SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.20 PM IST

പകയല്ലിത്, ഗുണ്ടാരാഷ്ട്രീയം : അവരും അമ്മപെറ്റ മക്കൾ

political-murder

ഏത് സാഹചര്യത്തിൽ ജനിച്ചുവളർന്നവരായാലും നൊന്തുപെറ്റ ഒരമ്മയും നെഞ്ചുരുകി കാവലിരുന്ന ബന്ധുജനങ്ങളുമുണ്ടാവും അവർക്കെല്ലാം. അതുകൊണ്ടാണ് 'നാൻപെറ്റ മകനേ...' എന്ന ഒരമ്മയുടെ വാവിട്ടനിലവിളി നമ്മളെയെല്ലാം വേദനിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്തത്. ഓരോ മലയാളിയുടെയും നെഞ്ചിൽ അതിപ്പോഴും പ്രകമ്പനം കൊള്ളുന്നുണ്ടാവും. എന്തായിരുന്നു 19 വയസുമാത്രം പ്രായമുള്ള അഭിമന്യു ചെയ്ത കുറ്റം? ജന്മം കൂടെപ്പിറപ്പായി നൽകിയ ദാര്യദ്ര്യത്തെ പുഞ്ചിരിയോടെ നേരിടുകയും പിഞ്ചുകൈയാൽ തൊഴിലെടുത്ത് അതിജീവനമാർഗങ്ങൾ കണ്ടെത്തുകയും ചെയ്ത അഭിമന്യു എല്ലാവർക്കും പ്രിയങ്കരനായിരുന്നു. നന്നായി പാടുകയും പ്രസംഗിക്കുകയും ചെയ്യുന്ന അഭിമന്യുവിനെ എന്തിന് കൊന്നു നിങ്ങൾ?​ എന്ന് കൊലയാളികളുടെ അമ്മമാരും അവരോട് ചോദിച്ചിട്ടുണ്ടാവും. ഇല്ലെങ്കിൽ ഇനിയെങ്കിലും ചോദിക്കണം. 'പാൽച്ചിരികാൺകെ മൃതിയെ മറക്കു'ന്നവരാണ് മനുഷ്യരെങ്കിലും ഓരോ മനുഷ്യജീവൻ കേരളത്തിന്റെ മണ്ണിൽ പിടഞ്ഞുവീഴുമ്പോഴും അവരുടെ ഹൃദയങ്ങൾ "എന്തിന് കൊന്നൂ" എന്ന് ചോദിക്കുന്നുണ്ടാവും. ആണായാലും പെണ്ണായാലും 21വയസ്സുവരെ കുട്ടികളായിരിക്കും എന്ന് പ്രഖ്യാപിക്കുന്ന ബില്ല് കഴിഞ്ഞദിവസമാണ് പാർലമെന്റിൽ അവതരിപ്പിച്ചതെങ്കിലും ശരിതെറ്റുകളെക്കുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് രൂപപ്പെടാത്ത പ്രായമാണതെന്ന് എല്ലാവരും സമ്മതിക്കും. അങ്ങനെയൊരു കുട്ടിയാണ് എറണാകുളം മഹാരാജാസ് കോളേജിന്റെ മുറ്റത്ത് കൊലക്കത്തിയ്‌ക്ക് ഇരയായത്. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം അപക്വതയുടെ ഇളവ് ലഭിക്കേണ്ട പൈശാചികതയുമല്ല.

