SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.29 AM IST

മല്ലു സിംഗ്...!

rishi

ജനിച്ചത് രാജസ്ഥാനിലാണെങ്കിലും കർമ്മംകൊണ്ട് മലയാളിയായ പൊലീസ് സിങ്കം, ഡി.ജി.പി ഋഷിരാജ് സിംഗ് 36 വർഷത്തെ സംഭവബഹുലമായ സേവനത്തിനു ശേഷം ശനിയാഴ്ച വിരമിക്കുകയാണ്. ഗുണ്ടകളെ ഒതുക്കി നഗരങ്ങൾ ശുദ്ധീകരിക്കൽ,​ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ,​ വ്യാജ സി.ഡി, വ്യാജമദ്യ മാഫിയയെ അടിച്ചമർത്തൽ,​ വൈദ്യുതി മോഷണം പിടികൂടൽ തുടങ്ങി ഒരുപിടി പ്രത്യേക ദൗത്യങ്ങൾക്ക് ഇടതു വലത് സർക്കാരുകളുടെ വിശ്വസ്തനായിരുന്നു സിംഗ്. ലുങ്കിയുടുത്ത് മണൽ, കോഴി ലോറികളിൽ ക്ലീനറായെത്തി കൈക്കൂലി കൈയോടെ പിടികൂടുന്ന സിംഗ് പൊലീസുകാർക്ക് പേടിസ്വപ്നമായിരുന്നു. എന്നാൽ ക്രമസമാധാന ചുമതല നൽകാതെ, ഋഷിരാജിനെ അപ്രധാന തസ്തികകളിലേക്ക് ഒതുക്കുകയായിരുന്നു സർക്കാരുകൾ. തൊട്ടതെല്ലാം പൊന്നാക്കി, മലയാളികളുടെ കൈയടി നേടിയ സിംഗിന് പൊലീസിൽ അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

1985ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ സിംഗ് പുനലൂർ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നെടുമങ്ങാട് എ.എസ്.പി, റെയിൽവേ എസ്.പി, കണ്ണൂർ ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണർ, കോഴിക്കോട്, കൊച്ചി കമ്മിഷണർ, കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിങ്ങനെ ചുരുക്കം ക്രമസമാധാന ചുമതലകളേ സിംഗിന് ലഭിച്ചിട്ടുള്ളൂ. എം.എസ്.പി കമൻഡാന്റ്, ക്രൈംബ്രാഞ്ച് ഐ.ജി, കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ, ആന്റി പൈറസി സെൽ തലവൻ, ഗതാഗത കമ്മിഷണർ, എക്സൈസ് കമ്മിഷണർ, ജയിൽ മേധാവി എന്നിങ്ങനെയായിരുന്നു പിന്നീടുള്ള തസ്തികകൾ. കേരളത്തിൽ ഇപ്പോൾ ഏറ്രവും സീനിയറായ ഐ.പി.എസുദ്യോഗസ്ഥനായ സിംഗ് ജയിൽ മേധാവിയുടെ എക്സ് കേഡർ തസ്തികയിലാണ് ഇപ്പോഴുള്ളത്. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെ ഏല്‌പിക്കുന്ന ചുമതലകൾ നിയമപ്രകാരം മാത്രം ചെയ്യുന്നതാണ് സിംഗിന്റെ രീതി. ഇതേക്കുറിച്ച് സിംഗ് പറയുന്നതിങ്ങനെ- " ഏറ്റെടുക്കുന്ന ജോലി കൃത്യമായും ആത്മാർത്ഥമായും ചെയ്യുക, വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുക. ഇതാണ് എന്റെ പോളിസി " ഈ പോളിസി തന്നെയാണ് സിംഗിന് കാക്കിയിട്ട് ക്രമസമാധാന ചുമതലയിൽ തിളങ്ങാനുള്ള അവസരങ്ങൾ കുറച്ചതും !

തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും ഗുണ്ടാപ്പടയെ അടിച്ചൊതുക്കി നഗരങ്ങൾ ക്ലീനാക്കിയ സിംഗ്, കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ പിടിക്കാൻ വേഷം മാറി രാത്രികളിൽ വേട്ടയ്ക്കിറങ്ങി. പൊലീസിന്റെ ഹൈവേ പട്രോൾ സംഘങ്ങൾ വമ്പൻ കൈക്കൂലി സംഘങ്ങളായി മാറിയപ്പോൾ ലുങ്കിയും ടീ ഷർട്ടുമിട്ട് ലോറി ക്ലീനറായി ചെക്ക്പോസ്റ്റുകളിൽ ഋഷിരാജ് എത്തി. ട്രാഫിക് ഐ.ജിയായിരിക്കെ, തിരുവനന്തപുരം മലയൻകീഴിൽ നിന്ന് മണൽലോറിയിൽ ലുങ്കിയുമുടുത്ത് ക്ലീനറായി കയറിയായിരുന്നു അത്തരമൊരു രാത്രി യാത്ര. പ്രാവച്ചമ്പലത്തു വച്ച് ഹൈവേ പട്രോൾ കൈകാണിച്ചു. 50രൂപ കൈക്കൂലി വാങ്ങി പോക്കറ്റിലിടുമ്പോൾ എസ്.ഐയുടെ കൈയിൽ പിടിവീണു. കൈക്കൂലിക്കാർക്ക് സസ്പെൻഷനും മികച്ച രീതിയിൽ പ്രവർത്തിക്കുന്നവർക്ക് പാരിതോഷികവുമായിരുന്നു ഋഷിരാജിന്റെ സ്റ്റൈൽ. ഏതൊക്കെ വേഷത്തിൽ ഋഷിരാജ് എത്തുമെന്ന് ഭയന്നായിരുന്നു അക്കാലത്ത് ഹൈവേകളിൽ പൊലീസ് ഡ്യൂട്ടിയെടുത്തിരുന്നത്. ചെക്ക്പോസ്റ്റുകളിലെ അഴിമതി വലിയൊരളവു വരെ കുറഞ്ഞു. ആ വേഷംമാറൽ കാലത്തെക്കുറിച്ച് സിംഗ് പറയുന്നതിങ്ങനെ- "ഇതൊക്കെ ജോലിയുടെ ഭാഗമാണ്. കൈക്കൂലി വാങ്ങുന്നവരെ പിടിക്കാൻ ചില വേഷം കെട്ടലുകൾ വേണ്ടിവരും."

വ്യാജ സി.ഡി മാഫിയ മലയാള സിനിമയെ തകർത്തെറിഞ്ഞപ്പോഴാണ് കൂട്ടറെയ്ഡുകളുമായി സിംഗ് എത്തിയത്. ആന്റി പൈറസി സെൽ തലവനായിരിക്കെ 2006ഡിസംബറിൽ തിരുവനന്തപുരത്താണ് ഓപ്പറേഷൻ തുടങ്ങിയത്. വിതരണക്കാരിൽ നിന്ന് സി.ഡി പിടിച്ചപ്പോൾ, ഇവ നിർമ്മിച്ചത് കൊച്ചിയിലെ റിയാൻ സ്റ്റുഡിയോയിലാണെന്നും ധൈര്യമുണ്ടെങ്കിൽ അവിടെ റെയ്ഡ് നടത്താനുമായിരുന്നു വെല്ലുവിളി. ഐ.ജിയായിരുന്ന ടോമിൻ തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിയാൻ സ്റ്റുഡിയോ. റെയ്ഡിനെത്തിയ പൊലീസിനെ സ്റ്റുഡിയോയിൽ കടത്താതെ ഗേറ്റിൽ തടഞ്ഞു. വ്യാജസി.ഡി റെയ്ഡിൽ നിന്ന് പിന്മാറാൻ ഡി.ജി.പി രമൺ ശ്രീവാസ്തവ ആവശ്യപ്പെട്ടിട്ടും, സിംഗ് വഴങ്ങിയില്ല. രേഖാമൂലം എഴുതിത്തരാനായിരുന്നു മറുപടി. തൊട്ടുപിന്നാലെ ആന്റി പൈറസി സെല്ലിൽ നിന്ന് സിംഗിനെ ഒഴിവാക്കി ഡിജിപി ഉത്തരവിറക്കി. മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ ഡി.ജി.പിയെ വിളിച്ചുവരുത്തി ശാസിച്ച്, തിരികെ നിയമിക്കാൻ ഉത്തരവിട്ടു. സംസ്ഥാനമാകെ റെയ്ഡ് നടത്തി 38 ലക്ഷം വ്യാജ സിഡികളാണ് പിന്നീട് സിംഗ് പിടിച്ചത്.

