SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.59 AM IST

ഇനിയും ഇവരെ ഇരുട്ടിൽ നിറുത്തരുത്

vayanad-tribal
ആദിവാസി ഊരുകളിലെ ഓൺലൈൻ പഠനം( ഫയൽ ഫോട്ടോ)

വിദ്യാഭ്യാസത്തിലും ഉന്നത ഉദ്യോഗങ്ങളിലും തങ്ങൾക്ക് അർഹമായത് കിട്ടണമെന്ന ആവശ്യവുമായി ആദിവാസിവിഭാഗങ്ങൾ പൊരുതുകയാണ്. പോരാട്ടം ലക്ഷ്യംകണ്ടതിന്റെ തെളിവാണ് ഈ വിഭാഗത്തിൽ നിന്ന് ഈയിടെ നമുക്ക് ലഭിച്ച ആറ് ഡോക്ടർമാർ.

നിലമ്പൂർ വനത്തിൽ ഗുഹാജീവിതം നയിച്ചുകൊണ്ടിരുന്ന ചോലനായ്ക്കർ വിഭാഗത്തിലെ വിനോദ് ഇപ്പോൾ ഈ വിഭാഗത്തിൽ സംസ്ഥാനത്തെ ആദ്യത്തെ ഗവേഷക വിദ്യാർത്ഥിയാണ്. സ്വന്തം ജീവിതം തന്നെയാണ് വിനോദിന്റെ ഗവേഷണ വിഷയം. ഈ വിഭാഗത്തിലെ നാൽപ്പതോളം കുടുംബങ്ങളാണ് ഇടിഞ്ഞു വീഴാറായ കുടിലുകളിൽ ഇവിടെയുള്ളത്. ഭീഷണി നേരിടുന്ന പ്രാക്തന ആദിവാസി വിഭാഗങ്ങളിൽപ്പെട്ട ചോലനായ്ക്കർ മാത്രമാണ് ഈ കോളനിയിൽ താമസിക്കുന്നത്. ഈ വിഭാഗത്തിൽ നിന്നുള്ള ഏഷ്യയിലെ ആദ്യത്തെ ഗവേഷക വിദ്യാർത്ഥിയും വിനോദാണ്.
വയനാട് ജില്ലയിൽ ശക്തമായ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കാലമാണിത്. കാസർകോട് ജില്ലയിലെ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളുടെ കായികരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ നീലേശ്വരത്ത് ഏകലവ്യ സ്പോർട്സ് സ്കൂളും അനുവദിച്ചിട്ടുണ്ട്. ഈ വർഷംതന്നെ നിർമ്മാണം തുടങ്ങാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

കൂടുതൽ സീറ്റുകൾ വേണം
ഉന്നതപഠനത്തിന് താത്‌പര്യമുള്ള നിരവധി വിദ്യാർത്ഥികളാണ് ആദിവാസി വിഭാഗത്തിൽ നിന്ന് വരുന്നത്. എന്നാൽ പട്ടികവർഗവിഭാഗം കുട്ടികൾക്ക് സെക്കൻഡറി, ഹയർസെക്കൻഡറി മേഖലയിൽ എട്ട് ശതമാനം സീറ്റുകൾ മാത്രമാണ് സംസ്ഥാനതലത്തിലുള്ളത്. വയനാട്ടിലെ ജനസംഖ്യയിൽ 17ശതമാനം ആദിവാസിവിഭാഗങ്ങളിൽ നിന്ന് ഈ വർഷം 2442 പേർ പരീക്ഷയെഴുതിയപ്പോൾ 2009 കുട്ടികൾ ജയിച്ചു. എന്നാൽ ഇവിടെ ഇവർക്കായി മാറ്റിവച്ച സീറ്റുകൾ 529 മാത്രമാണ്. ആദിവാസി കുട്ടികളിൽ ഏറെപ്പേർക്കും താത്‌പര്യം ഹ്യുമാനിറ്റീസ് സീറ്റുകളാണ്. ഈ വർഷം ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 158 സീറ്റ് മാത്രമാണുള്ളത്.

