SignIn
Kerala Kaumudi Online
Thursday, 25 April 2024 11.47 AM IST

ഭരണകൂട ഭീകരതയും രണ്ട് ജാമ്യവിധികളും

vivadavela

രണ്ട് ജാമ്യവിധികളെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയകേരളം കൗതുകത്തോടെയും ഗൗരവത്തോടെയും നോക്കിക്കണ്ടത്. ഒന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ നിയമം ചുമത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട സി.പി.എം പ്രവർത്തകനായിരുന്ന താഹ ഫസൽ എന്ന വിദ്യാർത്ഥിയുടെ കേസിലുണ്ടായ വിധി. കുറ്റം തെളിയിക്കാൻ തെളിവ് എവിടെയെന്ന് രൂക്ഷമായി ചോദിച്ച സുപ്രീംകോടതി, ഭരണകൂട ഭീകരതയ്ക്കിരയായ താഹയ്ക്ക് ജാമ്യമനുവദിച്ചു. അയാൾക്കൊപ്പം നേരത്തേ അറസ്റ്റിലായിരുന്നതും പിന്നീട് വിചാരണക്കോടതി ജാമ്യം അനുവദിച്ചതുമായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ ആവശ്യവും സുപ്രീംകോടതി തള്ളി. രാജ്യത്താകെയുള്ള മനുഷ്യാവകാശപ്രവർത്തകരെ ആശ്വസിപ്പിക്കുന്ന വിധി എന്ന നിലയിൽ സുപ്രീംകോടതിയുടെ ഈ ഇടപെടൽ നൽകുന്ന പ്രതീക്ഷ വാനോളമാണ് ജനാധിപത്യ സമൂഹത്തിൽ. താഹ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ആർഭാടമില്ലാതെ പുറത്തിറങ്ങി.

രണ്ടാമത്തേത്, സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് ബംഗലുരു ഹൈക്കോടതി അനുവദിച്ച ജാമ്യമാണ്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത്, ഒരു വർഷത്തിലേറെയായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ് കോടിയേരി. പുറത്തിറങ്ങിയ അദ്ദേഹം വെളിപ്പെടുത്തിയതും ഭരണകൂട ഭീകരതയെപ്പറ്റി തന്നെ. അന്വേഷണ ഏജൻസി അവർക്കാവശ്യമുള്ളത് തന്നെക്കൊണ്ട് പറയിക്കാൻ ശ്രമിച്ചുവെന്ന് ബിനീഷ് പറയുന്നു. അത് നടക്കില്ലെന്ന് വന്നപ്പോഴാണ് തനിക്ക് ഇത്രയും നാൾ ജാമ്യം നിഷേധിക്കപ്പെട്ടതെന്നും വ്യക്തമാക്കി. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷിയാണ് പിന്നിലെന്ന് ബി.ജെ.പിയുടെ പേര് പറയാതെ ബിനീഷ് പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾ പലപ്പോഴും നമുക്ക് ദുരൂഹമായി തോന്നാറുണ്ട്. അവരുടെ നീക്കങ്ങളിൽ പുകമറ എപ്പോഴുമുണ്ട്. ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളെ നമുക്ക് അവിശ്വസിക്കാനുമാവില്ല. ഭരണകൂടങ്ങളുടെ മർദ്ദനോപാധി ആകുമ്പോൾ അതങ്ങനെ കണ്ടാൽ മതി.

രാജ്യത്താകെ നടമാടിക്കൊണ്ടിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ പൊതുരീതി പരിശോധനയ്ക്ക് വിധേയമാക്കപ്പെടുമ്പോൾ ബിനീഷ് കോടിയേരി വെളിപ്പെടുത്തിയതിനെ അവിശ്വസിക്കാനാവില്ല എന്നു തന്നെയാണ് തോന്നിപ്പോകുന്നതും.

