SignIn
Kerala Kaumudi Online
Thursday, 25 April 2024 8.56 PM IST

രണ്ടാം പിണറായി സർക്കാരിന്റെ ആറ് മാസം

vivadavela

സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടിലേക്ക് നയിക്കും വിധത്തിലുള്ള ഉയർന്ന പാരിസ്ഥിതികബോദ്ധ്യം, സ്ത്രീപക്ഷ രാഷ്ട്രീയം എന്നിങ്ങനെ ഇടതുബദലെന്ന നിലയിൽ മുന്നോട്ടുവയ്ക്കേണ്ട സമീപനങ്ങളിൽ ഇടതുപക്ഷ ഭരണം അവ്യക്തതയോടെ ഇടറുന്ന കാഴ്ചയാണ് കേരളം ഇപ്പോൾ ദർശിക്കുന്നത്. കേരളീയമായ പരിസരത്തിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഒരു ഭരണം അതിന്റെ തുടർച്ച ആഘോഷിക്കുന്ന സന്ദർഭമാണിത്. രണ്ടാം പിണറായി സർക്കാർ ആറുമാസം പൂർത്തിയാക്കിയിരിക്കുന്നു.

രാജ്യമാകെ തീവ്ര ഉദാരവത്കരണത്തിനും ആഗോളീകരണത്തിനും പിന്നാലെയാണ്. കേന്ദ്ര ഭരണകൂടം അതിതീവ്ര ഉദാരവത്കരണത്തിന്റെ അപ്പോസ്തലന്മാരായി നിന്നുകൊണ്ട് കോർപ്പറേറ്റ് പ്രീണനവുമായി മുന്നോട്ട് പോകുന്നു. സാമൂഹ്യാവസ്ഥയാണെങ്കിൽ കോരന് കുമ്പിളിൽ പോലും കഞ്ഞിയില്ലാത്ത നിലയിലാണ്. അതിസമ്പന്നനും ദരിദ്രരും തമ്മിലെ വിടവ് ഭീതിജനകമാം വിധം മൂർച്ഛിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, കൊവിഡ് മഹാമാരി സൃഷ്ടിക്കുന്ന വെല്ലുവിളികൾ എന്നിങ്ങനെ സങ്കീർണമാണ് രാഷ്ട്രീയകാലാവസ്ഥ.

അവിടെ പ്രത്യാശയുടെ നേർത്ത കിരണങ്ങൾ സമ്മാനിക്കുന്ന ഇടതുബദലെന്ന കാഴ്ചപ്പാട് പേരിലെങ്കിലും ഉയർത്തിപ്പിടിക്കുന്ന ഇടപെടലുകൾ കേരളത്തിൽ നിന്ന് ഉണ്ടാവേണ്ടതാണ്. കേരളത്തിൽ അഞ്ചര വർഷമായി ഭരണാധികാരം കൈയാളുന്നത് സി.പി.എമ്മിന്റെ പരമോന്നതസമിതിയായ പോളിറ്റ് ബ്യൂറോയിലെ മുതിർന്ന അംഗം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. ഇന്ത്യയിലെ മുഖ്യധാരയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടികളായ സി.പി.എമ്മും സി.പി.ഐയും നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സർക്കാരാണിത്. ആ സർക്കാരിന്റെ ചില ബദൽ സമീപനങ്ങൾ തീർച്ചയായും രാജ്യത്തെ പുരോഗമന-ബുദ്ധിജീവി സമൂഹമാകെ ഉറ്റുനോക്കുന്നുണ്ട്.

