SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.08 PM IST

ഗവർണർ, രാഷ്ട്രപതി, പിണറായിസർക്കാർ, പിന്നെ കോൺഗ്രസും

vivadavela

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരും തമ്മിൽ ഏതാണ്ട് ഒരു മാസത്തോളമായി തുടർന്നുവരുന്ന നിഴൽയുദ്ധം പല ചുഴികളും മലരികളും താണ്ടി കൗതുകകരമായ രാഷ്ട്രീയ കടവത്ത് വന്ന് തങ്ങിനിൽക്കുകയാണിപ്പോൾ. അവിടെ ഗവർണറെ നമ്മൾ കാണുന്നുണ്ട്. ഗവർണർ ഉയർത്തിക്കൊണ്ടിരിക്കുന്ന പരിഭവങ്ങളെയൊന്നും ഗൗനിക്കാതെ 'നമുക്ക് നമ്മുടെ വഴി' എന്ന മട്ടിൽ നടന്നുനീങ്ങുന്ന രണ്ടാം പിണറായി സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കാണാനാവുന്നുണ്ട്. പക്ഷേ, പുതിയ കടവത്തെ അതിലും വലിയ കാഴ്ച കോൺഗ്രസ് നേതൃത്വത്തിന്റേതാണ്. ആ കടവത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. രമേശ് ചെന്നിത്തല ഒന്ന് പറഞ്ഞപ്പോൾ മറ്റൊന്ന് പറഞ്ഞത് വി.ഡി. സതീശനാണ്. ഈ മൊഴിവൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുന്ന തമാശകളാണ് കേരള രാഷ്ട്രീയതീരത്ത് കൗതുകകരമായ ഓളങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. കഥ തുടരുകയാണ്.

ഗവർണറും രാഷ്ട്രപതിയുടെ ഡി. ലിറ്റും

പിന്നെ കോൺഗ്രസും

കണ്ണൂർ, കാലടി സർവകലാശാലാ വി.സി നിയമനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളിൽ നിന്നാണ് ഗവർണറും സംസ്ഥാനസർക്കാരും കഴിഞ്ഞമാസം ആദ്യത്തിൽ നിഴൽയുദ്ധം ആരംഭിക്കുന്നത്. പരസ്പരം കൊണ്ടും കൊടുത്തും എന്ന മട്ടിൽ അത് അഭംഗുരം മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ മുട്ടനാടിന്റെ ചോര കിട്ടുമെങ്കിലാകട്ടെയെന്ന മട്ടിൽ ഗവർണറെ ചാരി സംസ്ഥാന സർക്കാരിനെയും അതിന്റെ ഉന്നതവിദ്യാഭ്യാസ നയസമീപനങ്ങളെയും കടന്നാക്രമിച്ചുകൊണ്ടിരുന്നു. ഗവർണറുടെ രക്ഷാകർതൃത്വം സ്വയം ഏറ്റെടുത്ത ബി.ജെ.പി നേതൃത്വവും ഇടതുസർക്കാരിന്റെ 'ആക്രമണ'ത്തിൽ നിന്ന് രക്ഷിച്ചെടുക്കാനായി ഗവർണർക്ക് സുരക്ഷാവലയം തീർക്കാൻ മത്സരിച്ചു.

തർക്ക-വിതർക്കങ്ങൾ മുന്നേറി വരികയായിരുന്നു. സർവകലാശാലാ കാര്യങ്ങളിൽ അമിത രാഷ്ട്രീയ ഇടപെടലാരോപിച്ച്, ചാൻസലർ പദവി ഒഴിയുന്നുവെന്ന് പ്രഖ്യാപിച്ച് മപ്പടിച്ച് നിന്ന ഗവർണർക്ക് തുടക്കത്തിൽ ചില മുനവച്ച മറുപടികളൊക്കെ മുഖ്യമന്ത്രി പിണറായി വിജയൻ നല്‌കിയെങ്കിലും പിന്നീട് 'ഞാനേതോ മാവിലായിക്കാരൻ' എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ നടപ്പ്.

