SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.57 AM IST

ആരവങ്ങളില്ലാതെ ആറന്മുള

vallam
കഴിഞ്ഞ ദിവസം നടന്ന ആറൻമുള ഉതൃട്ടാതി വള്ളംകളി

ആറന്മുളക്കാരുടെ ജീവശ്വാസം വള്ളംകളിയുടെ താളത്തിലാണ്. കൊച്ചുകുട്ടികളുടെ നാവിൽ നിന്നു പോലും ഒരു ദിവസമെങ്കിലും വള്ളപ്പാട്ടു കേൾക്കാം. ആറൻമുളത്തേവരെ വിളിച്ചു പ്രാർത്ഥിക്കാത്ത വീടുകൾ കരകളിൽ കാണില്ല. അഷ്ടമിരോഹിണി പോലെ പ്രിയതരമാണ് ആറന്മുളയിലെ ഭക്തർക്ക് ഉതൃട്ടാതി, ഭഗവാനെ പ്രതിഷ്ഠിച്ച ദിനം. പാർത്ഥന് മുന്നിൽ സർവവും സമർപ്പിക്കുന്ന ദിവസം. ആളും ആരവവും നിറഞ്ഞ് ആറന്മുള ഭക്തസാഗരമാകും അന്ന്. പമ്പയുടെ പരിശുദ്ധിപോലെ നിറഞ്ഞ മനസുമായി ഭക്തർ ഭഗവാന് മുന്നിലെത്തും. പമ്പയ്ക്ക് മേലെ ഭഗവാന്റെ സാന്നിദ്ധ്യം ഭക്തരറിയുന്ന ദിവസമാണ് ഉതൃട്ടാതി നാൾ. പമ്പയുടെ നെട്ടായത്തിലൂടെ ആടിത്തിമർത്ത് എത്തുന്ന പള്ളിയോടങ്ങളിൽ ഭഗവാനുണ്ടെന്നാണ് വിശ്വാസം. കരയിൽ നിൽക്കുന്നവർ മനസുകൊണ്ട് പുഷ്പാർച്ചന അർപ്പിക്കും. പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽ എത്തുന്ന നേരം പാർത്ഥസാരഥി ശ്രീകോവിലിലേക്ക് ഒാടിക്കയറുമെന്നും എെതീഹ്യം. ആർപ്പുവിളികളും നതോന്നത താളത്തിൽ വഞ്ചിപ്പാട്ടു പാടിയും ഭക്തർ ഭഗവാനെ സ്വീകരിക്കും.

പാട്ടിലും താളത്തിലും രുചിയിലും ആറന്മുളയ്ക്ക് പ്രത്യേകമായ പെരുമയുണ്ട്. ജൂലായ് പകുതിയിൽ തുടങ്ങി അഷ്ടമിരോഹിണിയോടെ അവസാനിക്കുന്നതാണ് ആറന്മുളയുടെ ഓണാഘോഷം. ഉതൃട്ടാതി നാളിലെ വള്ളംകളി ലോകപ്രശസ്തവുമാണ്. പതിനായിരങ്ങൾ ഒരേ മനസോടെ ഭഗവാന്റെ തട്ടകത്തിലെത്തും. വള്ളംകളി ദിനത്തിലെ അപൂർവമായ ദൃശ്യവിരുന്ന് കാണാൻ കടൽ കടന്നും ആളുകൾ ആറന്മുളയിലേക്ക് ഒഴുകിയെത്തും.

പക്ഷെ, കഴിഞ്ഞ രണ്ടു വർഷമായി വള്ളംകളിയുടെ ആരവങ്ങളില്ലാതെയാണ് ഉതൃട്ടാതി കടന്നുപോയത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അനുഷ്ഠാന നിറവിൽ മാത്രമായി ഒതുങ്ങി ആറന്മുള ഉതൃട്ടാതി ജലമേള. 52 കരകളെ പ്രതിനിധീകരിച്ച് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത മൂന്ന് പള്ളിയോളടങ്ങൾ പമ്പാനദിയിൽ ജലമേള ചടങ്ങാക്കി തുഴഞ്ഞ് നീങ്ങി. കഴിഞ്ഞ വർഷത്തെപ്പോലെ ജലമേളയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായില്ല. തിരഞ്ഞെടുക്കപ്പെട്ടവരെ രേഖകൾ പരിശോധിച്ച് പങ്കെടുപ്പിച്ചു.

2018 ലെ മഹാപ്രളയ കാലത്ത് പോലും 25 പള്ളിയോടങ്ങള്‍ പങ്കെടുത്ത ജലഘോഷയാത്ര നടത്തിയിരുന്നു. എന്നാല്‍, കൊവിഡ് മഹാമാരിയുടെ കാലത്ത് അതും അപ്രാപ്യമായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ളാക ഇടയാറന്മുള പള്ളിയോടം മാത്രം ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുത്തിരുന്നു. ഇത്തവണ മൂന്നു പള്ളിയോടങ്ങള്‍ക്ക് അനുമതി ലഭിച്ചത് പള്ളിയോട കരകള്‍ക്ക് ആശ്വാസമായി. ഔദ്യോഗിക ചടങ്ങുകള്‍ ഇല്ലാതെ ജലഘോഷയാത്ര മാത്രമായി നടത്തിയ ഉതൃട്ടാതി ജലോത്സവത്തിന് മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി.