ഹരിതകേരളം, പാവപ്പെട്ടവർക്കും പാർശ്വവത്കൃതർക്കും അടച്ചുറപ്പുള്ള കൂരകൾ ഉറപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി, പൊതുമേഖലാ ശാക്തീകരണം പൊതുവിദ്യാലയങ്ങളുടെയും പൊതു ആരോഗ്യ സംവിധാനങ്ങളുടെയും ശാക്തീകരണം എന്നിങ്ങനെ മുന്നോട്ടുവച്ച ബദലുകൾ തീർച്ചയായും മാതൃക തന്നെയായിരുന്നു. ക്ഷേമരാഷ്ട്ര സങ്കല്പം മുന്നോട്ടുവച്ച് നടപ്പാക്കിയ ചില പദ്ധതികൾ- ക്ഷേമപെൻഷനുകളും മഹാമാരിക്കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണവും സാമൂഹ്യ അടുക്കളയും പോലെ- ദേശീയ ശ്രദ്ധ നേടി. വനിതാ ശാക്തീകരണത്തിനായി പ്രത്യേക വകുപ്പ് എന്ന് 2016 ലെ പ്രകടന പത്രികയിൽ എഴുതിവച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ യാഥാർത്ഥ്യമായി. പ്രതീക്ഷാനിർഭരമായ പോക്കായിരുന്നു അത്. അതിനൊപ്പം സാധാരണ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ നിന്ന് പ്രതീക്ഷിക്കാത്ത സാമൂഹ്യ എൻജിനിയറിംഗ് വഴക്കം പിണറായി വിജയന് പ്രകടിപ്പിക്കാനാവുകയും ചെയ്തതോടെ എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി അധികാരം പങ്കിടുകയെന്ന, കാലങ്ങളായി കണ്ടുശീലിച്ച കീഴ്‌വഴക്കം റദ്ദാക്കപ്പെട്ടു. 70 കൾക്ക് ശേഷം ആദ്യമായി കേരളം ഭരണത്തുടർച്ചയ്ക്ക് സാക്ഷ്യംവഹിച്ചു.

സർക്കാരിന്റെ ആറുമാസം

കൊവിഡ് പോലെ ലോകത്തെയാകെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന മഹാമാരി തുടരുന്ന നേരത്ത് ആരോഗ്യമന്ത്രാലയത്തിന് അതുവരെ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയെ നഷ്ടപ്പെട്ടത് രണ്ടാം പിണറായി സർക്കാർ നേരിട്ട ആദ്യ വിമർശനമായി. എന്തൊക്കെ രാഷ്ട്രീയപോരായ്മകൾ പറഞ്ഞാലും, പ്രതിസന്ധികാലത്ത്, അതുവരെ വകുപ്പ് കൈകാര്യം ചെയ്തുവന്ന മന്ത്രിക്ക്, ഭരണപരിചയവും കൈകാര്യശേഷിയും ഉറപ്പായിരുന്നു. ആ ഗ്യാരന്റി പ്രതിസന്ധിയെ നേരിടുന്നതിന് മുതൽക്കൂട്ടാവുമായിരുന്നു. രണ്ടാം പിണറായിമന്ത്രിസഭയ്ക്ക് ആറുമാസത്തിനിടയിൽ വർദ്ധിച്ച തിളക്കവും അനുഭവപ്പെട്ടേനെ. ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് കുറവുണ്ടെന്നല്ല. വലിയൊരു മഹാമാരിയെ നേരിടുമ്പോൾ ഭരണകാര്യങ്ങളിൽ അനുഭവസമ്പത്ത്, സുപ്രധാനമാണ്.

സർക്കാർ അധികാരമേൽക്കുമ്പോൾ തന്നെ വിവാദമുയർത്തിയത് മന്ത്രിസഭാ രൂപീകരണമായിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഒഴികെ ആരെയും രണ്ടാം മന്ത്രിസഭയിൽ അംഗങ്ങളാക്കാൻ സി.പി.എം തയാറായില്ല. വല്യേട്ടന്റെ ചുവടുപിടിച്ച് സി.പി.ഐയും അതുതന്നെ ചെയ്തു. ജനതാദൾ - എസും എൻ.സി.പിയും മാത്രമാണ് കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങൾക്ക് ഒരവസരം കൂടി നല്‌കിയത്. രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് മുൻ ആരോഗ്യമന്ത്രിയെ ഒഴിവാക്കിയതാണ് 99 സീറ്റുകളുടെ തിളക്കത്തോടെ അധികാരമേറിയ ഇടതുമുന്നണിയെ തുടക്കത്തിൽ വിവാദത്തിലാക്കിയത്.