പന്തീരാങ്കാവ് കേസ്

പന്തീരാങ്കാവിൽ 2019 നവംബർ ഒന്നിനാണ് അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളത്തിലെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്. ആ അറസ്റ്റ് നാടകത്തിന്റെ നാളിതുവരെയുള്ള പൊലീസ് തിരക്കഥ നോക്കിയാൽ, അത് അന്നത്തെ കേരള പൊലീസ് മേധാവി ലോകനാഥ് ബെഹ്റയും മറ്റും ചേർന്ന് കേന്ദ്രത്തിൽ നിന്ന് എന്തൊക്കെയോ ഫണ്ടുകൾ തട്ടിയെടുക്കാൻ നടത്തിയ ചില സൂത്രവിദ്യകളായി ഇപ്പോൾ തോന്നിപ്പോകുന്നു. അതിന് തൊട്ടുമുമ്പായി ഇതേ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലുണ്ടായ മാവോയിസ്റ്റ് വേട്ടകളുടെയും (മാവോയിസ്റ്റ് വേട്ട എന്ന ഓമനപ്പേരിൽ നിരാലംബരായ മനുഷ്യരെ വെടിവച്ചുകൊന്ന പൊലീസ് ക്രൂരത എന്ന് വിളിക്കുന്നതാണ് ശരി) കൊലപാതകങ്ങളുടെയും തുടർച്ചയായിരുന്നു ഇതും.

പക്ഷേ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഈ പൊലീസ് ഭീകരതയ്ക്ക് കുട പിടിച്ചുകൊടുത്തത്, ഭരണകൂടത്തിന്റെ മർദ്ദനോപാധിയെന്ന് പൊലീസിനെ വിശേഷിപ്പിച്ച അതേ കമ്മ്യൂണിസ്റ്റുകാർ കേരളം ഭരിക്കുമ്പോഴാണ്. അടിയന്തരാവസ്ഥക്കാലത്ത് തലശ്ശേരി ലോക്കപ്പിൽ ഭീകര പൊലീസ് മർദ്ദനമേറ്റു വാങ്ങേണ്ടിവന്ന പിണറായി വിജയൻ പൊലീസ് വകുപ്പിന്റെ മന്ത്രിയായിരിക്കുമ്പോഴാണ്. മുഴച്ചു നിൽക്കുന്നുണ്ട് ഈ വൈരുദ്ധ്യം!

മാവോയിസ്റ്റ് സിദ്ധാന്തവുമായി ബന്ധപ്പെട്ട ലഘുലേഖകളും പുസ്തകങ്ങളും മറ്റും സൂക്ഷിച്ചുവെന്നും മുദ്രാവാക്യം മുഴക്കിയെന്നുമൊക്കെയായിരുന്നു അലനെയും താഹയെയും യു.എ.പി.എ ചുമത്താൻ പൊലീസ് നൽകിയ ന്യായീകരണം. ഇടതുപുരോഗമന ശക്തികൾ ഭരിക്കുന്നുവെന്ന് ആശ്വസിച്ച് നിന്ന കേരളീയ പൊതുമനസുകളെ ഭീതിയുടെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു ഈ പൊലീസ് നീതി. പക്ഷേ, അതിനേക്കാൾ പേടിപ്പിച്ചു കളഞ്ഞത് കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിയല്ലേ, അതിനാൽ പൊലീസിന്റെ ഈ അതിരുവിട്ട കളിയെ തടഞ്ഞുകൊള്ളുമെന്ന് കരുതിയവരെ നിരാശരാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമായിരുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയായപ്പോൾ പിണറായി വിജയൻ നേരത്തേ ഏറ്റുവാങ്ങിയ പൊലീസ് മർദ്ദനത്തെ പാടേ മറന്നുപോയെന്ന് കേരളീയ സമൂഹം ഭീതിയോടെ അടക്കം പറഞ്ഞു. പൊലീസ് എഴുതിക്കൊടുത്തത് അപ്പടി ഏറ്റുപാടിയ മുഖ്യമന്ത്രി ഏവരെയും നിരാശപ്പെടുത്തിക്കളഞ്ഞു.

