SignIn
Kerala Kaumudi Online
Friday, 19 April 2024 10.09 PM IST

ഭാവിയ്‌ക്കു വേണ്ടിയാണ് , പഠനവഴി മുടക്കരുത് !

student

ആകാശത്തു നിന്ന് ബോംബുകളും ഷെല്ലുകളും തുരുതുരാ പതിക്കുന്ന യുക്രെയിനിൽ വെള്ളവും ഭക്ഷണവുമില്ലാതെ, ശ്വാസവായു പോലും കുറവുള്ള ബങ്കറുകളിലെ ആഴ്ചകൾ നീണ്ട ജീവിതത്തിനൊടുവിൽ ജീവനും കൈയിലെടുത്ത് നാടിന്റെ സംരക്ഷണയിലെത്തിയ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണിപ്പോൾ. മൂവായിരത്തോളം മലയാളികളടക്കം 18,000 എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. തുടർപഠനം എങ്ങനെയാവും എന്നതിലാണ് ഇവർക്ക് ആശങ്ക.

കുറഞ്ഞ ഫീസും, ഇംഗ്ലീഷിലുള്ള പഠനവും യൂറോപ്യൻ സംസ്കാരവും ആഗോള അംഗീകാരവുമെല്ലാം കണക്കിലെടുത്താണ് വിദ്യാർത്ഥികൾ യുക്രെയിനിലേക്ക് പഠിക്കാൻ പോയത്. ദിവസങ്ങൾ കൊണ്ട് തീരുമെന്ന് ലോകം കരുതിയിരുന്ന റഷ്യൻ പ്രഹരം നീണ്ടുപോവുകയാണ്. ആയുധവുമായി തദ്ദേശീയർ രംഗത്തിറങ്ങുകയും ജയിലിൽ അടച്ചിരുന്ന തടവുകാരെ മോചിതരാക്കി ആയുധം നൽകുകയും ചെയ്തതോടെ യുക്രെയിനിലെ സാഹചര്യം വഷളായി. യുക്രെയിനിനെ നാലുപാടും വളഞ്ഞ റഷ്യ, ആ രാജ്യം അപ്പാടെ പിടിച്ചെടുക്കുമോ എന്നും ഇനി എങ്ങനെയുള്ള സർക്കാരാവും അവിടെയുണ്ടാവുക എന്നതിലുമടക്കം ആശങ്കകൾ പലതാണ്. ആറുവർഷത്തെ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാനാവുമോ എന്നതാണ് വിദ്യാർത്ഥികളുടെ ആശങ്ക. നേരത്തേ കൊവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇതുവരെ തിരികെ പോകാനായിട്ടില്ല. ഓൺലൈൻ പഠനത്തിന് അംഗീകാരം നൽകില്ലെന്നാണ് കേന്ദ്ര മെഡിക്കൽ കമ്മിഷന്റെ നിലപാട്. ചൈനയിലേതു പോലെ ഓൺലൈൻ പഠനത്തിനു പോലും കഴിയാത്ത സാഹചര്യമാണ് യുക്രെയിനിൽ.

യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ഇവിടെ പഠനസൗകര്യമൊരുക്കണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. എന്നാൽ നിലവിൽ രാജ്യത്ത് മെരിറ്റ് പരിഗണിച്ചാണ് എം.ബി.ബി.എസ് പ്രവേശനം. 15ശതമാനം എൻ.ആർ.ഐ ക്വാട്ടയിൽ അടക്കം നീറ്റ് യോഗ്യത നേടിയവർക്കേ പ്രവേശനം നേടാനാവൂ. യുക്രെയിനിൽ നിന്നെത്തിയവരെ പ്രവേശിപ്പിക്കണമെങ്കിൽ പ്രത്യേക നിയമം വേണ്ടിവരും. പ്രത്യേക നിയമനിർമ്മാണത്തിലൂടെ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സീറ്റുകൾ സൃഷ്ടിക്കാൻ കേന്ദ്രസർക്കാരിനാണ് അധികാരം. അല്ലെങ്കിൽ മെഡിക്കൽ കമ്മിഷനും കേന്ദ്രസർക്കാരും കൂടിയാലോചിച്ച് പ്രത്യേക ഉത്തരവിലൂടെ കൂടുതൽ സീറ്റുകളുണ്ടാക്കണം. എന്നാലും, മെഡിക്കൽ കോളേജുകളിൽ മതിയായ സൗകര്യങ്ങളുണ്ടെങ്കിലേ അധികസീറ്റുകൾ സൃഷ്ടിക്കാനാവൂ.