സർവകലാശാലാ വിഷയങ്ങളിൽ താനാണ് അഗ്രഗണ്യൻ എന്നമട്ടിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടക്കം തൊട്ടേ ചില കളികൾ കളിക്കുന്നുണ്ടായിരുന്നു. കെ.പി.സി.സി നേതൃത്വവും യു.ഡി.എഫ് ചെയർമാനായ പ്രതിപക്ഷനേതാവുമെല്ലാം അവിടെ ഇരിക്കുമ്പോൾ 'തലയിരിക്കുമ്പോൾ വാല് ആടുന്നോ' എന്ന ശങ്ക അപ്പോൾ നേതൃത്വത്തിലെ ചിലരുടെയെല്ലാം ഉള്ളിൽ മുള പൊട്ടിയിരുന്നുവെന്ന് നമുക്ക് ന്യായമായി സംശയിക്കാവുന്നതാണ്. കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായ ഡോ. ഗോപിനാഥ് രവീന്ദ്രന് തുടർനിയമനം നല്‌കുന്നതിന് ഗവർണർക്ക് ശുപാർശക്കത്ത് നൽകിയത് പെട്ടെന്ന് പുറത്തുവരികയും ഉന്നത വിദ്യാഭ്യാസമന്ത്രിക്കെതിരെ ലോകായുക്തയെ സമീപിക്കുമെന്ന് ചെന്നിത്തല പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തപ്പോഴാണ് ആടുന്ന വാലിന്റെ തീവ്രത പലർക്കും തോന്നിത്തുടങ്ങിയത്. എന്തോ കാരണത്താൽ, ലോകായുക്തയെ സമീപിക്കാൻ മാത്രം പോന്ന തെളിവ് ഇതുവരെയും രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കാതിരിക്കയാൽ അക്കാര്യം നടന്നിട്ടില്ല.

അതിനിടയിലാണ് അപ്രതീക്ഷിതമായ ട്വിസ്റ്റുമായി രമേശ് ചെന്നിത്തലയുടെ പുതിയ രംഗപ്രവേശമുണ്ടാകുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡി.ലിറ്റ് ബിരുദം നല്‌കണമെന്ന ഗവർണറുടെ ശുപാർശ കേരള സർവകലാശാല നിരസിച്ചതാണ് ഗവർണറെ പ്രകോപിപ്പിച്ചതും സർക്കാരിനെതിരെ തിരിച്ചതും എന്ന് രമേശ് ചെന്നിത്തല പുതിയ വെടിപൊട്ടിച്ചു. ചെന്നിത്തലയുടെ വെടിക്ക് പിന്നാലെ മാദ്ധ്യമങ്ങൾ അതിന്റെ പുതിയ വകഭേദങ്ങൾ പുറത്തെത്തിച്ചുകൊണ്ടിരുന്നു. പ്രതീക്ഷിച്ചത് പോലെ ബി.ജെ.പിയുടെ രംഗപ്രവേശമുണ്ടായി. ദളിതനായ രാഷ്ട്രപതിയെ സംസ്ഥാനസർക്കാർ അപമാനിച്ചുവെന്ന് ബി.ജെ.പി നേതൃത്വം വിലപിച്ചു. പതിവുപോലെ സംസ്ഥാനസർക്കാരോ മുഖ്യമന്ത്രിയോ ഞാനീ നാട്ടുകാരനല്ലെന്ന ഭാവത്തിൽ നടപ്പുതുടർന്നു. സി.പി.എം ജില്ലാസമ്മേളനങ്ങളിൽ സംസ്ഥാന വികസന സ്വപ്നങ്ങൾ പ്രഖ്യാപിച്ച് സഞ്ചരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗവർണറെയോ രാഷ്ട്രപതിയെയോ കോൺഗ്രസിനെയോ സതീശനെയോ ചെന്നിത്തലയെയോ ഡി.ലിറ്റിനെയോ പറ്റിയൊന്നും അദ്ദേഹം കേട്ടിട്ട് പോലുമില്ലെന്ന് തോന്നിപ്പോയി!