വിവാദങ്ങളും വിമർശനങ്ങളും കേൾക്കേണ്ടി വന്നെങ്കിലും കൊവിഡ് വാക്സിനേഷന്റെ കാര്യത്തിൽ വലിയ നേട്ടമുണ്ടാക്കാനായത് രണ്ടാം പിണറായി സർക്കാരിന് ആശ്വസിക്കാൻ വക നല്‌കി. എന്നാൽ, കൊവിഡ് മരണക്കണക്കുകളിലെ അവ്യക്തത, ലോക്ക്ഡൗണിന്റെ പേരിൽ അരങ്ങേറിയ പൊലീസ് രാജ്, പാവപ്പെട്ടവരെ കാണാതെയുള്ള അശാസ്ത്രീയ നിയന്ത്രണങ്ങൾ എന്നിങ്ങനെ പ്രതിപക്ഷം ഉയർത്തിയ വലിയ ചോദ്യങ്ങൾ സർക്കാരിനെ വെള്ളം കുടിപ്പിച്ചു. അശാസ്ത്രീയമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ആരോഗ്യകരമായ ഇളവ് വരുത്താൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിയമസഭയിലുയർത്തിയ മൂർച്ചയേറിയ വിമർശനം സഹായിച്ചിട്ടുണ്ട്. അതൊരു പോസിറ്റീവായ ഇടപെടലായിരുന്നു.

സ്ത്രീപക്ഷ രാഷ്ട്രീയം

സ്ത്രീപക്ഷ രാഷ്ട്രീയത്തിൽ ഒന്നാം പിണറായി സർക്കാർ നടത്തിയ ഇടപെടലുകൾക്ക് അതേ നിലയിലുള്ള തുടർച്ചയുണ്ടായോ എന്ന ചോദ്യം ആറുമാസം പിന്നിടുന്ന സർക്കാരിന് നേർക്ക് പൊതുസമൂഹം ഉയർത്തുന്നു. സ്വന്തം കുഞ്ഞിനായുള്ള അനുപമ എന്ന അമ്മയുടെ സമരമാണ് സർക്കാരിനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നത്. അനുപമ എന്ന അമ്മ പ്രതിക്കൂട്ടിൽ നിറുത്തുന്നത് മുഖ്യഭരണകക്ഷിയായ സി.പി.എമ്മിനെയും അതിന്റെ പ്രവർത്തകനായ അവരുടെ പിതാവിനെയും സർക്കാർ സംവിധാനമായ ശിശുക്ഷേമസമിതിയെയുമാണ്. സാമൂഹ്യസൂചികയിൽ മുൻപന്തിയിലുള്ള കേരളത്തിൽ ഉയരുന്ന അനുപമയുടെ നിലവിളി സർക്കാരിനെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. ആറുമാസം പിന്നിടുന്ന ഇടതുസർക്കാരിനെ അങ്ങേയറ്റം പ്രതിരോധത്തിലേക്ക് തള്ളിയിടുന്നുണ്ട്, അനുപമയുടെ ഈ ഒറ്റയാൾ സമരം. അവരുടെ ശക്തമായ സമരത്തിനൊടുവിലാണിപ്പോൾ കുഞ്ഞിനെ തിരിച്ചുകിട്ടുന്ന നിലയുണ്ടായത്.

മഹാത്മഗാന്ധി സർവകലാശാലയിൽ ദളിത് ഗവേഷണ വിദ്യാർത്ഥിനിക്ക് സമരം കിടക്കേണ്ടി വന്നതും, അതേ സർവകലാശാലയിൽ ഭരണകക്ഷിയായ സി.പി.ഐയുടെ തന്നെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ വനിതാനേതാവിന് നേർക്കുണ്ടായ അധിക്ഷേപങ്ങളും ആക്രമണങ്ങളുമെല്ലാം ഇടതുസർക്കാരിന്റെ സ്ത്രീപക്ഷ നിലപാടിന് നേർക്ക് ചോദ്യങ്ങളുയർത്തുന്നുണ്ട്.

സുസ്ഥിര വികസനം

2018 മുതലിങ്ങോട്ട് കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം കടുത്ത വിനാശം വിതച്ചുകൊണ്ടിരിക്കുന്നു. അതിതീവ്രമഴ എപ്പോൾ, എങ്ങനെയാണ് പെയ്തിറങ്ങുകയെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. കാലാവസ്ഥാ പ്രവചനങ്ങളെല്ലാം അപ്രസക്തമാകുന്നു. 2018ലെ മഹാപ്രളയം, ഓഖി, പിന്നീടിങ്ങോട്ടുള്ള ഓരോ വർഷവുമുണ്ടായി കൊണ്ടിരിക്കുന്ന തീവ്രമഴ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ദുരന്തങ്ങൾ എന്നിവയെല്ലാം കേരളത്തെ ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി മാറ്റിക്കൊണ്ടിരിക്കുന്നു.