തൊഴിൽരഹിതരുടെ വേദന അറിയണം

ഉന്നതവിദ്യാഭ്യാസമുള്ള തൊഴിൽരഹിത ആദിവാസി യുവാക്കളുടെ എണ്ണം കൂടുതലാണ്. പ്രാഥമിക, പ്രൊഫഷണൽ വിദ്യാഭ്യാസം കഴിയുന്നതോടെ പട്ടികവിഭാഗക്കാർ ഭൂരിഭാഗവും സംവരണത്തിലൂടെ സർക്കാർ ജോലി സ്വന്തമാക്കുമെന്നാണ് സമൂഹത്തിന്റെ ധാരണ. ചിന്തിക്കാൻ പോലും കഴിയാത്ത സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളെ മറികടന്നാണ് ഓരോരുത്തരും ഉന്നതവിദ്യാഭ്യാസം നേടിയതെന്ന യാഥാർത്ഥ്യം പലരും ബോധപൂർവം വിസ്മരിക്കുന്നു . തൊഴിൽരഹിതരായ ഡോക്ടറും എൻജിനീയറും അദ്ധ്യാപകരും അട്ടപ്പാടിയിലും മറ്റുമുണ്ട്. ഷോളയൂർ, പുതൂർ, അഗളി പഞ്ചായത്ത് ഉൾപ്പെടുന്ന അട്ടപ്പാടിയിൽ ഉന്നതവിദ്യാഭ്യാസം നേടിയ ഇരുന്നൂറോളം പേരുണ്ട് . പരിമിതമായ സീറ്റിനുവേണ്ടി മത്‌സരിക്കേണ്ടി വരുന്നതിനാൽ നൂറുകണക്കിന് കുട്ടികൾ പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകാൻ നിർബന്ധിതരാകുന്നു.

വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പൊതുപ്രവർത്തകരും സന്നദ്ധ സേനാംഗങ്ങളും രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിക്കുകയാണ്. പട്ടികവർഗ
വകുപ്പിലെ കമ്മിറ്റഡ് സോഷ്യൽ വർക്കർമാരായ സന്നദ്ധസേവകരും ഇവർക്ക് തുണയായുണ്ട്. സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് ഉറപ്പുവരുത്തലാണ് പ്രാഥമിക കർത്തവ്യം. 15 പേരാണ് ഇവിടെ പ്രവർത്തിക്കുന്നത്.
2014 ൽ പരീക്ഷണാടിസ്ഥാനത്തിലാണ് മാനന്തവാടി സബ്കളക്ടർക്ക് കീഴിൽ കമ്മിറ്റഡ് സോഷ്യൽ വർക്കർമാർ പ്രവർത്തനം ആരംഭിച്ചത്. ആറുവർഷം കൊണ്ട്
ആദിവാസി വിഭാഗങ്ങൾക്കിടയിൽ വലിയ മാറ്റമാണ് ഇവരുണ്ടാക്കിയത്. ആരോഗ്യ,
വിദ്യാഭ്യാസ കാര്യങ്ങളിൽ ഇവർ സജീവമായി ഇടപെടുന്നു. ഇവരിൽ 80 ശതമാനത്തിലധികം ആദിവാസി വിഭാഗത്തിലുള്ള ഉന്നതവിദ്യാഭ്യാസം നേടിയവരാണ് . തങ്ങൾക്ക് ലഭിച്ച വിദ്യാഭ്യാസം തങ്ങളുടെ ജനതയെ മുഖ്യധാരയിലെത്തിക്കാൻ ഇവർ വിനിയോഗിക്കുന്നു. താത്കാലിക അദ്ധ്യാപകനായി വയനാട്ടിൽ എത്തിയ മനോജ് കുമാർ കൂട്ടത്തിലൊരാളാണ്. ഇരുപത് ആദിവാസി വിഭാഗങ്ങളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിച്ചാൽ മാത്രമെ സാമൂഹ്യമായി അവരെ മുന്നിലെത്തിക്കാനാവൂ. ഊരുകളിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പാർശ്വവത്കരിക്കപ്പെടേണ്ടവരല്ലെന്ന ബോധം അവരിലുണ്ടാക്കിയെടുക്കുന്നതിലൂടെ മാത്രമെ മുഖ്യധാരയിലെത്തിക്കാൻ കഴിയൂ. ഈ വിഭാഗങ്ങളിൽപെട്ട 125 പേർക്ക് കൂടി പൊലീസ് സേനയിൽ നിയമനം നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. വയനാട്, മലപ്പുറം, പാലക്കാട് ജില്ലയിലുള്ളവർക്കാണ് പ്രത്യേക നിയമനം നൽകുന്നതും.

ഊരുകളിൽ മുഴുവൻ പേരെയും തുല്യതാ പരീക്ഷ പാസാക്കി സമ്പൂർണ സാക്ഷരരാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഇവർക്ക് പി. എസ്.സി കോച്ചിംഗിനായി കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കുന്നതും പരിഗണനയിലാണ്. ഓരോ ഊരിലും സോഷ്യൽ ആക്ടിവിസ്റ്റ് വിഭാഗത്തെ തിരഞ്ഞെടുത്ത് എല്ലാ പഞ്ചായത്തുകളിലെയും വികസന പദ്ധതികളിൽ പട്ടികവർഗ വിഭാഗത്തിലെ യുവാക്കളെ പങ്കാളികളാക്കി പദ്ധതികൾ തങ്ങളുടേതു കൂടിയാണെന്ന ബോധം ഉണ്ടാക്കിയെടുക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം. ഇതിനായി 1100 കുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ എണ്ണം കൂട്ടുന്ന കാര്യവും പരിഗണനയിലുണ്ട്. ഇപ്പോൾ 34 സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്.