ചെന്നിത്തല പറഞ്ഞതും

സതീശൻ പറഞ്ഞതും

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി-ലിറ്റ് നല്കാനുള്ള ഗവർണറുടെ ശുപാർശ കേരള സർവകലാശാല നിരസിച്ചെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ സ്ഫോടനാത്മക വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പ്രകോപനങ്ങൾക്ക് പിന്നിൽ അതാണെന്നും പറഞ്ഞ ചെന്നിത്തല കേരളസർവകലാശാലയോട് ഇതുമായി ബന്ധപ്പെട്ട് ചില്ലറ ചോദ്യങ്ങളും ഉന്നയിച്ചു. സർവകലാശാല അർത്ഥഗർഭമായ മൗനം തുടർന്നു. ഗവർണർ കേരള സർവകലാശാലാ വൈസ് ചാൻസലറോട് രാഷ്ട്രപതിക്കുള്ള ഡി.ലിറ്റ് ശുപാർശയെപ്പറ്റി ആരാഞ്ഞെന്നും വി.സി സിൻഡിക്കേറ്റ് അംഗങ്ങളോട് ആലോചിച്ചശേഷം താത്‌പര്യമില്ലെന്ന് ഗവർണറെ അറിയിച്ചെന്നുമാണ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരം.

രാഷ്ട്രപതിക്ക് കേരള സർവകലാശാലയുടെ വകയായി ഓണററി ഡി.ലിറ്റ് നല്‌കണമെന്ന് വൈസ് ചാൻസലറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചാൻസലർ ആയ ഗവർണർ ശുപാർശ ചെയ്തത്. സിൻഡിക്കേറ്റിൽ ആലോചിക്കട്ടെ എന്നറിയിച്ച് മടങ്ങിയ വി.സി പിന്നീട് ഒരു സിൻഡിക്കേറ്റംഗത്തോട് ഇതേക്കുറിച്ച് സംസാരിച്ചെന്നാണ് ലഭിക്കുന്ന വിവരം. സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലയിലെ മുതിർന്ന നേതാവായ സിൻഡിക്കേറ്റംഗം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചു. അവിടെ നിന്നുള്ള അറിയിപ്പനുസരിച്ചാണ്, ഇപ്പോൾ ഡി.ലിറ്റ് വേണ്ട എന്നുള്ള ധാരണയിലേക്കെത്തിയതും അക്കാര്യം വി.സി തന്നെ ഗവർണറെ ധരിപ്പിച്ചതും. വി.സിയോട് തീരുമാനം രേഖാമൂലം കൈമാറാൻ നിർദ്ദേശിച്ചത് ഗവർണറാണ്. രാഷ്ട്രപതിക്ക് ഇപ്പോൾ ഡി.ലിറ്റ് നല്‌കേണ്ടെന്നാണ് സിൻഡിക്കേറ്റിന്റെയും സർക്കാരിന്റെയും നിലപാട് എന്നറിയിച്ച് വി.സി ഗവർണർക്ക് കത്ത് നല്‌കി.

സിൻഡിക്കേറ്റിന് തീരുമാനിക്കാമെങ്കിലും സർക്കാരിന് ഇതിലെന്ത് കാര്യമെന്ന് ഗവർണർ ചോദിച്ചില്ല. സർവകലാശാല സ്വയംഭരണസ്ഥാപനമാണെന്നും അതിൽ സർക്കാർ ഇടപെടൽ വേണ്ടെന്നും അതിന്റെ സ്വയംഭരണ സ്വഭാവം സത്യസന്ധമായി പരിപാലിച്ചുപോകാനാണ് ഗവർണറെ ചാൻസലറാക്കിയതെന്നുമൊക്കെയുള്ള ബോദ്ധ്യങ്ങൾ എന്തുകൊണ്ടോ വി.സി ഗവർണർക്ക് മുന്നിൽ മറന്നുപോയി. സർക്കാരിന്റെ ആ ഇടപെടലാണ് ഗവർണറെ പ്രകോപിപ്പിച്ചത് എന്നത് നേരാണ്. ഈ യാഥാർത്ഥ്യം മനസിലാക്കിയാണ് രമേശ് ചെന്നിത്തല ഡി-ലിറ്റ് വിവാദം പുറത്തുപറഞ്ഞതെന്നാണ് പറയപ്പെടുന്നത്. സർക്കാരിന്റെ ആ നിലപാടിലെ ബുദ്ധിമോശം പറയാതെ, ഗവർണർ കണ്ണൂർ, കാലടി വി.സി നിയമനക്കാര്യങ്ങളിലെ പ്രതിഷേധം പുറത്തുപറഞ്ഞു. അതാണ് പിന്നീട് നീറിപ്പുകഞ്ഞതും.

