SignIn
Kerala Kaumudi Online
Thursday, 25 April 2024 4.57 AM IST

ജാഗ്രതയുടെ ചുവടുകൾ

pta

ആശ്വാസത്തിന്റെ കിരണങ്ങൾ കണ്ടുതുടങ്ങിയപ്പോഴാണ് കൊവിഡ് മഹാമാരി രണ്ടാംതരംഗം വീണ്ടും നാടിനെ ഇരുട്ടിൽ നിറുത്തുന്നത്. ഈ പോരാട്ടത്തിലും നമ്മൾ വിജയിക്കണമെങ്കിൽ ജാഗ്രത കുറച്ചൊന്നും പോര. ഭയം വിട്ടകന്നാൽ എല്ലാറ്റിൽ നിന്നും മോചനമായെന്നു കരുതേണ്ടതില്ലെന്നാണ് രണ്ടാം തരംഗം ഓർമ്മിപ്പിക്കുന്നത്. കൊവിഡിന്റെ ആദ്യ വരവിൽ ശരിക്കും ഭയന്നു പോയത് പത്തനംതിട്ടക്കാരാണ്. റാന്നിയിലെ കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ പ്രഖ്യാപനം വരുംമുൻപേ ലോക് ഡൗണിൽ ഇരുന്നവരാണ് പത്തനംതിട്ടക്കാർ. അകലം പാലിച്ചും മാസ്കിട്ടും കൈ കഴുകിയും ജാഗ്രതയുടെ പാഠങ്ങൾ ഉൾക്കൊണ്ടു. വല്ലാത്തൊരു ഭയത്തിൽ നിന്നു കൊണ്ടാണ് ഇതൊക്കെ ചെയ്തത്. പിന്നീട് രാജ്യമാകെ ലോക് ഡൗണിലേക്ക് പോയപ്പോഴും പത്തനംതിട്ടക്കാർ ജാഗ്രതയും നിയന്ത്രണവും കടുപ്പിച്ചു. കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച ആശുപത്രികളുടെ പരിസരത്തേക്കു പോലും ആരും പോയില്ല. രോഗികളുടെ വീടുകളിൽ സഹായമെത്തിച്ചത് സുരക്ഷാ കവചമണിഞ്ഞ ആരോഗ്യ പ്രവർത്തകരായിരുന്നു. രോഗികളുടെ സമ്പർക്ക പട്ടികയും സഞ്ചാരപാതയും തയ്യാറാക്കി കൊവിഡിന്റെ വ്യാപനത്തെ ചെറുത്തതിൽ പത്തനംതിട്ട കാണിച്ച മാതൃക രാജ്യമാകെ ചർച്ച ചെയ്തു. മറ്റു ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നപ്പോഴും പത്തനംതിട്ട പിടിച്ചുനിന്നത് ഭയത്തിൽ നിന്ന് ഉടലെടുത്ത വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയിലാണ്.

രണ്ടാം തരംഗത്തിലും കരുതൽ

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ പത്തനംതിട്ടയിൽ രോഗവ്യാപനം തീവ്രമല്ലെന്നത് ആശ്വാസം നൽകുന്നു. ഒന്നാംതരംഗത്തിൽ കാട്ടിയ ജാഗ്രതയും കൊവിഡ് ടെസ്റ്റുകളും രണ്ടാംതരംഗത്തിൽ രോഗികളുടെ എണ്ണം കുറയാൻ സഹായകമായെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ജനസംഖ്യാനുപാതികമായി നോക്കിയാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ടെസ്റ്റുകൾ നടക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. രോഗലക്ഷണങ്ങൾ സംശയിക്കുന്നവരുടെ സ്രവങ്ങൾ മാത്രമല്ല ഇപ്പോഴും പരിശോധിച്ചു വരുന്നത്. പോസിറ്റീവ് ആകുന്നവരുടെ സമ്പർക്ക പട്ടികയിലുള്ളവർ, രോഗികളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരൊക്കെ പരിശോധനയ്ക്ക് വിധേയമാകുന്നു. രോഗികളുട‌െ സമ്പർക്ക പട്ടികയിലുള്ളവർ നെഗറ്റീവായിരുന്നാലും ജാഗ്രത തുടരുന്നു. തുടക്കം മുതലേ പരിശോധനയുടെ എണ്ണം കൂട്ടുക എന്ന നയം പത്തനംതിട്ടയിൽ ഫലപ്രദമായെന്നു വേണം കരുതാൻ. പരിശോധനയ്ക്ക് മുന്നോട്ടു വരാൻ മടികാട്ടുന്നവർ വളരെക്കുറച്ചേയുള്ളൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. രണ്ടാം തരംഗത്തിൽ ഇതുവരെയുള്ള കണക്കനുസരിച്ച് ആയിരത്തിന് മുകളിൽ പ്രതിദിന രോഗികളുടെ എണ്ണം ഉണ്ടായത് ആറ് ദിവസങ്ങളിലാണ്. 1246 എന്നതാണ് ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്ക്. ഇത് ഇനിയും ഉയർന്ന് 1700 വരെ എത്തിയേക്കാമെന്നാണ് നിഗമനം. എന്നാലും മറ്റു ജില്ലകളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ പത്തനംതിട്ടയിൽ വലിയ വർധനയുണ്ടാകുന്നില്ലെന്ന് കരുതാം.

