SignIn
Kerala Kaumudi Online
Saturday, 20 April 2024 5.36 AM IST

ജനങ്ങളെ മറന്ന പൊലീസ്

police-opinion

കാക്കിയിട്ട് നിയമപാലനം നടത്തുന്ന പൊലീസുകാർക്കെല്ലാം നിശ്ചയമായും ഉണ്ടായിരിക്കേണ്ട രണ്ട് ഗുണങ്ങളാണ് മനുഷ്യത്വവും ആർദ്രതയും. ഇവയുണ്ടെങ്കിൽ കാക്കിയുടെ ബലത്തിൽ ജനങ്ങളോട് കൈത്തരിപ്പ് കാട്ടാൻ പൊലീസിനാവില്ല. സ്ത്രീകളുടെ പരാതികൾ പരിഗണിക്കാതിരിക്കാനാവില്ല. പിഞ്ചുകുഞ്ഞുങ്ങളെ നടുറോഡിൽ കാറിൽ പൂട്ടിയിടാനുമാവില്ല. സ്ത്രീസുരക്ഷയ്ക്ക് പ്രഥമ പരിഗണനയെന്ന് പ്രഖ്യാപിച്ച് പൊലീസ് മേധാവി പദവിയേറ്റെടുത്ത അനിൽകാന്ത് ഇക്കാര്യത്തിൽ പരാജയപ്പെടുന്നുവെന്ന് ദൗർഭാഗ്യവശാൽ പറയേണ്ട സ്ഥിതിയാണിപ്പോൾ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്നു മാത്രമല്ല സ്വന്തം മകനൊപ്പം പുറത്തിറങ്ങാൻ അമ്മയ്ക്ക് കഴിയാത്ത സാഹചര്യവുമുണ്ടായി. എന്തു ഗുരുതര പിഴവുണ്ടായാലും രണ്ടാഴ്ചത്തെ നല്ലനടപ്പ്, സ്ഥലംമാറ്റം, പേരിനൊരു സസ്പെൻഷൻ ഇങ്ങനെയൊതുങ്ങുന്നു പൊലീസിലെ ശിക്ഷകൾ.

മകളെ ഭർത്താവും ഭർതൃവീട്ടുകാരും ക്രൂരമായി മർദ്ദിക്കുന്നെന്നും ആത്മഹത്യ ചെയ്യുമെന്ന് മകൾ ഫോണിൽ പറഞ്ഞെന്നും പിന്നീട് ഫോൺ പോലും നൽകാതെ മറ്റെവിടേക്കോ മാറ്റിയെന്നും ഒരു അമ്മ പരാതിയെഴുതി നൽകിയിട്ടുപോലും പയ്യന്നൂർ പൊലീസ് നിയമപ്രകാരം നടപടിയെടുക്കാതിരുന്നതിന്റെ വിലയാണ് പയ്യന്നൂരിലെ 26കാരി സുനിഷയുടെ ജീവൻ. എം.എ, ബി.എഡുകാരിയായിരുന്നു സുനിഷ. പ്രണയവിവാഹം .ഒന്നരവർഷം പിന്നിട്ടപ്പോഴാണ് അവൾ ക്രൂരപീഡനങ്ങൾക്കിരയായത്. ഭർതൃപീഡനത്തെക്കുറിച്ച് വീട്ടുകാർ മൂന്നു വട്ടം പരാതി നൽകി, പൊലീസ് കേസെടുത്തില്ല. ഒരിക്കൽ ഭർത്താവിനെ വിളിച്ചുവരുത്തി എല്ലാം പറഞ്ഞുതീർത്ത് ഒത്തുതീർപ്പാക്കി വിട്ടു. പെൺകുട്ടിയെ പറഞ്ഞു മനസിലാക്കി തിരിച്ചയച്ചെന്നാണ് പൊലീസ് പറയുന്നത്. എന്താണ് പെൺകുട്ടിയെ ഇവർ മനസിലാക്കിച്ചത് ? ആഗസ്റ്റ് അഞ്ചിനാണ് സുനിഷയുടെ അമ്മ, മകൾ ആത്മഹത്യ ചെയ്യുമെന്ന് പറയുന്നതായ വിവരം സഹിതം പൊലീസിൽ പരാതിപ്പെട്ടത്. 25ദിവസം പൊലീസ് അനങ്ങിയില്ല. 26-ാംദിവസം അവളുടെ ജീവനറ്റ ശരീരമാണ് കിട്ടിയത്.

