SignIn
Kerala Kaumudi Online
Saturday, 20 April 2024 12.41 AM IST

'നീല'യിൽ കുടുങ്ങിയ കുന്ദ്ര: മാനനഷ്ടക്കേസ് നൽകി ശില്‌പ

kundra-shilpa

പണം, പ്രശസ്തി, ആഡംബരം... വ്യവസായി രാജ്കുന്ദ്രയുടെ ജീവിതമെന്നാൽ ഇതായിരുന്നു. ഭാര്യ ശിൽപ്പാഷെട്ടിയുടേത് യോഗ, അഭിനയം, ആരോഗ്യം എന്നിങ്ങനെയും. ബോളിവുഡിലെ മനംമയക്കുന്ന ദമ്പതികളായിരുന്നു ഇരുവരും. പരസ്പരം മത്സരിച്ച് സ്നേഹിക്കുന്നവർ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. നീലച്ചിത്ര നിർമ്മാണക്കേസിൽ രാജ്കുന്ദ്ര അറസ്റ്റിലായി. ഭർത്താവിനെ പരസ്യമായി ന്യായീകരിച്ച് രംഗത്തെത്തിയ ശില്‌പ, വീടിനുള്ളിൽ കുന്ദ്രയ്ക്കെതിരെ നിലപാടെടുത്തുവെന്നാണ് റിപ്പോർട്ട്. വഴക്കിനിടെ കരഞ്ഞുകൊണ്ട് ശില്‌പ ചോദിച്ചു. 'എന്തിന്റെ കുറവുണ്ടായിട്ടാണ് നിങ്ങളിത് ചെയ്തത്. കുടുംബത്തിന്റെ മാനം കളഞ്ഞു കുളിച്ചില്ലേ എന്ന്.' വാക്കേറ്റം കൈയാങ്കളിയിലേക്ക് വഴിമാറിയതോടെ റെയ്ഡിനെത്തിയെ മുംബയ് പൊലീസ് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

പണക്കൊതിയൻ കുന്ദ്ര

2013ൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ ദാരിദ്ര്യത്തെ വെറുക്കുന്നതായും പണക്കാരനാകുകയാണ് തന്റെ ജീവിത ലക്ഷ്യമെന്നും കുന്ദ്ര പറഞ്ഞിരുന്നു. തന്റെ ദരിദ്രമായ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും എങ്ങനെയാണ് സ്വയം അദ്ധ്വാനിച്ച് പണക്കാരനായതെന്നും കുന്ദ്ര അഭിമാനത്തോടെ വെളിപ്പെടുത്തി. ഭാര്യയും നടിയുമായ ശില്‌പ ഷെട്ടി തന്നിൽ ഏറ്റവും ബഹുമാനിക്കുന്ന കാര്യവും അതാണെന്ന് കുന്ദ്ര അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്റേത് വളരെ പാവപ്പെട്ട കുടുംബമായിരുന്നു. അച്ഛൻ 45 വർഷം മുമ്പ് ലണ്ടനിലേക്ക് കുടിയേറി അവിടെയൊരു ബസ് കണ്ടക്ടറായാണ് ജോലി ചെയ്തിരുന്നത്. അമ്മയ്ക്ക് ഫാക്ടറിയിലായിരുന്നു ജോലി. പതിനെട്ടാം വയസ് മുതൽ ഞാൻ സ്വയം അദ്ധ്വാനിച്ചാണ് ഇപ്പോഴുള്ള നിലയിലേക്ക് എത്തിയത്. അനാവശ്യമായി ഞാൻ പണം ചെലവഴിക്കുന്നതിനെ ശില്‌പ ചോദ്യം ചെയ്യുമ്പോഴെല്ലാം 'ഞാൻ സമ്പാദിച്ച പണം ആസ്വദിക്കുന്നതിൽ എനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നാണ് മറുപടി പറയാറ്'. എന്റെ ദേഷ്യമാണ് എന്നെ മുന്നോട്ട് നയിച്ചത്. ദാരിദ്ര്യത്തെ ഞാൻ വളരെയധികം വെറുത്തു, ധനികനാകാൻ എപ്പോഴും ആഗ്രഹിച്ചു. അതുകൊണ്ടു തന്നെ ജീവിതത്തിൽ എനിക്ക് വലിയ മാറ്റം കൊണ്ടുവരാൻ സാധിച്ചു. ശില്‌പ അതിൽ എന്നെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അവളും സ്വയം അദ്ധ്വാനിച്ച് വളർന്നു വന്നതാണ്.'- കുന്ദ്ര അഭിമുഖത്തിൽ പറഞ്ഞു.

നീലച്ചിത്രമല്ലത്, കാമകലയെന്ന് ശില്‌പ

നീലചിത്രങ്ങൾ നിർമ്മിച്ച് ഹോട്‌ഷോട്സ് മൊബൈൽ ആപ് വഴിയാണ് കുന്ദ്ര പ്രചരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ തന്റെ ഭർത്താവ് നിർമ്മിച്ചത് നീലചിത്രങ്ങളല്ലെന്നും ഇറോട്ടികയാണെന്നുമാണ് ശില്‌പ ഷെട്ടിയുടെ വാദം. വിഡിയോകളിൽ പ്രത്യക്ഷമായി ലൈംഗിക രംഗങ്ങൾ കാണിക്കുന്നില്ലെന്നും നീലച്ചിത്രമല്ലെന്നുമാണ് ശില്‌പ പൊലീസിന് മൊഴി നൽകിയത്. തന്റെ ഭർത്താവ് നിരപരാധിയാണെന്നും

