SignIn
Kerala Kaumudi Online
Friday, 29 March 2024 5.43 AM IST

ലക്‌നൗവിലെ റോഷൻ വിജയഗാഥ

dr-roshan

കേരള സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷിലെ വിദ്യാർത്ഥിനിയായിരുന്ന റോഷൻ ജേക്കബിനെക്കുറിച്ച് അദ്ധ്യാപകനായിരുന്ന പ്രമുഖ എഴുത്തുകാരൻ ഡോ.രാജകൃഷ്ണന് വളരെ നല്ല അഭിപ്രായമേ പറയാനുള്ളൂ."പഠിത്തത്തിൽ മാത്രമല്ല പ്രസംഗത്തിലും എഴുത്തിലും റോഷൻ മികവ് പുലർത്തിയിരുന്നു. നന്നായി കവിതയെഴുതും. എല്ലാവരോടും ഇടപെടാനും മിടുക്കിയായിരുന്നു." രാജകൃഷ്ണൻ ഓർമ്മിക്കുന്നു. എം.എ ഇംഗ്ളീഷ് സാഹിത്യം ഒന്നാം റാങ്കിൽ പാസായ റോഷൻ അവിടെ ഡോ.ജമീലാ ബീഗത്തിന്റെ കീഴിൽ പിഎച്ച്.ഡിയും കരസ്ഥമാക്കി. അന്നൊക്കെ യുവജനോത്സവങ്ങളിൽ പ്രസംഗത്തിനും ഉപന്യാസരചനയ്ക്കുമൊക്കെ സമ്മാനങ്ങൾ വാരിക്കൂട്ടിയ ഡോ.റോഷൻ ഇപ്പോൾ ഉത്തർപ്രദേശിൽ മൈനിംഗ് സെക്രട്ടറിയും ഡയറക്ടറും, ഒപ്പം സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ ഐ.ജി.യുമാണ്. ഭർത്താവ് അസം സ്വദേശിയായ ഡോ.അരിന്ദം ഭട്ടാചാര്യ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനാണ്.

ഐ.എ.എസ് നേടിയ റോഷൻ ബാച്ച്‌മേറ്റായ ഐ.എഫ്.എസുകാരൻ അരിന്ദമിനെ വിവാഹം ചെയ്യുമ്പോൾ മറ്റൊരു പ്രത്യേകതകൂടി പറയാതിരിക്കാനാവില്ല. അരിന്ദം ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് പഠിച്ചത്. സർവോദയയിലായിരുന്നു റോഷന്റെ സ്കൂൾ വിദ്യാഭ്യാസം. അരിന്ദത്തിന്റെ അച്ഛൻ കെ.സി.ഭട്ടാചാര്യ തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒയിൽ എൻജിനീയറായിരുന്നു. രക്തബന്ധം കൊണ്ട് അസമാണെങ്കിലും സ്‌പിരിറ്റിൽ അരിന്ദം 'മല്ലു'വാണെന്ന് റോഷൻ പറയുന്നു. വീട്ടിൽ മലയാളവും കേരള ഭക്ഷണവുമാണ്. ഈ ദമ്പതികൾക്ക് രണ്ട് മക്കൾ. അനുഷ്കയും അഭിഷിക്തും. യു.പി.കേഡറിൽ പതിനേഴ് വർഷമായി പ്രവർത്തിക്കുന്ന റോഷൻ കാൺപൂർ, റായ് ബറേലി ഉൾപ്പെടെ ഏഴ് നഗരങ്ങളിൽ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓഫീസിലിരിക്കുന്ന കളക്ടറായിരുന്നില്ല. കോളനികളിലും മറ്റും കാൽനടയായി സന്ദർശനം നടത്തിയിരുന്ന റോഷൻ അന്നേ ജനഹൃദയങ്ങളിൽ ഇടം നേടിയിരുന്നു.

റോഷനെക്കുറിച്ച് ഇത്രയും പറയാൻ കാരണമുണ്ട്. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഇന്ത്യയിൽ വലിയ പഴികേട്ട സംസ്ഥാനമായിരുന്നു യു.പി. എന്നാൽ രണ്ടാം തരംഗത്തിൽ തലസ്ഥാനമായ ലക്‌നൗ ശക്തമായ പ്രതിരോധം തീർത്തു. അതിന് നേതൃത്വം നൽകിയത് മലയാളിയായ റോഷനായിരുന്നു. പ്രതിദിനം ആറായിരം കേസുകൾ ഉണ്ടായിരുന്നത് നാല്‌പതിലേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലേക്കും കൊണ്ടുവന്നത് റോഷൻ ആസൂത്രണം ചെയ്ത പദ്ധതികളിലൂടെയായിരുന്നു.