മെഡിക്കൽ കൗൺസിൽ അംഗീകാരം പിൻവലിക്കുന്ന മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റുന്ന രീതി നിലവിലുണ്ട്. ഇത് രാജ്യത്ത് പഠിക്കുന്ന കുട്ടികൾക്ക് മാത്രമാണ്. നേരത്തേ ഇടുക്കി, പാലക്കാട് കേരള, വർക്കല എസ്.ആർ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം റദ്ദായപ്പോൾ 400 കുട്ടികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റിയിരുന്നു. ഇതിനായി മെഡിക്കൽ കൗൺസിലിന്റെ പ്രത്യേക അനുമതി നേടുകയായിരുന്നു. ഇതിന് സമാനമായി സ്വാശ്രയ കോളേുജുകളിൽ കൂടുതൽ സീറ്റുകൾ സൃഷ്ടിച്ച് 18,000 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്നാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ നിലപാട്. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ചർച്ചകൾ ആരോഗ്യമന്ത്രാലയവും ദേശീയ മെഡിക്കൽ കമ്മിഷനും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ദേശീയ മെഡിക്കൽ കമ്മിഷൻ അംഗങ്ങൾ, നീതി ആയോഗ് അംഗങ്ങൾ എന്നിവർ അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്. യുക്രെയിനിലേക്ക് അടുത്തകാലത്തെങ്ങും മടങ്ങാനാവാത്ത സാഹചര്യമുണ്ടായാൽ ഇവർക്ക് ഇന്ത്യയിൽ പഠനസൗകര്യം ഒരുക്കേണ്ടി വരും.

തിയറി ക്ലാസുകൾക്ക് ഓൺലൈൻ പഠനത്തിന് അനുമതി നൽകുകയാണ് മറ്റൊരു വഴി. നിലവിൽ ഓൺലൈൻ പഠനം മെഡിക്കൽ കമ്മിഷൻ അംഗീകരിക്കുന്നില്ല. വിദേശത്തെ മെഡിക്കൽ കോഴ്സുകൾ പത്തുവർഷത്തിനകം പൂർത്തിയാക്കിയാൽ മതിയെന്നാണ് നിലവിലെ ചട്ടം. അതിനാൽ യുക്രെയിനിലെ സ്ഥിതി ശാന്തമായ ശേഷം പഠനം പുനരാരംഭിച്ചാലും വിദ്യാർത്ഥികൾക്ക് ഇവിടെ യോഗ്യതാ പരീക്ഷയെഴുതാനോ പ്രാക്ടീസിന് അനുമതി നേടാനോ പ്രശ്നമുണ്ടാവില്ല. യുക്രെയിനിൽ നിന്ന് മടങ്ങിയവർക്ക് മാത്രമായി മറ്റേതെങ്കിലും രാജ്യത്ത് തുടർപഠനത്തിന് അനുമതി നൽകുന്നതാണ് മറ്റൊരു പോംവഴി. ഇത് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇങ്ങനെ രണ്ട് രാജ്യങ്ങളിലായി പഠനം പൂർത്തിയാക്കാനും കേന്ദ്രത്തിന്റെ പ്രത്യേക ഉത്തരവ് വേണ്ടിവരും. നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങൾ ഇക്കാര്യത്തിൽ കേന്ദ്രത്തെ സഹായിച്ചേക്കും. പക്ഷേ, അവിടെയെല്ലാം മെഡിക്കൽ കോളേജുകളിൽ മതിയായ സൗകര്യങ്ങളുണ്ടെങ്കിലേ അധിക സീറ്റുകൾ സൃഷ്ടിക്കാനാവൂ എന്നതാണ് വെല്ലുവിളി.

