SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.37 AM IST

ഈ മനോഹരതീരത്തെ പാഠപുസ്തകം

s

എത്രകാലം ജീവിച്ചു, ഏതെല്ലാം അധികാരസ്ഥാനങ്ങളിൽ ഇരുന്നു എന്നതല്ല പ്രധാനം. ജീവിച്ചിരിക്കുമ്പോൾ എന്തു ചെയ്തു എന്നതാണ്.

കാട്ടിലെ കതിർകാണാക്കിളിപാടിയാൽ

മുളംകൂട്ടിലെ തത്തമ്മയ്ക്ക് നൊമ്പരം വിതുമ്പിയാൽ

വന്നലച്ചീടും പിന്നെ മറ്റൊന്നായി രൂപംകൊള്ളും

എന്നന്തരംഗത്തിലാഗാനവും വിതുമ്പലും- എന്നെഴുതിയ മഹാകവി വയലാർ രാമവർമ്മയുടെ ഒരു ചലച്ചിത്രഗാനം കേട്ടും കേൾപ്പിച്ചുമാവണം തന്റെ അന്ത്യയാത്ര എന്ന് ഉറ്റചങ്ങാതിയോട് ചട്ടംകെട്ടി വിടപറഞ്ഞ പി.ടി.തോമസ് കോൺഗ്രസ് എന്ന രാഷ്ട്രീയപ്പാർട്ടിക്ക്, പൊട്ടിവീണ ജന്മദിനപതാക പൊട്ടാതെ ഉയർത്തിക്കെട്ടാനുള്ള പാഠപുസ്തകമാണ്. സോണിയാഗാന്ധി മുതൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പി.സി. വിഷ്ണനാഥും വരെയുള്ള എല്ലാ തലമുറകളിലെയും നേതാക്കൾ തീർച്ചയായും പഠിക്കേണ്ട പാഠപുസ്തകമാണ് പി.ടി.തോമസിന്റെ ജീവിതം. ഒരു മന്ത്രിയോ സ്പീക്കറോപോലും ആവാതെ 70ാം വയസ്സിൽ യാത്ര പറഞ്ഞ അദ്ദേഹത്തിന് അധിക പരിശ്രമമില്ലാതെ ലഭിക്കുമായിരുന്ന എം.പി സ്ഥാനംപോലും, ഒരു വ്യാമോഹമായിരുന്നില്ല. പി.ടി ഭരണതലത്തിലുണ്ടാകേണ്ടത് ജനങ്ങളുടെ ആവശ്യമായിരുന്നു. അതിൽനിന്ന് അദ്ദേഹം അകന്നുപോകുമ്പോൾ നഷ്ടം ജനങ്ങൾക്കാണെന്ന് അറിയാവുന്നവരായിരുന്നു അന്തിമോപചാരമർപ്പിക്കാൻ കണ്ണീരോടെ തടിച്ചുകൂടിയവരിലേറെയും.