ബുദ്ധിജീവികൾ പറയുന്നത് ജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്നതാണ് രാഷ്ട്രീയം എന്നാണ്. ഉപ്പുതൊട്ട് കർപ്പൂരംവരെയുള്ള ഉത്പന്നങ്ങളിലും വിദ്യതൊട്ട് വിലാപയാത്ര വരെയുള്ള ജീവിതമാർഗങ്ങളിലും അതിന്റെ പരിസ്ഫുരണമുണ്ടാവും. ഇവയെല്ലാം ഭൗതികമായ കാര്യങ്ങളാണ്. മതത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും മതസ്ഥാപനങ്ങൾ നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടരുതെന്നും ഇതോടൊപ്പം പറഞ്ഞുകേൾക്കാറുണ്ട്. മതം ആത്മീയമാർഗമായതു കൊണ്ടുമാത്രമല്ല അങ്ങനെ പറയുന്നത്. മതത്തെ നയിക്കുന്നത് വൈയക്തികവികാരമല്ല, സമൂഹവികാരമാണ്. അതിനാൽ ഭ്രാന്തിന്റെ വകതിരിവില്ലായ്മയിലേക്ക് എളുപ്പത്തിൽ വഴുതിപ്പോകാനുള്ള സാദ്ധ്യത ഏറെയാണ്. അതുകൊണ്ടാകാം മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം എന്ന് കാൾമാർക്സ് പറഞ്ഞത്. പൊലീസും വക്കീലും മജിസ്ട്രേറ്റും ചേർന്ന് ക്രിമിനലുകളെ സംരക്ഷിക്കുന്നതു പോലെ മതവും രാഷ്ട്രീയവും ഗുണ്ടായിസവും ചേർന്ന് നാടും നഗരവും ഒരുപോലെ അധോലോകമാക്കുന്ന പ്രവണത സാക്ഷരകേരളത്തിൽ വളർന്നുപന്തലിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് രണ്ടു കുടുംബങ്ങളെ തീരാദുഃഖത്തിലേക്ക് തള്ളിയിട്ട് മരണക്കയത്തിലാഴ്ന്നത്.

എന്തിനുവേണ്ടി? ആർക്കുവേണ്ടി? എന്താണ് നേട്ടം? ആരാണ് നേടുന്നത്? തുടങ്ങിയ ചോദ്യങ്ങൾ സമൂഹത്തിന്റെ മുഖത്തേക്ക് വാരിയെറിഞ്ഞുകൊണ്ടാണ് ഓരോ കൊലപാതകങ്ങളും അരങ്ങേറുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ലാഭപ്പകയിൽ അരിഞ്ഞുവീഴ്ത്തുന്ന ജീവതങ്ങൾക്കുപിന്നിലുമുണ്ട് തോരാക്കണ്ണീരിന്റെ ചോരച്ചാലുകൾ. എങ്കിലും അവ തത്ക്കാലം മാറ്റിവയ്ക്കാം. തീർത്തും രാഷ്ട്രീയവൈരാഗ്യവും വൈയക്തികലാഭവും മാത്രം കാരണമാകുന്ന കൊലപാതകങ്ങളെ ഏത് നിലപാടിൽ നിന്നുകൊണ്ടാണ് ന്യായീകരിക്കാനാവുക? മനം കല്ലുകൊണ്ടല്ലാതെ നിർമ്മിതമായവർക്കൊന്നും അതിന്റെ ഭീതിയിൽനിന്നും വിഹ്വലതയിൽനിന്നും മുക്തരാവുക സാദ്ധ്യമല്ല.

2021 ഡിസംബർ 19 ഇരുട്ടി വെളുക്കുംമുൻപാണ് ആലപ്പുഴയിൽ രണ്ടുജീവനുകൾ സംഘടിത കൊലയാളികൾ കൊത്തിനുറുക്കിയത്. കൊല്ലപ്പെട്ട രണ്ടുപേരും രണ്ടു പ്രത്യയശാസ്ത്രങ്ങൾ വച്ചുപുലർത്തുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവർ എന്നു മാത്രമാണ് ലഭ്യമായ വിവരം. കുടുംബം പുലർത്തുന്നതിനായി പണിപ്പെടുന്നവരാണ് ഇരുവരും. പണികഴിഞ്ഞ് രാത്രിയിൽ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു വരുമ്പോഴാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ അക്രമിസംഘത്തിന്റെ 40 വെട്ടിന് ഇരയായത്. കാറിടിച്ചു വീഴ്ത്തിയശേഷമാണ് വടിവാളിനു വെട്ടിയും ഇരുമ്പ് വടിക്ക് അടിച്ചും കൊലപ്പെടുത്തിയത്. പുലർച്ചെ നടക്കാനൊരുങ്ങുമ്പോഴാണ് ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത് ശ്രീനിവാസനെ അക്രമിസംഘം വീടുകയറി കൊലപ്പെടുത്തിയത്. 11 വയസുള്ള മകൾക്കും അമ്മയ്ക്കും ഭാര്യയ്ക്കും മുന്നിൽവച്ചാണ് ചുറ്റികയും വടിവാളുംകൊണ്ട് പൈശാചികമായി കൊന്നത്. രണ്ടു കൊലപാതകവും മനുഷ്യരായി പിറന്നവർക്ക് സങ്കല്പിക്കാനാവുന്നതല്ല. ലഹരിമരുന്നുകളുടെ വിഭ്രാന്തിയിൽ ഗുണ്ടാസംഘങ്ങൾ പരസ്പരം കുടിപ്പക തീർക്കുന്നതിനേക്കാൾ നിഷ്ഠുരമാണ് രണ്ടും. കൊലയ്ക്കിരയായവരോട് ആർക്കെങ്കിലും പകയുള്ളതായി ആരും വെളിപ്പെടുത്തിയിട്ടില്ല. ഇരുവർക്കും പറക്കമുറ്റാത്ത രണ്ടു പെൺമക്കളാണ്. അവരുടെ ഭാവിയെക്കുറിച്ചുപോലും ഓർക്കാത്തവർ എന്തുതരം മനുഷ്യരാണ്?​

