SignIn
Kerala Kaumudi Online
Saturday, 20 April 2024 3.59 AM IST

ഹൃദയത്തിൽ നിന്നുള്ള ആദരമാവട്ടെ സല്യൂട്ട്...!

salute

സാധാരണക്കാരെ ഒരു പൊലീസുകാരൻ സല്യൂട്ട് ചെയ്താൽ പൊലീസ് ചട്ടത്തിന്റെ ലംഘനവും സല്യൂട്ട് ചെയ്ത പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ മതിയായ കാരണവുമാണ്. നമ്മുടെ പ്രതിനിധികളായ എം.പിമാർക്കും എം.എൽ.എമാർക്കും മേയർമാർക്കും തദ്ദേശ ജനപ്രതിനിധികൾക്കുമൊന്നും ചട്ടപ്രകാരം പൊലീസിന്റെ സല്യൂട്ടിന് അർഹതയില്ലെങ്കിലും അവർക്കെല്ലാം പൊലീസിന്റെ ആ ആദരവ് നിർബന്ധമാണ്. ജനത്തിനു നൽകാത്ത ആദരവ്, നമ്മുടെയെല്ലാം സേവകരായ ജനപ്രതിനിധികൾക്ക് നൽകണമെന്ന് ശാഠ്യം പിടിക്കുന്നത് എന്തിനാണ് ? സല്യൂട്ടിനെച്ചൊല്ലി കലഹിക്കാതെ, കാക്കിയുടെ ബലത്തിൽ സാധാരണക്കാരോട് കൈക്കരുത്ത് കാട്ടുന്ന പൊലീസിലെ ചെറിയൊരു വിഭാഗം പുഴുക്കുത്തുകളെ നന്നാക്കാൻ ജനപ്രതിനിധികൾക്ക് ഈ സമയം ഉപയോഗിച്ചുകൂടേ.

കരിപ്പൂരിൽ ടേബിൾടോപ്പ് റൺവേയിൽ വന്നിറങ്ങിയ എയർഇന്ത്യാ എക്സ്‌പ്രസ് വിമാനം നിയന്ത്രണം വിട്ട് താഴേക്ക് കൂപ്പുകുത്തി മൂന്നായി മുറിഞ്ഞ ഭയാനകമായ അപകടം ലോകത്തെ ഞെട്ടിച്ചതാണ്. കോരിച്ചൊരിയുന്ന മഴയിലും കൊവിഡിന്റെ അതിതീവ്ര വ്യാപനത്തിനിടയിലും കണ്ടെയ്ൻമെന്റ് സോണായിരുന്ന വിമാനത്താവള മേഖലയിൽ പൊലീസും ഫയർഫോഴ്സും എത്തും മുൻപേ നാട്ടുകാരായ യുവാക്കൾ നടത്തിയ രക്ഷാദൗത്യമാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. നെടുകെപിളർന്ന വിമാനം ഏതു നിമിഷവും തീപിടിച്ചേക്കാമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചാണ് വിമാനം വെട്ടിപ്പൊളിച്ച് ജീവനുകൾ ഓരോന്നായി അവർ കോരിയെടുത്തത്. പ്രദേശവാസികളുടെ ഈ ധീരതയെ ലോകമാകെ അഭിനന്ദിച്ചു. വിമാനാപകടത്തിൽ രക്ഷകരായ യുവാക്കളെല്ലാം പിന്നീട് ക്വാറന്റീനിലായി. നൂറിലേറെ ജീവനുകളുടെ രക്ഷകരെ ക്വാറന്റൈൻ കേന്ദ്രത്തിലെത്തി പരസ്യമായി സല്യൂട്ട് ചെയ്ത മലപ്പുറം പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ നിസാർ അരിപ്പയ്ക്ക് പൊലീസ് ചട്ടം ലംഘിച്ചതിന്റെ പേരിൽ നടപടി നേരിടേണ്ട സ്ഥിതിയുണ്ടായി. ഔദ്യോഗിക അനുമതിയോടെയല്ലാതെ പൊതുജനത്തെ സല്യൂട്ട് ചെയ്തത് സർവീസ് ചട്ടലംഘനമാണെന്ന് ഏമാൻമാർ വിധിയെഴുതി. ജനരോഷം ഭയന്ന് നിസാറിനെതിരെയുള്ള നടപടി തത്കാലം വേണ്ടെന്നു വയ്ക്കുകയായിരുന്നു. സ്വജീവൻ മറന്ന് നൂറിലേറെ പേരുടെ ജീവനുകൾ രക്ഷിച്ച യുവാക്കൾക്ക്, ഒരു പ്രോട്ടോക്കോളിന്റെയും സ്റ്റാൻഡിംഗ് ഓർഡറിന്റെയും പിൻബലത്തിലല്ലാതെ, ഹൃദയത്തിൽ നിന്ന് ആ പൊലീസുകാരൻ നൽകിയ ആദരവിന്റെ പേരാണ് സല്യൂട്ട്...!

