SignIn
Kerala Kaumudi Online
Saturday, 20 April 2024 7.09 AM IST

ഗാന്ധിസ്മൃതിയിൽ വജ്രശോഭയോടെ ശബരി ആശ്രമം

sabari-ashram

രാജ്യം 75​-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ രാഷ്ട്ര പിതാവ് മഹത്മാ ഗാന്ധിയുടെ സ്മരണകളിൽ തലയെടുപ്പോടെ നിൽക്കുകയാണ് പാലക്കാട് അകത്തേത്തറയിലെ ശബരി ആശ്രമം. ബ്രാഹ്മണ്യത്തിന്റെ ചരടുകൾ പൊട്ടിച്ചെറിഞ്ഞ് സാധാരണക്കാർക്കൊപ്പം നിലകൊണ്ട ടി.ആർ.കൃഷ്ണസ്വാമി അയ്യർ 1923ൽ ആരംഭിച്ച ശബരി ആശ്രമം സ്വാതന്ത്ര്യ സമരങ്ങളുമായി ഏറെ ഇഴയടുപ്പമുള്ള ചരിത്ര സ്മാരകമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഗാന്ധിസ്മാരകത്തെ അതിന്റെ ചരിത്ര പ്രാധാന്യവും പ്രൗഢിയും നിലനിറുത്തിക്കൊണ്ട് നവീകരിക്കുകയാണ് സംസ്ഥാന സർക്കാർ. ഗാന്ധിയൻ ആശയങ്ങളിലൂടെ സമൂഹത്തിൽ എന്ത് മാറ്റം കൊണ്ടുവരാനാണോ ശബരി ആശ്രമം പരിശ്രമിച്ചത്, അതിന്റെ പൂർത്തീകരണമാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്. മൂന്നുതവണ ഗാന്ധിജി സന്ദർശിച്ച സ്ഥലം, കസ്തൂർബ ഗാന്ധിയോടൊപ്പം രാഷ്ട്രപിതാവ് താമസിച്ച ആശ്രമം, ശ്രീനാരായണ ഗുരുവും സാമൂഹ്യപരിഷ്കർത്താക്കളും സന്ദർശിച്ച ഇടം എന്നിങ്ങനെ കേരളത്തിന് ഒരിക്കലും വിസ്മരിക്കാനാകാത്ത ചരിത്ര സ്മരണകൾ ഉറങ്ങുന്ന ഭൂമികയാണ് ശബരി ആശ്രമം.

 ആശ്രമത്തിന്റെ പിറവി

സ്വാതന്ത്ര്യലബ്ധിക്കും അധസ്ഥിത വിഭാഗങ്ങളുടെ സാമൂഹ്യനീതിക്കും വേണ്ടിയുള്ള ഗാന്ധിജിയുടെ ഇടപെടലുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് 1923ൽ ടി.ആർ.കൃഷ്ണസ്വാമി അയ്യരാണ് അകത്തേത്തറയിൽ ശബരി ആശ്രമം സ്ഥാപിച്ചത്. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിക്കാനുദ്ദേശിച്ചാണ് ഇത്തരമൊരു സ്ഥാപനം അദ്ദേഹം തുടങ്ങിയത്. പിന്നീട് വിപ്ലവകരമായ ധാരാളം മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ഈ ആശ്രമത്തിൽ നിന്നായിരുന്നു. രാജ്യത്ത് ആദ്യമായി മിശ്രഭോജനം നടന്നത് ശബരി ആശ്രമത്തിലാണെന്നത് അത് എക്കാലവും സംരക്ഷിച്ചു നിറുത്തേണ്ടതിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

തെക്കേ ഇന്ത്യയിലെ ബർദോളിയെന്നാണ് ശബരി ആശ്രമം അറിയപ്പെടുന്നത്. ഉപ്പുസത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ഖാദി പ്രസ്ഥാനം, മദ്യവർജനം തുടങ്ങി ഗാന്ധിജി നേതൃത്വവും പിന്തുണയും നൽകിയ പ്രസ്ഥാനങ്ങളിലും പരിപാടികളിലും ആശ്രമത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാനും ഉപ്പുസത്യാഗ്രഹമുൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുത്ത വോളണ്ടിയർമാരെ പരിശീലിപ്പിക്കുന്നതിനും ആശ്രമം വേദിയായിട്ടുണ്ട് എന്നത് ചരിത്രത്തിൽ അതിന്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നു.