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു രണ്ട് മാവോയിസ്റ്റ് വേട്ടകളും അലന്റെയും താഹയുടെയും യു.എ.പി.എ അറസ്റ്റുകളും. മറ്റൊരു മനുഷ്യാവകാശധ്വംസനം കൂടി ഈ നാളുകളിൽ ചർച്ചയാവുന്നുണ്ട്. യു.എ.പി.എ ചുമത്തപ്പെട്ട ഇബ്രാഹിം എന്ന മനുഷ്യൻ, സാമാന്യനീതി നിഷേധിക്കപ്പെട്ട് വിയ്യൂർ ജയിലിൽ നരകയാതന അനുഭവിക്കുന്നു. അതും മാവോയിസ്റ്റ് കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ മനുഷ്യൻ. അദ്ദേഹം ചെയ്ത തെറ്റെന്താണെന്നാകും. സ്വന്തം ഭൂമി വയനാട്ടിലെ പാവപ്പെട്ട തോട്ടം തൊഴിലാളികൾക്ക് വായ്പയെടുക്കാനും മറ്റും ഈടുവയ്ക്കാൻ ചോദിക്കുമ്പോൾ നൽകുന്നത്. അദ്ദേഹത്തിന് മേലും ആരോപിക്കപ്പെട്ടിരിക്കുന്നത് മാവോയിസ്റ്റ് കുറ്റം തന്നെ. 2014ലെ ഉമ്മൻ ചാണ്ടി ഭരണകാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ അറസ്റ്റിലായ ആളാണ് ഇബ്രാഹിം. പിണറായി ഭരണം തുടരുമ്പോഴും മനുഷ്യാവകാശ നിഷേധം തുടരുന്നു.

വിചാരണ കൂടാതെ എത്രകാലം വേണമെങ്കിലും അന്വേഷണ ഏജൻസിക്ക് തടവിൽ പാർപ്പിക്കാൻ അവസരമൊരുക്കുന്നതും അന്വേഷണ ഏജൻസി പറയുന്നതിനപ്പുറത്തേക്ക് കോടതിക്ക് വിധി കല്പിക്കാനാവില്ലെന്നതുമൊക്കെ യു.എ.പി.എ നിയമം ഇപ്പോഴത്തെ കേന്ദ്രസർക്കാർ കൂടുതൽ മാരകമാക്കിയപ്പോഴുണ്ടായ ഭേദഗതികളാണ്.

ഭീമ - കൊറെഗാവ് കേസിൽ വിചാരണ കൂടാതെ തടവിൽ കഴിയുന്ന മനുഷ്യാവകാശപ്രവർത്തകർക്കായി ഘോരഘോരം ശബ്ദിച്ചവരാണ് ഇടതുപക്ഷപാർട്ടികൾ. മതിയായ ചികിത്സ പോലും ലഭിക്കാതെ, വെള്ളം കുടിക്കാൻ ഒരു സ്ട്രോ പോലും അനുവദിച്ചുകിട്ടാതെ മരിച്ച സ്റ്റാൻ സ്വാമിക്കായി പൊഴിച്ച കണ്ണുനീർ ഇപ്പോഴും തളംകെട്ടി കിടക്കുന്നു. ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയിൽ ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾ ആരെയും പേടിപ്പെടുത്തുന്നതാണെന്ന് പറയുമ്പോൾ തന്നെയാണ്, യു.എ.പി.എ ഭേദഗതി നിയമത്തെ പാർലമെന്റിൽ കോൺഗ്രസ് പിന്തുണച്ചത് എന്നും ഓർക്കുക.

അന്ന് പാർലമെന്റിൽ നഖശിഖാന്തം എതിർത്ത സി.പി.എമ്മിലെ എളമരം കരിം പറഞ്ഞത് കോൺഗ്രസ് ജനാധിപത്യത്തെ പിന്നിൽനിന്ന് കുത്തിയെന്നാണ്. ഡ്രാക്കോണിയൻ നിയമം എന്ന് സി.പി.ഐയിലെ ഡി. രാജ വിശേഷിപ്പിച്ചു. ഇവരൊക്കെ ഘോരഘോരം എതിർക്കുന്ന യു.എ.പി.എ നിയമമാണ് കേരളത്തിൽ ഒരു കുറ്റവും ചെയ്യാത്ത രണ്ട് വിദ്യാർത്ഥികൾക്ക് മേൽ, ഇടതുപക്ഷസർക്കാരിന്റെ പൊലീസ് ചുമത്തിയത് എന്നതിലെ വൈരുദ്ധ്യം എങ്ങനെയാകും സി.പി.എമ്മും സി.പി.ഐയുമൊക്കെ പൊതുസമൂഹത്തോട് വിശദീകരിക്കുക!

സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ വെളിച്ചമാകുന്നത്, വിചാരണ കൂടാതെ എത്രകാലവും തടവിൽ പാർപ്പിക്കാൻ അങ്ങനെ ദേശീയ അന്വേഷണ ഏജൻസിയെ അനുവദിച്ച് കൊടുക്കാനാവില്ലെന്ന് പ്രഖ്യാപിച്ചതിലൂടെയാണ്. അത് ഇരുണ്ട കാലത്തിലൂടെ കടന്നുപോകുന്ന ജനാധിപത്യത്തിന് കൈവന്ന വെളിച്ചമാണ്. ആ അർത്ഥത്തിൽ, ഭരണകൂട ഭീകരതയുടെ ഇരകളാവാൻ ജനങ്ങളെ വിട്ടുനൽകാതെ പിടിച്ചുനിറുത്താൻ ജനാധിപത്യത്തിന്റെ മൂന്നാം തൂണായ ജുഡിഷ്യറിയുടെ അങ്ങേയറ്റത്തെ സാർത്ഥകമായ ഇടപെടലായി താഹയ്ക്ക് ജാമ്യം അനുവദിച്ച വിധിയെ നാം കാണേണ്ടതുണ്ട്.

മാവോയിസ്റ്റ്- വർഗീയ തീവ്രവാദ യുക്തികൾ

പന്തീരാങ്കാവ് അറസ്റ്റ് സംഭവിച്ച നാളുകളിൽ കേരളത്തിലെ സി.പി.എം നേതാക്കളിൽ ചിലരൊക്കെ മുസ്ലിം തീവ്രവാദത്തെയും മാവോയിസ്റ്റുകളെയും ചേർത്തുപിടിച്ചുള്ള ന്യായീകരണയുക്തികൾ നിരത്താൻ ശ്രമം നടത്തുകയുണ്ടായി.

അറസ്റ്റിലായ അലന്റെ പിതാവ് ഷുഹൈബ് ഒരു അഭിമുഖത്തിൽ ഇതിന്റെ രസകരമായ പിന്നാമ്പുറക്കഥ പോലെ ഒരു അനുഭവകഥ വിവരിച്ചുകേട്ടപ്പോൾ കൗതുകം തോന്നി. അറസ്റ്റിലായ മകനെ കാണാൻ ചെന്നപ്പോൾ അവൻ പൊലീസ് നടത്തിയ ചില ചോദ്യങ്ങളെപ്പറ്റി അച്ഛനോട് വിശദീകരിച്ചു. അച്ഛനേത് പള്ളിയിലാണ് പോകുന്നത് ?​എന്നൊക്കെ രീതിയിലുള്ള ചോദ്യങ്ങൾ. ആയിടയ്ക്ക് അലൻ സെക്കൻഡ് ഹാൻഡായി വാങ്ങിയ ഒരു ബൈക്ക് മലപ്പുറം രജിസ്ട്രേഷനിൽ ആയിരുന്നതും പൊലീസ് യുക്തിയെ എളുപ്പമാക്കി. തീവ്രവാദബന്ധമെന്ന് മുദ്രകുത്താൻ അതിഭീകരമായ ശ്രമമാണ് നടന്നതെന്ന വിശദീകരണം ഷുഹൈബ് നടത്തുന്നുണ്ട്, ആ അഭിമുഖത്തിൽ. കുടുംബത്തിലെ കാരണവർക്കൊക്കെ ലീഗ് പശ്ചാത്തലമുണ്ടെങ്കിലും വായനയിലൂടെയും രാമചന്ദ്രൻ മൊകേരി, ജോയ് മാത്യു പോലുള്ളവരുടെ നാടകസംഘത്തിൽ പ്രവർത്തിച്ചും സ്വയംബോദ്ധ്യത്താൽ കമ്മ്യൂണിസ്റ്റായി മാറിയ ഷുഹൈബ് പള്ളിയിൽ പോകാത്ത മനുഷ്യനാണ് !