അവിടെ ഏതുതരം വികസനമാണ് നാം നടപ്പാക്കേണ്ടത് എന്നതിനെച്ചൊല്ലി ഗൗരവതരമായ സംവാദങ്ങൾ തന്നെ ഉയർന്നുതുടങ്ങിയിട്ടുണ്ട്. പരിസ്ഥിതിലോല മേഖലയായ നേപ്പാളിലും മറ്റും പരിസ്ഥിതിക്കിണങ്ങുന്ന ശാസ്ത്രീയമായ വികസനകാഴ്ചപ്പാടിലേക്ക് ഭരണാധികാരികൾ ആത്മാർത്ഥമായ ശ്രദ്ധ ചെലുത്തുമ്പോൾ, കേരളം മുതലാളിത്ത വികസിതരാജ്യങ്ങളോട് മത്സരിച്ചുള്ള വൻകിട വികസന പദ്ധതികളെ പുൽകണോ എന്ന ചോദ്യമാണുയരുന്നത്.

തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് നാല് മണിക്കൂറിൽ യാത്ര ചെയ്തെത്താവുന്ന അർദ്ധ അതിവേഗ റെയിൽപാതയായ സിൽവർ ലൈൻ പദ്ധതിക്കായാണ് സംസ്ഥാനസർക്കാർ അതിശക്തമായി ഇപ്പോഴും നിലകൊള്ളുന്നത്. അതിനായി വേണ്ടിവരുന്ന പാറകൾക്കായി പശ്ചിമഘട്ടത്തെ ഇനിയെത്ര തുരക്കണമെന്ന ചോദ്യം കുഴപ്പിക്കുന്നതാണ്. കേരളത്തെ മതിൽകെട്ടി രണ്ടായി വേർതിരിക്കുന്ന പദ്ധതിയെന്ന വിമർശനമുയർത്തുന്നത് പ്രതിപക്ഷമാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും പാരിസ്ഥിതിക ആശങ്കകളുയർത്തിയിട്ടുണ്ട്. നിക്ഷേപങ്ങളെ ആകർഷിക്കാൻ യാത്രാസൗകര്യം വികസിക്കേണ്ടതുണ്ടെന്ന നവമുതലാളിത്ത കാഴ്ചപ്പാട് മറയില്ലാതെ പ്രഖ്യാപിക്കുന്നു കേരളത്തിലെ ഇടതുപക്ഷം. വികസനം നല്ലതുതന്നെ. അതിനൊപ്പം കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ പാരിസ്ഥിതികബോദ്ധ്യത്തെക്കൂടി നാം മുറുകെ പിടിക്കേണ്ടതുണ്ട്. നാല് മണിക്കൂറിന് പകരം ആറ് മണിക്കൂറിലെത്താവുന്ന തരത്തിൽ കൂടുതൽ പാരിസ്ഥിതികാഘാതം ഒഴിവാക്കുന്ന ബദൽമാർഗങ്ങൾ മുന്നോട്ട് വയ്ക്കുന്ന പരിസ്ഥിതി സ്നേഹികളുമുണ്ട്. എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള ജനാധിപത്യബോധം സർക്കാരിന് ആകാവുന്നതേയുള്ളൂ.

