SignIn
Kerala Kaumudi Online
Saturday, 20 April 2024 6.00 AM IST

പുനലൂർ - മൂവാറ്റുപുഴ ഹൈവേ ; അതൊരു തമാശയായിരുന്നു അല്ലേ ?

punalur-muvattupuzha

ഏകദേശം പതിനെട്ട് വർഷം ആയിട്ടുണ്ടാവും പുനലൂർ - മൂവാറ്റുപുഴ ഹൈവേ നിർമാണത്തിന് പത്തനംതിട്ട ജില്ലയിൽ സ്ഥലമേറ്റെടുത്തിട്ട്. ഇഴഞ്ഞും മുടങ്ങിയും പിന്നെയും ഇഴഞ്ഞും റോഡ് നിർമാണം തുടരുകയാണ്. റോഡ് പല ലെയറുകളായി നിർമിച്ച് ടാറിംഗ് സ്റ്റേജിലേക്ക് എത്തിയ ഭാഗം പൊളിച്ചും വീണ്ടും പണിതും ആളുകളെ കൊഞ്ഞനംകുത്തുന്ന പരിപാടികൾ അരങ്ങേറുന്നു. ഹൈവേ നിർമാണം എന്നു തീരുമെന്ന് ആർക്കും ഒരു ഉറപ്പുമില്ല. ഈ വർഷം ശബരിമല തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് പണി പൂർത്തിയാക്കുമെന്നായിരുന്നു നിർമാണ ചുമതലയുളള കെ.എസ്.ടി.പിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ഉറപ്പ്. ഈ പ്രഖ്യാപനം കേട്ട് വീതികൂടിയ മിനുസമുള്ള റോഡിൽക്കൂടി വാഹനം ഓടിച്ചുപോകുന്നത് സ്വപ്നം കണ്ടവരാണ് ഏറെയും.

എന്നാൽ, മണ്ഡലകാലം ഒരു മാസമാകാറായിട്ടും റോഡ് പണി പൂർത്തിയായില്ല. പുനലൂർ - പൊൻകുന്നം പാതയിലേക്ക് കടക്കാനാകാതെ ഊടുവഴികൾ ചുറ്റിയും വഴിതെറ്റിയുമാണ് തീർത്ഥാടകരുടെ യാത്ര. അതി​ലും ദുരിതം അനുഭവിക്കുന്നത് പാതയുടെ ഇരുവശങ്ങളിലും താമസിക്കുന്നവരാണ്. രണ്ടുവർഷം മുൻപ് നിർമാണം തുടങ്ങിയപ്പോൾ പല വീടുകളിലേക്കും വഴിയടഞ്ഞു, കുടിവെള്ളം മുടങ്ങി...ഇങ്ങനെ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുകയാണ് നാട്ടുകാർ.

വഴിയടഞ്ഞതു കാരണം പ്രായമുള്ളവരും ഗർഭിണികളും ബന്ധുവീടുകളിലേക്ക് മാറി. ആശുപത്രികളിൽ പോകണമെങ്കിൽ ഇതേ മാർഗമുള്ളൂ. മഴമാറി പൊടിനിറഞ്ഞതോടെ മറ്റു രോഗങ്ങളുള്ളവരും മാറിത്താമസിക്കുന്നുണ്ട്. ഇനിയെന്ന് വീട്ടിൽ കിടന്നുറങ്ങാൻ പറ്റുമെന്ന ആകുലതകളാണ് നാട്ടുകാർക്ക്.

പുനലൂർ മുതൽ കോന്നി വരെ റോഡ് നിർമാണം എങ്ങുമെത്തിയില്ല. പലയിടത്തും സ്ഥലം ഏറ്റെടുപ്പ് നടക്കുന്നതേയുള്ളൂ. മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിലുള്ള തർക്കങ്ങൾ തുടരുന്നു.

പത്തനംതിട്ട കുമ്പഴ - പത്തനാപുരം റൂട്ടിൽ പ്രധാന റോഡ് അടച്ചിട്ടിരിക്കുന്നു. ഒരു വശത്തെ വീതികുറഞ്ഞ റോഡിലൂടെയാണ് ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകുന്നത്. നേരത്തെ മെറ്റിലിട്ട ഭാഗം റോളർ ഉപയോഗിച്ച് ഉറപ്പിച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം ജെ.സി.ബി കൊണ്ട് കുത്തിപ്പൊളിച്ചു. ഒരു ദിവസം റോഡ് ഉറപ്പിച്ചാൽ പിറ്റേന്ന് പൊളിച്ചിരിക്കും. കണ്ടുനില്‌ക്കുന്നവർ ആശ്ചര്യപ്പെടുകയാണ്. ഇങ്ങനെയുമുണ്ടോ റോഡ് നിർമാണം എന്നാണവരുടെ ചോദ്യം. ഉറപ്പിച്ച ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് പൊളിച്ചതെന്ന് കെ.എസ്.ടി.പി വിശദീകരിക്കുന്നു. ശാസ്ത്രീയ പഠനവും സർവേയും നടത്തിയാണ് റോഡ് നിർമാണം നടക്കുന്നതെന്ന് അവകാശപ്പെടുന്ന കെ.എസ്.ടി.പിക്ക് വെള്ളക്കട്ടുള്ള ഭാഗം മുൻകൂട്ടി കണ്ടെത്താൻ കഴിയുന്നില്ലേ. റോഡ് നിർമിച്ച ശേഷം മഴ പെയ്യുമ്പോൾ വെള്ളം കെട്ടിനില്‌ക്കുന്ന ഭാഗം പൊളിക്കുന്നതാണോ നിർമാണ ശാസ്ത്രം?