മടങ്ങിയെത്തിയവർക്ക് ഇന്ത്യയിൽ പഠിക്കാൻ അവസരമൊരുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന കേളേജുകളിൽ സീ​റ്റ് ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കണമെന്നാണ് ഐ.എം.എ. ദേശീയ പ്രസിഡന്റ് ഡോ. സഹജാനന്ദ് സിംഗ് ആവശ്യപ്പെടുന്നത്. രാജ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠനസൗകര്യമൊരുക്കുന്നതാണ് കേന്ദ്രത്തിന്റെയും പ്രഥമ പരിഗണനയിലുള്ളത്. ഇതിനായി വിദേശ മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട 'ഫോറിൻ മെഡിക്കൽ ഗ്രാജ്വേ​റ്റ് ലൈസൻഷ്യേ​റ്റ് റെഗുലേഷൻസ്' നിയമത്തിൽ ഇളവുകൾ വരുത്തേണ്ടിവരും. ഈ നിയമപ്രകാരം ഏത് വിദേശ സർവകലാശാലയിൽ പഠിക്കാനുള്ള അനുമതിയാണോ ഇന്ത്യൻ സർക്കാർ നൽകുന്നത്, അവിടെത്തന്നെ കോഴ്സും ഇന്റേൺഷിപ്പുമുൾപ്പടെ പൂർത്തിയാക്കണം. ഇന്റേൺഷിപ്പ് നാട്ടിൽ പൂർത്തിയാക്കാൻ കേന്ദ്രസർക്കാ‌ർ ഉടൻ അനുമതി നൽകാനിടയുണ്ട്.

കഴുത്തറുപ്പൻ ഫീസ്

എം.ബി.ബി.എസ് പഠനത്തിന് കഴുത്തറുപ്പൻ ഫീസായതിനാൽ കേരളത്തിൽ നിന്ന് 51 രാജ്യങ്ങളിലേക്കാണ് വിദ്യാർത്ഥികൾ പഠിക്കാൻ പോയിട്ടുള്ളത്. അയൽരാജ്യമായ നേപ്പാളിൽ മുതൽ കരീബിയൻ കടലിലെ ഒന്നരലക്ഷം ജനസംഖ്യയുള്ള ക്യുറാസാവോ ദ്വീപിൽ വരെ നമ്മുടെ കുട്ടികൾ പഠിക്കുന്നു. ഇന്ത്യയ്ക്ക് എംബസികൾ പോലുമില്ലാത്ത രാജ്യങ്ങളിലേക്കും കുട്ടികൾ പോയിട്ടുണ്ട്. കേരളത്തിലാകെ 4100 സീറ്റുകളാണുള്ളത്. ഗവ.മെഡിക്കൽ കോളേജുകളിൽ 1455 സീറ്റുകൾ മാത്രം. നീറ്റ് പ്രവേശനപരീക്ഷയിൽ മുന്നിലെത്തി, സർക്കാർ മെരിറ്റിൽ പ്രവേശനം കിട്ടിയാലും പ്രതിവർഷം എട്ടുലക്ഷത്തോളം ചെലവിടേണ്ടതാണ് കുട്ടികളെ പഠനത്തിനായി കടൽകടത്തുന്നത്. സ്വാശ്രയ കോളേജുകളിൽ 85 ശതമാനം സീറ്റുകളിലും ഒരേ ഫീസാണ്. ആറുലക്ഷം മുതൽ 7.65 ലക്ഷം വരെയാണ് ട്യൂഷൻഫീസ്. ഇതിനു പുറമേ 86,600വരെ സ്‌പെഷൽ ഫീസ്, ഹോസ്​റ്റൽ ഫീസ് എന്നിവയുമുണ്ടാവും. അതോടെ വാർഷിക ഫീസ് എട്ടുലക്ഷത്തിലേറെയാവും. മറ്റുചെലവുകൾ വേറെയും. 15 ശതമാനം എൻ.ആർ.ഐ. സീ​റ്റുകളിൽ 20 ലക്ഷമാണ് ഫീസ്. അഞ്ചരവർഷത്തെ പഠനത്തിന് ഒന്നേകാൽ കോടിയോളം മുടക്കണം.

