SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.50 PM IST

ബാങ്ക് തട്ടിപ്പ് കംപ്യൂട്ടർ തലയുള്ളവൻ കാണാമറയത്തു തന്നെ

vijeesh-vargheese

സാധാരണമായ ഒരു തട്ടിപ്പ് കേസാണ് അടുത്തിടെ പത്തനംതിട്ടയിൽ നിന്ന് പുറത്തുവന്നത്. ജോലി ലഭിച്ച് ഒന്നരവർഷം തികയുന്നതിന് മുൻപ് തന്നെ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി തട്ടിയെടുത്ത് ഒരു ജീവനക്കാരൻ മുങ്ങിയിരിക്കുന്നു. കാനറയിൽ ലയിപ്പിക്കപ്പെട്ട മുൻ സിൻഡിക്കേറ്റ് ബാങ്കിലെ ജീവനക്കാരനായ കൊല്ലം ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസിനെയാണ് പൊലീസ് തിരയുന്നത്. മുപ്പത്തിയാറ് വയസുള്ള ഇയാൾ ഭാര്യയെയും കുട്ടികളെയും കൂട്ടിയാണ് മുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ വെളിച്ചത്തു വന്ന തട്ടിപ്പ് കേസിൽ ഇതുവരെയും പ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലീസിന് വലിയ വെല്ലുവിളിയായി. മൊബൈൽ ഫോൺ ഓഫാക്കി എവിടെയോ കഴിയുകയാണ് പ്രതിയും ബന്ധുക്കളും. ഒളിച്ചിരിക്കുന്ന പ്രതിയെ ഈ ലോക് ഡൗൺ കാലത്ത് കണ്ടുപിടിക്കാൻ പ്രയാസമാണോ എന്ന ചോദ്യം നിക്ഷേപകർ ഉയർത്തുന്നു. ലോക് ഡൗൺ നിയന്ത്രണത്തിന്റെ ചുമതല നോക്കുന്നതിനൊപ്പം കുറ്റാന്വേഷണവും ഇരട്ടി ജോലിഭാരമുണ്ടാക്കുന്നതാണെന്ന പൊലീസിന്റെ വാദം തത്‌കാലം മുഖവിലക്കെടുക്കേണ്ടി വരും. പണം നഷ്ടമാകരുതെന്നാണ് നിക്ഷേപകർക്ക് ഈ ഘട്ടത്തിൽ പറയാനുള്ളത്. ബാങ്കിന് തങ്ങളുടെ വിശ്വാസത്യ നിലനിറുത്തുകയും വേണം.

കാലാവധി പൂർത്തിയായ

നിക്ഷേപങ്ങൾ

കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ കാലാവധി പൂർത്തിയായ നിക്ഷേപങ്ങളും മോട്ടോർ വാഹന അപകടക്കേസുകളിൽ നഷ്ടപരിഹാരമായി പലരുടെയും അക്കൗണ്ടുകളിലേക്ക് ലഭിച്ച തുകകളും തട്ടിയെടുത്താണ് പ്രതി കടന്നത്. ഫെബ്രുവരിയിൽ ഒരു നിക്ഷേപകന്റെ മൊബൈൽ ഫോണിലേക്ക് വന്ന മെസേജാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. 10ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയായിട്ടും അദ്ദേഹം പിൻവലിച്ചിരുന്നില്ല. ഒരു ദിവസം തന്റെ അക്കൗണ്ടിലുള്ള തുക പിൻവലിക്കപ്പെട്ടതായി ലഭിച്ച മെസേജിനെ തുടർന്ന് നിക്ഷേപകൻ ബാങ്കിൽ വിവരമറിയിച്ചു. ബാങ്ക് നടത്തിയ പ്രാഥമിക പരിശോധനയിൽ തുക മുഴുവനും പ്രതി വിജീഷ് വർഗീസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. തന്റെ നോട്ടപ്പിഴവാണെന്ന് പറഞ്ഞ് സംഭവത്തിൽ നിന്ന് വിജീഷ് തലയൂരി. പണം തിരികെ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, മറ്റ് പലരുടെയും അക്കൗണ്ടുകളിൽ നിന്ന് കൂടുതൽ തുക പിൻവലിക്കപ്പെട്ടതായി സൂചന ലഭിച്ചതിനെ തുടർന്ന് വിജീഷ് സസ്പെൻഷനിലായി. ബാങ്ക് നടത്തിയ ആഭ്യന്തര ഓഡിറ്റിംഗിലാണ് 8.13കോടി രൂപ തട്ടിയെടുത്തെന്ന് റിപ്പോർട്ട് പുറത്തുവന്നത്. 14 മാസത്തിനുള്ളിൽ 191 ഇടപാടുകളിലൂടെയാണ് വിജീഷ് ഇത്രയും തുക തട്ടിയെടുത്തത്. തട്ടിപ്പിൽ പങ്കില്ലെങ്കിലും ജാഗ്രതക്കുറവുണ്ടായി എന്നു കണ്ടതിനെ തുടർന്ന് ബാങ്ക് ബ്രാഞ്ച് മാനേജർ ഉൾപ്പെടെ അഞ്ചുപേർ സസ്പെൻഷനിലായി.