മകന്റെയും കൂട്ടുകാരന്റെയും അറസ്റ്റ് ഭരണനേതൃത്വം അറിയാതെ പൊലീസ് നടത്തിയ ഭീകരത മാത്രമാണെന്ന് വിശ്വസിച്ച ആത്മാർത്ഥതയുള്ള കമ്മ്യൂണിസ്റ്റായ ഷുഹൈബിനെയും കൂട്ടി മനുഷ്യാവകാശ പ്രവർത്തകയായ അജിത മുഖ്യമന്ത്രിയെ കാണാൻ ചെന്നപ്പോൾ പൊലീസ് കുട്ടികളെ അറസ്റ്റ് ചെയ്തത് രാത്രി പത്ത് മണിക്കല്ലേയെന്ന് ആവർത്തിച്ച് ചോദിച്ചുവത്രേ. പൊലീസ് വീട്ടുകാർക്ക് എഴുതിക്കൊടുത്തത് പോലും സന്ധ്യക്ക് ആറരയ്ക്ക് പിടിച്ചുവെന്നാണ്. അലന്റെ വീട്ടിലെയും നാട്ടിലെയും നീക്കങ്ങളിൽ ഒരു ദുരൂഹതയുമില്ലായിരുന്നു. താഹയുടേതും സമാനമാണെന്ന് ആ കുടുംബത്തിന്റെ ദരിദ്രപശ്ചാത്തലമറിയുന്നവർക്ക് ബോദ്ധ്യമാകും.

മുഖ്യമന്ത്രി പൊലീസിന്റെ തടവറയിലായെന്ന് തോന്നിപ്പിക്കുന്ന അനുഭവകഥയാണ് ഷുഹൈബ് വിവരിച്ചത് കേട്ട ആർക്കും മനസിലായിട്ടുണ്ടാവുക.

ജനകീയ ജനാധിപത്യ വിപ്ലവ പൂർത്തീകരണത്തിനായുള്ള വർഗസമരത്തിലേർപ്പെടുമ്പോൾ, അധികാരവും ആ സമരത്തിന്റെ ഒരു ഭാഗം മാത്രമായേ കമ്മ്യൂണിസ്റ്റുകാർ കാണാവൂവെന്ന് ഇ.എം.എസ് തന്നെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിച്ചിട്ടുള്ളത്. ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോകണം. കേരളത്തിൽ നിർഭാഗ്യവശാൽ, അതിൽ പ്രകടമായ വൈരുദ്ധ്യമുണ്ടായി എന്നതാണ് 2016ലെ ഇടതുഭരണം യാഥാർത്ഥ്യമായപ്പോൾ കാണേണ്ടിവന്നത്.

ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന ശരീരഭാഷയും കൊണ്ടാണ്, ബിനീഷ് കോടിയേരി തന്റെ അറസ്റ്റിന്റെയും ജയിൽവാസത്തിന്റെയും രാഷ്ട്രീയത്തെപ്പറ്റി കഴിഞ്ഞ ദിവസം ബംഗലുരുവിൽ വച്ച് ചിലതൊക്കെ പറഞ്ഞത്. ഇനിയും പറയുമെന്ന് ബിനീഷ് പറയുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തിയതിന് പ്രത്യക്ഷസമരം വരെ നടന്ന നാടായിരുന്നു കേരളം. രാജ്യം ഭരിക്കുന്ന ബി.ജെ.പിയെ ആണ് ബിനീഷ് ഭരണകൂട ഭീകരതയ്ക്ക് പ്രതിസ്ഥാനത്ത് നിറുത്തിയത്. ഇന്നത്തെ ഇന്ത്യൻസാഹചര്യത്തിൽ അത് പ്രസക്തവുമാണ്. മറ്റ് ചില കേസിനെപ്പറ്റി പറയാൻ നിർബന്ധിച്ചുവെന്ന് അദ്ദേഹമുദ്ദേശിച്ചത് സ്വർണക്കടത്ത് വിവാദത്തെ ഉദ്ദേശിച്ചാവണം. ഏജൻസികളുടെ പൊതുസ്വഭാവം വച്ച് ബിനീഷിന്റെ ആരോപണം തള്ളാനാവില്ല.

പിണറായി ഭരണത്തിന് തുടർച്ചയുണ്ടായത് ഒരിക്കലും പൊലീസ് ഭരണത്തിന്റെ നേട്ടം കൊണ്ടായിരിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിൽ നല്ലൊരു വിഭാഗം. തിരുത്തപ്പെടേണ്ട നല്ലൊരു ഭാഗം പക്ഷേ ഇപ്പോഴും പൊലീസിൽ തുടരുന്നു എന്നതും കാണാതിരിക്കാനാവില്ല!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.