SignIn
Kerala Kaumudi Online
Friday, 29 March 2024 7.31 AM IST

രാജിയും രാഷ്ട്രീയ സമരമാണ്

vivadavela

രാജിയും ഒരു രാഷ്ട്രീയ സമരമാണെന്ന് പറഞ്ഞത് പു.ക.സ സംസ്ഥാന അദ്ധ്യക്ഷപദവിയിൽ നിന്ന് രാജിവച്ച വേളയിൽ പ്രൊഫ.എം.എൻ. വിജയൻ ആണ്. വിജയൻ മാഷ് ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾ, വർഗീയധ്രുവീകരണത്തിന്റെയും കോർപ്പറേറ്റ് പ്രീണനത്തിന്റെയും ആശങ്കാകുലമായ രാഷ്ട്രീയാന്തരീക്ഷത്തിൽ പൊരുതിനിൽക്കുന്നതിനുള്ള വലിയ ഊർജ്ജമാണ്. പ്രതീക്ഷയേകേണ്ട ഇടതുപക്ഷത്തെ പോലും അധികാര രാഷ്ട്രീയത്തിന്റെ ആസക്തികൾ ഗ്രസിക്കുന്ന അപകടാവസ്ഥയും കൂടി ഇന്ന് നമ്മെ തുറിച്ചുനോക്കുന്നു. തിരഞ്ഞെടുപ്പാനന്തര കാലഘട്ടത്തിലൂടെ കേരളം സഞ്ചരിക്കുമ്പോൾ ഒരു രാജിപ്രശ്നമാണ് കേരളത്തിന്റെ രാഷ്ട്രീയമനസിനെ പൊള്ളിക്കുന്നത്. മന്ത്രി കെ.ടി. ജലീലിന്റെ രാജിയുണ്ടായിരിക്കുന്നു. നേരത്തേ ഉണ്ടാവേണ്ടതാണ്. വൈകിപ്പോയെങ്കിലും ബെറ്റർ ലേറ്റ് ദാൻ നെവർ എന്നാണല്ലോ...

ജലീലും ബന്ധു നിയമനവും

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആയി പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ നിയമിക്കാൻ മന്ത്രി കെ.ടി. ജലീൽ അനധികൃത ഇടപെടലുകൾ നടത്തിയതാണ് ആരോപണത്തിനിടയാക്കിയത്. 2018ൽ ഇതേറെ കോലാഹലം സൃഷ്ടിച്ചതാണ്. പിന്നീട് കെട്ടടങ്ങി. ഹൈക്കോടതിയിലും ഗവർണറുടെ മുന്നിലും പരാതികളെത്തി. അതിനിടയ്ക്ക് കെ.ടി. അദീബിന്റെ രാജി സംഭവിച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ജനറൽ മാനേജർ തസ്തികയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ സർക്കാരിന് കീഴിലെ ധനകാര്യ സ്ഥാപനത്തിലേക്ക് അദീബിനെ പരിഗണിക്കാനായിരുന്നു നീക്കം. ശമ്പളം കൈപ്പറ്റും മുമ്പേ അദീബ് രാജി വച്ചൊഴിഞ്ഞു. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിട്ടില്ല. ഹൈക്കോടതിയോ ഗവർണറോ കേസിന്റെ മെറിറ്റിലേക്ക് കടന്നിട്ടില്ലെന്നാണ് ആരോപണമുയർത്തുന്ന മുസ്ലിം യൂത്ത് ലീഗിന്റെ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയാണ് കേസ് ലോകായുക്തയുടെ മുമ്പാകെ എത്തുന്നത്. ലോകായുക്ത നിയമം 14 (2) പ്രകാരം പുറപ്പെടുവിച്ച ഉത്തരവിൽ മന്ത്രി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തിയെന്ന് തെളിഞ്ഞെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കാനും ലോകായുക്ത നിർദ്ദേശിച്ചു. ഒരു മന്ത്രിയെ പുറത്താക്കാൻ ലോകായുക്ത വിധിക്കുന്നത് ഇതാദ്യമാണ്. ലോകായുക്ത അല്പം കടന്നുപോയോ എന്ന സന്ദേഹം സി.പി.എം കേന്ദ്രങ്ങളുന്നയിച്ചത് അതുകൊണ്ടാണ്. പക്ഷേ, അതിൽ സാംഗത്യമില്ല. സർക്കാരിന്റെ അഴിമതികൾ കണ്ടെത്താൻ നിയുക്തമായ ജുഡിഷ്യൽ സംവിധാനമാണ് ലോകായുക്ത. കേരളത്തിൽ ഇത് നിയമിതമായത് 1996ലെ ഇടതുമുന്നണി സർക്കാരിന്റെ കാലത്താണ്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന ഇ.കെ.നായനാർ അന്ന് മുഖ്യമന്ത്രിയായിരുന്നു. ഇന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകനാണ് ആരോപണനി ഴലിൽ. മുഖ്യമന്ത്രി ഇപ്പോൾ കൊവിഡ് ചികിത്സയിലാണ്. അദ്ദേഹം ലോകായുക്ത ഉത്തരവിനോട് പ്രതികരിച്ചിട്ടില്ല, . അദ്ദേഹത്തെക്കൂടി പ്രതിചേർത്തുള്ള കടന്നാക്രമണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഇ.കെ. നായനാരുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. പക്ഷേ ഇപ്പോൾ രാജി സംഭവിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണ് സംസാരം. ലോകായുക്ത ഉത്തരവ് പഠിച്ചശേഷം മുഖ്യമന്ത്രി തന്നെ ജലീലിനോട് രാജിയാണ് പോംവഴിയെന്ന് നിർദ്ദേശിച്ചതായി അറിയുന്നു. അത്രയും നന്ന്.