ട്യൂഷൻ ഫീസ് 11 ലക്ഷമാക്കാൻ സ്വാശ്രയ മാനേജ്മെന്റുകൾ സർക്കാരുമായി നിയമയുദ്ധത്തിലാണ്. അതിനാൽ കോടതി ഉത്തരവുണ്ടായാൽ അധികഫീസ് നൽകാമെന്ന് സത്യവാങ്മൂലവും നൽകണം. അതേസമയം, യുക്രെയിനിൽ മൂന്നുലക്ഷം രൂപയാണ് വാർഷികഫീസ്. എല്ലാ ചെലവുകളുമടക്കം ആറുവർഷത്തെ എം.ബി.ബി.എസ് പഠിച്ചിറങ്ങാൻ 22മുതൽ 25ലക്ഷം മതിയാവും. ചൈനയിൽ ശരാശരി ചെലവ് 20 ലക്ഷമാണ്. മൂവായിരം മലയാളികൾ അവിടെ പഠിക്കുന്നുണ്ട്. അനൗദ്യോഗിക കണക്കനുസരിച്ച് പ്രതിവർഷം 45,000കോടി രൂപ വിദേശപഠനത്തിന് ഫീസായി ചെലവിടുന്നു. എം.ബി.ബി.എസ് പഠനത്തിനുശേഷം, അതികഠിനമായ യോഗ്യതാപരീക്ഷ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേ​റ്റ് എക്സാം) വിജയിച്ചാലേ രാജ്യത്ത് പ്രാക്ടീസ് ചെയ്യാനാവൂ.

നോട്ടം നോട്ടിൽ

ഇപ്പോൾ കുട്ടികളിൽ നിന്ന് ഈടാക്കുന്ന കനത്ത ഫീസ് മതിയാവാതെ, പകുതി സീറ്റുകളിൽ ഫീസ് നി‌ർണയിക്കാനുള്ള അധികാരം തങ്ങൾക്ക് ലഭിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സ്വാശ്രയ മാനേജ്മെന്റുകൾ. അടുത്തവർഷത്തോടെ സ്വാശ്രയ കോളേജുകളിലെയും കല്പിത സർവകലാശാലകളിലെയും 50 ശതമാനം സീ​റ്റുകളിൽ സർക്കാർ കോളേജുകളിലേതിനു തുല്യമായ ഫീസ് ഈടാക്കണമെന്ന് മെഡിക്കൽ കമ്മിഷൻ ഉത്തരവിട്ടിരുന്നു. ബാക്കി സീറ്റുകളിൽ ഉയർന്ന ഫീസീടാക്കാം. മെഡിക്കൽ പ്രവേശനം നേടുന്ന പകുതി കുട്ടികളെ സർക്കാർ ഫീസിൽ പഠിപ്പിക്കുമ്പോൾ ബാക്കി കുട്ടികളുടെ ഫീസ് നിശ്ചയിക്കാനുള്ള അധികാരം കോളേജുകൾക്ക് നൽകണമെന്നാണ് മനേജ്‌മെന്റുകളുടെ ആവശ്യം. നിയമപോരാട്ടം നീണ്ടാൽ അടുത്തവർഷത്തെ പ്രവേശനനടപടികൾ അവതാളത്തിലാകും. മെഡിക്കൽ കമ്മിഷൻ ആക്ട് നടപ്പാകുന്നതോടെ സംസ്ഥാനത്ത് സ്വാശ്രയ പ്രവേശനം സംബന്ധിച്ച നിയമങ്ങളിൽ പലതും അസ്ഥാനത്താകും. എങ്കിലും സുപ്രീംകോടതി നിർദ്ദേശപ്രകാരം പ്രവേശന മേൽനോട്ടത്തിനും ഫീസ് നിർണയത്തിനുമായുള്ള ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിലനിൽക്കും. സർക്കാർ മെഡിക്കൽ കോളേജുകളിൽ 27,580 രൂപയാണ് വാർഷിക ഫീസ്. മെഡിക്കൽ കമ്മിഷൻ ഉത്തരവ് നടപ്പാക്കിയാൽ മികച്ച റാങ്കുള്ള കുട്ടികൾക്ക് ഈ ഫീസിൽ സ്വാശ്രയ കോളേജുകളിലെ പകുതി സീ​റ്റുകളിൽ പഠിക്കാം. പക്ഷേ, ബാക്കി സീറ്റുകളിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി ഫീസ് നൽകേണ്ടിവരും. ഈ സാഹചര്യം സർക്കാർ എങ്ങനെ നേരിടുമെന്നാണ് ഇനി അറിയേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UKRANE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.