SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.38 PM IST

ഈ തിരഞ്ഞെടുപ്പ് പറഞ്ഞതാണ് രാഷ്‌ട്രീയം

vivadavela

എന്തുകൊണ്ട് തോറ്റു? ഒരു താത്വിക വിശകലനത്തിലേക്ക് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും ഉടൻ കടക്കുമെന്ന് വേണം മനസിലാക്കാൻ. അവർ താത്വികമായി വിശകലനം നടത്തി, അവരുടേതല്ലാത്ത കാരണങ്ങളാൽ തോൽവി പിണഞ്ഞുവെന്ന് വിലയിരുത്തുന്നതോടെ പ്രശ്നം അവസാനിക്കും.

വീണ്ടും നിയമസഭ പുലരും. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാകും. ഉമ്മൻചാണ്ടി നോക്കുകുത്തിയായി അവിടെയിരിക്കും. കാലവർഷം വരും. പ്രളയമുണ്ടാകും. പിണറായി വിജയൻ ഭരിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ യു.ഡി.എഫ് സമ്പൂർണ പരാജയം നുണയാൻ പോവുകയാണെന്ന് തിരിച്ചറിയാതിരുന്നവർ ഈ മൂന്നുപേരും മാത്രമായിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും. വേണമെങ്കിൽ കെ.സി. വേണുഗോപാലിനെ കൂടി കൂട്ടത്തിൽ ചേർക്കാം. 2020 ഡിസംബറിലാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പിൽ തോറ്റമ്പിയ മുന്നണിയാണ് ഐക്യ ജനാധിപത്യ മുന്നണി. ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ മതി. ഗ്രാമ, ബ്ലോക്ക്, നഗരസഭാ തിരഞ്ഞെടുപ്പു ഫലങ്ങളിലും വ്യക്തമായ ആധിപത്യം ഇടതുമുന്നണിക്കായിരുന്നു. എന്നാൽ, ആ തിരഞ്ഞെടുപ്പ് പ്രാദേശികവികാരം അളക്കുന്ന ഒന്നാണെന്ന് സമാധാനിക്കാനായിരുന്നു സംസ്ഥാന കോൺഗ്രസിലെ നേതാക്കൾക്ക് താത്‌പര്യം. കാവിലെ പാട്ടുത്സവത്തിന് കാണാമെന്ന മട്ട്. പാട്ടുത്സവം വരുമ്പോൾ എന്താകും സ്ഥിതിയെന്ന് മനസിലാക്കാമല്ലോയെന്ന് അന്നേ പിണറായി വിജയൻ ഊറിച്ചിരിച്ചിരുന്നു!

"ഈ മൂന്ന് നേതാക്കളും വിചാരിച്ചിരിക്കുന്നത് വിജയം താനേ വന്നുകൊള്ളുമെന്നാണ്. ഒരു വർഷം മുമ്പ് സി.പി.എം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സംഘടനാപ്രവർത്തനം ആരംഭിച്ചതാണ്. ''അന്ന് ഞാൻ ഈ നേതാക്കളോട് പറഞ്ഞതാണ്. നമ്മൾ താഴെത്തട്ടിലിറങ്ങണം, പണിയെടുക്കണം എന്ന്. മുകൾത്തട്ടിലിരുന്ന് വാർത്താസമ്മേളനം നടത്തി ആരോപണമുന്നയിച്ചത് കൊണ്ടായില്ല"- സംസ്ഥാന കോൺഗ്രസിലെ മുൻനിരയിലുള്ള നേതാവ് ഈ ലേഖകനോട് പറഞ്ഞു.

എന്നിട്ടെന്തുണ്ടായി എന്ന് ചോദിക്കരുത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ പത്തൊമ്പത് സീറ്റുകളും കൈവന്നപ്പോൾ അടുത്ത കേരളഭരണം കൈവെള്ളയിലായി എന്ന് ചിന്തിച്ചുപോയതാണ് കോൺഗ്രസിന്റെ ദുരന്തത്തിന് കാരണം. തിരിച്ചുകയറാൻ കഠിനാദ്ധ്വാനം വേണ്ടിവരും. ഇപ്പോഴത്തെ നേതൃത്വത്തിന്റെ പരമ്പരാഗത ശൈലി അതിന് തീർത്തും അപര്യാപ്തം. ഒരു നേതൃമാറ്റ, ശൈലീമാറ്റ ശസ്ത്രക്രിയ മാത്രമാണ് പോംവഴി. ഇല്ലെങ്കിൽ വൈകാതെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരാം.