മറ്റൊന്ന് ശബരിമല വിമാനത്താവളമാണ്. അതിനെ ഭരണ-പ്രതിപക്ഷങ്ങൾ മത്സരിച്ചാണ് അനുകൂലിക്കുന്നത്. ശബരിമല വിമാനത്താവളത്തിനായി നിർദ്ദേശിക്കപ്പെട്ട ഭൂമിയുടെ പരിസരങ്ങൾ വന്യജീവി ആവാസകേന്ദ്രങ്ങളാണ്. ഇപ്പോൾ തന്നെ വന്യജീവികൾ നാട്ടിലിറങ്ങി വരുത്തുന്ന ദുരിതങ്ങളെപ്പറ്റി ജനപ്രതിനിധികൾ വല്ലാതെ വിലപിക്കുന്നത് നമ്മൾ നിയമസഭയിലുൾപ്പെടെ കാണുന്നു. വിമാനത്താവളത്തിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോഴും പുറപ്പെടുമ്പോഴുമെക്കെ ഉയരുന്ന ഭീകരമായ ശബ്ദങ്ങൾ പരിസരങ്ങളിലെ വന്യജീവികളെ അസ്വസ്ഥപ്പെടുത്തുമെന്നതിൽ തർക്കമൊന്നുമില്ല. തിരുവനന്തപുരത്തും കൊച്ചിയിലും വിമാനത്താവളങ്ങളുള്ളപ്പോൾ ശബരിമലയിലെന്തിന് വിമാനത്താവളം! ആറന്മുളയിൽ പാടം നികത്തി നിർമ്മിക്കാനുദ്ദേശിച്ച വിമാനത്താവളത്തെ എതിർത്ത പാരിസ്ഥിതികബോദ്ധ്യങ്ങൾ എവിടെപ്പോയി! ചോദ്യങ്ങളാണ്.

മരംമുറി വിവാദങ്ങൾ

രണ്ടാം പിണറായിസർക്കാർ അധികാരമേറ്റപ്പോൾ ആദ്യമുയർന്നുകേട്ടത് വയനാട് മുട്ടിലിലെ മരംമുറിക്കേസാണ്. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ മറയാക്കി, മുറിക്കാൻ അനുവാദമില്ലാത്ത മരങ്ങൾ വൻതോതിൽ സംസ്ഥാനവ്യാപകമായി മുറിച്ചുമാറ്റിയെന്ന ആക്ഷേപത്തിന് വിത്തുപാകിയത് മുട്ടിലിലെ മരംമുറിക്കേസിൽ നിന്നാണ്. അത് സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പിനെയാണ് ആദ്യം പ്രതിക്കൂട്ടിലാക്കിയത്. തുടക്കത്തിൽ കേസ് മുറുക്കിയെങ്കിലും ഇപ്പോൾ വല്ലാതെ അയഞ്ഞുപോയിരിക്കുന്നു. മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസ് വകുപ്പിന്റെ വീഴ്ചയാണിവിടെ ചർച്ചയാവുന്നത്.

ഏറ്റവുമൊടുവിൽ വിവാദം തീർത്തുകൊണ്ടിരിക്കുന്നത് മുല്ലപ്പെരിയാറിൽ ബേബി ഡാമിന് സമീപത്തെ മരംമുറിയുമായി ബന്ധപ്പെട്ടാണ്. തമിഴ്നാടിന് മരംമുറിക്കാൻ അനുമതി നൽകിയുള്ള ഉത്തരവുണ്ടാക്കിയ കോളിളക്കം ചെറുതല്ല. ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തും ഉത്തരവ് റദ്ദാക്കിയും സർക്കാർ തടിയൂരിയെങ്കിലും ഉത്തരവിറക്കുന്നതിലേക്ക് നയിച്ച കാരണങ്ങളിൽ ദുരൂഹത ശേഷിക്കുന്നു. ബെന്നിച്ചൻ തോമസ് എന്ന ഉദ്യോഗസ്ഥന്റേത് മികച്ച ട്രാക്ക് റെക്കോർഡാണ്. പരിസ്ഥിതിസ്നേഹികൾക്കാകെ മതിപ്പുള്ള മനുഷ്യൻ. അദ്ദേഹത്തിന് മേൽ ഉന്നതതല സമ്മർദ്ദം ശക്തമായിരുന്നു എന്നതിന്റെ രേഖകൾ പലതും പുറത്തുവന്നു. പക്ഷേ ആശയക്കുഴപ്പവും അവ്യക്തതയും അവശേഷിപ്പിച്ച് വിവാദം പുകഞ്ഞുനിൽക്കുക മാത്രമാണ്. മുഖ്യമന്ത്രിയാകട്ടെ ദുരൂഹമായ മൗനത്തിലും.