ഹൈവേ നിർമാണത്തിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മുറിച്ചുമാറ്റിയത് ഇതുവരെ നന്നാക്കിയില്ല. വേനൽക്കാലമായാൽ കോന്നി സ്വാമിപ്പടി ഭാഗത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫീസിൽ പരാതിപ്പെട്ടപ്പോൾ കെ.എസ്.ടി.പി അധികൃതരെ കാണാൻ പറഞ്ഞു. പൈപ്പ് പുന:സ്ഥാപിക്കൽ തങ്ങളുടെ പണിയല്ലെന്നായിരുന്നു കെ.എസ്.ടി.പിയുടെ വിശദീകരണം. ഇങ്ങനെ ജനങ്ങളെ വട്ടംചുറ്റിക്കുന്ന പരിപാടികളാണ് അരങ്ങേറുന്നത്.

റോഡ് നിർമാണത്തിന്റെ പേരിൽ ജലവിതരണ പൈപ്പുകളെല്ലാം മുറിച്ചിട്ടിരിക്കുകയാണ്. കടുത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനുകളാണ് മുറിച്ചത്. പൈപ്പ് ലൈൻ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ കഴിഞ്ഞ വേനൽകാലത്തും നാട്ടുകാർ അനുഭവിച്ചതാണ്. അടുത്ത വേനലിന് മുൻപ് പൈപ്പുകൾ ശരിയായില്ലെങ്കിൽ ഈ വർഷവും വറുതിയുടെ ദിനങ്ങളായിരിക്കും. എല്ലാം ശരിയാകുമെന്ന പ്രതീക്ഷ മാത്രമാണ് നാട്ടുകാർക്ക്.

കോന്നി ചിറ്റൂർ മുക്കിനും കിഴവള്ളൂർ പാലത്തിനുമിടക്ക് പുതുപ്പറമ്പിൽ രവീന്ദ്രൻ നായരുടെ വീടിന് മുന്നിലെ 13സെന്റ് സ്ഥലം 2003ൽ റോഡ് നിർമാണത്തിന് ഏറ്റെടുത്തതാണ്. അപകട വളവ് ഒഴിവാക്കാൻ സ്ഥലം വിട്ടുകൊടുത്തു. റോഡിൽനിന്ന് ഇരുപത് അടിയിലേറെ ഉയരത്തിലാണ് വീട്. സംരക്ഷണഭിത്തി കെട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എം.എൽ.എയ്ക്കും നിവേദനം നൽകി. ഫണ്ട് ലഭ്യമാകുമ്പോൾ സംരക്ഷണ ഭിത്തി നിർമിക്കാമെന്നാണ് മറുപടി. മണ്ണിടിഞ്ഞ് വീട് തകരുമോ എന്ന ആശങ്കയിൽ കഴിയുകയാണ് പ്രായാധിക്യത്തിന്റെ അവശതയിൽ കഴിയുന്ന രവീന്ദ്രൻ നായർ.

റോഡ് നിർമാണത്തിന്റെ പേരിൽ നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സ്റ്റേറ്റ് കാറിൽ പായുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും അറിയുന്നുണ്ടാവില്ല. പ്രതിഷേധിക്കുന്ന നാട്ടുകാരെ കേസെടുക്കുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വീടിന്റെ മുറ്റം വരെയുള്ള മണ്ണ് അരിഞ്ഞെടുത്തിട്ടുണ്ട്. വീടിന് പുറത്തിറങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ കേൾക്കാൻ ആരുമില്ല. നിർമാണ സ്ഥലങ്ങളിലെത്തുന്ന മന്ത്രിയും പരിവാരങ്ങളും പണികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി സ്ഥലം വിടും.

ഹൈവേ നിർമാണത്തിന് തറക്കല്ലിട്ടപ്പോൾ മുതൽ വിവാദം ഉയർന്നതാണ്. സമ്പന്നരുടെ ഭൂമി നഷ്ടപ്പെടാതിരിക്കാൻ ഹൈവേയുടെ ഗതിമാറ്റി, നിർമാണത്തിലെ അശാസ്ത്രീയത, ഓടകളുടെ നടുക്ക് വൈദ്യുതി പോസ്റ്റ്, ഉറപ്പില്ലാത്ത കലുങ്കുകൾ തുടങ്ങിയവ സംബന്ധിച്ച പരാതികൾ നിലനിൽക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY, PUNALUR MUVATTUPUZHA HIGHWAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.