SignIn
Kerala Kaumudi Online
Saturday, 20 April 2024 3.44 AM IST

തലശേരിയും മമ്പറവും ചില കോൺഗ്രസ് യാഥാർത്ഥ്യങ്ങളും

vivadavela

"പാർട്ടിക്ക് മുകളിൽ ആരും പറക്കില്ല "- കഴിഞ്ഞ ദിവസം രാത്രിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇട്ട ഫേസ്ബുക് പോസ്റ്റിന്റെ തലവാചകം ഇതായിരുന്നു. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗികപാനൽ വിജയിച്ചതാണ് ഫേസ്ബുക് പോസ്റ്റിന് ആധാരം. ഒരു പൊതുതിരഞ്ഞെടുപ്പിന്റെ ആവേശം പ്രകടമാക്കിയ തിരഞ്ഞെടുപ്പായിരുന്നു തലശേരിയിലേത്.

പ്രാദേശികമായ ഒരു ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സാധാരണനിലയ്ക്ക് ചിന്തിച്ച് നോക്കിയാൽ കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ രണ്ടാഴ്ചയോളം സ്ഥലത്ത് ക്യാമ്പ് ചെയ്ത് തന്ത്രങ്ങൾ ആസൂത്രണം ചെയ്യേണ്ട കാര്യമില്ലാത്തതാണ്. പക്ഷേ, തിരുവനന്തപുരത്ത് പാർട്ടി നിശ്ചയിച്ച, കെ.പി.സി.സിയുടെ സ്ഥാപകനേതാവ് കൂടിയായ കെ. മാധവൻനായർ അനുസ്മരണച്ചടങ്ങിൽ പോലും ഓൺലൈനിലൂടെ ആശംസയറിയിച്ച് കണ്ണൂരിൽത്തന്നെ നിൽക്കുകയായിരുന്നു കെ. സുധാകരൻ.

29 വർഷമായി തലശ്ശേരി ആശുപത്രി ഭരണസമിതിക്ക് ചുക്കാൻ പിടിച്ചത് കണ്ണൂർജില്ലയിലെ കെ. സുധാകരനോളം തന്നെ പ്രതാപിയായ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനായിരുന്നു. സഹകരണമേഖലയുടെ പറുദീസയായ കണ്ണൂർ ജില്ലയിലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള അപൂർവം സഹകരണസ്ഥാപനങ്ങളിലെ ഏറ്റവും തലയെടുപ്പുള്ളതാണ് തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രി.

ഇരുമെയ്യാണെങ്കിലും ഒറ്റ മനസോടെ ഒരുകാലത്ത് നീങ്ങിയിരുന്ന കെ. സുധാകരനും മമ്പറം ദിവാകരനും തമ്മിലെ പോര് കണ്ണൂർ കോൺഗ്രസിൽ ഏറെ പ്രസിദ്ധമാണ്. തലശേരി ബ്രണ്ണൻ കോളേജിലെ പഴയൊരു സംഘർഷത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കെ. സുധാകരനും തമ്മിൽ സമീപകാലത്തുണ്ടായ കൊമ്പുകോർക്കൽ കണ്ടതാണല്ലോ. ആ വാഗ്വാദത്തിൽ സുധാകരന്റെ വാദങ്ങളെ തള്ളി മുഖ്യമന്ത്രിയാണ് ശരിയെന്ന് സ്ഥാപിക്കാൻ നിന്നവരിൽ മമ്പറവുമുണ്ടായിരുന്നു. 2016ൽ പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയാണ് മമ്പറം ദിവാകരൻ.

സുധാകരനും വി.ഡി.സതീശനും ഉൾപ്പെട്ട നേതൃനിരയുടെ കൈകളിലേക്ക് സംസ്ഥാന കോൺഗ്രസിന്റെ കടിഞ്ഞാൺ വന്നുകഴിഞ്ഞ ശേഷം അവരുടെ നേതൃത്വം എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്ന് പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഭരണസമിതികളിൽ ഒരേ ആൾക്കാർ തന്നെ വർഷങ്ങളോളം തുടരുന്ന രീതി അവസാനിപ്പിക്കണമെന്നായിരുന്നു. അഞ്ച് വർഷ കാലാവധി നിശ്ചയിച്ചു.

