SignIn
Kerala Kaumudi Online
Friday, 29 March 2024 5.18 PM IST

അഭ്യർത്ഥനാ നോട്ടീസിലുമുണ്ട് വാഴയ്ക്കുള്ള വളം

poster

നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകൾ കേരളം കണ്ടിട്ടുണ്ടെങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന് പലവിധ സാദ്ധ്യതകളും ഗുണപാഠങ്ങളുമാണ് പകർന്ന് നൽകിയത്. മിക്ക മണ്ഡലങ്ങളിലും സമ്മതിദായകരെ ചിരിപ്പിക്കാനും സ്ഥാനാർത്ഥികളുടെ ചങ്കിടിപ്പ് കൂട്ടാനുമുള്ള എന്തെങ്കിലുമൊക്കെ കലാപരിപാടികൾ എല്ലാ പാർട്ടികളും തയ്യാറാക്കിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് മനക്കണക്കും കവടി നിരത്തലുമൊക്കെ നടത്തി പരസ്പരം ആരോപണങ്ങളുന്നയിക്കുന്ന ചടങ്ങ് പണ്ട് മുതലേയുള്ളതാണ്. ഇപ്പോഴും അതിന് ഒട്ടും മാറ്റം വന്നിട്ടുമില്ല.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് ഭാവിയിൽ എല്ലാ മുന്നണികൾക്കും അനുകരിക്കാവുന്ന പുതിയ പ്രചാരണ പരിപാടികൾ അരങ്ങേറിയത്. യു.ഡി.എഫ് കേന്ദ്രമാണ് ഏറെ ആസൂത്രണമുള്ള ഈ പരിപാടിയുടെ തിരക്കഥ രചിച്ചത്. ഇനി കാര്യത്തിലേക്ക് വരാം. മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാവാൻ പല നേതാക്കളും കാലേകൂട്ടി ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. സാമാജികനായി സത്യപ്രതിജ്ഞ ചെയ്യാനുള്ള പരിശീലനവും ചിലരൊക്കെ രഹസ്യമായി വീട്ടിൽവച്ചു നടത്തി. പ്രചാരണ സമയത്ത് വോട്ടർമാരോട് എങ്ങനെ ചിരിക്കണം, എങ്ങനെ കൈകൂപ്പണം, വനിതാ വോട്ടർമാരുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനെ എങ്ങനെ എടുക്കണം, എങ്ങനെ മൂക്ക് പിഴിയണം തുടങ്ങിയ കാര്യങ്ങളെല്ലാം കഷ്ടപ്പെട്ട് പരിശീലിച്ചു. മരണവീടുകളിൽ ചെല്ലുമ്പോൾ മുഖത്ത് വിരിയേണ്ട ശോകഭാവങ്ങളും വിവാഹവീട്ടിൽ ചെല്ലുമ്പോൾ പറയേണ്ട തമാശകളുമെല്ലാം പല ആവർത്തി റിഹേഴ്സൽ നടത്തി മനഃപാഠമാക്കി.

മണ്ണുംചാരി ഇരുന്നവൻ

പെണ്ണും കൊണ്ട് പോയി

'മണ്ണുംചാരി ഇരുന്നവൻ പെണ്ണും കൊണ്ടുപോയ' ഇളിഭ്യാനുഭവമാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ മുന്നൊരുക്കം നടത്തിയ നേതാക്കൾക്കുണ്ടായത്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ കൊഴുത്തതോടെ ഇവരുടെ പേരുകൾ അപ്രത്യക്ഷമായി. വനിതയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കണമെന്ന് വനിതാപ്രാതിനിധ്യം ജീവിതവ്രതമാക്കിയ ചില നേതാക്കൾ നിർദ്ദേശിച്ചു. ഈ പിടിവള്ളിയിൽ പിടിച്ചെങ്കിലും 'മറ്റവനെ ' ഒതുക്കാമെന്ന കുതികാൽ വെട്ട് തന്ത്രം ഗ്രൂപ്പ് രോഗം ബാധിച്ചവർ ഭംഗിയായി പ്രയോഗിക്കുക കൂടി ചെയ്തതോടെ വട്ടിയൂർക്കാവ് വീരാംഗനകൾക്കുള്ളതായി. അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ദിരാ ഭവന് സമീപം അരങ്ങേറിയ മുണ്ഡന നാടകം തങ്ങളുടെ വീട്ടുപടിക്കലേക്ക് വന്നാലോ എന്നൊരു ഉൾഭയവും ചിലർക്കുണ്ടായി.