വേണ്ടാത്തത് ചെയ്ത വേണ്ടപ്പെട്ടവൻ

നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജീഷ് വർഗീസ്. കമ്പ്യൂട്ടറിന്റെ സർവവിജ്ഞാനകോശം എന്നൊക്കെ വിളിക്കാവുന്ന തരത്തിൽ സാങ്കേതികമായി ഒട്ടേറെ കാര്യങ്ങൾ അറിയാവുന്ന വിജീഷ് അപ്രതീക്ഷിതമായി നേവിയിലെ ഉദ്യോഗം മതിയാക്കുകയായിരുന്നു. തുടർന്ന് ബാങ്ക് ടെസ്റ്റ് എഴുതി കാനറാ ബാങ്കിൽ ജോലിക്കു കയറി. അത്യുത്‌സാഹിയും പൂർണമനസോടെയും സമയം നോക്കാതെയും ജോലിയിൽ മുഴുകുകയും ചെയ്‌ത ആളുമായിരുന്ന വിജീഷ് ചുരുങ്ങിയ കാലത്തിനുള്ളിൽ ബാങ്കിലെ എല്ലാ ജീവനക്കാരുടെയും പ്രിയപ്പെട്ടവനായി. ഏവർക്കും വിശ്വസിക്കാവുന്ന വിധത്തിൽ എല്ലാവരെയും ജോലിയിൽ സഹായിച്ചു. ആദ്യ ലോക് ഡൗൺ കാലത്തും കൃത്യസമയത്ത് ബാങ്കിലെത്തി. ജോലിക്ക് വരാൻ കഴിയാത്തവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സഹായിച്ചു. ബാങ്കിലെ അവരുടെ കമ്പ്യൂട്ടർ ഒാപ്പൺ ചെയ്ത് പല വിവരങ്ങളും പറഞ്ഞുകൊടുത്തു. വിജീഷിന്റെ മനസില ചതി തിരിച്ചറിയാൻ കഴിയാതെ വീട്ടിലിരുന്ന പല ബാങ്ക് ജീവനക്കാരും അവരുടെ ഓഫീസ് കമ്പ്യൂട്ടറിൽ നിർണായക വിവരങ്ങൾ സൂക്ഷിച്ചിരുന്നതിന്റെ പാസ് വേഡുകൾ അയാൾക്ക് പറഞ്ഞു. സ്ഥിരനിക്ഷേപകരുടെ അക്കൗണ്ട് വിവ‌രങ്ങൾ മനസിലാക്കി തുക തന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നു വിജീഷ്. ഉയർന്ന ഉദ്യോഗസ്ഥരുടെ വരെ കമ്പ്യൂട്ടറിലെ പാസ് വേഡുകൾ വിജീഷ് സ്വന്തമാക്കി. ഒാരോ കമ്പ്യൂട്ടറിലെയും രഹസ്യ വിവരങ്ങൾ ചോർത്തിയെടുക്കാൻ ക്ഷമയോടെയാണ് അയാൾ നീങ്ങിയത്. ബാങ്ക് ഇടപാടുകൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്നതിനൊപ്പം ബാങ്കുകളിൽ സ്ളിപ്പ് എഴുതി സൂക്ഷിക്കാറുമുണ്ട്. സ്ളിപ്പുകൾ മേലധികാരികൾ പാസാക്കേണ്ടതുമുണ്ട്. ഇങ്ങനെ സ്ളിപ്പുകൾ പാസാക്കാനായി മേലധികാരിയുടെ അടുത്ത് ചെന്നുനിന്ന് അവരുടെ കമ്പ്യൂട്ടറിലെ വിവരങ്ങളും പാസ് വേഡുകളും മനസിലാക്കിയാണ് വിജീഷ് തട്ടിപ്പ് മുന്നോട്ടു കൊണ്ടുപാേയത്. മറ്റ് ജീവനക്കാർ ഉച്ചഭക്ഷണത്തിന് പുറത്തേക്കു പോകുന്ന സമയങ്ങളിൽ വിജീഷ് ബാങ്കിൽ തന്നെയുണ്ടാകുമായിരുന്നു. അവരുടെ കമ്പ്യൂട്ടറുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും അക്കൗണ്ടുകൾ ക്ളാേസ് ചെയ്യുകയുമുണ്ടായി. തട്ടിപ്പുകൾ നടത്തിയ ചില അക്കൗണ്ടുകളുടെ സ്ളിപ്പുകൾ ഇല്ലാതിരുന്നതും മേലധികാരികളെ അതിശയപ്പെടുത്തി. ചില നിക്ഷേപകരുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ നിന്ന് നഷ്ടപ്പെട്ടതായി സൂചനയുണ്ട്. അത്തരം അക്കൗണ്ടുകളുടെ വിവരങ്ങൾ ബാങ്കിൽ മാനുവലായി എഴുതിയുണ്ടാക്കേണ്ടി വരും.