എല്ലാ ദൗത്യങ്ങളും വിജയിപ്പിച്ചെങ്കിലും മൂന്നാർ ഒഴിപ്പിക്കൽ ഓപ്പറേഷൻ മാത്രമാണ് പാളിയത്. മൂന്നാർ ഒഴിപ്പിക്കലിനുപോയ "പൂച്ചകളിൽ" ഒരാളായിരുന്നു സിംഗ്. കെ.സുരേഷ് കുമാർ, രാജുനാരായണ സ്വാമി എന്നിവരായിരുന്നു ദൗത്യസംഘത്തിലെ മറ്റുള്ളവർ. സി.പി.ഐ ഓഫീസു പോലും ഇടിച്ചുനിരത്തി മുന്നേറിയ സംഘത്തിന് പിന്നീട് മൂക്കുകയർ വീണു. പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും സമ്മർദ്ദമുണ്ടായതോടെ മൂന്നാർ ഓപ്പറേഷൻ വഴിയിൽ നിലച്ചു. പാളിയ മൂന്നാർ ദൗത്യത്തെക്കുറിച്ച് സിംഗ് പറയുന്നതിങ്ങനെ- "റവന്യൂ ഉദ്യോഗസ്ഥർ ജോലി ചെയ്യുമ്പോൾ സംരക്ഷണം നൽകുകയായിരുന്നു എന്റെ ചുമതല. നൂറ് പൊലീസുകാരെ നിരത്തി സംരക്ഷണം നൽകി. റവന്യൂ ഉദ്യോഗസ്ഥർ എന്തുചെയ്തെന്ന് എനിക്കറിയില്ല." മൂന്നാറിൽ തോറ്റുപോയെങ്കിലും വ്യാജമദ്യ മാഫിയയെ ഒതുക്കാനുള്ള ഓപ്പറേഷൻ വി.എസ് അച്യുതാനന്ദൻ ഋഷിരാജിനെത്തന്നെ ഏല്‌പിച്ചു. പിന്നീട് സി.ബി.ഐയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയ സിംഗ്, അവിടെയും വെറുതേയിരുന്നില്ല. ആദർശ് ഫ്ലാറ്ര് അഴിമതിക്കേസിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാനെതിരെ കുറ്റപത്രം നൽകാൻ സിംഗ് ധൈര്യം കാട്ടി. ആദായ നികുതി, കസ്റ്റംസ്, റെയിൽവേ, സെൻട്രൽ എക്സൈസ് വകുപ്പുകളിലെ കൈക്കൂലിക്കാരായ നിരവധി ഉദ്യോഗസ്ഥർ ഋഷിരാജിന്റെ വലയിൽ കുടുങ്ങി.