അതോടെ രാഷ്ട്രീയ നിരീക്ഷകർ കവടിയും പലകയുമെടുത്തു. രാഹുൽ ഗാന്ധിയുടെ ഇംഗ്ളീഷ് പ്രസംഗം ഭാവതീവ്രത ചോരാതെയും ഒട്ടും പിശുക്കുകാട്ടാതെയും കിളിനാദത്തിൽ പരിഭാഷപ്പെടുത്തുന്ന മലയാള ഭാഷാ നിപുണ സ്ഥാനാർത്ഥി രൂപത്തിൽ വട്ടിയൂർക്കാവിൽ അവതരിക്കുമെന്ന് ചിലർ പ്രവചിച്ചു. അവരുടെ നാക്ക് കരിനാക്കല്ലാത്തതിനാൽ പ്രവചനം പിഴച്ചു. ഇനിയാര് എന്ന ചിന്ത അന്തരീക്ഷത്തിൽ അങ്ങനെ ചുറ്റിയടിക്കുമ്പോഴാണ് ഒരു പേർ പൊട്ടിവീഴുന്നത്. വീണാനാദം മുഴക്കി സ്ഥാനാർത്ഥി വട്ടിയൂർക്കാവിലെത്തി. സ്ഥാനാർത്ഥിയുടെ വിജയത്തിന് എല്ലാവരും എല്ലുമുറിയെ പണിയെടുക്കണമെന്ന ഉഗ്രശാസനം കെ.പി.സി.സി ആസ്ഥാനത്തു നിന്ന് പുറപ്പെടുവിക്കുകയും ചെയ്തു. ഓടിനടന്ന് സ്ഥാനാർത്ഥി വോട്ടുപിടുത്തം തുടങ്ങിയപ്പോൾ പലരും പറഞ്ഞു ' ഇവർ ജയിച്ചു കയറും'.പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ കൂടി പ്രചാരണത്തിനിറങ്ങിയതോടെ യു.ഡി.എഫ് വിജയം ഉറപ്പിച്ച മട്ടുമായി.

പോസ്റ്റർ പോയ വഴി

വിവിധ ഭാവങ്ങളിലും വർണങ്ങളിലുമുള്ള വ്യത്യസ്ത പോസ്റ്ററുകളാണ് മേനിക്കടലാസിൽ സ്ഥാനാർത്ഥിക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് പ്രിന്റ് ചെയ്തത്. കഴിയുന്നത്ര ചുവരുകളിൽ ഇതെല്ലാം പതിക്കാനും ഏർപ്പാടാക്കി.' എവിടെ തരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ചിരി തൂകും മുഖം മാത്രം 'എന്ന പ്രതീതി ഉണ്ടാക്കാനും കഴിഞ്ഞു. പക്ഷേ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ അടുത്ത ദിവസമാണ് കാര്യങ്ങളുടെ ക്ളൈമാക്സ്. രാവിലെ സ്ഥാനാർത്ഥിക്ക് ഒരു ഫോൺകാൾ. സ്ഥാനാർത്ഥിയുടെ പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു കെട്ട് പോസ്റ്റർ കണ്ടെത്തിയെന്ന്. ഇത് കാണപ്പെട്ടത് ആക്രിക്കടയിലാണെന്ന് കൂടി കേട്ടതോടെ സ്ഥാനാർത്ഥി അന്തം വിട്ടു. ശത്രുക്കൾ പോലും കാട്ടാത്ത ക്രൂരത. തിരഞ്ഞെടുപ്പു ഫലം വരുന്നതു വരെ പോലും കാത്തിരിക്കാൻ ക്ഷമകാട്ടാത്ത ഏതോ പാർട്ടിക്കാരനാണ് വോട്ടെടുപ്പിന് തൊട്ടുപിറ്റേന്ന് സ്ഥാനാർത്ഥിയുടെ പോസ്റ്റർ വിറ്റ് പുട്ടടിച്ചത്.