ലക്‌നൗ ജില്ലാ കളക്ടർ അഭിഷേക് പ്രകാശ് കൊവിഡ് ബാധിതനായപ്പോൾ സീനിയർ ആയ ഒരു ഐ.എ.എസ് ഓഫീസർക്ക് ലക് നൗവിലെ കൊവിഡ് കൺട്രോൾ ചുമതല നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിക്കുകയായിരുന്നു. ഏപ്രിൽ പതിനേഴിന് ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതല റോഷൻ ഏറ്റെടുക്കുമ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഒട്ടും കാര്യക്ഷമമായിരുന്നില്ല. ആശുപത്രികളിൽ എത്ര കിടക്കകൾ ഉണ്ടെന്നുപോലും വ്യക്തമായ ചിത്രമില്ലായിരുന്നു. ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റുമടങ്ങുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിനെ ശക്തമാക്കുകയാണ് റോഷൻ ആദ്യം ചെയ്തത്. രോഗികളോട് ഇടപഴകുമ്പോൾ അവരെ ശാന്തരാക്കാനും വളരെ മര്യാദയോടെ പെരുമാറാനും പ്രത്യേക നിർദ്ദേശം നൽകി. ഒപ്പം തന്നെ ടെലി സംവിധാനത്തിലൂടെ ആർക്കും ഇരുപത്തിനാല് മണിക്കൂറും ബന്ധപ്പെടാവുന്ന ഡോക്ടർമാരുടെ സംഘത്തെ സദാസജ്ജമാക്കി. ആശുപത്രികളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ റോഷൻ സന്ദർശനം നടത്തുകയും അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. ക്വാറന്റൈനിൽ വീടുകളിൽ കഴിയുന്നവരെയും റാൻഡം സന്ദർശനത്തിന് വിധേയമാക്കി. ആശുപത്രികളിലെ ബെഡ് പൊസിഷൻ പൊതുജനങ്ങൾക്ക് മുന്നിൽ ഓൺലൈനിൽ ലഭ്യമാക്കി. ഓക്സിജൻ ,മാസ്‌ക് തുടങ്ങി അത്യാവശ്യ സാമഗ്രികൾ അടിയന്തരമായി ഏർപ്പാടാക്കി. കൊവിഡ് ചികിത്സയ്ക്ക് അധിക നിരക്ക് ഈടാക്കിയ സ്വകാര്യ ആശുപത്രികൾക്കു മേൽ കർശന നടപടികൾ എടുക്കാനും റോഷൻ മടിച്ചില്ല. "ജനങ്ങളെ പരിഭ്രാന്തരാക്കാതെ വിശ്വാസത്തിലെടുക്കാനാണ് ഞാൻ ശ്രമിച്ചത്. രോഗികളുള്ള വീടുകൾ സീൽ ചെയ്ത് സ്റ്റിക്കർ ഒട്ടിക്കുന്നതൊക്കെ ഒഴിവാക്കി. മുനിസിപ്പൽ കോർപ്പറേഷന്റെ സഹായത്തോടെ മാസ് സാനിറ്റൈസേഷൻ നടത്തി. ഈ പ്രവർത്തനങ്ങളെല്ലാം ദൈവം നൽകിയ ഒരവസരമായിട്ടാണ് ഞാൻ കണ്ടത്."

ജൂൺ രണ്ടിന് ഈ ചുമതലയിൽനിന്ന് മാറുമ്പോൾ റോഷൻ മുഖ്യമന്ത്രിയടക്കം എല്ലാവരുടെയും പ്രശംസ നേടിയിരുന്നു. കൊവിഡ് കാലത്ത് ആദ്യമായി മൈനിംഗ് പുനരാരംഭിച്ചത് യു.പിയിലാണ്. " മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് മൈനിംഗ് വകുപ്പിന്റെ ചുമതല. നല്ല പിന്തുണയാണ് അദ്ദേഹം നൽകുന്നത്. യു.പി. വലിയ ജനസംഖ്യയുള്ള സംസ്ഥാനമാണ്. ഇപ്പോൾ ലോക്ക്ഡൗൺ പൂർണമായും പിൻവലിച്ചു. ജനജീവിതം എല്ലായിടത്തും സജീവമാകുന്നു". റോഷൻ പറയുന്നു.

ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായിരുന്ന ജേക്കബിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ പരേതയായ ഏലിയാമ്മ വർഗീസിന്റെയും ഏക മകളാണ് റോഷൻ. തിരുവനന്തപുരത്ത് മുക്കോലയിലാണ് വീട്. വർഷത്തിൽ ഒരിക്കൽ ഇവിടെ വരാറുണ്ട്. അമ്മയുടെ മരണശേഷം അച്ഛൻ റോഷനൊപ്പമാണ്.

കവിതാ സമാഹാരമായ എ ഹാൻഡ് ഫുൾ ഓഫ് സ്റ്റാർഡസ്റ്റിൽ (ഒരുപിടി നക്ഷത്രധൂളി ) അമ്മയെക്കുറിച്ചും നാടിനെക്കുറിച്ചും റോഷൻ എഴുതിയ മദർലാൻഡ് എന്ന കവിതയിലെ അവസാന മൂന്ന് വരികളുടെ ഏകദേശ പരിഭാഷ ഇങ്ങനെ.

" ഓർമ്മയുടെ ചുരുളുകൾ ,ചുറ്റിപ്പടരുമ്പോൾ,

നിഗൂഢമായ ഒരാനന്ദം , വറ്റിപ്പോകുന്ന

ഒരു കണ്ണീർക്കണം,

എന്റെ പുത്രിയുടെ പിതൃസ്വത്ത് "

റോഷനിൽ കവിതയുടെയും കാരുണ്യത്തിന്റെയും ഉറവ ഒരിക്കലും വറ്റാറില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.