ആ തീരുമാനത്തിന്റെ ആദ്യ പരീക്ഷണശാല സന്ദർഭവശാൽ തലശേരി ആശുപത്രിയായി. അവിടെ പക്ഷേ മൂന്ന് പതിറ്റാണ്ടായി ഭരിക്കുന്ന മമ്പറം ദിവാകരന് അത് കൈയൊഴിയാൻ ബുദ്ധിമുട്ടുണ്ടായി. പാർലമെന്ററി വ്യാമോഹം കോൺഗ്രസുകാർക്ക് പുത്തരിയല്ല. എം.എൽ.എമാരും എം.പിമാരുമൊക്കെ വർഷങ്ങളോളം തുടരുന്ന രീതി കോൺഗ്രസിലാണ് നാം കാണുന്നത്. അതിന് അവരെ കുറ്റം പറയാനുമാവില്ല. ആൾക്കൂട്ടത്തിന്റെ പ്രസ്ഥാനത്തിൽ അധികാരസ്ഥാനങ്ങളും പദവികളുമാണ് ഒരാളെ നേതാവാക്കി നിലനിറുത്തുന്നത്.

പാർട്ടിയിൽ വർഷങ്ങളായി വെള്ളം കോരി നില്‌ക്കുന്നവരെയും പരിഗണിക്കാതെ ഇനിയങ്ങോട്ടുള്ള കാലത്ത് രാഷ്ട്രീയപ്രസ്ഥാനത്തിന് നിലനില്പുണ്ടാകില്ലെന്നും ആഗോളീകരണത്തിന്റെ മായാലോകത്ത് കഴിയുമ്പോൾ അധികാരമുള്ളിടത്തേക്കും സ്ഥാനമാനങ്ങളുടെ പ്രലോഭനമുള്ളിടത്തേക്കും ആളുകൾ ഒഴുകിപ്പോകുന്നത് തടയിടാനാവില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞത് നല്ലതുതന്നെ. അങ്ങനെയാണ് പാർട്ടി സ്ഥാപനങ്ങളുടെ ഭരണസമിതികൾ ആർക്കെങ്കിലും സ്ഥിരമായി തീറെഴുതി നല്‌കാനാവില്ലെന്ന തീരുമാനം കോൺഗ്രസ് പാർട്ടി കൈക്കൊണ്ടത്.

അതിനെ പൊളിക്കാനുള്ള മമ്പറം ദിവാകരന്റെ നീക്കത്തെ പ്രതിരോധിക്കാൻ സുധാകരന്റെ പഴുതടച്ചുള്ള പോരാട്ടത്തിലൂടെയാണ് സാധിച്ചത്. ദിവാകരനും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയും വെവ്വേറെ പാനലുകളായി ഏറ്റുമുട്ടി. 12 പേർ വീതം ഇരുഭാഗത്തും മത്സരിച്ചു. 1700 പേർ വോട്ട് രേഖപ്പെടുത്തി. എൺപത് ശതമാനം വോട്ടും ഡി.സി.സിയുടെ ഔദ്യോഗികപാനൽ നേടി. അക്രമസാദ്ധ്യത കാട്ടി ഹൈക്കോടതിയെ മമ്പറം ദിവാകരൻ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം തലശ്ശേരിയിൽ കനത്ത പൊലീസ് സുരക്ഷയും നിരോധനാജ്ഞയും വരെ ഏർപ്പെടുത്തി.