വ്യക്തിപരമായി ഒരടുപ്പവും അദ്ദേഹവുമായി എനിക്കുണ്ടായിരുന്നില്ല. നേരിൽ കാണുകയോ സംസാരിക്കുകയോപലും ചെയ്തിട്ടുമില്ല. എന്നിട്ടും അദ്ദേഹം ഇനിയില്ലെന്നറിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നനഞ്ഞിരുന്നു. പ്രകൃതിയുടെ അപരിമേയമായ സൗന്ദര്യത്തെയും സാദ്ധ്യതകളെയും കുറിച്ച് പഠിക്കുന്ന ഏതൊരാളുടെയും ഉള്ളുപിടയുന്ന വിയോഗമാണ് പി.ടി.തോമസിന്റേത്. പാർട്ടിപ്രവർത്തകനല്ലാത്ത ഒരു നല്ല കമ്മ്യൂണിസ്റ്റുകാരനായിരുന്നു പി.ടി. തോമസ് എന്നു പറയാനാണ് എനിക്കിഷ്ടം. പ്രകൃതിയെ പ്രേമിക്കുന്ന ഏതൊരാൾക്കും നല്ല മതവിശ്വാസിയാകാം, നല്ല കമ്മ്യൂണിസ്റ്റാകാം, നല്ല കോൺഗ്രസുകാനാകാം, നല്ല ബി.ജെ.പിക്കാരനോ ലീഗുകാരനോ ആകാം. പ്രകൃതിയെ അറിഞ്ഞു സ്നേഹിക്കുന്നവർക്ക് ഒരു മതമേ ഉണ്ടാവൂ, ഒരു ജാതിയേ ഉണ്ടാവൂ, ഏതു രാഷ്ട്രീയപാർട്ടിയിലെ അംഗമായാലും അവർക്ക് ഒരേ സ്വരമായിരിക്കും, ഇന്നത്തെ ശാസ്ത്രസാഹിത്യപരിഷത്തിനെപ്പോലെ വിവിധ സ്വരങ്ങൾ അതിനുണ്ടാവില്ല. പ്രകൃതിക്ക് ഒറ്റ തത്വശാസ്ത്രമേയുള്ളൂ, ഒറ്റ ദർശനമേ ഉള്ളൂ അതു തിരിച്ചറിയാനും അതിനായി നിലകൊള്ളാനും ജീവിതകാലം മുഴുവൻ ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്ത ആളിന്റെ പേരാണ് പി.ടി.തോമസ്.

'അവസാനത്തെ ആളാണെങ്കിലും ശരിയാണെന്ന് തോന്നുന്നതിനുവേണ്ടി ഞാൻ നിലകൊള്ളു'മെന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ കർമ്മവിശുദ്ധി എന്നും ജ്വാലയായി കരുതിയ കോൺഗ്രസുകാരനാണ് പി.ടി. തോമസ്. സുഗതകുമാരി പറഞ്ഞതുപോലെ തോല്ക്കുന്ന യുദ്ധംചെയ്യാനും ആളുവേണമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് പി.ടി. സമരമുഖങ്ങളിൽ ജ്വാലയായത്. തോല്ക്കാനല്ല, ജയിക്കാൻതന്നെയായിരുന്നു പി.ടിയുടെ ഓരോ പോരാട്ടവും. തനിക്കുവേണ്ടിയെന്നോ പാർട്ടിക്കുവേണ്ടിയെന്നോ പ്രകൃതിക്കുവേണ്ടിയെന്നോ ജനങ്ങൾക്കു വേണ്ടിയെന്നോ ഉള്ള വേർതിരിവ് അതിനുണ്ടായിരുന്നില്ല.1996ൽ നടന്ന നിയസഭാതിരഞ്ഞെടുപ്പിൽ തൊടുപുഴ മണ്ഡലത്തിൽ പി.ജെ.ജോസഫിനെ നേരിടാനായിരുന്നു പി.ടി.യുടെ നിയോഗം. തോല്‌ക്കാത്ത ജോസഫിനെതിരേയുള്ള പി.ടിയുടെ ആദ്യപോരാട്ടം. വോട്ടെണ്ണൽ പകുതിപിന്നിട്ടപ്പോൾത്തന്നെ ജോസഫ് വിജയം ഉറപ്പിച്ചിരുന്നു. പ്രതീക്ഷ കൈവിടാതെ രാത്രി പുലരുവോളം പി.ടി ചില പ്രവർത്തകരോടൊപ്പം വോട്ടെണ്ണൽ കേന്ദ്രത്തിൽത്തന്നെ ഇരുന്നു. വോട്ടെണ്ണുന്ന തൊടുപുഴ ഗേൾസ്‌ സ്കൂളിന്റെ മുൻവശമാകെ അപ്പോൾ ജോസഫിന്റെ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. വിജയാരവം മുഴക്കി അവർ പി.ടിക്കുനേരെ തിരിയുമെന്ന് മനസിലാക്കിയ പൊലീസ് പുറകുവശത്തെ മതിൽചാടി രക്ഷപ്പെടാൻ നി‌ദ്ദേശിച്ചു. പി.ടി. തോസ് സ്കൂളിന്റെ മുൻവാതിലിലൂടെ തല ഉയർത്തിപ്പിടിച്ച് പുറത്തേക്കിറങ്ങി. എതിരാളികൾ അസഭ്യംവിളിമുഴക്കി. പൊലീസ് വലയം ഭേദിച്ച് ഏതോ അധമൻ ചെരുപ്പുകൊണ്ട് പി.ടിയെ അടിക്കാനും മുതി‌ർന്നു. നിലപാടിന്റെ അടിത്തറയുണ്ടായിരുന്ന പി.ടി അപ്പോൾ മനസ്സിൽ എഴുതിവച്ചു. 'മടങ്ങിവരും, തൊടുപുഴ പിടിച്ചടക്കും'..2001ൽ 6125 വോട്ടിന് പി.ജെ.ജോസഫിനെ മുട്ടുകുത്തിച്ച് അതേവഴിയിലൂടെ പി.ടി.തോമസ് ഇറങ്ങിവന്നു.