കൊല്ലത്തെ വിസ്‌മയുടേതടക്കം എണ്ണമറ്റ കേസുകളിൽ പൊലീസിന്റെ ഈ ഒത്തുതീർപ്പ് പെൺകുട്ടികളുടെ മരണത്തിലേക്കാണ് വഴിതുറന്നത്. നിയമപ്രകാരം പൊലീസിന് ഒത്തുതീർപ്പുണ്ടാക്കാൻ യാതൊരു അധികാരവുമില്ല. ഇത്തരം പരാതികളിൽ ഗാർഹിക പീഡന നിയമപ്രകാരം കേസെടുക്കുകയാണ് വേണ്ടത്. ഗാർഹികപീഡനം നേരിടുന്നവർ മിസ്ഡ്കാൾ അടിച്ചാൽ പൊലീസ് വീട്ടിലെത്തി കേസെടുക്കുന്ന സംവിധാനമുള്ള നാട്ടിലാണ് യുവതികളുടെ പരാതികൾ തുടർച്ചയായി അവഗണിക്കപ്പെടുന്നത്. കൊച്ചിയിലെ സി.എ വിദ്യാർത്ഥിനി മിഷേൽഷാജിയെ കാണാതായത് മാതാപിതാക്കൾ അറിയിച്ചിട്ടും പൊലീസ് അധികാരപരിധിയെച്ചൊല്ലി തർക്കിച്ച് അന്വേഷണം നടത്തിയില്ല. മിഷേലിനെ പിന്നീട് കായലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കോട്ടയത്ത് കെവിനെ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യ തന്നെ വിവരം നൽകിയിട്ടും കേസെടുക്കാതെ, പ്രതികളുമായി പൊലീസ് ഒത്തുകളിച്ചു. കെവിനെ പിന്നീട് കൊലപ്പെടുത്തി ആറ്റിൽ തള്ളുകയായിരുന്നു. ഈ കേസുകളിലെല്ലാം പൊലീസിന് കേവലം വീഴ്ച മാത്രമല്ല ഉണ്ടായിട്ടുള്ളത്, ഈ ചെറുപ്പക്കാരെയെല്ലാം പൊലീസ് കുരുതി കൊടുക്കുകയായിരുന്നു.

അമ്മയാണോ, തെളിവ് എവിടെ?

മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി വീട്ടിലേക്കു മടങ്ങുംവഴി, കാറിലിരുന്ന് ഭക്ഷണം കഴിച്ചതിനാണ് കൊല്ലത്ത് പരവൂരിൽ അമ്മയും മകനും സദാചാര പൊലീസിംഗിന് ഇരയായത്. അമ്മയാണെന്ന് പറഞ്ഞപ്പോൾ തെളിവ് കാണിക്കാനായിരുന്നു സദാചാര ഗുണ്ടയുടെ ആവശ്യം. കൈയിൽ അടിയേറ്റ് കരുവാളിച്ച്, കണ്ണു കലങ്ങി, മകന്റെ കൈയിൽ ചോരപ്പാടുകളുമായി ആ അമ്മ പരവൂർ പൊലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നപ്പോഴായിരുന്നു അതിലും വലിയ ദുര്യോഗം നേരിട്ടത്. തങ്ങളെ ആക്രമിച്ച പ്രതിയുടെ മൊബൈലിലെടുത്ത ചിത്രം സഹിതമാണ് അവരെത്തിയത്. പ്രതി റോഡിൽ നിൽപ്പുണ്ടെന്നും പിടിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ, കേസും പരാതിയുമൊക്കെ പിന്നെയാവാം നിങ്ങൾ ആശുപത്രിയിലേക്ക് പോവൂ എന്നായിരുന്നു മറുപടി. സ്ത്രീകൾ ആക്രമിക്കപ്പെടുന്ന കേസുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ നേരിട്ട് ഇടപെടണമെന്നും ഇരകളുടെ സംരക്ഷണം ഉറപ്പാക്കിയിരിക്കണമെന്നും നാഴികയ്ക്ക് നാൽപ്പതുവട്ടം ഡിജിപി സർക്കുലർ അയച്ചിട്ടും ഇതാണ് നിയമമെന്ന് പൊലീസ് മനസിലാക്കിയിട്ടില്ല. മനസിലാക്കിയിരുന്നെങ്കിൽ അഭയം തേടി സ്റ്റേഷനിലെത്തിയ സ്ത്രീയെ ഒരു വനിതാ പൊലീസിന്റെയെങ്കിലും കൂട്ടില്ലാതെ പറഞ്ഞുവിടുമായിരുന്നില്ല.