പൊലീസും സർക്കാരും

ഒന്നാം പിണറായിഭരണത്തിൽ ഏറെ നാണക്കേടുണ്ടാക്കിയത് പൊലീസായിരുന്നു. ആ പൊലീസ് ഇപ്പോഴും തലവേദനകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് കുടപിടിച്ചു കൊടുത്തത് പൊലീസ് തലപ്പത്തെ ഉന്നതർ തന്നെയായിരുന്നു. കൊവിഡ് ലോക്ക്ഡൗൺ കാലത്തെ പൊലീസിന്റെ അനാവശ്യമായ ആക്രോശം ഏറെ വിവാദമുയർത്തി.

ഒന്നാം പിണറായി ഭരണത്തിൽ നിരപരാധികളായ രണ്ട് വിദ്യാർത്ഥികളുടെ ഭാവിക്കുമേൽ കരിനിഴൽ വീഴ്ത്തിയാണ് കേരള പൊലീസ്, കേന്ദ്രഭരണക്കാർക്ക് സ്തുതിപാടിക്കൊണ്ട് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളെന്ന മുദ്ര അവർക്കുമേൽ ചാർത്തപ്പെട്ടു. സുപ്രീംകോടതി അതിനിശിത വിമർശനത്തോടെ ഈയടുത്ത ദിവസം അതിലൊരു ചെറുപ്പക്കാരനായ താഹ ഫസലിന് ജാമ്യം അനുവദിച്ചപ്പോൾ പ്രതിരോധത്തിലായത് പൊലീസും ആ പൊലീസിനെ കണ്ണടച്ച് ന്യായീകരിച്ച മുഖ്യമന്ത്രിയുമാണ്.

കൊവിഡ് നിയന്ത്രണങ്ങൾ ഏറെക്കുറെ ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് ഓണക്കാലത്തിന് ശേഷം സൗജന്യഭക്ഷ്യകിറ്റ് വിതരണം സർക്കാർ അവസാനിപ്പിച്ചത്. കടുത്ത സാമ്പത്തികപ്രതിസന്ധി രണ്ടാം പിണറായി സർക്കാരിനെ വീർപ്പുമുട്ടിക്കുന്നുണ്ട്. അതിനിടയിലും ക്ഷേമപെൻഷൻ പോലുള്ള ആനുകൂല്യവിതരണം തടസപ്പെടുത്താതിരിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ട്.

രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെല്ലാവരും ഭരണപരിചയമില്ലാത്ത പുതുക്കക്കാരായി എന്നതൊരു പോരായ്മയായി കാണേണ്ടതില്ല. അവർക്ക് കാര്യങ്ങൾ പഠിച്ച് മികവ് തെളിയിക്കാനാവും. പക്ഷേ, പ്രതീക്ഷ കെടുത്തുന്ന ചില അശുഭസൂചനകൾ മുഴങ്ങി കേൾക്കുന്നത് തീരെ ഭൂഷണമായിരിക്കില്ല. ഇനിയുള്ള ആറുമാസം ഇതുവരെ കേട്ട പഴികളെ സ്വയം വിമർശനപരമായി തിരുത്തിക്കൊണ്ട് മുന്നോട്ട് പോകാനുള്ള ഊർജമാകട്ടെ.

പ്രതിപക്ഷം

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നിയമസഭയ്ക്കകത്ത് നടക്കുന്നത് അങ്ങേയറ്റം ആരോഗ്യകരമായ സംവാദം തന്നെയാണ്. ഭരണകക്ഷിക്കൊരു തിരുത്തൽ ശക്തി എന്ന നിലയിലേക്ക് പ്രതിപക്ഷത്തിന്റെ ദൗത്യത്തെ ഉയർത്തിയെടുക്കാൻ ആറ് മാസക്കാലയളവിൽ സാധിച്ചിരിക്കുന്നു. നിയമസഭയിൽ പലപ്പോഴും ഭരണകക്ഷിയെ പ്രതിരോധത്തിലാക്കാൻ പോന്ന വാക്ചാതുരിയും നയചാതുരിയും പ്രതിപക്ഷത്തിന് പ്രകടിപ്പിക്കാനാകുന്നുണ്ട്. ആ അർത്ഥത്തിൽ ആറ് മാസം പിന്നിടുന്ന പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷനേതാവിന്റെയും പങ്കാളിത്തം ജനാധിപത്യ സംവിധാനത്തിൽ ആരോഗ്യദായകമാകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.