പെരിയ ഇരട്ടക്കൊലപാതകം ഉൾപ്പെടെ കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ 47 പേരാണ് രാഷ്‌ട്രീയപശ്ചാത്തലത്തിൽ കൊലക്കത്തിക്ക് ഇരയായത്. എല്ലാം നിഷ്ഠുരം,​ പൈശാചികം. മൃഗങ്ങൾക്ക് ചെയ്യാനാവാത്ത ക്രൂരത.

കൊലയാളിക്ക് എങ്ങും ശരണം ലഭിക്കുകയില്ലെന്ന് ജീവകാരുണ്യ പഞ്ചകത്തിൽ ശ്രീനാരായണഗുരുദേവൻ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മതങ്ങളുടെയും സാരാംശം അഹിംസയാണെന്നും ഇതിൽ ഉദ്ബോധനം ചെയ്യുന്നു. 'എല്ലാവരും ആത്മസഹോദരരെന്നല്ലേ പറയേണ്ടത്...' എന്നു തുടങ്ങുന്ന ഈ ഉദ്ബോധനകവിത അവസാനിക്കുന്നതിങ്ങനെ-

'കൊല്ലായ്കിലവൻ ഗുണമുള്ള പുമാ-

നല്ലായ്കിൽ മൃഗത്തൊട് തുല്യനവൻ

കൊല്ലുന്നവനില്ല ശരണ്യത മ-

റ്റെല്ലാവക നന്മയുമാർന്നിടിലും,'