ഏറ്റെടുത്ത ദൗത്യങ്ങളൊന്നും ഋഷിരാജ് മോശമാക്കിയില്ല. 700കോടിയുടെ വൈദ്യുതി മോഷണം പിടികൂടി. എക്സൈസ് കമ്മിഷണറായിരിക്കെ 3000കോടിയുടെ മയക്കുമരുന്ന് പിടിച്ചു. ഏഷ്യയിലാദ്യമായി എല്ലാ ജില്ലകളിലും ലഹരിവിരുദ്ധ കേന്ദ്രങ്ങൾ തുറന്നു. ചപ്പാത്തിയും കോഴിക്കറിയുമുണ്ടാക്കിയിരുന്ന ജയിലുകളിൽ ബ്യൂട്ടിപാർലറും വർക്ക്ഷോപ്പും പെട്രോൾപമ്പും സ്റ്റുഡിയോയും തുറന്ന് തടവുകാർക്ക് പുനരധിവാസമൊരുക്കി. ഗതാഗത കമ്മിഷണറായിരിക്കെ കണ്ണുരുട്ടിയും പിഴയിട്ടും ഹെൽമെറ്റും സീറ്റ്ബെൽറ്റും ശീലമാക്കി മാറ്റി അനേകായിരം ജീവനുകൾ രക്ഷിച്ചു. അപകടമരണങ്ങൾ കുത്തനെ കുറഞ്ഞു. സിംഗിനെക്കുറിച്ച് മോഹൻലാൽ എഴുതിയതിങ്ങനെ- "സിനിമാക്കാരല്ല, ഋഷിരാജ് സിംഗാണ് യഥാർത്ഥ സൂപ്പർസ്റ്റാർ. ഒരൊറ്റ ഉദ്യോഗസ്ഥൻ വിചാരിച്ചാലും നാട് നന്നാക്കാൻ കഴിയുമെന്ന് സിംഗ് തെളിയിച്ചു "

സേനയിൽ നിന്ന് വിരമിക്കുന്നെങ്കിലും ജീവിതത്തിന്റെ ഭാഗമായ കേരളം വിട്ടുപോവുന്നില്ല സിംഗ്. 36വർഷം ഇവിടെ മലയാളസിനിമ കണ്ട്, പാട്ടുപാടി, ക്രിക്കറ്റുകളിച്ച്, സൈക്കിളിലേറി മഴയും വെയിലുമേറ്റ സിംഗ് ശിഷ്ടകാലം തിരുവനന്തപുരത്ത് തുടരും. തിരുമലയിൽ വീടെടുത്തുകഴിഞ്ഞു. കൊവിഡിനു മുൻപ് ആഴ്ചയിൽ മൂന്ന് സിനിമ കാണുന്ന പതിവുണ്ടായിരുന്നു സിംഗിന്. ഒരു മലയാളം വാക്കുപോലും അറിയില്ലായിരുന്ന സിംഗ് സിനിമകളിലൂടെയാണ് മലയാളം പഠിച്ചത്. മലയാളത്തിൽ പുസ്തകമെഴുതിയ സിംഗ് പഴയ മലയാളം സിനിമാഗാനങ്ങൾ പാടി കൈയടി വാങ്ങി.

മീശ രഹസ്യം

പൊലീസിൽ കൊമ്പൻമീശക്കാർ ഏറെയുണ്ടെങ്കിലും ഋഷിരാജിന്റെ അഴകുള്ള മീശയാണ് ഹിറ്റായത്. ഐ.പി.എസുകാരിൽ പൊതുവേ കൊമ്പൻമീശ കാണാറില്ല. ചെറുപ്പത്തിൽ മുറിച്ചുണ്ടായിരുന്ന ഋഷിരാജിന് പതിനെട്ടാം വയസിൽ പ്ലാസ്റ്റിക് സർജറി നടത്തിയശേഷമാണ് സ്ഫുടതയോടെ സംസാരിക്കാനായത്. പിന്നെ മീശയിലായി കമ്പം. മുകളിലേക്ക് പിരിച്ചുവയ്ക്കുന്ന മീശ പരിപാലിക്കൽ വലിയ ജോലിയാണ്. ഇടയ്ക്കിടെ വെട്ടിയൊതുക്കണം. ജെൽ പുരട്ടി മീശ ഒതുക്കി വയ്ക്കാൻ പത്തുമിനിറ്റു വേണം. ഭാര്യ ദുർഗ്ഗേശ്വരി സിംഗിന് ഈ കൊമ്പൻമീശ ഏറെ ഇഷ്ടമാണെന്ന് ഋഷിരാജിന്റെ സാക്ഷ്യം. മദ്യപാനമില്ല, പുകവലിയില്ല. കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടലും ജിമ്മിലെ വർക്ക്ഔട്ടും ഓട്ടവുമൊക്കെ നിത്യേനയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU, RISHIRAJ SINGH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.