പാർട്ടി നിർദ്ദേശം ലംഘിച്ച് മത്സരിക്കാനൊരുമ്പെട്ട ദിവാകരനെ ആദ്യമേ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടാണ് സുധാകരന്റെ തുടക്കം. ദിവാകരന് സി.പി.എമ്മിന്റെ പരോക്ഷ പിന്തുണയുണ്ടായെന്നും ഇല്ലെന്നും പറയുന്നു. വരും വർഷങ്ങളിൽ മമ്പറത്തെ ഉപയോഗപ്പെടുത്തി ഇനി സി.പി.എമ്മും കരുക്കൾ നീക്കുമോയെന്ന് നിശ്ചയവുമില്ല. ഏതായാലും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കും കെ. സുധാകരനും പുതിയ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും തിളക്കമേറ്രുന്നതായി തലശേരിയിലെ വിജയം. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് കിട്ടിയ അംഗീകാരം ഇത് അടയാളപ്പെടുത്തുന്നു എന്നിടത്താണ് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇതുളവാക്കാനിടയുള്ള അനുരണനങ്ങളെപ്പറ്റി ചിന്തിച്ചുപോകുന്നത്.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കെ. സുധാകരൻ കുറിച്ച ഫേസ്ബുക് പോസ്റ്റ് മമ്പറം ദിവാകരനുള്ള മുന്നറിയിപ്പോ തലശേരി വിജയത്തിന്റെ ആഹ്ലാദപ്രകടനമോ ആകുന്നില്ല.

'ആരും മുകളിലല്ല'

"ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവർത്തകരുടെ വിജയം, കോൺഗ്രസിന്റെ വിജയം! ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല, ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം. ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം.

ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും! കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും!! ഞാനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി. ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ... ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല... ഒരു മനസോടെ ഒരേ വികാരമായി ഒരു സാഗരം പോലെ ത്രിവർണപതാക ചോട്ടിൽ ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ... അവർക്ക് വ്യക്തികളല്ല വലുത്, കോൺഗ്രസ് മാത്രമാണ്. കോൺഗ്രസ് മാത്രം!