ഗുജറാത്തു മുതൽ കന്യാകുമാരി വരെ നീണ്ടുനിവർന്നുനില്ക്കുന്ന പശ്ചിമഘട്ട പർവതനിരകളും അതിന്റെ താഴ്വാരങ്ങളും സംരക്ഷിപ്പെടേണ്ടതിന്റെ ആവശ്യകതയിൽ നിലയുറപ്പിച്ചപ്പോൾ, അനായാസം ലഭിക്കുമായിരുന്ന എം.പി സ്ഥാനം തെല്ലും വൈഷമ്യമില്ലാതെ ഉപേക്ഷിക്കാനും പി.ടിക്കു കഴിഞ്ഞു. എന്തിനുവേണ്ടിയാണ് താൻ നിലകൊള്ളേണ്ടതെന്ന് ഉത്തമബോദ്ധ്യമുള്ള രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.ടി.തോമസ്. അങ്ങനെയുള്ളവർ ഒരു രാഷ്ട്രീയപ്പാർട്ടിയിലും അധികം ഉണ്ടാവില്ല. ഉണ്ടായാൽത്തന്നെ അധികനാൾ വാഴുകയുമില്ല. പാർട്ടി, കോൺഗ്രസ് ആയതുകൊണ്ടാണ് സ്വാഭാവികമായ പ്രയാണത്തിന് പി.ടിക്ക് അവസരം ലഭിച്ചതെന്നും മറക്കാതിരിക്കാം.

മൻമോഹൻസിംഗ് പ്രധാനമന്ത്രി ആയിരിക്കെയാണ് പരിസ്ഥിതിമന്ത്രിയായിരുന്ന ജയറാം രമേശ് പാരിസ്ഥിതിക വിഷയത്തിൽ നിരങ്കുശമായ നിലപാടും ബോദ്ധ്യങ്ങളുമുള്ള മാധവ് ഗാഡ്ഗിൽ അടക്കമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ചത്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് പഠിച്ച് റിപ്പോർട്ട് നല്കാനായിരുന്നു നിയോഗം. അപ്രകാരം സമർപ്പിച്ച റിപ്പോർട്ടിനെ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം പോലും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയും അതിനു കൂട്ടുനില്‌ക്കുകയും ചെയ്തപ്പോഴാണ് തന്റെ വോട്ടുബാങ്കായ വിഭാഗത്തെയാകെ ചൊടിപ്പിക്കുന്ന നിലപാടുമായി പി.ടി. തോമസ് രംഗത്തുവന്നത്. അങ്ങനെയുള്ള 10 പേർ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ സാമൂഹിക,രാഷ്ട്രീയഭാവി എത്രയോ ശോഭനമാകുമായിരുന്നു. എല്ലാ പൂച്ചകളും സിംഹങ്ങളും പുലികളും ഒളിഞ്ഞും തെളിഞ്ഞും പാലുകുടിക്കുന്നത് കണ്ടിട്ടുള്ള മലയാളികളോട് അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ല.