കണ്ണൂർ വി.സി നിയമനത്തിനെതിരെ നേരത്തേ തന്നെ ഹൈക്കോടതിയിൽ ഹർജി പോയ സാഹചര്യത്തിൽ ഗവർണറുടെ വിവാദ വെളിപ്പെടുത്തൽ സർക്കാരിനെതിരായ രാഷ്ട്രീയായുധമാക്കിയ പ്രതിപക്ഷനിലപാടിൽ തെറ്റില്ല. അവർ അതുതന്നെയാണ് ചെയ്യേണ്ടതും. ഗവർണറാണ് വി.സിയുടെ പുനർനിയമനം അംഗീകരിച്ച് ഒപ്പുവച്ചത്. തന്റെ ആ തീരുമാനത്തെ ന്യായീകരിക്കാൻ നിർബന്ധിതനായ അദ്ദേഹം ഹൈക്കോടതി സിംഗിൾബെഞ്ചിൽ ഇക്കാര്യം ബോധിപ്പിച്ചതോടെ അതിലൊന്നും അപാകതയില്ലെന്ന് കാട്ടി സിംഗിൾബെഞ്ച് ഹർജി തള്ളിക്കളഞ്ഞു.

ഗവർണറുടെ വിവാദ വെളിപ്പെടുത്തലുകൾ അദ്ദേഹത്തിന്റെ തന്നെ ഹൈക്കോടതിയിലെ നിലപാടുകളോട് പൊരുത്തപ്പെടുന്നതായില്ലെങ്കിലും, അതിനകം അത് പുറത്ത് ചൂടുപിടിച്ച് തുടങ്ങിയിരുന്നു. അതിന് എരിവ് പകർന്നുകൊണ്ട്, കണ്ണൂർ വി.സിയായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനുള്ള ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഗവർണർക്കുള്ള ശുപാർശക്കത്ത് പുറത്തുവന്നു. ഇതോടെ പ്രതിപക്ഷം രണ്ടും കല്പിച്ച് സർക്കാരിനും മന്ത്രിക്കുമെതിരെ രംഗത്തെത്തി. മന്ത്രിക്ക് അങ്ങനെ ശുപാർശ ചെയ്യാൻ അധികാരമുണ്ടെന്ന് കരുതുന്നില്ലെന്ന് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയും പറഞ്ഞത് പ്രതിപക്ഷത്തിന് ഇന്ധനമായി.

ഈ പശ്ചാത്തലത്തിലാണ് സിംഗിൾബെഞ്ച് തള്ളിയ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീലെത്തുന്നത്. പുതിയ വെളിപ്പെടുത്തലുകൾ നടത്തിക്കഴിഞ്ഞ ഗവർണർ അതിനാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ കൈക്കൊള്ളാൻ പോകുന്ന നിലപാടെന്താകുമെന്നത് പ്രസക്തമായ ചോദ്യമാണ്. ഗവർണറെ ഈ ഘട്ടത്തിൽ കൂടുതൽ സമ്മർദ്ദത്തിലാക്കി സർക്കാരിനെ പ്രതിക്കൂട്ടിൽ കയറ്റുക എന്ന പ്രായോഗിക രാഷ്ട്രീയതന്ത്രത്തിന് പ്രതിപക്ഷം തുനിഞ്ഞിറങ്ങുക സ്വാഭാവികം. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അതേ ചെയ്തിട്ടുള്ളൂ. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്നതിനാൽ, ഗവർണറെയും സർക്കാരിനെയും ഒരുപോലെ കുരിശിൽ കയറ്റാൻ വെമ്പി നില്‌ക്കുന്ന സതീശന്റെ ആവേശം അതിരു കടന്നുപോയോ എന്ന സന്ദേഹമാണിപ്പോൾ കോൺഗ്രസിലെ ചർച്ച.