ജലീലിന് കോടതിയിൽ പോകാൻ ഭരണഘടനയുടെ അനുവാദമുണ്ട് . ലോകായുക്ത ഉത്തരവിന്മേൽ അപ്പീലിന് വ്യവസ്ഥയില്ല. എന്നാൽ റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്യാനുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 227 ഏതൊരു പൗരനും അനുവദിക്കുന്നുണ്ട്. ആ അനുവാദം മന്ത്രി ജലീലിനുമുണ്ട്. ആ ഭരണഘടനാപരമായ അവകാശം ഉപയോഗിച്ചാണ് ജലീൽ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, അതിനപ്പുറത്ത് ഒരു ധാർമ്മികതയുടെ വശം ഇതിനകത്ത് കിടപ്പില്ലേയെന്ന ചോദ്യമാണ് പ്രസക്തം. കെ.ടി. അദീബിനെ നിയമിച്ചെങ്കിലും അദ്ദേഹം രാജിവച്ചതിനാൽ വിവാദത്തിൽ കാര്യമില്ലെന്ന ജലീലിന്റെ യുക്തിയെ ലോകായുക്ത ചോദ്യം ചെയ്തിട്ടുണ്ട്. രാജിവച്ചു എന്നത് കൊണ്ട് ക്രമക്കേട് ഇല്ലാതാകുന്നില്ലെന്ന് ലോകായുക്ത പറഞ്ഞു. പലകാര്യങ്ങളും മറച്ചുവച്ചുള്ള തിടുക്കം അദീബിന്റെ നിയമനക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. അത് ജലീലിന്റെ ഇക്കാര്യത്തിലെ പ്രത്യേക താത്‌പര്യം വ്യക്തമാക്കുന്നുവെന്ന് ലോകായുക്ത കണ്ടെത്തുന്നു. സ്വജനപക്ഷപാതം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായാൽ അത് സത്യപ്രതിജ്ഞാ ലംഘനമാണ്. ആരോടും പ്രീതി കൂടാതെ പ്രവർത്തിക്കുമെന്ന് ഭരണഘടനയിൽ തൊട്ട് സത്യവാചകം ചൊല്ലിയാണല്ലോ മന്ത്രിമാർ അധികാരമേൽക്കുന്നത്. ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, സുപ്രീംകോടതിയിൽ ജഡ്ജിയായിരുന്ന ഉന്നതനാണ്. നീതിയുടെ തുലാസ് അല്പം ഉയർന്നുതന്നെ അദ്ദേഹത്തിന്റെ ബോധത്തെ നയിക്കുമെന്ന് കരുതുന്നവർ ഏറെ. ലോകായുക്ത ഉത്തരവിൽ തീരുമാനമെടുക്കാൻ മൂന്ന് മാസത്തെ സാവകാശമുണ്ടല്ലോയെന്ന വാദം അപ്രസക്തമാണ്. മൂന്ന് മാസത്തിനകം മുഖ്യമന്ത്രി ആക്ഷൻ ടേക്കൺ റിപ്പോർട്ട് ലോകായുക്തയ്ക്ക് കൈമാറണം. ഇതൊരു കീഴ്ക്കോടതി വിധിയായി കാണേണ്ടതല്ല. കാരണം ലോകായുക്ത സുപ്രീംകോടതി മുൻ ജഡ്ജിയാണെന്നത് തന്നെ.