നീലച്ചിത്ര നിർമാണത്തിൽ കുന്ദ്രയ്ക്ക് പങ്കില്ലെന്നും ആവർത്തിച്ച ശില്‌പ, കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷിയാണ് ആപ്പിന് പിന്നിൽ പൊലീസിനോട് വ്യക്തമാക്കി. പോണോഗ്രഫിയും വേശ്യാവൃത്തിയും തമ്മിൽ വലിയ അന്തരമില്ലെന്ന് കുന്ദ്ര നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

മുംബയിൽ രാജ്കുന്ദ്രയുടെ ഓഫീസിലും മറ്റും ചിത്രീകരിച്ച വിഡിയോകൾ ലണ്ടനിലേക്ക് അയച്ചു കൊടുത്ത് ഹോട്‌ഷോട്ട്സ് എന്ന മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്യുകയാണ് കുന്ദ്ര ചെയ്തത്. ലോകത്തെ ആദ്യത്തെ 18+ ആപ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ആപ്പ് എന്നും പുതിയ വിഡിയോകൾ അപ്‌ലോഡ് ചെയ്താണ് വ്യത്യസ്തമായത്. പണം നൽകി വേണം വരിക്കാരാകാൻ. പ്രതിദിനം പത്തുലക്ഷം രൂപ വരെയായിരുന്നു വരുമാനം.

ലൈംഗിക ആരോപണവുമായി

നടി ഷെർലിനും

കുന്ദ്ര കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്ന് പൊലീസിൽ പരാതിപ്പെട്ട നടി ഷെർലിൻ ചോപ്രയുടെ മൊഴി ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്.

'2019 ന്റെ തുടക്കത്തിൽ, രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജരെ 'ഷെർലിൻ ചോപ്ര ആപ്' എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാൽ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നും പറഞ്ഞു. 2019 മാർച്ച് 27 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഞങ്ങൾക്കിടയിൽ ഒരു കാരണത്താൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് രാജ് കുന്ദ്ര എന്റെ വീട്ടിൽ മുന്നറിയിപ്പില്ലാതെ വരികയും ഞാൻ എതിർത്തെങ്കിലും എന്നെ ചുംബിക്കാൻ തുടങ്ങുകയും ചെയ്തു. പരിഭ്രമിച്ച ഞാൻ രാജ് കുന്ദ്രയെ തള്ളിയിട്ട് വാഷ്റൂമിലേക്ക് ഓടിക്കയറുകയായിരുന്നു'. ഷെർലിൻ പറഞ്ഞു.

വിവാഹിതനുമായൊരു ബന്ധത്തിന് താത്പര്യമില്ലെന്ന് ഷെർലിൻ കുന്ദ്രയോട് വ്യക്തമാക്കി. അന്ന് ശില്‌പയുമായുള്ള ബന്ധം തകർച്ചയിലാണെന്നും അവളെ സഹിക്കാൻ കഴിയില്ലെന്നും കുന്ദ്ര പറഞ്ഞായും ഷെർലിൻ വ്യക്തമാക്കി.

മാനനഷ്ടക്കേസ് നൽകി ശില്‌പ

ഭർത്താവ് രാജ്കുന്ദ്ര ഉൾപ്പെട്ട നീലച്ചിത്ര നിർമ്മാണക്കേസ് തെറ്റായി റിപ്പോർട്ട് ചെയ്ത് തന്നെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് കോടതിയെ സമീപിച്ചു ശില്‌പ. 29 മാദ്ധ്യമ സ്ഥാപനങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെയാണ് ശില്‌പ ബോംബെ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. നേരത്തെ നൽകിയ വാർത്തകൾ പിൻവലിച്ച് മാദ്ധ്യമങ്ങൾ നിരുപാധികം മാപ്പുപറയണമെന്നാണ് ആവശ്യം. 25 കോടി രൂപ നഷ്ടപരിഹാരവും നൽകണം. ആരാധകർ, സമൂഹ മാദ്ധ്യമങ്ങളിൽ പിന്തുണയ്ക്കുന്നവർ, പരസ്യക്കമ്പനികൾ, ബിസിനസ് പങ്കാളികൾ, സുഹൃത്തുക്കൾ എന്നിവർക്കിടയിൽ തന്റെ ഖ്യാതിക്ക് കോട്ടം തട്ടുന്ന തരത്തിൽ നിരവധി റിപ്പോർട്ടുകളാണ് മാദ്ധ്യമങ്ങൾ നൽകിയതെന്ന് പരാതിയിൽ പറയുന്നു.

ശില്‌പയുടെ ഹർജി പരിഗണിച്ച കോടതി മാദ്ധ്യമങ്ങളെ താക്കീത് ചെയ്തിരുന്നു. മാദ്ധ്യമസ്വാതന്ത്രവും സ്വകാര്യതയ്ക്കുള്ള അവകാശവും തുല്യമായ അതിർവരമ്പ് പാലിക്കണം എന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഗൗതം എസ്. പട്ടേൽ അദ്ധ്യക്ഷനായ ബെഞ്ച് ശില്‌പഷെട്ടിയെ അപകീ‌ർപ്പെടുത്തുന്ന വാർത്തകൾ പിൻവലിക്കാനും വാക്കാൽ നിർദേശം നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJKUNDRA, SHILPA SHETTY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.