ഭുജിക്കാൻ ആളില്ലെങ്കിൽ ഹിംസിക്കാനും ആരും മുതിരില്ല. മാംസം ഭക്ഷിക്കുന്ന മനുഷ്യരെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഈ കൃതി ഹിംസയുടെ പിന്നിലെ പ്രേരണയും ഫലവും ഫലകാംക്ഷയും പ്രത്യാഘാതവുമെല്ലാം തുറന്നുകാട്ടുന്നു. ജീവിച്ചിരിക്കുന്നവരെ നിശൂന്യരോ ജീവച്ഛവങ്ങളോ ആക്കുകയും കൊല്ലപ്പെട്ടവരെ രക്തസാക്ഷികളാക്കി അനശ്വരപരിവേഷംചാർത്തുകയും ചെയ്യുന്നത് സമീപകാലത്തായി രാഷ്ട്രീയപ്പാർട്ടികളുടെ ഒരു സ്റ്റൈലായി മാറിയിട്ടുണ്ട് ! കൊല്ലപ്പെട്ടവരെ രക്തസാക്ഷിയാക്കി സ്മാരകം പണിയാനാണ് രാഷ്ട്രീയപ്പാർട്ടികൾ മത്സരിക്കുന്നത്?​ ഇത് എന്തുതരം പൊളിറ്റിക്സാണ് ?​ പൊലീസിന്റെയും ഏതെങ്കിലും രാഷ്ട്രീയ,​ മത,​ ജാതി സംഘടനകളുടെയും ഒത്താശയും സംരക്ഷണവുമില്ലാതെ എങ്ങനെയാണ് ജനനിബിഡമായ സാക്ഷരകേരളത്തിൽ ഗുണ്ടായിസവും അധോലോകവും വളരുന്നത്. അതിനുപറ്റിയ മണ്ണല്ല കേരളത്തിലേത്. ചെല്ലും ചെലവും നല്‌കി കൃത്രിമമായി അത് വളർത്തിയെടുക്കുന്നത് മുഖ്യമായും ഇവിടത്തെ രാഷ്ട്രീയപ്പാർട്ടികളാണെന്നത് ആർക്കും അറിഞ്ഞുകൂടാത്ത കാര്യമല്ല. കാമ്പസുകളിൽ ഭീതിപരത്തുന്ന ഏർപ്പാടുകൾ നിയന്ത്രിക്കുകയോ നിർമാർജ്ജനംചെയ്യുകയോ വേണമെന്ന ആവശ്യം കോടതികളിൽനിന്നുതന്നെ ഉണ്ടായിട്ടും ഫലമുണ്ടാകുന്നില്ല. കാമ്പസുകളിൽ വീഴുന്ന ചോരയുടെയും ജീവന്റെയും ഫലം ഭുജിക്കാൻ ആളുണ്ട് എന്നതുകൊണ്ടുതന്നെയാണ്

അഭിമന്യുവിനെപ്പോലുള്ള നിരപരാധികളും കൊലയ്ക്കിരയാവുന്നത്. ജീവകാരുണ്യപഞ്ചകത്തിൽ ഗുരുദേവൻ വ്യക്തമാക്കുന്നതും അതാണ്. കൊല്ലുന്നത് പക്ഷിമൃഗാദികളെയൊ മരങ്ങളെയൊ മനുഷ്യനെയൊ ആയാലും അതിൽനിന്നുണ്ടാകുന്ന ഉത്പന്നത്തെയൊ പരിണിതഫലത്തെയോ ഭുജിക്കാൻ ആരെങ്കിലും ഉണ്ടാവും. ആ മനോഭാവമാണ് ആദ്യം ഇല്ലാതാകേണ്ടത്. കൊല്ലുന്നതിനേക്കാൾ വലിയ പാപമാണ് കൊല്ലുന്നതിന് പ്രേരണനല്‌കുന്നതും കൊലയുടെ ഫലം ഭുജിക്കുന്നതും എന്ന് ദൃഢമായി ഗുരു ഇതിൽ ഉദ്ബോധിപ്പിച്ചിട്ടുണ്ട്.

(കൊല്ലുന്നവനില്ല ഭുജിപ്പതിനാ-

യില്ലെങ്കിലശിക്കുകതന്നെ ദൃഢം

കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം

കൊല്ലുന്നതിൽനിന്നുമുരത്തൊരഘം)​-കൊല്ലുന്നതിൽനിന്നു രൂപംകൊള്ളുന്ന(ഉരത്ത- ഉരുവം-രൂപം)​ പാപ(അഘം)​ത്തേക്കാൾ വലുതാണ് അത് ഭുജിക്കുകയോ കൊല്ലുന്നതിന് പ്രേരണയാവുകയോ ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന പാപം. ഈ യാഥാർത്ഥ്യം എല്ലാ വിഭാഗം ജനങ്ങളിലും എത്തുന്നതിനുള്ള പ്രവർത്തനവും ഉദ്ബോധനവുമാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളിൽനിന്നും അതിന് ചുക്കാൻ പിടിക്കുന്നവരിൽനിന്നും ഉണ്ടാകേണ്ടത്. അതാണ് ശ്രീനാരായണധ‌‌ർമ്മം. ഇക്കുറി ശിവഗിരി തീർത്ഥാടനത്തിനെത്തുന്ന എല്ലാവരിലും ഈ സന്ദേശം അലയടിക്കാൻ ഇടയാവട്ടെയെന്ന് ഗുരുദേവനാമത്തിൽ പ്രാർത്ഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLITICAL MURDER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.