുമില്ല. ഇവിടെ അതല്ല പ്രശ്നം. കൊവിഡിനെ എന്ന് പിടിച്ചുകെട്ടാൻ പറ്റുമെന്നാണ് വലിയ ചോദ്യം. ഒാണം ആഘോഷിക്കാൻ എല്ലാം തുറന്നു കൊടുത്തതുകൊണ്ട് കൊവിഡിന്റെ അതിശക്ത വ്യാപനമാണ് ഇനി പ്രതീക്ഷിക്കുന്നതെന്ന് ഒരുവിഭാഗം . ഒാണം കഴിഞ്ഞാൽ വീണ്ടും അടച്ചിടൽ വേണ്ടിവരുമെന്ന് പലരും അടക്കം പറയുന്നു. അത് മൂന്നാം തരംഗമായി രാജ്യമാകെ വ്യാപിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. മൂന്നാം തരംഗം വരുമെന്ന് ഉറപ്പിക്കുന്നവർ തുടക്കം കേരളത്തിൽ നിന്നാേ ഉത്തരേന്ത്യയിൽ നിന്നോ എന്ന സംശയത്തിലാണ്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് മൂന്നാം തരംഗം പ്രതീക്ഷിക്കുന്നത്.

കൊവിഡ് പിടി തരാത്ത സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇൗ മാസം ഒൻപത് മുതൽ 31വരെ കൊവിഡ് വാക്സിൻ യജ്ഞമായി ആചരിക്കാനുളള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തുടക്കത്തിൽ പാളിയത് തിരിച്ചടിയായി. ആദ്യഘട്ടമായി 60 കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ പോലും പൂർത്തിയാക്കാത്ത സംസ്ഥാനമാണ് കേരളം. 60ന് മുകളിൽ പ്രായമുള്ള 10 ലക്ഷത്തോളം ആളുകൾ വാക്സിനെടുക്കാൻ ഉണ്ടെന്നാണ് പുറത്തു വന്നിട്ടുള്ള കണക്ക്. എട്ട് ലക്ഷത്തോളം വാക്സിനുകളാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്. അത് മുഴുവൻ കൊടുത്തു തീർത്താലും രണ്ട് ലക്ഷം ആളുകൾ ആ വിഭാഗത്തിൽ ബാക്കിയാണ്. ഇൗ വിഭാഗത്തിലെ വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്കും വാക്സിനേഷൻ നടത്തേണ്ടി വരും. സ്കൂൾ, കോളേജുകൾ തുറക്കണമെങ്കിൽ വാക്സിൻ യജ്ഞം ദ്രുതഗതിയിൽ പുരോഗമിക്കണം.

കൊവിഡ് കേസുകൾ വലിയ തോതിൽ കുറഞ്ഞ ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്കൂളുകളും കോളേജുകളും നിയന്ത്രണങ്ങളോടെ തുറന്നിട്ടുണ്ട്. ഒന്നര വർഷം സ്കൂളുകൾ അടച്ചിട്ടപ്പോൾ കുട്ടികളിലെ മാനസിക നില മാറി. ഒാൺലൈൻ വിദ്യാഭ്യാസം വലിയൊരു വിഭാഗത്തെ മൊബൈൽ ഫോണുകൾക്ക് അടിമകളാക്കി. ക്ളാസ് സമയം കഴിഞ്ഞ് ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഒാൺലൈൻ ഗെയിമുകളിലും അഭിരമിക്കുന്ന കുട്ടികൾക്ക് പ്രയാേഗിക ജീവിതവും നിരീക്ഷണ പാടവവും നഷ്ടമാകുന്നുവെന്നാണ് മന:ശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായം.

ബ്രേക്കില്ലാതെ ബ്രേക് ത്രൂ

വാക്സിനെടുത്ത ശേഷവും കൊവിഡ് പിടിപെടുന്ന ബ്രേക് ത്രൂ കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. പത്തനംതിട്ട ജില്ലയിൽ ഇത്തരം കേസുകളുട‌െ എണ്ണം കൂടിക്കൊണ്ടിരിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞ ശേഷം 14,974 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോസും സ്വീകരിച്ച 5042പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര രോഗ നിയന്ത്രണ വിഭാഗം ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വ്യാപന രീതി തുടർന്നാൽ ഇൗ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുമെന്നാണ് കഴിഞ്ഞ വാരത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. അത് ശരിയായി വരുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം വരെ ഉയർന്നിട്ടുണ്ട്. രോഗബാധയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കൊവിഡ് സംഖ്യ ഉയരുന്ന രാജ്യത്തെ 37 ജില്ലകളിൽ പതിനാെന്നും കേരളത്തിലാണ്.

വാക്സിൻ വിതരണത്തിൽ മുന്നേറ്റം

കിട്ടുന്ന വാക്സിൻ പാഴാക്കാതെ വിതരണം ചെയ്യുന്നതിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. 2,26,20,430 ഡോസ് വാക്സിൻ കേരളത്തിൽ വിതരണം ചെയ്തു. ഇതിൽ ആദ്യ ഡോസ് സ്വീകരിച്ചവർ 1.61കോടിയും രണ്ടാം ഡോസ് സ്വീകരിച്ചവർ 64, 86,164 ആണ്. ഒരു ദിവസം ശരാശരി രണ്ടര ലക്ഷത്താേളം പേർക്ക് വാക്സിൻ വിതരണം ചെയ്യാൻ കഴിയുന്നു. 1760 കേന്ദ്രങ്ങളിൽ ഒരു ദിവസം വാക്സിൻ വിതരണം നടക്കുന്നു. സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ പുരോഗമിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ വാക്സിൻ വിതരണം കാര്യക്ഷമമായി നടക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാൻ തദ്ദേശ സ്ഥാപനങ്ങളിലും രജിസ്റ്റർ ചെയ്യാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. കൊവിൻ പോർട്ടൽ വഴി അൻപത് ശതമാനം ആളുകൾക്ക് രജിസ്റ്റർ ചെയ്യാം. അവസാന വർഷ പി.ജി വിദ്യാർത്ഥികൾ, ഡിഗ്രി വിദ്യാർത്ഥികൾ, എൽ.പി, യു.പി സ്കൂൾ അദ്ധ്യാപകർ എന്നിവർക്കും ഇൗ മാസം വാക്സിൻ നൽകാനുള്ള തീരുമാനം നടപ്പായാൽ സ്കൂളുകൾ തുറക്കാനുള്ള നടപടികളിലേക്ക് നീങ്ങാം.

വാക്സിൻ വിതരണം ഇപ്പോഴും സുതാര്യമായിട്ടില്ലെന്നതാണ് ഗൗരവമുള്ള ആക്ഷേപം. കയ്യൂക്കും രാഷ്ട്രീയ പാർട്ടി ബന്ധങ്ങളും ഉള്ളവർ വാക്സിനേഷനിൽ 'കരുത്ത് ' കാട്ടുന്നത് അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇട‌പെടേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.