'പശ്ചിമഘട്ടത്തിന് ഉണ്ടാകുന്ന ഏതൊരു ആഘാതവും അതിന്റെ താഴ്വാരങ്ങളിൽ താമസിക്കുന്ന ജനതയുടെ നിത്യജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും എന്ന ശാസ്ത്രീയമായ വിലയിരുത്തലാണ് മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനതത്വം'- എന്നു മനസിലാക്കിയ പി.ടി അതിന്റെ വിശദാംശങ്ങൾ തന്റെ പാർട്ടിയുടെപോലും സഹായമില്ലാതെയാണ് ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചത്. കോൺഗ്രസ് എന്നാൽ ലോകം മുഴുവൻ അറിയാവുന്ന ഇന്ത്യയിലെ ദേശീയ പാർട്ടിയാണെന്നും ഒരു കുടുംബത്തിന്റെയൊ വാർ‌ഡിന്റെയൊ മണ്ഡലത്തിന്റെയൊ ജില്ലയുടെയൊ താത്പര്യം സംരക്ഷിക്കലല്ല അതിലെ നേതാക്കാന്മാരുടെ കടമയെന്നും പി.ടിക്ക് ബോദ്ധ്യമുണ്ടായിരുന്നു.

പക്ഷേ, കാട്ടുമൃഗങ്ങൾക്കു വേണ്ടിയുള്ളതാണ് ഗാഡ്ഗിൽ റിപ്പോർട്ട് എന്നാണ് വൈദികരുടെ നേതൃത്വത്തിൽ അന്ന് പ്രചരിപ്പിക്കപ്പെട്ടത്. മനുഷ്യരെ മുഴുവൻ കുടിയിറക്കും, ആർക്കും വീടുവയ്ക്കാൻപറ്റില്ല, പള്ളികൾ പൊളിക്കും, വീടുകൾ പൊളിക്കും, കുട്ടികളെ സ്‌കൂളിൽ വിടാൻ പറ്റില്ല തുടങ്ങിയ നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിച്ച തത്പരകക്ഷികൾ പി.ടിയെ മാത്രമല്ല അദ്ദേഹത്തിന്റെ നല്ല കുടുംബത്തെയും പല നിലകളിൽ അധിക്ഷേപിക്കാൻ മുതിർന്നു. അത്തരത്തിൽപ്പെട്ട ചില സാമൂഹികവിരുദ്ധർ പി.ടി തോമസ്‌ ചേതനയറ്റുകിടക്കുമ്പോൾ പിതൃശന്യമായ ചില ആരോപണങ്ങളും സോഷ്യൽ മീഡിയകളിലൂടെ അഴിച്ചുവിട്ടു. ഇവരോട് പൊറുക്കേണമേ എന്നാവും അപ്പോഴും പി.ടിയുടെ ആത്മാവ് ആഗ്രഹിച്ചിട്ടുണ്ടാവുക.