ഇവിടെ രാഷ്ട്രീയമാണ് പറഞ്ഞത്

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ ഉയർന്ന രാഷ്ട്രീയബോധം പ്രതിഫലിപ്പിക്കുന്നത് തന്നെയായിരുന്നു. തോല്ക്കേണ്ടവരെ തോല്പിക്കാനും ജയിക്കേണ്ടവരെ ജയിപ്പിക്കാനും കേരളീയസമൂഹത്തിന് കൃത്യമായി അറിയാമെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ചില കാലങ്ങളിൽ അവർ അലസരാകാറുണ്ട്. ഇത് പക്ഷേ അലസമായിരിക്കേണ്ട കാലമല്ലെന്ന ബോദ്ധ്യത്താൽ ഉയർന്നുചിന്തിച്ചിട്ടുണ്ട് ജനം. ബി.ജെ.പിയെ വീണ്ടും 2016ന് മുമ്പുള്ള ബി.ജെ.പിയാക്കാൻ അവർ ശ്രമിച്ചത് തന്നെ ഉദാഹരണം.

പാലായിൽ ജോസ് കെ.മാണിയുടെ തോൽവി അനിവാര്യമാണെന്ന് ജനം ചിന്തിച്ചു. അവിടെ മാണി സി.കാപ്പൻ വിജയിക്കണമെന്ന് പാലായിലെ ജനത ചിന്തിച്ചെങ്കിൽ അത് സ്വാഭാവികമാണ്. 2006ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണത്തെ ഫലം വരുമ്പോൾ ചിലരുടെയെങ്കിലും ഓർമ്മകളിലെത്തിയേക്കാം.

ഐസ്ക്രീം പാർലർ കേസ് കത്തിക്കാളിയ കാലത്ത്, പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിപദമൊഴിയാൻ നിർബന്ധിതമായി. ആ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി തോല്പിക്കപ്പെട്ടു. അതോടൊപ്പം കേരളരാഷ്ട്രീയത്തിലെ നെടുംതൂണുകളായി നിന്ന ചിലർക്കും കാലിടറിയിട്ടുണ്ട്. എം.വി. രാഘവനും കെ.ആർ. ഗൗരിഅമ്മയും ആർ. ബാലകൃഷ്ണപിള്ളയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചത് പോലും ഈ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു.

ബി.ജെ.പിയുടെ പതനം

ഉത്തരേന്ത്യൻ മോഡൽ രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്ന് ബി.ജെ.പി ഇനിയെന്ന് മനസിലാക്കും? നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും മറ്റും ഊതിപ്പെരുപ്പിക്കപ്പെട്ട പ്രതിച്ഛായയിൽ അഭിരമിച്ച് പോയവരുണ്ട്. ഇനി അഭിരമിക്കാത്തവരെ അതിലേക്കെത്തിക്കാൻ നിഷ്കളങ്കഭാവത്തോടെ ഇടപെടുന്നവരുമുണ്ട് സമീപകാലത്തായി കേരളത്തിൽ.

പ്രത്യക്ഷത്തിൽ ഞങ്ങൾ നിഷ്പക്ഷരും നിഷ്കളങ്കരുമാണെന്ന ധ്വനിയോടെ ഇടപെട്ടാവും സംസാരിച്ച് തുടങ്ങുക. എന്തിനാണ് ബി.ജെ.പിയുടെ കേന്ദ്രസർക്കാരിനെ വെറുതെ കുറ്റം പറയുന്നത് എന്ന നിഷ്കളങ്ക ചോദ്യത്തിലൂടെ 'വലിയ വലിയ 'ചോദ്യങ്ങളിലേക്കാവും അവർ കടക്കുക.