സി.ബി.ഐ വരുമോ

വലിയ തുകയുടെ സാമ്പത്തിക തട്ടിപ്പായതിനാൽ കേസ് സി.ബി.ഐ ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്. ഒരു കോടി മുതലുള്ള തുകയുടെ തട്ടിപ്പ് നടന്നാൽ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് ബാങ്കിംഗ് റൂൾ പറയുന്നുണ്ട്. ഇതുപ്രകാരം കനറാ ബാങ്ക് ജനറൽ മാനേജർ സി.ബി.ഐയ്ക്ക് പരാതി നൽകിയിട്ടുണ്ട്. നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും പണം നഷ്ടമാകില്ലെന്നും അദ്ദേഹം ഉറപ്പു നൽകുന്നു.

കേസ് ഇപ്പോൾ പത്തനംതിട്ട പൊലീസാണ് അന്വേഷിക്കുന്നത്. വിജീഷ് വർഗീസിന്റെ ഫോട്ടോ പതിച്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ നടന്ന തട്ടിപ്പായതിനാൽ പ്രതി സംസ്ഥാനത്തുണ്ടാകാൻ ഇടയില്ലെന്നാണ് പൊലീസിന്റെ നിഗമനം. ചിലപ്പോൾ വിദേശത്തേക്കും കടന്നേക്കാം. വിജീഷിന്റെ ഒരു ആഡംബരകാർ കൊച്ചി കടവന്ത്രയിലെ ഒരു ഫ്ലാറ്റിന് മുന്നിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ ഫ്ളാറ്റിൽ അയാൾക്ക് ഇടപാടുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് പത്തനംതിട്ട പൊലീസ് ചീഫ് ആർ. നിശാന്തിനി സംസ്ഥാന പൊലീസ് മേധാവിക്ക് ശുപാർശ നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് വരുമോ അതോ സി.ബി.ഐ വരുമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ ബാങ്കിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ അപക്ഷേകൾ കൂടി വരുന്നുണ്ട്. എന്നാൽ, ആരുടെയും പണം നഷ്ടമാകില്ലെന്ന് ബാങ്ക് അധികൃതർ ഉറപ്പിച്ചു പറയുന്നു.

അധികൃതരുടെ ഉറപ്പിനപ്പുറം നിക്ഷേപകർക്കും ചില കാര്യങ്ങൾ ചെയ്യാനുണ്ട്. മൊബൈൽ, ഇന്റർനെറ്റ് യുഗത്തിൽ എല്ലാം വിരൽത്തുമ്പിൽ അറിയാൻ കഴിയുന്ന സംവിധാനങ്ങൾ ബാങ്കിംഗ് മേഖലയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അക്കൗണ്ടുകൾ ഓൺലൈനാക്കുകയും മൊബൈൽ നമ്പർ അക്കൗണ്ടുമായി ലിങ്കു ചെയ്യുകയും ചെയ്താൽ ഇടപാടു വിവരങ്ങൾ അപ്പപ്പോൾ അറിയാൻ കഴിയും. അക്കൗണ്ടിൽ പണം നിക്ഷേപിച്ചാലും പിൻവലിച്ചാലും മൊബൈലിൽ മെസേജ് ലഭിക്കുന്ന കാലമാണിത്. അക്കൗണ്ട് സ്റ്റേറ്റുമെന്റുകളും മൊബൈലിൽ അറിയാം. എന്നാൽ ഇത്തരം സംവിധാനം ഉപയോഗിക്കുന്ന നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് അദ്ദേഹമറിയാതെ പണം പിൻവലിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.