സി.പി.എം നിലപാടുകൾ

2011 ആഗസ്റ്റ് 25ന്, ലോക്പാൽ ബില്ലിനെക്കുറിച്ചുള്ള രേഖയിൽ സി.പി.എം പറയുന്നു: " അധികാരത്തിലുള്ളവരുടെ ബന്ധുക്കൾക്ക് നൽകുന്ന അനർഹമായ ആനുകൂല്യങ്ങൾ റദ്ദാക്കിയാൽ മാത്രം പോരാ. വഴിവിട്ട നടപടിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം. മന്ത്രി രാജിവയ്ക്കുകയും വേണം. സ്വകാര്യ ലാഭത്തിനായുള്ള അധികാര ദുർവിനിയോഗം മാത്രമല്ല, സ്വജനപക്ഷപാതവും സ്വാധീനം ഉപയോഗിക്കലും അഴിമതിയായി കണക്കാക്കണം. "

ധാർമ്മികത ചോദ്യമാകുമ്പോൾ കോടതി പരാമർശങ്ങളുടെ പേരിലുണ്ടായ രാജികൾക്ക് ഉദാഹരണങ്ങൾ നിരത്താൻ ഏറെയുണ്ട് കേരളത്തിൽ. ഏറ്റവുമൊടുവിലത്തേത് 2015ലെ കെ.എം. മാണിയുടെ രാജിയാണ്. ബാർ കോഴക്കേസ് വിവാദം കൊടുമ്പിരിക്കൊണ്ടപ്പോൾ, കേസിനെ കെ.എം. മാണി ചോദ്യം ചെയ്തതാണ്. തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി പറഞ്ഞതിനാണ് മന്ത്രിസ്ഥാനത്ത് നിന്ന് മാണി ഒഴിഞ്ഞത്. സീസറുടെ ഭാര്യ സംശുദ്ധയായിരിക്കണം എന്നൊരു പരാമർശം ഹൈക്കോടതി അന്ന് നടത്തിയപ്പോൾ മാണിയുടെ ധാർമ്മിക രാജിയ്‌ക്കായി മുറവിളി കൂട്ടിയത് അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷമാണ്. ആ വർഷം നവംബറിലാണ് മാണി രാജിവച്ചത്. കാലം മുന്നോട്ട് നീങ്ങി. മാണി കേരള നിയമസഭയിൽ അൻപത് വർഷം പൂർത്തിയാക്കിയപ്പോൾ നിയമസഭയിൽ കെ.എം. മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് മാണി പ്രമാണി എന്നായിരുന്നു. 1977ൽ, അടിയന്തരാവസ്ഥയ്ക്ക് ശേഷം മുഖ്യമന്ത്രിയായി അധികാരമേറ്റ കെ. കരുണാകരനെ വേട്ടയാടിയത്, അടിയന്തരാവസ്ഥക്കാലത്തെ രാജൻ കേസായിരുന്നു. മകൻ രാജന്റെ തിരോധാനത്തിൽ ഉലഞ്ഞ ഈച്ചരവാര്യർ എന്ന പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കക്കയം പൊലീസ് ക്യാമ്പിൽ ഉരുട്ടിക്കൊലയ്ക്ക് രാജൻ വിധേയനാകുമ്പോൾ ആഭ്യന്തരമന്ത്രിയായിരുന്നു കരുണാകരൻ. രാജൻ വധത്തെപ്പറ്റി അറിഞ്ഞില്ലെന്ന് ഹൈക്കോടതിയിൽ കരുണാകരൻ ബോധിപ്പിച്ചു. കോടതി അത് അംഗീകരിച്ചു കൊടുത്തില്ല. ആഭ്യന്തരമന്ത്രി അറിയാതെയോ ഭരണം എന്ന ചോദ്യം മുഴങ്ങിക്കേട്ടു. ഹൈക്കോടതി ആ ചോദ്യം ചോദിച്ചതിനാണ് കരുണാകരന്റെ ധാർമ്മികതയുടെ പേരിലുണ്ടായ രാജി. 1995ൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരിക്കെ, പഞ്ചസാര കുംഭകോണം വിവാദമുയർത്തിയപ്പോൾ വെറും ഓഡിറ്റ് പരാമർശത്തിന്റെ പേരിൽ രാജിവച്ചൊഴിഞ്ഞയാളാണ് എ.കെ. ആന്റണി. അദ്ദേഹത്തിനെതിരെ പോലും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമില്ലായിരുന്നു. വകുപ്പിന്റെ ചുമതലക്കാരനെന്ന ധാർമ്മികത ഉയർത്തിപ്പിടിച്ചായിരുന്നു രാജി. 2005ൽ ചന്ദന കള്ളക്കടത്തു മാഫിയയുമായി ബന്ധമുണ്ടോ മന്ത്രിക്കെന്ന സംശയം ഹൈക്കോടതി ഉയർത്തിയപ്പോൾ കെ.പി. വിശ്വനാഥൻ വനംമന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയായിരുന്നു അന്ന്. അതേ മന്ത്രിസഭയിൽ നിന്ന് ലോകായുക്തയുടെ പരാമർശം സൃഷ്ടിച്ച വിവാദമഴയ്ക്കിടയിൽ ആരോഗ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ നിർബന്ധിതനായത് കെ.കെ. രാമചന്ദ്രൻ.