സംഭവമറിഞ്ഞതോടെ ദേശീയവാദിയായ കെ.പി.സി.സി അദ്ധ്യക്ഷൻ വായിലെ സർവപല്ലുകളും കടിച്ചുപിടിച്ച് ഉറഞ്ഞുതുള്ളി. തെറ്റ് ആരു ചെയ്താലും അവരെ വച്ചേക്കില്ലെന്ന മട്ടിൽ ക്ഷോഭിച്ചു. സംശയത്തിനിടയായ ഒരു പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പക്ഷേ അതുകൊണ്ടും തീർന്നില്ല കാര്യങ്ങൾ. ദുഃഖഭാവത്താൽ വീർത്ത മുഖവും ഈറനണിഞ്ഞ മിഴികളുമായി സ്ഥാനാർത്ഥി കെ.പി.സി.സി ആസ്ഥാനത്തെത്തി സംസ്ഥാന അദ്ധ്യക്ഷനോട് നേരിട്ട് തന്റെ സങ്കടം ഉണർത്തിച്ചു. മണ്ഡലത്തിലെ സാധാരണ പ്രവർത്തകർ തനിക്കൊപ്പം ആത്മാർത്ഥമായി പ്രവർത്തിച്ചെന്നും ഇത്തരത്തിലുള്ള കടുംകൈ ചെയ്തവരെ പാർട്ടി നേതൃത്വം കണ്ടെത്തണമെന്നും അവർ ഗദ്ഗദകണ്ഠയായി പറഞ്ഞപ്പോൾ, പാർട്ടി അദ്ധ്യക്ഷന്റെ കവിളിലൂടെയും കണ്ണീർചാലൊഴുകി. അമ്പലമുറ്റത്തെ വെളിച്ചപ്പാടിനെപ്പോലെ വീണ്ടും അദ്ദേഹം ഉറഞ്ഞു തുള്ളി. കുറ്റവാളിയെ ഉടൻ പിടിക്കണമെന്ന് അദ്ദേഹം ആക്രോശിച്ചപ്പോൾ ഇന്ദിരാഭവന്റെ ഭിത്തികൾ പോലും വിറച്ചു.

ദൂരെ ദൂരെ ഒരു ഞാലിപ്പൂവൻ പഴത്തോട്ടം

പാർട്ടി അദ്ധ്യക്ഷന്റെ ഉറഞ്ഞുതുള്ളലിൽ അല്പം ആശ്വാസം കിട്ടിയതോടെ സ്ഥാനാർത്ഥി വീട്ടിലേക്ക് മടങ്ങി, സർവതന്ത്ര പരിത്യാഗിയുടെ പരിവേഷത്തോടെ. വീട്ടിലെത്തി അല്പമൊന്നു വിശ്രമിക്കാൻ തുടങ്ങുമ്പോൾ മൊബൈൽ ശബ്ദിച്ചു. നിസംഗതയോടെ ഫോണെടുത്തപ്പോൾ, അങ്ങേത്തലയ്ക്കൽ തന്റെ അടുത്ത അനുയായിയാണ്. നഗരത്തോട് തൊട്ടുകിടക്കുന്ന പ്രദേശത്തെ ഒരു വാഴത്തോട്ടത്തിലെ വാഴകളുടെ ചുവട്ടിൽ സമ്മതിദായകരോട് വോട്ടഭ്യർത്ഥിച്ചുള്ള സ്ഥാനാർത്ഥിയുടെ നോട്ടീസുകൾ കണ്ടെന്ന്. ചുവരുകളിൽ പതിക്കേണ്ട പോസ്റ്റർ ആക്രിക്കടയിൽ, വോട്ടർമാരുടെ കൈയിലെത്തേണ്ട അഭ്യർത്ഥന നോട്ടീസ് വാഴത്തോപ്പിൽ. തന്നോടുള്ള പാർട്ടി പ്രവർത്തകരുടെ സ്നേഹവും ലാളനയും അപ്പോഴാണ് സ്ഥാനാർത്ഥിക്ക് ശരിക്കും ബോദ്ധ്യപ്പെട്ടത്. ഉള്ളിൽ നിന്ന് സങ്കടം തികട്ടിവന്നു. വീണ്ടും ഇന്ദിരാഭവനിലെത്തി പരാതി പറയാമെന്ന് ആദ്യം ചിന്തിച്ചു. പക്ഷേ അതുകൊണ്ടു പ്രത്യേക പ്രയോജനമൊന്നും കിട്ടാനില്ലെന്ന് പിന്നീടാണ് മനസിലായത്. പലവട്ടം ആലോചിച്ചു. ഒടുവിൽ തത്വശാസ്ത്രപരമായ ഒരു തോന്നൽ മനസിലേക്ക് വന്നു, തന്റെ അഭ്യർത്ഥന ജനങ്ങളുടെ കൈയിൽ എത്തിയില്ലെങ്കിലും വാഴയ്ക്ക് വളമായല്ലോ.

ഇതുകൂടി കേൾക്കണേ

പാർട്ടിയും വോട്ടുമൊക്കെ ശരി. വേണ്ടത്ര കൈമടക്കില്ലെങ്കിൽ പോസ്റ്റർ ആക്രിക്കടയിലും നോട്ടീസ് വാഴച്ചുവട്ടിലും കിടക്കുമെന്ന് ഭാവിയിൽ സ്ഥാനാർത്ഥികളാവുന്നവരെങ്കിലും ഓർക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA S NAIR POSTER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.