ഇവിടെ ആർക്കും മാറിനില്‌ക്കാനാവില്ല, മുന്നോട്ട്... ജയ് കോൺഗ്രസ്!" തലശേരിയിലെ സഹകരണാശുപത്രി തിരഞ്ഞെടുപ്പ് വിജയാനന്തരം കെ. സുധാകരന്റേതായി പുറത്തുവന്ന ഫേസ്ബുക് പോസ്റ്റാണിത്. സന്ദർഭവും സാരസ്യവും നോക്കിയിട്ടാണെങ്കിൽ സംഗതി മമ്പറം ദിവാകരനുള്ള മുന്നറിയിപ്പ് ആണ്. പക്ഷേ, പോസ്റ്റിന്റെ ഒരു പുനർവായന പല വിശാലമാനങ്ങളും സമ്മാനിക്കുന്നുണ്ട്. ആരും പ്രസ്ഥാനത്തിന് മുകളിലല്ലെന്നും ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരല്ലെന്നും കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നുമല്ലെന്ന തിരിച്ചറിവുണ്ടാകണമെന്നും സുധാകരൻ ഓർമ്മിപ്പിച്ചു. ആരും അനിവാര്യർ അല്ലെന്ന് സുധാകരൻ പറയുമ്പോൾ, ഇതിനോടകം കോൺഗ്രസിന്റെ പുരപ്പുറത്തേക്ക് കുടിയിരുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്ന രണ്ട് നേതാക്കളാണ് അസ്വസ്ഥതയോടെ പുരികം ചുളിക്കുന്നത്. മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തരമന്ത്രിയും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലയും. സുധാകരൻ ഉറച്ച ആത്മവിശ്വാസത്തോടെ ഇപ്രകാരം മുന്നറിയിപ്പ് നല്‌കുമ്പോൾ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആശീർവാദവും പിന്തുണയും അദ്ദേഹം ഊട്ടിയുറപ്പിക്കുന്നുവെന്ന് വേണം മനസിലാക്കാൻ. സുധാകര സംഘത്തിന്റേത് ഏകപക്ഷീയ നിലപാടുകളെന്ന പരാതിയുമായി ഹൈക്കമാൻഡിനെ സമീപിച്ചിട്ടും ഉമ്മൻ ചാണ്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. താഴെത്തട്ടിൽ കോൺഗ്രസ് പ്രവർത്തകരിലുണ്ടായ ഉണർവ് തങ്ങളുടെ തീരുമാനങ്ങളുടെ കൂടി വിജയമായി പുതിയ നേതൃത്വം വിലയിരുത്തുകയും അതിനെ ഹൈക്കമാൻഡ് സമ്മതിച്ച് കൊടുക്കുകയുമാണ്. താഴെത്തട്ടിൽ രൂപീകരിച്ച് തുടങ്ങിയിട്ടുള്ള കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളിലെല്ലാം വർദ്ധിച്ച ആവേശമാണ് കാണുന്നതെന്ന് സുധാകരൻ അവകാശപ്പെടുന്നു. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ എന്ന് അതിനാൽ സുധാകരൻ ഓർമ്മിപ്പിച്ചത് മമ്പറം ദിവാകരനെ മാത്രമല്ലെന്ന് വേണം കാണാൻ. കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കാൻ സുധാകരൻ ആഹ്വാനം ചെയ്യുന്നു. അവിടെ ഇന്നലെകളിൽ കണ്ട നൈരാശ്യം പിടി ച്ച കോൺഗ്രസല്ലെന്ന് ആവേശം കൊള്ളുന്നു. ഒരു മനസോടെ ഒരേ വികാരമായി ഒരു സാഗരം പോലെ ത്രിവർണപതാകയുടെ ചുവട്ടിലേക്കൊഴുകിയെത്തുന്ന ജനലക്ഷങ്ങളെ അദ്ദേഹം കാണുന്നു. ശരിയായാലും ഇല്ലെങ്കിലും സുധാകരന്റെ സ്വപ്നത്തിന് ആത്മാർത്ഥതയുടെ തെളിച്ചമുണ്ടെന്ന് കോൺഗ്രസുകാർ ചിന്തിക്കുന്നുണ്ട്. ആ ജനലക്ഷങ്ങൾക്ക് വ്യക്തികളല്ല വലുത്, കോൺഗ്രസ് ആണെന്ന് സുധാകരൻ ഓർമ്മിപ്പിക്കുന്നത് അതുകൊണ്ട് മമ്പറം ദിവാകരനെയല്ല. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമാണ്. അതുകൊണ്ടാണ്, ഇവിടെ ആർക്കും മാറി നില്‌ക്കാനാവില്ലെന്ന് കൂടി സുധാകരൻ പറഞ്ഞുവയ്ക്കുന്നത്. തിരുവനന്തപുരത്ത് തന്നെ ഉണ്ടായിട്ടും കഴിഞ്ഞ യു.ഡി.എഫ് നേതൃയോഗം ബഹിഷ്കരിച്ചത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. അത് വലിയ വാർത്തയാക്കാൻ പദ്ധതിയാസൂത്രണം ചെയ്തത് എ, ഐ ഗ്രൂപ്പ് മാനേജർമാരാണെന്നും സുധാകരനും സതീശനും സംശയിക്കുന്നു. ഒരുപക്ഷേ, ഉമ്മൻ ചാണ്ടിയേക്കാൾ ഇത്തരം ഒളിപ്പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് രമേശ് ചെന്നിത്തലയാണെന്ന തോന്നലും അവർക്കില്ലാതില്ല. ഗ്രൂപ്പുകൾക്കപ്പുറത്തേക്ക് ചിന്തിച്ച് എ ഗ്രൂപ്പിലെ ഒരു കാലത്ത് പ്രമാണിയായിരുന്ന ബെന്നി ബെഹനാന്റെ കൈ രമേശിനൊപ്പമുണ്ടെന്നതാണ് ആ ചിന്തയ്ക്ക് പ്രേരണ. സംസ്ഥാന കോൺഗ്രസിൽ നേതൃത്വത്തിലിരിക്കുന്നവരോട് മാത്രമാണ് ഹൈക്കമാൻഡിന്റെ പ്രതിപത്തി എപ്പോഴും ഉണ്ടാകാറ്. സർവപ്രതാപിയായ ലീഡർ കെ. കരുണാകരൻ അവസാനകാലത്ത് നേരിട്ട ദുരവസ്ഥ കോൺഗ്രസ് രാഷ്ട്രീയത്തിൽ കണ്ടതാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ശേഷമാണ് ഗ്രൂപ്പ് അതിപ്രസരങ്ങൾക്കപ്പുറത്തേക്ക് കോൺഗ്രസിന് സംഘടനാജീവൻ കൂടി വേണമെന്ന ചിന്ത അഖിലേന്ത്യാ നേതൃത്വത്തിൽ ഉടലെടുത്തത്. ശോഷിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ് ശരീരത്തിന് അല്പമെങ്കിലും ആരോഗ്യമുണ്ടെന്ന് പറയാവുന്ന കേരളത്തിലും സ്ഥിതി മോശമാകുമെന്ന് നേതൃത്വം ചിന്തിച്ചുവെന്ന് തോന്നുന്നു. കിട്ടിയ അവസരം മുതലെടുത്താണ് ഗ്രൂപ്പ് മേധാവിത്വത്തിന് തടയിടാനുള്ള നീക്കം അവർ നടത്തിയത്. അതിന് സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിയായിരിക്കുന്ന കെ.സി. വേണുഗോപാലിന്റെ കാർമ്മികത്വമുണ്ടായി. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സമ്മർദ്ദങ്ങളെ അതിജീവിച്ച് മുന്നേറുന്നതിൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന സംശുദ്ധനായ രാഷ്ട്രീയനേതാവിന് പരിമിതികളുണ്ടായിയെന്നതാണ് സമൂല അഴിച്ചുപണിക്ക് ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചത്.