ഇ.പി. ജയരാജന്റെ രാജി

ഈ മന്ത്രിസഭയുടെ തുടക്കകാലത്ത് ബന്ധുനിയമന കുരുക്കിലകപ്പെട്ട് രാജി വച്ചൊഴിയേണ്ടി വന്നത് വ്യവസായമന്ത്രി ഇ.പി. ജയരാജനാണ്. പാർട്ടി സമ്മർദ്ദത്തെ അതിജീവിക്കാനാവാതെ, അദ്ദേഹം രാജിവച്ചു. കോടതിയോ ലോകായുക്തയോ ഒന്നും ഇടപെടേണ്ടി വന്നിരുന്നില്ല. പിന്നീട് കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ അദ്ദേഹം കുറച്ചുകാലം കഴിഞ്ഞ് മന്ത്രിസഭയിൽ തിരികെയെത്തി. ജയരാജന് ഒരു നീതിയും ജലീലിന് മറ്റൊരു നീതിയും എന്ന ചോദ്യം ഇടതുകേന്ദ്രങ്ങളിൽ ചർച്ചയായത് സ്വാഭാവികം. ജലീൽ സി.പി.എം അംഗമല്ലല്ലോ എന്ന് ചോദിച്ച് നമുക്കതിനെ അടിച്ചിരുത്താൻ പറ്റുമായിരിക്കും. പക്ഷേ, ധാർമ്മികത എന്നൊന്നില്ലേ. അഴിമതി, സ്വജനപക്ഷപാതം പോലുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്തുപോന്ന സി.പി.എം പോലൊരു കക്ഷിക്ക് ധാർമ്മികത ഉയർത്തുന്ന വലിയ ചോദ്യത്തെ എങ്ങനെ അവഗണിച്ച് മുന്നോട്ട് പോകാനാകും? അതുകൊണ്ട് ബെറ്റർ ലേറ്റ് ദാൻ നെവർ, അത്രതന്നെ !

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, KT JALEEL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.