കൊവിഡ് മഹാമാരിയായി പിടിമുറുക്കിയതോടെ ആറന്മുളയുടെ അന്തരീക്ഷം മാറി. പള്ളിയോടങ്ങൾ നീറ്റിലിറങ്ങാതെ വളളപ്പുരയിലിരിക്കുകയാണ്. ഇക്കുറിയും ജലമേള ആചാരം മാത്രമായി ചുരുങ്ങിയപ്പോഴും ആറന്മുളക്കാരുടെ ഹൃദയത്തിൽ ഉത്സവത്തിമിർപ്പ് തന്നെയായിരുന്നു. അടുത്ത വർഷം ചിങ്ങത്തിലെ ഉതൃട്ടാതി നാളും പ്രതീക്ഷിച്ച് പള്ളിയോടങ്ങൾ നീറ്റിലിറക്കാൻ കരക്കാർ കാത്തിരിക്കുകയാണ്.

കൊവിഡിന് മുൻപ് വരെ ജൂലായ് ആദ്യവാരത്തോടെ കരക്കാരുടെ നേതൃത്വത്തിൽ പള്ളിയോടത്തിലെ അറ്റകുറ്റപ്പണികൾ തീർത്ത് മീൻനെയ്യ് തേച്ചുപിടിപ്പിച്ച് നീറ്റിലിറക്കാൻ പാകമാക്കുമായിരുന്നു. 52 കരകളും ഉണർന്ന് ഉത്സവത്തിന്റെ ആവേശത്തിൽ പളളിയോടങ്ങളെ പമ്പയാറ്റിലിറക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്.

കരകൾ കേന്ദ്രീകരിച്ചുള്ള വള്ളസദ്യ ദിവസം പള്ളിയോടങ്ങളെ അണിയിച്ചൊരുക്കി അമര ചാർത്തും ബാണക്കൊടിയും പൂമാലയും വർണക്കുടയുമെല്ലാം അണിയിച്ച് ആനച്ചന്തത്തോടെ വെള്ളത്തിലിറക്കാൻ കൊച്ചുകുട്ടികൾ മുതൽ മുതർന്നവർ വരെ ഒരേമനസോടെയെത്തും. ‘ശ്രീ പത്മനാഭാ മുകുന്ദാ മുരാന്തകാ’ എന്ന വച്ചുപാട്ടിന്റെ താളത്തിൽ തുഴഞ്ഞുനീങ്ങുന്ന പള്ളിയോടങ്ങളുടെ ജലഘോഷയാത്ര കണ്ടിട്ട് രണ്ടുവർഷമായി.

വള്ളം തുഴഞ്ഞെത്തി ക്ഷേത്രത്തിന് വലംവച്ച് കരക്കാർ സോപാനത്തിന് മുൻപിൽ ഒരുക്കിവച്ച നിലവിളക്കിന് മുൻപിൽ നാരായണ സ്തുതികൾ പാടുന്നതും സദ്യയ്ക്ക് വിഭവങ്ങൾ പാടി ചോദിക്കുന്നതും മറക്കാനാവാത്ത അനുഭവം.

ആളനക്കമില്ലാതെ കലവറ

വള്ളസദ്യകൾ ഒരുക്കുന്ന കലവറ ആളനക്കമില്ലാതെ ഒഴിഞ്ഞു കിടപ്പാണ്. കൊവിഡ് വ്യാപനത്തോടെ പാചകക്കാരും ദുരിതത്തിലായി. തലേദിവസം തുടങ്ങുന്ന പാചകം പുലർച്ചെയോടെയാണ് പൂർത്തിയാകുന്നത്. ഒരു സദ്യക്ക് 2500 രൂപയിൽ കുറയാതെ ലഭിക്കും. പണിക്കുള്ള ആളിന്റെ എണ്ണമനുസരിച്ചാണ് ശമ്പളം. സഹായികളും പച്ചക്കറി അരിയുന്നവരും പാത്രം കഴുകുന്നവരും ഇലവെട്ടി തുടയ്ക്കുന്നവരും വിളമ്പുകാരുമായി 50-ലധികം പേരെങ്കിലും ഉണ്ടാകും. കൊവിഡിന് മുൻപ് ഒരു വർഷം അഞ്ഞൂറോളം വള്ളസദ്യകളും എൺപതിലധികം ഭജനസദ്യകളും ആറൻമുള ക്ഷേത്രത്തിൽ നടന്നിരുന്നു. ഇതുകൂടാതെ നൂറിലേറെ വിവാഹ സദകളും ഒരുക്കിയിരുന്നു. ഇത്തവണയും വള്ളസദ്യ ഒഴിവായതോടെ അഞ്ഞൂറിലധികം പേരുടെ ഉപജീവനമാണില്ലാതായത്. ഇതോടെ പചകക്കാർ മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. വള്ളസദ്യ ബുക്ക് ചെയ്ത വഴിപാടുകാർ ഇത്തവണയും നിരാശരായി.

കൊവിഡ് രോഗബാധയൊഴിഞ്ഞ് അടുത്തവർഷം മുതൽ വള്ളസദ്യ കേമമായി നടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഭക്തജനങ്ങളും പാചകക്കാരും.

ആറൻമുളയിലെ പരമ്പരാഗത തൊഴിലായ ആറന്മുള കണ്ണാടി നിർമ്മാതാക്കൾക്ക് ഇത്തവണയും കച്ചവടം കാര്യമായി നടത്താൻ കഴിഞ്ഞില്ല. വളളംകളി ദിവസം കണ്ണാടി വിൽപ്പന കേന്ദ്രങ്ങളും സജീവമാകുമായിരുന്നു. ഇൗ ദിവസം ആറൻമുളയിൽ എത്തുന്ന വിദേശികളും മറ്റ് ജില്ലക്കാരും കണ്ണാടി വാങ്ങാനെത്തുമായിരുന്നു. കണ്ണാടി വിപണി സജീവമാകുമെന്നതിനാൽ പ്രതീക്ഷയുടെ പാതയിലാണ് നിർമാതാക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.