SignIn
Kerala Kaumudi Online
Thursday, 25 April 2024 10.25 PM IST

പാലിൽ വീണ വിഷത്തുള്ളികൾ...!

police

അറുപതിനായിരത്തോളം വരുന്ന പൊലീസ് സേനയിലെ ഒന്നോ രണ്ടോ ശതമാനമുള്ള ക്രിമിനലുകളാണ് ആത്മാഭിമാനമുള്ള ഈ സേനയുടെ യശസ് കെടുത്തുന്നത്. ഇടിയൻ പൊലീസിന്റെ കാലം മറികടന്ന്, എൻജിനിയറിംഗ് ബിരുദധാരികളും എം.ബി.എക്കാരും എം.എക്കാരുമൊക്കെ കാക്കിയണിയുന്ന കാലമാണ്. ഉന്നത വിദ്യാഭ്യാസം നേടിയവർ ആഗ്രഹിച്ച് തിരഞ്ഞെടുക്കുന്നതാണ് കാക്കി. അതിനാൽ അതിന്റെ അന്തസിനു ചേരുന്ന പെരുമാറ്റമാണ് ബഹുഭൂരിപക്ഷം പൊലീസുകാരിൽ നിന്നുമുണ്ടാവുന്നത്. എന്നാൽ പാലിൽ ഒരു തുള്ളി വിഷം വീണാലും മതിയെന്ന പോലെയാണ് പൊലീസിലെ ക്രിമിനലുകൾ. കാക്കിയുടെ ബലത്തിൽ ജനത്തെ തെറിവിളിച്ചും കൈക്കരുത്ത് കാട്ടിയും പരാതികൾ അവഗണിച്ചും ഈ ക്രിമിനലുകൾ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നു.

ആലുവയിൽ നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടി ഭർതൃപീഡനത്തെക്കുറിച്ച് പരാതിയുമായി സ്റ്റേഷനിലെത്തിയത് അവളുടെ മരണവാതിൽ തുറക്കുന്ന സാഹചര്യത്തിനടയാക്കിയത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. യുവതി നേരിട്ടെത്തി പരാതി നൽകിയിട്ടും കേസെടുത്ത് കുറ്റക്കാരെ അകത്താക്കുന്നതിന് പകരം പരാതിക്കാരിയെയും പിതാവിനെയും തെറിവിളിക്കാനും അധിക്ഷേപിക്കാനുമാണ് ആലുവ സി.ഐ സുധീർ തയ്യാറായത്. അവസാന അഭയമെന്ന നിലയിൽ അവർ എത്തിയ പൊലീസ് സ്റ്റേഷനിൽ നിന്ന് നേരിട്ട അപമാനം സഹിക്കാതെ സി.ഐയുടെ പേരെഴുതി വച്ച് യുവതി ജീവനൊടുക്കി.

മരണമൊഴി കേൾക്കാൻ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തുന്ന നിയമ വ്യവസ്ഥയാണ് നമ്മുടേത്. ആത്മഹത്യാ കുറിപ്പിനും തെളിവു മൂല്യമുണ്ട്. പൊലീസ് സ്റ്റേഷനിൽ തനിക്കു നേരിട്ട ദുരനുഭവങ്ങൾ എഴുതിവച്ച് യുവതി ജീവത്യാഗം നടത്തിയിട്ടും കുറ്റക്കാരനായ സി.ഐയ്ക്കെതിരെ കർശന നടപടിയെടുക്കാതെ സംരക്ഷിക്കുകയാണ് സർക്കാർ.

