SignIn
Kerala Kaumudi Online
Friday, 29 March 2024 4.01 PM IST

ടിജിന്റെ ജീവിതത്തിൽ നിന്ന് പൊലീസ് ചീന്തിക്കളഞ്ഞ രണ്ട് വർഷം

tijin

കാമുകന്റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ആരെയാണ് സംശയിക്കേണ്ടത് ? കാമുകനെ എന്ന് കൊച്ചുകുട്ടിയും ഉത്തരം പറയും. അപ്പോൾ പൊലീസോ? മറ്റാരെയും സംശയിക്കാതെ കാമുകനെ പിടിച്ച് അകത്തിടും. പത്തനംതിട്ട മല്ലപ്പള്ളി കൊട്ടാങ്ങലിൽ രണ്ടുവർഷം മുൻപ് നടന്ന സംഭവത്തിൽ ലോക്കൽ പൊലീസ് യുവതിയുടെ കാമുകനെ തന്നെ പിടികൂടി ലോക്കപ്പിലിട്ടു. ഒരു വർഷത്തോളം ജയിലിൽ കിടന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കേസന്വേഷണത്തിൽ മികവ് തെളിയിച്ച പൊലീസ് നാട്ടുകാരുടെയും മേലുദ്യോഗസ്ഥരുടെയും കീർത്തി സമ്പാദിച്ചു. താൻ നിരപരാധിയെന്ന് ആവർത്തിച്ചു വിളിച്ചുപറഞ്ഞ കാമുകന്റെ വിലാപം ആരും കേട്ടില്ല. അയാളെ കയ്യിൽ കിട്ടിയാൽ ഒന്നു പെരുമാറി വിടണമെന്ന നാട്ടുകാരുടെ നിലപാടിനെ കുറ്റപ്പെടുത്താനാവില്ല. ആരോപണ വിധേയനായ കാമുകനെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്യേണ്ടതെല്ലാം ചെയ്തു. നട്ടെല്ല് പൊട്ടി പരിക്കേറ്റ കാമുകൻ എഴുന്നേറ്റ് നിൽക്കാനായപ്പോൾ പൊലീസിനെതിരെ നിയമപോരാട്ടത്തിനിറങ്ങി. തന്നെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുപ്പിക്കാൻ മാത്രമായിരുന്നില്ല ആ യുവാവിന്റെ പോരാട്ടം, തന്റെ നിരപരാധിത്വം തെളിയിച്ച് സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ വേണ്ടി കൂടിയായിരുന്നു.

ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും, കൊന്നത് കാമുകനല്ല അയൽവാസിയായ തടിക്കച്ചവടക്കാരനാണെന്നും കണ്ടെത്തിയിരിക്കുന്നു. അയൽവാസിയായ പ്രതി നസീറിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

മല്ലപ്പള്ളി കോട്ടാങ്ങൽ സ്വദേശിയും സ്വകാര്യ ആശുപത്രി നഴ്സുമായിരുന്ന 26 കാരിയെ 2019 ഡിസംബർ 15 നാണ് കാമുകൻ കോട്ടാങ്ങൽ സ്വദേശി ടിജിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാമുകനും പിതാവും മാത്രം താമസിച്ചിരുന്ന വീട്ടിൽ രണ്ടുപേരും ഇല്ലാത്ത നേരത്ത് കടന്നുചെന്ന പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുത്ത് നിന്ന യുവതിയെ തല കട്ടിലിൽ ഇടിപ്പിച്ച് ബോധരഹിതയാക്കി പീഡിപ്പിച്ചശേഷം ജീവനോടെ കെട്ടിത്തൂക്കി കൊന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മരം മുറിക്കുമ്പോഴും തടികൾ ലോറിയിൽ കയറ്റുമ്പോഴും കെട്ടുന്നതിന് സമാനമായിരുന്നു യുവതിയുടെ കഴുത്തിലെ കുടുക്ക്. ക്രൂരമായ പീഡനത്തിനിരയായ യുവതിയുടെ ശരീരത്തിൽ 53 മുറിവുകളും പ്രതിയുടെ ശരീരസ്രവവും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് സംഭവത്തിന് അസാധാരണ ഗതിമാറ്റമുണ്ടായത്.

രണ്ട് വർഷം പ്രതിയാക്കപ്പെട്ട നിരപരാധി

യുവതിയുടെ മരണത്തിൽ അവരുടെ ബന്ധുക്കൾ സംശയിച്ചത് കാമുകനെയും അയാളുടെ പിതാവിനെയുമായിരുന്നു. ഇരുവരും ചേർന്ന് മാനസികമായും ശരീരികവുമായി പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി തൂങ്ങിമരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്നത്തെ പെരുമ്പെട്ടി എസ്.എെ ഷരീഫിന്റെ അന്വേഷണം ആരംഭിച്ചത്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്ന ചൊല്ലുപോലെ കാമുകനായ ടിജിനെ കസ്റ്റഡിയിലെടുത്തു. നട്ടെല്ല് തകരുംവിധം അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ടിജിൻ നാട്ടുകാരോടും മാദ്ധ്യമങ്ങളോടും പറഞ്ഞെങ്കിലും യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടവൻ എന്ന നിലയിൽ അയാളുടെ വാക്കുകൾ ആരും കേട്ടില്ല. ഭർത്താവിനെ ഉപേക്ഷിച്ച് തന്നിൽ അഭയം തേടിയവളെ കൊലയ്ക്ക് കൊടുത്തെന്ന പഴി കേട്ട് ടിജിൻ രണ്ടുവർഷം തള്ളി നീക്കി. ഒാട്ടോ ഡ്രൈവർ എന്ന നിലയിൽ യുവതിയുടെ വീട്ടിൽപോയ ശേഷമാണ് തങ്ങൾ പ്രണയബദ്ധരായതെന്ന് ടിജിൻ വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ വീട്ടുകാർക്കും ഇക്കാര്യം അറിയാമായിരുന്നുവത്രെ. താൻ വിദേശത്ത് ജോലിക്ക് പാേയ ശേഷം അയച്ചുകൊടുത്ത 3.25 ലക്ഷം രൂപ കൊണ്ടാണ് യുവതിയെ നഴ്സിംഗ് പഠിച്ചിപ്പിച്ചതെന്നും പണം കൈപ്പറ്റിയിരുന്നത് യുവതിയുടെ പിതാവായിരുന്നെന്നും ടിജിൻ പറഞ്ഞിട്ടുണ്ട്. ടിജിൻ ഭാര്യയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് കാമുകി അയാളുടെ വീട്ടിൽ താമസത്തിനെത്തിയത്. വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം നിരാകരിച്ചെങ്കിലും ടിജിന്റെ വീട്ടിൽ അവൾ അഭയം തേടുകയായിരുന്നു.