ഒരു ഘട്ടത്തിൽ കേരളം അതിൽ വീണുപോയിട്ടുണ്ട്. ഇപ്പോഴും കേരളം പൂർണമായി ആ വീഴ്ചയിൽ നിന്ന് കരകയറിയോ എന്ന് പറയാറായിട്ടില്ല. എങ്കിലും ചില മാറ്റങ്ങൾ കാണുന്നുവെന്ന് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. 2016ൽ പ്രകടിപ്പിച്ച ആലസ്യം വിട്ടൊഴിഞ്ഞ് ഉയർന്ന് ചിന്തിച്ചതിന്റെ പ്രതിഫലനമാണ് നേമത്തെ ബി.ജെ.പിയുടെ തോൽവിയും വോട്ടിംഗ് ശതമാനത്തിലുള്ള പിറകോട്ട് പോക്കുമെന്ന് വിശ്വസിക്കാൻ ഈ ലേഖകൻ താത്‌പര്യപ്പെടുന്നു.

ഒരു പക്ഷേ, തിരഞ്ഞെടുപ്പ് നടന്നത് ഏപ്രിൽ അവസാനവാരത്തിലോ മറ്റോ ആയിരുന്നുവെങ്കിൽ ബി.ജെ.പി ഇതിലും ദയനീയ പതനത്തിലേക്ക് കേരളത്തിലെത്തിപ്പെട്ടേനെ. ബംഗാളിൽ അവസാനഘട്ട പോളിംഗുകൾ നടന്നത് ഏപ്രിൽ അവസാനവാരത്തിലായത് കൊണ്ട് കൂടിയാകാം തൃണമൂൽ കോൺഗ്രസ് ഗംഭീരവിജയത്തിലേക്കെത്തിയത്. കേരളത്തിലിപ്പോൾ, 2016ൽ നേടിയ പതിനഞ്ച് ശതമാനത്തിൽ നിന്ന് 11.35 ശതമാനത്തിലേക്ക് അവരുടെ വോട്ടിംഗ് ശതമാനം താഴ്ന്നിട്ടുണ്ട്.

നേമത്തിനപ്പുറം ഒന്നോ രണ്ടോ സീറ്റുകളെങ്കിലും നേടുമെന്ന പ്രതീക്ഷകളെ തല്ലിത്തകർത്താണ് നേമത്തുൾപ്പെടെ തിരിച്ചടിയേറ്റു വാങ്ങേണ്ടിവന്നത്. കഴിഞ്ഞ തവണ എട്ടിടത്ത് രണ്ടാമതെത്തിയ സ്ഥാനത്ത് ഇത്തവണ അതിലൊന്ന് കൂട്ടി ഒമ്പതിടത്ത് രണ്ടാമതെത്താനായി എന്നത് മാത്രമാണ് ആശ്വാസം.

രണ്ടാം മോദി സർക്കാരിന്റെ പല നടപടികൾക്കെതിരെയും ജനവികാരം ശക്തമായിരുന്നു. പെട്രോളിയം, പാചകവാതക വിലവർദ്ധനയൊക്കെ സാധാരണക്കാരിൽ വലിയ അമർഷമുണ്ടാക്കിയതാണ്. പൗരത്വഭേദഗതി നിയമം സൃഷ്ടിച്ച ആശങ്കകൾ കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്കിടയിലും വലിയ ആശങ്കകളാണുയർത്തിവിട്ടത്. ഡൽഹിയിൽ തുടർന്നുവരുന്ന കർഷകസമരത്തോടുള്ള കേന്ദ്രസർക്കാരിന്റെ നിഷേധാത്മക സമീപനം മാത്രം നോക്കിയാൽ മതി. എത്ര ജനാധിപത്യ വിരുദ്ധമാണ് ആ കാഴ്ച!