സ്ഥലംമാറ്റം ഒരു ശിക്ഷാനടപടിയല്ലെന്ന് ഹൈക്കോടതി പലവട്ടം വ്യക്തമാക്കിയിട്ടും ആരോപണവിധേയനായ സി.ഐ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റുകയാണ് ചെയ്തത്. അന്വേഷണ വിധേയമായി സി.ഐയെ സസ്പെൻഡ് ചെയ്യാൻ ആലുവ എം.എൽ.എ അൻവർസാദത്തും അവിടത്തെ ജനങ്ങളും സ്റ്റേഷനു മുന്നിൽ സമരം നടത്തുകയാണ്. സ്ത്രീസുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് ആയിരം വട്ടം ആവർത്തിക്കുന്ന സർക്കാർ എന്ത് സന്ദേശമാണ് ഈ നടപടിയിലൂടെ ജനങ്ങൾക്ക് നല്‌കുന്നത്. ഗാർഹിക പീഡനം നേരിടുന്നവർ മിസ്ഡ് കാൾ അടിച്ചാൽ പൊലീസ് വീട്ടിലെത്തി കേസെടുക്കുമെന്നാണ് ഡി.ജി.പിയുടെ പ്രഖ്യാപനം. എന്നാൽ ഭർതൃപീഡനം സഹിക്കാനാവാതെ ഒരു യുവതി സ്റ്റേഷനിൽ പരാതിയുമായി നേരിട്ടെത്തിയിട്ടും നീതി ലഭിച്ചില്ല. പൊലീസ് ചുമതല കൃത്യമായി നിറവേറ്രിയിരുന്നെങ്കിൽ സമർത്ഥയായ അഭിഭാഷകയായി മാറേണ്ടിയിരുന്ന ആ യുവതി ഇന്നും ജീവിച്ചിരിക്കുമായിരുന്നു.

ക്രമസമാധാനം എങ്ങനെ കിട്ടി ?​

ആലുവയിൽ ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥിനിയുടെ കുടുംബത്തോട് അപമര്യാദയായി പെരുമാറിയ സി.ഐ സുധീർ നേരത്തെയും നടപടിയും അന്വേഷണവും നേരിട്ടയാളാണ്. അഞ്ചൽ സി.ഐയായിരിക്കെ ഔദ്യോഗിക നടപടികളിൽ വീഴ്ച വരുത്തിയതിന്, സുധീറിന് ഇനി ക്രമസമാധാന ചുമതല നൽകരുതെന്ന് റൂറൽ എസ്.പിയായിരുന്ന എസ്.ഹരിശങ്കർ ശുപാർശ ചെയ്തിരുന്നു. ഇത് അവഗണിച്ചാണ് കൊച്ചിയിൽ ക്രമസമാധാന ചുമതല നൽകിയത്. കടയ്ക്കൽ, അഞ്ചൽ സ്റ്റേഷനുകളിൽ ജനങ്ങളോട് മോശമായി പെരുമാറിയതായി സുധീറിനെതിരെ പരാതികളുണ്ടായിരുന്നു. അഞ്ചൽ ഉത്ര വധക്കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് സുധീറിനെതിരെ വകുപ്പുതല അന്വേഷണമുണ്ട്. അന്വേഷണ ഘട്ടത്തിൽ എസ്.ഐ, എ.എസ്.ഐ എന്നിവരുടെ റിപ്പോർട്ടുകൾ വിലക്കെടുക്കാതെയും വിവരശേഖരണം നടത്താതെയും അലംഭാവം കാട്ടി. എ.എസ്.ഐ ഉത്രയുടെ ഇൻക്വസ്​റ്റ് നടപടികൾ പൂർത്തിയാക്കുമ്പോൾ ബന്ധുക്കൾക്ക് സംശയം തോന്നിയതുകൊണ്ടാണ് പാമ്പിനെ കത്തിച്ച് കളയാതെ കുഴിച്ചിടുകയും ഉത്രയുടെ രക്തം രാസപരിശോധനയ്‌ക്ക് അയക്കുകയും ചെയ്തത്. ഇക്കാര്യങ്ങൾ അന്നത്തെ സി.ഐ ആയിരുന്ന സുധീറിനെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും അദ്ദേഹം മുഖവിലക്കെടുത്തില്ല. പിന്നീട് ക്രൈംബ്രാഞ്ച് സംഘം ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട്‌ പോവുകയും പ്രതിയെ അറസ്​റ്റ് ചെയ്യുകയുമായിരുന്നു.

അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും സി.ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി. മൃതദേഹം ഇൻക്വസ്​റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകാൻ സി.ഐയുടെ ഒപ്പ് ആവശ്യമാണ്. ഈ സമയത്ത് തന്റെ വീടുപണി നടക്കുന്ന സ്ഥലത്തായിരുന്നു സി.ഐ സുധീർ . ഇതിനായി മൃതദേഹം 17 കിലോമീ​റ്റർ അകലെയുള്ള വീട്ടിലേക്ക് കൊണ്ടുവരാൻ സി.ഐ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഹരിശങ്കർ സുധീറിനെതിരെ റിപ്പോർട്ട് നൽകിയത്. സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നും ക്രമസമാധാനചുമതല നൽകരുതെന്നുമായിരുന്നു ശുപാർശ. പിന്നീടാണ് സുധീറിനെ എറണാകുളം റൂറലിലേക്ക് സ്ഥലംമാറ്റിയത്. പരാതിയുമായെത്തിയ അന്യസംസ്ഥാന തൊഴിലാളിയെക്കൊണ്ട് സ്റ്റേഷൻ കഴുകിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തതിനും സുധീർ ആരോപണം നേരിട്ടിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയപ്പോൾ സി.ഐയെ ശാസിച്ച് ഭയങ്കര ശിക്ഷ നടപ്പാക്കിയെന്നാണ് പൊലീസ് നേതൃത്വം പറയുന്നത്. പെരുമാറ്റദൂഷ്യമുള്ളവരെയും പരാതികൾ അവഗണിക്കുന്നവരെയും ജനങ്ങളോട് ധാർഷ്ട്യം കാട്ടുന്നവരയും പിരിച്ചുവിടാൻ പൊലീസ് ആക്ടിൽ വകുപ്പുണ്ടെങ്കിലും പ്രയോഗിക്കാറേയില്ല. ഗുരുതരകേസിൽ പെട്ടാൽ ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം. മുൻപ് ക്രമസമാധാനചുമതല നൽകില്ലായിരുന്നു. ഇപ്പോൾ അങ്ങനെയുമില്ല.

നല്ലനടപ്പും വീടിനടുത്തേക്ക് സ്ഥലംമാറ്റവും

ജനങ്ങളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ തൊപ്പി തെറിപ്പിക്കുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പെങ്കിലും, കുറ്റക്കാരായ പൊലീസുകാർക്ക് നല്ലനടപ്പും പരിശീലനവും വീടിനടുത്തേക്ക് സ്ഥലംമാറ്റവുമൊക്കെയാണ് പൊലീസ് നേതൃത്വം നൽകുന്നത്. പൊലീസിന്റെ ഇടപെടലുകൾ എല്ലാവർക്കും മാതൃകയായിരിക്കണമെന്നും സഭ്യേതര പദപ്രയോഗം പാടില്ലെന്നും ജനങ്ങളോട് കൈക്കരുത്ത് പാടില്ലെന്നുമുള്ള സർക്കാർ നയം പൊലീസിലെ ക്രിമിനലുകൾ മറന്നമട്ടാണ്. ഫോൺ മോഷണം ആരോപിച്ച് മൂന്നാംക്ലാസുകാരിയെ നടുറോഡിൽ പരസ്യവിചാരണ നടത്തിയാലും 15ദിവസത്തെ നല്ലനടപ്പ് മാത്രമേ ശിക്ഷയുള്ളൂവെന്ന തെറ്റായ സന്ദേശമാണ് സേനയ്ക്ക് ഉന്നതർ നൽകുന്നത്. സർക്കാർ നയം നടപ്പാക്കിയില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാവുമെന്നും ഒരുതരത്തിലുമുള്ള സംരക്ഷണം ഉണ്ടാവില്ലെന്നുമാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നതെങ്കിലും കർശന നടപടിയെടുക്കാതെ നിസാര ശിക്ഷ മാത്രമാണ് പൊലീസ് നേതൃത്വം നടപ്പാക്കുന്നത്.