ഗാന്ധിജി മൂന്നുതവണ സന്ദർശിച്ച കേരളത്തിലെ ഏക സ്ഥാപനമാണ് പാലക്കാട് അകത്തേത്തറയിലെ ശബരി ആശ്രമം. 1925, 1927, 1934 എന്നീ വർഷങ്ങളിൽ ഗാന്ധിജി ഇവിടെയെത്തി. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയപ്പോഴായിരുന്നു ആദ്യസന്ദർശനം. ഈ സന്ദർശനത്തിനിടെ പാലക്കാട് കൽമാടം ക്ഷേത്രം, കസ്തൂർബ ഗാന്ധി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്തു. കേരളത്തിലെ അയിത്തോച്ചാടന പ്രവർത്തനത്തിലെ സുപ്രധാന സംഭവമാണിത്. 1927 ജൂലൈയിൽ രണ്ടാം സന്ദർശനം. 1934 ജനുവരി 10ന് മൂന്നാമത്തെ സന്ദർശനവേളയിൽ കരിങ്കൊടി പ്രകടനം നടത്താൻ ചിലർ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരുക്കം നടത്തി. ഇത് മുൻകൂട്ടിയറിഞ്ഞ കൃഷ്ണസ്വാമി ട്രെയിൻ ശബരി ആശ്രമത്തിന് തൊട്ടടുത്ത് നിറുത്താനുള്ള സൗകര്യം ചെയ്തുകൊടുത്തു. ഗാന്ധിജി നട്ട തെങ്ങും അദ്ദേഹം പ്രാർത്ഥന നടത്തിയ വീടും ഇന്നും ഇവിടെയുണ്ട്. ഒപ്പം സന്ദർശക ഡയറിയിൽ അദ്ദേഹമെഴുതിയ വാക്കുകളും ആശ്രമത്തിൽ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.

ഒരേ ഇന്ത്യയെന്ന സങ്കല്പം

സരോജിനി നായിഡു പങ്കെടുത്ത് പാലക്കാടുവച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സംഘടിപ്പിച്ച പന്തിഭോജനത്തിൽ പങ്കെടുത്തുവെന്ന കാരണത്താൽ അഗ്രഹാരത്തിൽ നിന്നും പുറത്താക്കിയതിനെ തുടർന്നാണ് കൃഷ്ണസ്വാമി അയ്യർ അയിത്തോച്ചാടനം ലക്ഷ്യമിട്ട് ശബരി ആശ്രമം സ്ഥാപിക്കുന്നത്. ജാതിമത ഭേദമില്ലാതെ എല്ലാതരം മനുഷ്യരെയും ആശ്രമത്തിൽ പാർപ്പിച്ച് ഒരേ ഇന്ത്യയെന്ന ഒറ്റ സങ്കല്പത്തിനു പിന്നിൽ അണിനിരത്താൻ ആശ്രമം നിരന്തരം ഇടപെടലുകൾ നടത്തി. ഇപ്പോൾ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ വേണ്ട ഹോസ്റ്റലെന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ചുകോടി രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

അഞ്ചു വർഷം മുമ്പ് വരെ അസൗകര്യങ്ങൾക്കിടയിൽ വീർപ്പുമുട്ടുകയായിരുന്നു ശബരി ആശ്രമം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 70 വാർഷികം ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായി ശബരി ആശ്രമം സന്ദർശിച്ചപ്പോഴാണ് ഇവിടം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്. തുടർന്ന്‌ സാംസ്കാരിക വകുപ്പ് മുൻകൈയ്യെടുത്ത് ആശ്രമം നവീകരിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.
അഞ്ചുകോടി വകയിരുത്തിയ പദ്ധതിയിൽ 2.60 കോടിയുടെ ഒന്നാംഘട്ട നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
100ലധികം വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാനുള്ള ഹോസ്റ്റൽ സൗകര്യം, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, ഓഫീസ് കെട്ടിടം, ആശ്രമത്തിനായി സ്ഥലം വിട്ടുനൽകിയ അപ്പു യജമാന്റെ പേരിലുള്ള പ്രവേശ കവാടം, കുളത്തിന്റെ നവീകരണം എന്നിവ പൂർത്തിയായിട്ടുണ്ട്. കൂടാതെ ഗാന്ധിജി താമസിച്ച മൺകുടിൽ അതിന്റെ തനിമ ചോരാതെ തന്നെ നവീകരിച്ചിട്ടുണ്ട്.

പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഗാന്ധിയൻ ലൈബ്രറി, മ്യൂസിയം എന്നിവയൊരുക്കും. ഇതോടെ രാഷ്ട്രപിതാവിനായി കേരളം രാജ്യത്തിന് സമർപ്പിക്കുന്ന സമ്മാനമാകും ശബരി ആശ്രമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKADU DIARY, SABARI ASHRAM AKATHETHARA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.