ഗാ‌ഡ്ഗിൽ റിപ്പോർട്ട് വിഷയത്തിൽ പി.ടിയുടെ ശവഘോഷയാത്ര നടത്തിയതിനെക്കുറിച്ച് അദ്ദേഹംതന്നെ പറഞ്ഞത് ഓർമ്മിക്കാം. "സാധാരണ ഇത്തരം പ്രതിഷേധങ്ങളോ ടാബ്ലോകളോ നടത്തുമ്പോൾ ആരെങ്കിലുമൊക്കെ വേഷം കെട്ടി വരികയാണ് ചെയ്യുന്നത്. ഇവിടെ നാലഞ്ച് യഥാർത്ഥ വൈദികർ മരണസമയത്ത് ചൊല്ലുന്ന ഒപ്പീസൊക്കെ ചൊല്ലി ധൂപക്കുറ്റിയൊക്കെ പുകച്ചാണ് എന്റെ ശവഘോഷയാത്ര നടത്തിയത്. ആ കൂട്ടത്തിൽ ചിലർക്കൊക്കെ പിന്നീട് തെറ്റ് മനസിലായി. എനിക്കവരിലാരോടും പിണക്കമോ വിദ്വേഷമോ ഇല്ല. അന്നവർ ചെയ്തതോർക്കുമ്പോൾ ഒരുതരത്തിൽ സന്തോഷവുമുണ്ട്. ഞാൻ മരിക്കുമ്പോൾ എങ്ങനെയൊക്കെയാണ് എന്റെ ശവസംസ്‌കാരം നടക്കുന്നതെന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ കാണാനും മനസിലാക്കാനും കഴിഞ്ഞത് അവർ കാരണമാണല്ലോ." പക്ഷേ, പി.ടി.തോമസ് എന്ന രാഷ്ട്രീയപ്രവർത്തകൻ തന്റെ മരണശേഷംപോലും ജാതിയുടെയോ മതത്തിന്റെയ രാഷ്ട്രീയത്തിന്റെയോ പേരിലുള്ള ഒരു കച്ചവടത്തിനും കീഴയങ്ങുകയില്ലെന്ന് തെളിയിച്ചു. സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ വ്യാപരിച്ച എത്രപേർക്ക് അതിന് സാധിച്ചിട്ടുണ്ട്?. കല്പന കല്ലേപ്പിളർക്കും എന്നപോലെയായിരുന്നു പി.ടി. തോമസിന്റെ നിലപാടുകളുടെ മൂർച്ചയും ബലവും.

ആരു മരിച്ചാലും ആളു കൂടുന്നൊരു നാടാണ് കേരളം. പി.ടി.തോസ് വിടപറഞ്ഞപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ തിക്കിത്തിരക്കിയ ജനക്കൂട്ടം പക്ഷേ, മറ്റൊരു പാഠമാണ് ഓർമ്മിപ്പിക്കുന്നത്. കൊവിഡ്കാല ഭീതിയോ നിയന്ത്രണങ്ങളോ ഒന്നും ആ പുരുഷാരത്തിന് വിലങ്ങായില്ല. ജീവിച്ചിരിക്കുന്ന പി.ടിയെ അവർക്ക് വേണമായിരുന്നു. സമീപകാലത്തൊന്നും ഒരു രാഷ്ട്രീയനേതാവിനും ഇത്രയും ആദരം ലഭിച്ചിട്ടില്ല. ജീവിച്ചിരിക്കുന്നവരിൽത്തന്നെ ഇത്രയും ആദരവ് ലഭിക്കാൻ കർമ്മചൈതന്യമുള്ളവർ അധികമുണ്ടാവില്ല. എന്തായിരുന്നു പി.ടി.തോമസ് എന്ന കോൺഗ്രസ് നേതാവിനെ ഇത്രയും ജനപ്രിയനാക്കിയത്? നേതാക്കന്മാർ ധാരാളമുണ്ട്. ജനദ്രോഹം മാത്രം കൈമുതലായുള്ള രാഷ്ട്രീയ ഭിക്ഷാംദേഹികളെയും നേതാവ് എന്ന് വിളിക്കും. ആരും അങ്ങനെ വിളിച്ചില്ലെങ്കിൽ സ്വയം ഫ്ലക്സ് സ്ഥാപിച്ച് അങ്ങനെ എഴുതിവയ്ക്കും. മൂന്നുനേരവും റോഡിലിറങ്ങി സ്വയംനോക്കി നി‌ർവൃതികൊള്ളും. ഫ്ലക്സ് വച്ച് നേതാവാകുന്നവർ ഇങ്ങനെ ധാരാളമുണ്ട്. എല്ലാ രാഷ്ട്രീയപ്പാർട്ടികളിലും അവരാണ് കൂടുതൽ. പി.ടി.തോമസ് പ്രതിഷ്ഠിക്കപ്പെട്ടത് തെരുവിലെ ഫ്ലക്സ് ബോർഡുകളിലല്ല. ജനഹൃദയങ്ങളിലാണ്..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PT THOMAS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.