കഴക്കൂട്ടത്ത് വീടിനടുത്തു നിന്ന യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്.ഐയെ ഒരാഴ്ചയ്ക്കകം തിരിച്ചെടുത്ത് ക്രമസമാധാനചുമതല നൽകുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെ എഴുപതുകാരനെ കരണത്തടിച്ച് ജീപ്പിലേക്കെറിഞ്ഞ എസ്.ഐയ്ക്കും കഠിനപരിശീലനമായിരുന്നു ശിക്ഷ.

കൊട്ടാരക്കര സ്റ്റേഷനിൽ പരാതിക്കാർക്കു മുന്നിൽ തമ്മിലടിച്ച വനിതാ എസ്.ഐമാരെ സ്ഥലംമാറ്റി സംഭവം ഒതുക്കിതീ‌ർത്തു. ഒരു എസ്.ഐയുടെ കൈ അടിച്ചൊടിച്ചത് കേസാക്കിയതുമില്ല. ശ്രീകാര്യത്ത് ബലിയിടാൻ പോയ യുവാവിൽനിന്ന് 2000പെറ്റി വാങ്ങി 500ന്റെ രസീത് നൽകിയതിനും കൊട്ടാരക്കരയിൽ പരാതിക്കാരിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനും സസ്പെൻഷനാണ് ശിക്ഷ. ഉദ്യോഗസ്ഥരുടെ ചെറിയ പിഴവിനും വിശദീകരണം തേടണമെന്നും ഡിവൈ.എസ്.പിമാരും ജില്ലാ പൊലീസ് മേധാവികളും സ്റ്റേഷനുകളിൽ മിന്നൽപരിശോധന നടത്തണമെന്നുമുള്ള സർക്കാർ നിർദ്ദേശങ്ങളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്.

മറക്കരുത്, ജനമാണ് ബോസ്

അവസാന ആശ്രയമെന്ന നിലയിൽ പൊലീസ് സ്റ്റേഷനുകളെ സമീപിക്കുന്ന സാധാരണക്കാരുടെ ദുഃഖവും വേദനയും മനസിലാക്കാൻ പൊലീസുകാർക്ക് കഴിയണം.

ജനങ്ങളോടുള്ള പെരുമാറ്റം മോശമായാൽ കടുത്ത നടപടിയെടുക്കണമെന്നാണ് നിലവിലുള്ള സർക്കുലർ. നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം പൊലീസുകാർക്കായിരിക്കും. അന്വേഷണ കാലയളവിൽ ആരോപണവിധേയനെ യൂണിറ്റ് മേധാവികൾ തൽസ്ഥാനത്തു നിന്ന് മാറ്റിനിറുത്തും. പരാതിക്കാർക്ക് മനോവേദനയുണ്ടാക്കുന്ന പെരുമാറ്റം സ്റ്റേഷനുകളിലെ പൊലീസുകാരിൽ നിന്നുണ്ടാവുന്നു. ഇത് ജനങ്ങൾക്ക് പൊലീസിനോട് വെറുപ്പും അവജ്ഞയും ഉണ്ടാക്കാനിടയാക്കും. മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. കൃത്യമായ ഇടപെടലുകളും അനുകമ്പയോടെയുള്ള പെരുമാ​റ്റവുമാണ് പൊലീസിന് വേണ്ടത്.