തീവ്ര വർഗീയ നിലപാടുകളുയർത്തിയും ഇസ്ലാമോഫോബിയ വളർത്തിയും മറ്റും ഉത്തരേന്ത്യയിലും കർണാടകയിലുമൊക്കെ പയറ്റുന്ന രാഷ്ട്രീയവുമായി എത്ര നാൾ പിടിച്ചുനിൽക്കാനാകും? കേരളത്തിൽ അതൊട്ടും അംഗീകരിക്കപ്പെടില്ല. സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ച് തിരുവനന്തപുരത്ത് പ്രചരണയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത് പോലും അദ്ദേഹത്തിന്റെ രാഷ്ട്രീയപാപ്പരത്തം തുറന്നുകാട്ടുന്നതായിരുന്നു. അമിത്ഷാ വന്ന് പുകമറ സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അതിന് ചുട്ട മറുപടി നൽകി.

സ്വർണ്ണക്കടത്തിന്റെ പേരിൽ കേസന്വേഷണത്തിനെത്തിയ കേന്ദ്ര അന്വേഷണ ഏജൻസികളുടേത് രാഷ്ട്രീയ ഗൂഢനീക്കങ്ങളാണെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രി ഉയർത്തിയ ആക്ഷേപങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ആ ബോദ്ധ്യം അവരിൽ സ്ഥാപിച്ചെടുക്കുന്നതിന്, ബി.ജെ.പിയുടെ തന്നെ രാജ്യത്തെ നീക്കങ്ങൾ മനസ്സിലാക്കുന്ന ജനങ്ങളുടെ ചിന്താശേഷിയും വഴിയൊരുക്കി.

അതുകൊണ്ടാണ് കേരളം ഇക്കുറി ബി.ജെ.പി രാഷ്ട്രീയത്തോട് അത്രമേൽ പ്രതിപത്തി കാണിക്കാതിരുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്തും കുത്തകപ്രീണനനയമാണ് മോദിയുടേതെന്ന് തിരിച്ചറിയുന്ന സമൂഹമുള്ളത് കൊണ്ടാണ്, തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നിരുന്നെങ്കിൽ ബി.ജെ.പിക്ക് ഇതിലും ദയനീയ പതനമുണ്ടായേനെയെന്ന് തോന്നിപ്പോകുന്നത്.

ഇനി കേരളത്തിലെ അവരുടെ സംഘടനാദൗർബല്യങ്ങളിലേക്ക് നോക്കിയാലോ. നേതൃതല വടംവലി അങ്ങേയറ്റം രൂക്ഷമാണ് കേരള ബി.ജെ.പിയിൽ. വരുംകാലങ്ങളിൽ അത് മൂർച്ഛിക്കുകയേയുള്ളൂ.

പിണറായിയുടെ നേട്ടങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രജ്ഞതയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്. ഫലത്തിൽ അതൊരു പിണറായി മാജിക് ആയി.

സി.പി.എം സംഘടനയെ ഒന്നര പതിറ്റാണ്ടിലേറെ ചലിപ്പിച്ച പിണറായിയുടെ നേതൃശേഷിയുടെ വിളംബരം തിരഞ്ഞെടുപ്പിൽ ദൃശ്യമായിട്ടുണ്ട്. മഹാപ്രളയകാലത്തും കൊവിഡ് കാലത്തും അദ്ദേഹം നടത്തിയ ഇടപെടലുകൾ നായകസ്ഥാനത്ത് കേരളത്തിന് പിണറായി വിജയനുണ്ടെന്ന തോന്നലുണർത്താനാണ് സഹായിച്ചത്.

പ്രതിപക്ഷത്ത് പോരായ്മകളേറെയായിരുന്നു. ഒന്നാമത് പ്രചരണവേളയിലൊരിക്കലും നായകസ്ഥാനത്ത് ഒരാളെ പ്രതിഷ്ഠിക്കാനവർക്ക് സാധിച്ചിട്ടില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരിക്കുമോ, അതോ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരിക്കുമോ, ഇനി രണ്ടുപേരും തമ്മിൽ തർക്കിച്ച് ഒരു രാഷ്ട്രീയ അനിശ്ചിതാവസ്ഥ സംജാതമാകുമോ എന്നീ ശങ്കകൾ ജനത്തെ അലട്ടിയിരുന്നു. ദുരന്തകാലത്ത് അത്തരം ശങ്കകൾ ഒഴിവാക്കപ്പെടേണ്ടതാണ്.