വരാനിരിക്കുന്നത്

ഉന്നതവിജയത്തിന്റെ വിസ്ഫോടനം
അട്ടപ്പാടിയിലെ പിന്നാക്കം നിന്നിരുന്ന കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിശീലനവും മാർഗനിർദേശവും നൽകി മുഖ്യധാരയിലെത്തിക്കാൻ നിരവധി പ്രവർത്തനങ്ങളാണ് ഐ.ടി.ഡി.പിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ആറ് ഡോക്ടർമാരെയാണ് ഒരൊറ്റ വർഷം കൊണ്ട് അട്ടപ്പാടിക്ക് കിട്ടിയത്. അട്ടപ്പാടി മേഖലയിൽ മാത്രം ആറ് ഹൈസ്കൂളുകളും മൂന്നു വി. എച്ച്. എസ്. സിയുമുണ്ട്. കഴിഞ്ഞ വർഷം എസ്. എസ്. എൽ.സിയും പ്ളസ് ടുവും വിജയിച്ച ഈ വിഭാഗത്തിലെ കുട്ടികളുടെ എണ്ണം 850 ആണ്. കോഴിക്കോട് അർബൻ റിസോഴ്സസ് സെന്ററുമായി സഹകരിച്ച് അട്ടപ്പാടി ബി. ആർ.സി നടത്തിയ പ്രവർത്തനങ്ങൾ ഏറെ
പ്രശംസനീയമാണ്.

ഉപരിപഠനത്തിന് 18.2 ശതമാനം

ഇന്ത്യയുടെ ജി. ഇ.ആർ ( Gross Enrolment Ratio ) 26.3 ആണ്. അതായത് 18 നും 23 നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരിൽ 26.3 ശതമാനം ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ട്. കേരളത്തിൽ ഇത് 37ശതമാനമാണ്. എന്നാൽ ദളിത് വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ഇത് 25.9 മാത്രമാണ്. ഇന്ത്യയിൽ 22.7 എന്നാൽ ഏറെയൊന്നും സാമൂഹ്യനേട്ടങ്ങൾ അവകാശപ്പെടാനില്ലാത്ത തമിഴ്‌നാട്ടിൽ ദളിത് ജി. ഇ. ആർ 41.6 ശതമാനമാണ്. തെലുങ്കാന - 36 . പുതുച്ചേരി- 38. മഹാരാഷ്ട്ര- 31 . ഡൽഹി- 34. ആന്ധ്ര -29 . ഗുജറാത്ത് 27. ഈ കണക്ക് കാണിക്കുന്നത് ദളിത് ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം ഈ സംസ്ഥാനങ്ങളെക്കാളും പിറകിലാണെന്നതാണ്.
18 നും 23 നും ഇടയിലുള്ളവരിൽ വെറും 18.2 ശതമാനമാണ് ഉപരിപഠനത്തിന്
പോകുന്നത്. ദേശീയ ശരാശരിയിൽ ഇത് 22.7ശതമാനമാണ്. ദളിത്പിന്നാക്ക വിഭാഗങ്ങളുടെ പ്രൊഫഷണൽ തൊഴിൽ നൈപുണ്യത്തിന് സംസ്ഥാന സർക്കാരിന്റെ കീഴിൽ ക്രസ്റ്റ് (സെന്റർ ഫോർ റിസർച്ച് ആൻഡ് എഡ്യുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ) പോലുള്ള സ്ഥാപനങ്ങൾ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും ദേശീയതലത്തിൽ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർവിദ്യാഭ്യാസം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള പദ്ധതിയും ക്രസ്റ്റ് നടത്തുന്നുണ്ട്. ഈ പദ്ധതിയുടെ ഫലമായി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി, ദില്ലി യൂണിവേഴ്സിറ്റി, ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി, നിഫ്ത്, ഹൈദരാബാദ് യൂണിവേഴ്സിറ്റി, സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ,അസിം പ്രേംജി യൂണിവേഴ്സിറ്റി തുടങ്ങിയ ദേശീയ സ്ഥാപനങ്ങളിൽ ഇപ്പോൾ പഠിക്കുന്നു.

കേരളത്തിന് പുറത്തെ യൂണിവേഴ്സിറ്റികളിൽ, രക്ഷിതാക്കൾക്കൊപ്പം പോയി കുട്ടികളെ പ്രവേശനത്തിന് സഹായിക്കുകയും ഡിഗ്രി പഠനകാലത്ത് ഉടനീളം കുട്ടികൾക്ക് സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയുമൊക്കെ സഹായം നൽകി അക്കാഡമിക് നിലവാരം ഉയർത്താനുമുള്ള പ്രവർത്തനങ്ങളാണ് ക്രെസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അ സോസിയേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ടി.വൈ. വിനോദ് കൃഷ്ണൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY, TRIBAL EDUCATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.