പരാതിക്കാർക്ക് പൊലീസ് മേധാവി അനിൽകാന്തിനെ കാണാൻ അവസരമില്ലെന്ന് വ്യാപകമായി പരാതിയുണ്ട്. ജില്ലാ എസ്.പിമാരും ഇത് അനുകരിക്കുകയാണ്. ഇതോടെ സി.ഐമാർ തനിനിറം കാട്ടിത്തുടങ്ങും. സാധാരണക്കാർക്ക് ഉദ്യോഗസ്ഥരെ നേരിൽക്കാണാനും പരാതി നൽകാനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കണം. ഉന്നത ഉദ്യോഗസ്ഥരെ കാണാൻ അവസരമില്ലാത്തത് ജനങ്ങളിൽ മോശം പ്രതിച്ഛായയുണ്ടാക്കും. വിവരങ്ങൾ കൈമാറാനും അന്വേഷണപുരോഗതി മനസിലാക്കാനും സാധാരണക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. മുതിർന്ന ഉദ്യോഗസ്ഥനെ കാണാൻ ഉദ്ദേശിക്കുന്നവർക്ക് അതിന് സൗകര്യമൊരുക്കണമെന്നും എല്ലാ യൂണിറ്റുകളിലും എസ്.എം.എസ്, വാട്ട്‌സ്ആപ്പ് സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കണമെന്നും മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സർക്കുലർ ഇറക്കിയിരുന്നു.

സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശങ്ങൾ തെറ്റാണെന്ന് കരുതി നടപടി സ്വീകരിക്കാതിരിക്കുകയോ കാലതാമസം ഉണ്ടാക്കുകയോ ചെയ്യരുത്. സഹായം ആവശ്യപ്പെട്ട് വിളിക്കുന്നവർക്ക് ഉടനടി ലഭ്യമാക്കണം. അതേസമയം വ്യാജസന്ദേശങ്ങൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കണം. എല്ലാ റാങ്കിലെയും ഉദ്യോഗസ്ഥർ തങ്ങൾ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഏത് അവസ്ഥയിലും സഭ്യേതര പദപ്രയോഗം പാടില്ല. പരാതിക്കാർക്ക് സഹാനുഭൂതി പകരുന്ന തരത്തിലാവണം പെരുമാറ്റം. കസ്റ്റഡിയിലുള്ളവരോട് പെരുമാറുന്നത് സർക്കാരും മനുഷ്യാവകാശ കമ്മിഷനും നൽകിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാവണം. സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പൂർണമായി പാലിക്കണം. തുറന്ന മനസോടെയും മുൻവിധികളില്ലാതെയുമാവണം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ഉദ്യോഗസ്ഥർ ജാതി-മത-രാഷ്‌ട്രീയ സങ്കുചിത ചിന്തകൾക്ക് അതീതമായിരിക്കണം. സർവീസിലുടനീളം നിഷ്‌പക്ഷരായിരിക്കണം. സ്വീകരിച്ച നടപടികളും അന്വേഷണ വിവരങ്ങളും പരാതിക്കാരെ ഫോണിലൂടെയോ എസ്.എം.എസായോ നേരിട്ടോ അറിയിക്കണം. കേസുകൾ വിശദമായി പഠിച്ച്, പരമാവധി തെളിവുകൾ ശേഖരിച്ച് കുറ്റവാളികളെ കണ്ടെത്തണം. സ്റ്റേഷനുകൾ, സബ് ഡിവിഷനുകൾ, ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ പൊലീസിന്റെ പ്രവർത്തനം അവലോകനം ചെയ്യണം. എല്ലാ ആഴ്ചയും യോഗം ചേർന്ന് ജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും അഭിപ്രായങ്ങളും വിമർശനങ്ങളും മനസിലാക്കി തിരുത്തൽ നടപടികൾ സ്വീകരിക്കണം- ഇത്തരം നിർദ്ദേശങ്ങളടങ്ങിയ സർക്കുലറുകൾ ചവറ്റുകുട്ടയിലിട്ട ശേഷമാണ് പൊലീസ് ജനങ്ങളുടെ മേൽ കുതിരകയറുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU, POLICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.