യഥാർത്ഥ പ്രതിയെ

ആരും സംശയിച്ചില്ല

യുവതി കാമുകന്റെ വീട്ടിൽ മരണപ്പെട്ട സംഭവം നാട്ടിൽ ആളിക്കത്തിയപ്പോഴും യഥാർത്ഥ വില്ലൻ നസീർ സാധാരണ ജീവിതം നയിച്ച് നാട്ടിൽ രണ്ടു വർഷത്തോളം കഴിഞ്ഞുവെന്നത് അത്ഭുതത്തോടെയാണ് നാട്ടുകാർക്ക് കേൾക്കേണ്ടി വന്നത്. പതിവ് ജോലിയായ തടിവെട്ടും തടിക്കച്ചവടവുമായി പ്രതി മുന്നോട്ടുപോയി. പ്രതിയായി പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത യുവതിയുടെ കാമുകനോ യുവതിയുടെ ബന്ധുക്കൾക്കോ നാട്ടുകാർക്കാേ നസീറിനെ സംശയമുണ്ടായിരുന്നില്ല. മദ്യക്കുപ്പികൾ വില്‌ക്കുന്ന ഇടപാട് കൂടിയുണ്ടായിരുന്ന നസീർ മദ്യപാന കൂട്ടായ്മയിൽ പാേലും യുവതിയെ കൊലപ്പെടുത്തിയതിന്റെ നേരിയ സൂചന പോലും നൽകിയിരുന്നില്ല. തന്റെ നിരപരാധിത്വം തെളിയിക്കാൻ ടിജിൻ ക്രൈം അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തു വന്നതോടെയാണ് കഥയിൽ നാടകീയമായ ട്വിസ്റ്റുണ്ടായത്. ടിജിന്റെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്ന ലോക്കൽ പൊലീസിന്റെ വിലയിരുത്തൽ വിശ്വസിച്ചാൽത്തന്നെ തടിക്കച്ചവടക്കാർ കെട്ടുന്ന തരത്തിൽ കുടുക്കിടാൻ യുവതിക്ക് എങ്ങനെ കഴിയുമെന്ന ചോദ്യമാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രതാപൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ പുതിയ തലത്തിലെത്തിച്ചത്. യുവതി ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് വരെയുള്ള ദിവസങ്ങളിലും ടിജിന്റെ വീട്ടിൽ വന്നുപൊയ്ക്കൊണ്ടിരുന്ന മൂന്ന് അയൽവാസികളിൽ ഒരാളായിരുന്നു യഥാർത്ഥ പ്രതി നസീർ. മൂന്നു പേരെയും ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോഴുണ്ടായ നിഗമനങ്ങൾ നസീറിലേക്കാണ് വിരൽ ചൂണ്ടിയത്. യുവതിയുടെ നഖങ്ങളിൽ നിന്ന് എടുത്ത ഡി.എൻ.എ സാമ്പിളും നസീറിന്റെ ഡി.എൻ.എ സാമ്പിളും യാേജിച്ചു. യുവതിയുടെ ശരീരത്തിൽ കണ്ട ശരീരസ്രവം നസീറിന്റേത് തന്നെയെന്ന് തെളിഞ്ഞു. മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിൽ യാഥാർത്ഥ പ്രതി നസീറെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.

ഇപ്പോൾ ഉയരുന്ന ചോദ്യമിതാണ്. രണ്ടു വർഷത്തോളം പ്രതിയാക്കപ്പെട്ട നിരപരാധിയായ ടിജിന് എന്ത് നഷ്ടപരിഹാരം നൽകും. ടിജിനെ മർദ്ദിച്ച എസ്.എെയെ സസ്പെൻഡ് ചെയ്യുക മാത്രമാണ് ഇതുവരെയുണ്ടായ നടപടി. സിനിമക്കഥകളിലേപ്പോലെ വില്ലൻ സ്ഥാനത്തു നിന്ന് ടിജിൻ ഹീറോയായി മാറിയിട്ടുണ്ടാകാം. അയാളെ മർദ്ദിച്ച് ചോര ഛർദ്ദിപ്പിച്ച പൊലീസുകാർക്ക് എന്തു ശിക്ഷയാണ് സർക്കാർ നൽകാൻ പോകുന്നതെന്നാണ് ഇനി അറിയാനുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY, TIJIN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.