പ്രതിപക്ഷനേതാവ് ആരോപണങ്ങൾ കൊണ്ടുവന്നത് സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താൻ മാത്രമാണോയെന്ന തോന്നലാണ് കോൺഗ്രസ് അണികളിൽ പോലുമുയർത്തിയത് എന്നതാണ് എടുത്തുപറയേണ്ട കാര്യം. കാരണം താഴെ തട്ടിൽ അത് പാർട്ടി തന്നെ പലപ്പോഴും ഏറ്റെടുത്തില്ല. ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുകയും പലപ്പോഴും സർക്കാരിന് നിലപാട് തിരുത്തേണ്ടി വരികയും വേണ്ടിവന്നിട്ടുണ്ട്. എന്നാൽ, അത്തരം ക്രിയാത്മകനിലപാടുകൾ തുടരുന്നതിന് പകരം നിത്യേനയെന്നോണം വാർത്താസമ്മേളനങ്ങൾ നടത്തി ആളുകളെ വെറുപ്പിച്ചുവെന്നും അതേസമയം, മുഖ്യമന്ത്രി കരുതൽസന്ദേശങ്ങളിലൂടെ പോസിറ്റീവ് എനർജി പ്രദാനം ചെയ്തുവെന്നുമുള്ള വിശ്വാസം കേരളീയ സമൂഹത്തിനിടയിൽ രൂഢമൂലമായിട്ടുണ്ട്.

ബി.ജെ.പിയുടെ കേന്ദ്ര സഹമന്ത്രി വി. മുരളീധരനോടുമുണ്ടായി അത്തരമൊരു അന്യഥാബോധം.

വരട്ടെ, വി.ഡി. സതീശനെ പോലുള്ളവർ

കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ച് ആദ്യം പരാമർശിച്ചു. അത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ആത്മവിശ്വാസം പാടേ ചോർത്തുന്നതായി എന്നതിൽ യാതൊരു സംശയവുമില്ല. കോൺഗ്രസ് നേതൃത്വം ഉയർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. എഴുപതുകളിലും എൺപതുകളിലും ഒരു പരിധിവരെ തൊണ്ണൂറുകളിലും പയറ്റിയ രാഷ്ട്രീയത്തിന് ഇനി കേരളത്തിൽ പ്രസക്തിയില്ല. പുതിയ തലമുറയെ അഡ്രസ്സ് ചെയ്യാനാവണം. അതിന് പറ്റിയ ഇടപെടലുകളുണ്ടാവേണ്ടതുണ്ട്.

പ്രതിപക്ഷ നേതൃനിര അപ്പാടെ മാറട്ടെ. കെ.പി.സി.സി നേതൃത്വം ഉടച്ചുവാർക്കട്ടെ. കാരണം കോൺഗ്രസ് ഇന്നാട്ടിൽ അസ്തമിച്ചുകൂടാ. അതിന്റെ നിലനില്പ് അനിവാര്യമാണ് കേരളത്തിൽ. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിച്ച് ഉയിർത്തെഴുന്നേറ്റ് വരാനാവണം. അതിന് ഭാവനാസമ്പന്നമായ നേതൃനിര ഉണ്ടാവണം. ചലനാത്മകവും ക്രിയാത്മകവുമായി പ്രവർത്തിക്കുന്ന, ഗൃഹപാഠം ചെയ്ത് കാര്യങ്ങളെ സമീപിക്കുന്ന, അദ്ധ്വാനിക്കുന്ന രണ്ടാംതലമുറ നേതൃത്വം സംസ്ഥാന കോൺഗ്രസിലുണ്ടെന്നത് ആശാവഹമാണ്. പ്രതിപക്ഷനേതാവായി വി.ഡി. സതീശൻ വരട്ടെ. കോൺഗ്രസ് അത്തരമൊരു കടുത്ത തീരുമാനത്തിന് തയാറായേ മതിയാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.