സാധാരണക്കാർ പരാതിയുമായി സ്റ്റേഷനിലെത്തുമ്പോൾ വിരട്ടിയും കണ്ണുരുട്ടിയും പേടിപ്പിച്ചും ഇറക്കിവിടുന്ന പൊലീസുകാർ, പഞ്ചായത്തംഗത്തിനു പോലും സല്യൂട്ടടിക്കുന്നത് പതിവുകാഴ്ചയാണ്. പക്ഷേ, ഈ സല്യൂട്ടിന് ഭരണപക്ഷ, പ്രതിപക്ഷ ഭേദമുണ്ടാകുമെന്ന് മാത്രം. ഒരു ഔദ്യോഗിക പദവിയുമില്ലെങ്കിലും ഭരണപക്ഷത്തെ നേതാക്കൾക്കും കിട്ടും സല്യൂട്ട്. പിണറായി രണ്ടാം മന്ത്രിസഭയിലെ മന്ത്രി കോട്ടയത്ത് ജില്ലാ നേതാവായിരുന്നപ്പോൾ, പൊലീസുദ്യോഗസ്ഥൻ സല്യൂട്ട് ചെയ്തത് വിവാദമായിരുന്നു. എ.എസ്.ഐ മുതൽ ഡി.ജി.പി വരെയുള്ളവർ സല്യൂട്ടിന് അർഹരാണ്. മേലുദ്യോഗസ്ഥർ സല്യൂട്ട് വാങ്ങിയാൽ മാത്രം പോരാ തിരിച്ചും നൽകണം. ഒന്നിലേറെ മുതിർന്ന ഉദ്യോഗസ്ഥരുള്ള സ്ഥലത്തേക്ക് കയറിച്ചെല്ലുന്ന പൊലീസുദ്യോഗസ്ഥൻ കൂട്ടത്തിൽ ഏറ്റവും കൂടിയ റാങ്കുള്ളയാൾക്ക് സല്യൂട്ട് നൽകിയാൽ മതി.