സ്റ്റേഷനിൽ നിന്ന് അമ്മ പോയതോടെ പൊലീസ് ആ വിഷയം അവസാനിപ്പിച്ചു. എഴുകോണിലെ വീട്ടിലെത്തിയ അമ്മ, തന്റെ പരാതിയിൽ നടപടിയൊന്നുമുണ്ടാവാതിരുന്നപ്പോൾ പൊലീസിനെ വിളിച്ചു. കേസുമായി മുന്നോട്ടു പോവാൻ താത്പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. നടുറോഡിൽ തങ്ങളെ ആക്രമിച്ച ഗുണ്ട നൽകിയ കള്ളക്കേസിനെക്കുറിച്ച് പറഞ്ഞ് പൊലീസ് അവരെ ഭയപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ ആടിനെ ഈ അമ്മയുടെ കാറിടിച്ചെന്നും ഇടിയിൽ പ്രതിക്കും പരിക്കേറ്റെന്നും മയ്യനാട് ആശുപത്രിയിൽ ചികിത്സ തേടിയശേഷം സ്റ്റേഷനിലെത്തി അയാൾ പരാതിപ്പെട്ടെന്നും പൊലീസ് പറഞ്ഞു. ആടിനെ ഇടിച്ചെന്ന പരാതിയാണ് ആദ്യം കിട്ടിയതെന്നതിനാൽ അതിനാണ് ബലമെന്ന് പറഞ്ഞ് പൊലീസ് തനിനിറം കാട്ടി. തനിക്ക് നേരിടേണ്ടിവന്ന സദാചാര ഗുണ്ടാ ആക്രമണം മാദ്ധ്യമങ്ങളോട് അമ്മ തുറന്നുപറഞ്ഞതോടെ പൊലീസ് വേട്ടക്കാരന്റെ റോളിൽ നിന്ന് സംരക്ഷകന്റെ വേഷമണിഞ്ഞു. തമിഴ്നാട്ടിലേക്ക് കടക്കാനൊരുങ്ങിയ പ്രതിയെ തെന്മലയിൽ നിന്ന് അതിസാഹസികമായി വേട്ടയാടി പിടികൂടി. സ്ത്രീസൗഹൃദമാണ് സേനയുടെ മുദ്രാവാക്യമെന്ന് വാതോരാതെ വീമ്പിളക്കുന്നവരാണ് സദാചാര ഗുണ്ടയുടെ അടികൊണ്ട് കണ്ണുകലങ്ങി വന്ന അമ്മയോട് കേസു വേണോയെന്ന് ചോദിച്ചത്.

നടുറോഡിലെ പരസ്യ വിചാരണ

മനസിൽ അൽപ്പം ആർദ്രതയുണ്ടായിരുന്നെങ്കിൽ, ജനക്കൂട്ടം നോക്കിനിൽക്കെ നടുറോഡിൽ മൂന്നാം ക്ലാസുകാരിയായ കുഞ്ഞിനെ രജിത എന്ന പിങ്ക് പൊലീസുകാരി ഫോൺ മോഷ്ടാവാക്കി മുദ്രകുത്തി വിചാരണ ചെയ്യിലായിരുന്നു. ഫോൺ സ്വന്തം ബാഗിലുണ്ടോയെന്ന് ഉറപ്പിക്കാതെ, പെൺകുട്ടിയെയും പിതാവിനെയും മോഷ്ടാക്കളാക്കി രജിത നടത്തിയ വിചാരണ ജനക്കൂട്ടത്തിലൊരാൾ ഫോണിൽ ചിത്രീകരിച്ചിരുന്നില്ലെങ്കിൽ ആ പിതാവ് ഇപ്പോൾ ഒരുപക്ഷേ ജയിലിലാവുമായിരുന്നു. വനിതാ പൊലീസിനെ ആക്രമിച്ചു, ഡ്യൂട്ടിക്ക് തടസം വരുത്തി, ഫോൺ മോഷ്ടിച്ചു എന്നിങ്ങനെ കുറ്റങ്ങൾ ചുമത്തപ്പെടുമായിരുന്നു. ഇത്രയേറെ കോളിളക്കമുണ്ടാക്കിയ ആ വിചാരണ നടത്തിയ രജിതയ്ക്ക് കിട്ടിയ ശിക്ഷയാണ് 15 ദിവസത്തെ നല്ലനടപ്പ്. സൗകര്യപ്രദമായിടത്തേക്ക് സ്ഥലംമാറ്റം. ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ ഇതേക്കുറിച്ച് അന്വേഷിച്ചു കണ്ടെത്തിയതാണ് അതിലും വിചിത്രം, മൊബൈൽ ഫോൺ സ്വന്തം ബാഗിൽ നിന്ന് കണ്ടെടുത്ത ശേഷം രജിത കുഞ്ഞിനോടും പിതാവിനോടും മാപ്പു പറഞ്ഞില്ലെന്നതാണ് ചെയ്ത ഏക തെറ്റ്. വിവാദങ്ങളേറെയുണ്ടായിട്ടും പിങ്ക് പൊലീസിന്റെ ശിക്ഷയിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. കൂടുതൽ അന്വേഷിക്കാൻ ഐ.ജി ഹർഷിതാ അട്ടല്ലൂരിയെ ചുമതലപ്പെടുത്തി. അതും ആ പിതാവും മകളും പൊലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ കണ്ട് പരാതി നൽകിയ ശേഷം. വീഴ്ചകൾ പകൽ പോലെ വ്യക്തമായിട്ടും സ്വമേധയാ നടപടിയെടുക്കാത്ത ഡിജിപി സേനയ്ക്ക് നൽകുന്ന സന്ദേശം എന്തായിരിക്കും..?