കൂടുമാറ്റത്തിന്റെ കാലം

അഭയമുള്ളിടത്തേക്ക് അഭയാർത്ഥിപ്രവാഹം എന്ന് വെറുതെ പറയുന്നതല്ല. സംസ്ഥാന കോൺഗ്രസിൽ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ തിരിച്ചറിയുന്നവരുടെ എണ്ണം ഗ്രൂപ്പ് ഭേദമെന്യേ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വേണുഗോപാൽ- സുധാകരൻ- സതീശൻ അച്ചുതണ്ടിന് ചുറ്റും കറങ്ങിയാലേ ഇനിയങ്ങോട്ട് രക്ഷയുള്ളൂ എന്ന് പലരും ചിന്തിക്കുന്നു. എ, ഐ ഗ്രൂപ്പുകളുടെ തലതൊട്ടപ്പന്മാരായി വിരാജിച്ചിരുന്ന പ്രമുഖരുടെ കൂടുമാറ്റമാണ് ഗ്രൂപ്പ് മാനേജർമാർക്കൊപ്പം സാധാരണ കാണികളെയും അമ്പരപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നത്. മുൻ സ്പീക്കർ എൻ. ശക്തൻ, പാലോട് രവി, വി.എസ്. ശിവകുമാർ, ശൂരനാട് രാജശേഖരൻ എന്നീ പ്രമാണിമാർ ഇവരിൽ ചിലർ മാത്രം. ഒരിക്കലും വിട്ടുപോരാൻ സമ്മതിക്കാത്ത മനസുമായി നില്‌ക്കുന്ന ആത്മാർത്ഥരും നിഷ്കളങ്കരും അപവാദമായിട്ടുണ്ടാകാം. കെ. ബാബു, കെ.സി. ജോസഫ്, തമ്പാനൂർ രവി, ജോസഫ് വാഴയ്ക്കൻ എന്നിങ്ങനെ. കൂട്ടത്തിൽ പഴയ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനുണ്ട്. പക്ഷേ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തവൃത്തത്തിൽ നിന്ന് യു.ഡി.എഫ് കൺവീനറായിരുന്നപ്പോഴേ പുറത്തേക്ക് പോയ ബെന്നിക്കിപ്പോൾ കൂറ് രമേശിനോടാണെന്ന് കോൺഗ്രസ് അങ്ങാടിയിലെ പരസ്യമായ രഹസ്യമാണ്. അതെ, സംസ്ഥാന കോൺഗ്രസിൽ ഇനി അല്പകാലത്തേക്കെങ്കിലും ത്രിമൂർത്തികളുടെ കാലമാണ്. വേണുഗോപാലും സുധാകരനും സതീശനും. അടുത്ത പൊതുതിരഞ്ഞെടുപ്പ് വരേക്കെങ്കിലും ഇതങ്ങനെ തന്നെയായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.