പൊലീസ് ചട്ടപ്രകാരം രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാർ, ജില്ലാ പൊലീസ് മേധാവി, കളക്ടർ, എസ്.പിമാർ, യൂണിറ്റ് കമൻഡാന്റ്, സൈന്യത്തിലെ ഫീൽഡ് ഓഫീസർ, അഡ്വക്കേറ്റ് ജനറൽ, മജിസ്ട്രേറ്റുമാ‌ർ, സേനകളിലെ കമ്മിഷൻഡ് ഓഫീസർമാർ, സെഷൻസ് ജഡ്ജ്, ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റ് എന്നിവർക്കു പുറമെ മൃതദേഹങ്ങൾക്കാണ് ചട്ടപ്രകാരം സല്യൂട്ടിന് അർഹത. അഡി.എസ്.ഐ മുതൽ ഡി.ജി.പി വരെയുള്ള പൊലീസുദ്യോഗസ്ഥരെല്ലാം സല്യൂട്ടിന് അർഹരാണ്. കളക്ടർ, സൂപ്രണ്ടുമാർ എന്നിവർക്ക് ദിവസത്തിൽ ആദ്യം കാണുമ്പോൾ മാത്രവും സെഷൻസ് ജഡ്ജിമാർക്കും മജിസ്ട്രേറ്റുമാർക്കും ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മാത്രവുമാണ് സല്യൂട്ട്. സാക്ഷിക്കൂട്ടിൽ കയറുന്ന പൊലീസുകാരെല്ലാം ന്യായാധിപനെ സല്യൂട്ട് ചെയ്യണം. നിയമസഭാ സമുച്ചയത്തിൽ സുരക്ഷാചുമതലയുള്ള വാച്ച് ആൻഡ് വാർഡിലെ പൊലീസുകാർ എം.എൽ.എമാരെ സല്യൂട്ട് ചെയ്തിരിക്കണം. പാർലമെന്റിൽ എം.പിമാർക്കും ഇതുപോലെ സല്യൂട്ട് നിർബന്ധമാണ്. സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും മാത്രമേ സഭയ്ക്ക് പുറത്ത് സല്യൂട്ട് നൽകേണ്ടതുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. സഭാസമിതികളിൽ പങ്കെടുക്കുന്ന പൊലീസുദ്യോഗസ്ഥർ സാമാജികരെ സല്യൂട്ട് ചെയ്യണം. അല്ലാതെ റോഡിൽ കാണുന്ന എം.പി മുതൽ പഞ്ചായത്ത് മെമ്പർ വരെയുള്ളവരെ സല്യൂട്ട് ചെയ്യേണ്ടതില്ല.

രാഷ്ട്രീയ സ്വാധീനവും പ്രതികാര നടപടികളും ഭയന്ന് മുൻപ് ജനപ്രതിനിധികളായിരുന്നവരെ പൊലീസുകാർ സല്യൂട്ടടിക്കാറുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ജനപ്രതിനിധികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറോ സി.ഐയോ സല്യൂട്ട് ചെയ്യുന്നത് പതിവുകാഴ്ചയാണ്. തിരക്കേറിയ റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ വി.വി.ഐ.പികൾ വന്നാലും പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ല. സല്യൂട്ടിന് പകരം അറ്റൻഷനായി ആദരവ് പ്രകടിപ്പിച്ച ശേഷം ട്രാഫിക് ജോലി തുടരണമെന്നാണ് ഉത്തരവ്. മുൻ ജനപ്രതിനിധികളെ കാണുമ്പോൾ പൊലീസിന്റെ സല്യൂട്ട്, സേനയുടെ അപചയത്തിന്റെ ലക്ഷണമാണെന്ന് പഴയകാല ഉദ്യോഗസ്ഥർ പറയുന്നു. രാഷ്‌ട്രീയ സ്വാധീനമുണ്ടാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതാണ് ഇതിനു കാരണം.

സല്യൂട്ട് തേടുന്ന ഡോക്ടർ

പൊലീസുദ്യോഗസ്ഥർ സർക്കാർ ഡോക്ടർമാരെ സല്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ചെങ്ങന്നൂർ വെൺമണിയിൽ ഗവ. ഡോക്ടറായ ഡോ. നീന ഡി.ജി.പിക്ക് കത്ത് നൽകിയത് ചർച്ചാവിഷയമായിരുന്നു. കൊവിഡ് കാലത്ത് മികച്ച സേവനം നടത്തുന്ന സർക്കാർ സർവീസിലുള്ള ഡോക്ടർമാർക്കു നേരെ, അവശ്യവസ്തു നിയമം, പൊതുജനാരോഗ്യ നിയമം തുടങ്ങിയവയുടെ പേരിൽ പൊലീസുകാർ അതിക്രമം കാട്ടിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും ഡോക്ടർമാരുടെ ആത്മവീര്യം കെടുത്താനേ ഇതുപകരിക്കൂവെന്നും ചൂണ്ടിക്കാട്ടിയാണ് നീനയുടെ കത്ത്. സർക്കാർ ഡോക്ടർമാർ ഗസറ്റഡ് റാങ്കിലുള്ളവരാണെന്നും ഡെപ്യൂട്ടി കലക്ടർ, ഡിവൈ.എസ്.പി റാങ്കിനു തുല്യമാണെന്നും ചൂണ്ടിക്കാട്ടിയ ഡോ. നീന തുല്യ പദവിയിലുള്ളതോ സീനിയറോ ആയ ആരോഗ്യ വകുപ്പിലെ ഡോക്ടർമാരെ പൊലീസ് സല്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