ജില്ലയിൽ രോഗപ്പകർച്ചാ ഭീഷണി കൂടുതലായി നിലനില്‌ക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികളിലാണ്. തൊഴിലാളി ക്യാമ്പുകൾ ജില്ലയിൽ ധാരാളമുണ്ട്. ഇവിടങ്ങളിൽ ജില്ലാ കളക്റും പൊലീസ് ചീഫും നേരിട്ടിറങ്ങി ബോധവത്‌കരണം നടത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ്. ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ നിലവിലുള്ള അന്യ സംസ്ഥാനക്കാരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടേയുള്ളൂ. തൊഴിലിടങ്ങളിലേക്ക് പോകാൻ പ്രഭാതങ്ങളിൽ കൂട്ടംകൂടി നിൽക്കുന്ന അന്യ സംസ്ഥാനക്കാരുടെ കാഴ്ച ഇപ്പോഴുമുണ്ട്. ഇവരിൽ സാമൂഹിക അകലത്തിന്റെയും ശരിയായ രീതിയിൽ മാസ്ക് ധരിക്കേണ്ടതിന്റെയും ആവശ്യകത കൂടുതൽ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാതെയാണ് അവർ കൂട്ടംകൂടി നിൽക്കുന്നതും പണിയെടുക്കുന്നതും. പത്തനംതിട്ട ജില്ലയിലെ അന്യസംസ്ഥാനക്കാരിൽ കൊവിഡ് വ്യാപനം കൂടുന്നുവന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ ശേഷമാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ആ മേഖലയിലേക്ക് ശ്രദ്ധിക്കുന്നത്.

കൊവിഡ് വ്യാപിക്കുന്ന പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. കടകളിൽ സാമൂഹിക അകലം പാലിക്കാത്തതിന് കേസ് രജിസ്റ്റർ ചെയ്യുകയും താക്കീത് കൊണ്ടും ഫലമില്ലാതെ വന്നാൽ ലൈസൻസ് റദ്ദു ചെയ്തുമാണ് കാെവിഡ് പ്രതിരോധം ശക്തമാക്കിയത്. അതേസമയം, വാഹന ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാർക്ക് മാസ്കും സാനിട്ടൈസറും അനുവദിക്കാത്തത് വലിയ പരാതിയായി നിലനിൽക്കുന്നു.

വാക്സിൻ സ്വീകരിക്കാനും മുന്നോട്ട്

കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ ജനങ്ങൾ സ്വയം മുന്നോട്ടു വരുന്ന പ്രവണതയും പത്തനംതിട്ടയിലുണ്ട്. 12.50 ലക്ഷം ജനങ്ങളുള്ള ജില്ലയിൽ 4.40ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു. ഇതിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം മൂന്നരലക്ഷം കടന്നു. രണ്ടാം ഡോസുകാർ തൊണ്ണൂറായിരം പിന്നിട്ടു. സർക്കാർ, സ്വകാര്യ മേഖലകിൽ 48 വാക്സിൻ സെന്ററുകളുണ്ട്. വാക്സിൻ ക്ഷാമമാണ് ജില്ല നേരി‌ടുന്ന വലിയ വെല്ലുവിളി. കൊടുക്കുന്ന ഓർഡർ അനുസരിച്ച് വാക്സിൻ കിട്ടുന്നില്ല. ഓൺലൈൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ പതിനയിരങ്ങളാണ്. ലഭിക്കുന്ന വാക്സിൻ രജിസ്ട്രേഷൻ അനുസരിച്ച് മുൻഗണന ക്രമത്തിൽ കൊടുത്തു തീർക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.