കാക്കിക്കുള്ളിലെ കാടത്തം

മനുഷ്യത്വമെന്ന വികാരമുണ്ടായിരുന്നെങ്കിൽ തിരുവനന്തപുരം ബാലരാമപുരത്ത് മൂന്നു വയസുകാരിയായ കുഞ്ഞിനെ കാറിനുള്ളിൽ പൊലീസ് മുക്കാൽ മണിക്കൂറോളം പൂട്ടിയിടുമായിരുന്നില്ല. അമിതവേഗത്തിന് പിഴയൊടുക്കാൻ പണമില്ലെന്ന് മാതാപിതാക്കൾ പറഞ്ഞതിന്റെ ചൊരുക്കാണ് ദേശീയപാതയിൽ കാറിൽ പൂട്ടിയിട്ട് കുഞ്ഞിനോട് ഏമാൻമാർ തീർത്തത്. ദേശീയപാതയിലെ വേഗപരിധി മറികടന്നതിന് കലാപ്രവർത്തകരായ ഷിബുകുമാറിനും രഞ്ജിതയ്ക്കും 1500രൂപ പിഴയിട്ടു. ഷിബുവിന്റെ കൈവശം 500രൂപയേ ഉണ്ടായിരുന്നുള്ളൂ. നിരവധി വാഹനങ്ങൾ വേഗപരിധി മറികടന്ന് പോകുന്നുണ്ടെന്നും തന്റെ വാഹനം മാത്രം തടയാൻ എന്താണ് കാരണമെന്നും ഷിബു ചോദിച്ചതോടെ പൊലീസുകാർ പ്രകോപിതരാവുകയും കുഞ്ഞ് പിൻസീറ്റിലിരിക്കവേ കാർ പൂട്ടുകയുമായിരുന്നു. നാട്ടുകാർ ഒത്തുകൂടിയപ്പോഴാണ് പോകാൻ അനുവദിച്ചത്. ആരെയും തടഞ്ഞുനിറുത്താതെ ഗതാഗത നിയമലംഘനങ്ങൾ ഡിജിറ്റലായി കണ്ടെത്തി പിഴ ഡിജിറ്റലായി അടയ്ക്കാൻ കോടികൾ ചെലവിട്ട് വമ്പൻ പദ്ധതി പൊലീസ് നടപ്പാക്കിയിട്ടുണ്ട്. ഗതാഗത നിയമലംഘനത്തിന്റെ ചിത്രം സഹിതം നോട്ടീസ് വീട്ടിലെത്തും. പിഴ ബാങ്കിലോ കാർഡുപയോഗിച്ചോ അടച്ചാൽ മതി. ദേശീയപാതയിൽ പരിശോധന നടത്തിയ സംഘത്തിന്റെ പക്കൽ ഇങ്ങനെയൊരു ഡിജിറ്റൽ സംവിധാനം ഇല്ലായിരുന്നെങ്കിൽ പോലും കുഞ്ഞുമായി വന്ന ദമ്പതികളെ ഇങ്ങനെ പെരുവഴിയിലാക്കാൻ എങ്ങനെ തോന്നി ? കുഞ്ഞിനെ കാറിലിട്ടു പൂട്ടാൻ ഏത് നിയമമാണ് പൊലീസിന് അധികാരം നൽകുന്നത് ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകേണ്ടത് ഭരണ സംവിധാനമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU, POLICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.