യൂണിഫോമിൽ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ തനിക്കും ഒരു സല്യൂട്ട് കിട്ടണമെന്ന ആഗ്രഹം ചിലർക്കുണ്ടെന്നും സല്യൂട്ടിന് നിർദേശം നൽകണമെന്ന പരാതി സർക്കാരിലേക്ക് അയച്ച 'അല്‌പത്തരത്തെ' അവജ്ഞയോടെ കാണുന്നെന്നുമാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു പ്രതികരിച്ചത്.

സല്യൂട്ടുകൾ ഏഴ് തരം

ഫ്രണ്ട് സല്യൂട്ട്

മേലുദ്യോഗസ്ഥന് മുഖാമുഖം നിൽക്കുമ്പോൾ നൽകുന്നത് വിരലുകൾ നിവർത്തി കൈപ്പടം നെറ്റിയിൽ അമർത്തി നൽകുന്ന സല്യൂട്ട്.

മെസേജ് സല്യൂട്ട്

പരേഡ് ഗ്രൗണ്ടിൽ സന്ദേശം കൈമാറുമ്പോൾ മേലുദ്യോഗസ്ഥന് നൽകുന്നത്. സന്ദേശം നൽകിയ ശേഷം ഒരടി പിന്നോട്ട് മാറി വീണ്ടും സല്യൂട്ട് നൽകണം.

ബട്ട് സല്യൂട്ട്

ഡിവൈ.എസ്.പി വരെയുള്ള ഉദ്യോഗസ്ഥർക്ക് വരെ 303റൈഫിൾ തോളിൽ ചാരിവച്ച്, മുന്നോട്ടാഞ്ഞ് നൽകുന്ന സല്യൂട്ട്.

പ്രസന്റ് ആംസ് സല്യൂട്ട്

സീനിയർ ഡിവൈ.എസ്.പി മുതൽ എസ്.പി റാങ്കിലുള്ളവർക്ക് വരെ നൽകുന്ന ആദരവ്. തോക്ക് രണ്ടുകൈകൊണ്ടും പിടിച്ച് കാലുകൾ ചവിട്ടിയുള്ളതാണീ സല്യൂട്ട്.

ജനറൽ സല്യൂട്ട്

‌ഡി.ഐ.ജി മുതൽ ഡിജിപി വരെയും മന്ത്രിമാർ, മുഖ്യമന്ത്രി, പ്രധാനമന്ത്രി, സ്പീക്കർ, എന്നിവർക്കും നൽകുന്നതാണ് ജനറൽ പ്രസന്റ് ആംസ് സല്യൂട്ട്. ബ്യൂഗിൾ വായനയോടെ ഒരു സംഘമാണ് ഈ സല്യൂട്ട് നൽകുന്നത്.

നാഷണൽ സല്യൂട്ട്

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, വിദേശരാജ്യങ്ങളിലെ പ്രസിഡന്റുമാർ എന്നിവർക്കുള്ളതാണ് നാഷണൽ സല്യൂട്ട്. ദേശീയപതാകയ്ക്കുള്ള സല്യൂട്ടും ഇതാണ്.

ഫ്യൂണറൽ പരേഡ് സല്യൂട്ട്

ഔദ്യോഗിക ബഹുമതിയോടെ സംസ്കാരത്തിന് നൽകുന്നതാണിത്. ആദരസൂചകമായി വെടിവയ്പ്പ്, ബ്യൂഗിൾ വായന എന്നിവയെല്ലാമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALUTE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.