ഫലത്തിൽ സംഭവിച്ചതെന്താണ്! രമേശ് ചെന്നിത്തല പറഞ്ഞതിനെ ഏറ്റുപിടിക്കാതെ സതീശൻ ഗവർണറെ തള്ളിപ്പറഞ്ഞ് സ്വന്തം വഴിക്ക് നീങ്ങുന്നു. ആപ്പിലായ രമേശ് ചെന്നിത്തല പ്രതിഷേധത്തിന്റെ മൗനത്തിലായി. വി.സിയോട് ഓണററി ഡി.ലിറ്റിന് സ്വകാര്യമായി വിളിച്ചുപറഞ്ഞ് ശുപാർശ ചെയ്യാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് സതീശന്റെ വാദം. അതിന് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

യഥാർത്ഥത്തിൽ, കേരള സർവകലാശാലാ നിയമത്തിലെ 34ാം വകുപ്പിന്റെ ഐ ഉപവകുപ്പ് പ്രകാരം ഓണററി ഡോക്ടറേറ്റ് പോലുള്ള ബിരുദം നല്‌കുന്നതിൽ തീരുമാനമെടുക്കേണ്ടത് സിൻഡിക്കേറ്റാണ്. അത് മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് അംഗീകരിച്ച ശേഷം ചാൻസലറായ ഗവർണറെ അറിയിക്കണം. അദ്ദേഹമാണ് കോൺവൊക്കേഷൻ തീയതിയും മറ്റ് നിശ്ചയിച്ച് നല്‌കേണ്ടത്. ആരാണ് ശുപാർശ ചെയ്യേണ്ടത് എന്ന് നിയമത്തിൽ വ്യക്തമാക്കുന്നില്ലെങ്കിലും ആർക്ക് വേണമെങ്കിലും ഇത്തരം ശുപാർശകൾ കൈമാറാമെന്നുണ്ടെന്ന് സർവകലാശാലാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കീഴ്വഴക്കവും അതാണ്.

സതീശൻ അതിനാൽ ഇവിടെ നടത്തിയ പ്രതികരണം അല്പം കടത്തിപ്പറഞ്ഞതാണെന്ന് ന്യായമായും സംശയിക്കണം. അതിന് അദ്ദേഹത്തിന്റേതായ ന്യായീകരണമുണ്ട്. അതെന്തെന്നാൽ, രാഷ്ട്രപതിക്ക് ഓണററി ഡി.ലിറ്റ് നല്‌കൽ വിവാദത്തിലേക്ക് കാര്യങ്ങളെ വഴിതിരിച്ചുവിട്ടാൽ, പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്ന സംസ്ഥാനസർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ നയസമീപനങ്ങൾക്കെതിരായ പോരാട്ടം വഴിതെറ്റിപ്പോകും. അത് പാടില്ല. പ്രതിപക്ഷത്തിന് ഗവർണറെയും സർക്കാരിനെയും ഒരുപോലെ വെട്ടിലാക്കി നേട്ടം കൊയ്യണം.

ജനാധിപത്യവ്യവസ്ഥിതിയിലെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങളെ ആ നിലയിൽ നമ്മൾ മാനിച്ചാൽ പ്രതിപക്ഷ നേതാവിന്റേത് നിഷ്കളങ്കമായ നിലപാട് തന്നെയാണ്.

പക്ഷേ, കോൺഗ്രസിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കണ്ടുവരുന്ന അസുഖകരമായ സ്ഥിതിവിശേഷത്തെക്കുറിച്ച് ആലോചിച്ചാൽ സതീശന്റേത് അത്രമേൽ നിഷ്കളങ്കമാണോയെന്ന് തോന്നിപ്പോകും. സംഗതിവശാൽ രമേശ് ചെന്നിത്തലയുടെ സ്ഥാനം തട്ടിത്തെറിപ്പിച്ചാണല്ലോ സതീശനിലേക്ക് അത് വന്നുപെട്ടത്. സ്ഥാനം നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം ഖിന്നനാണ് രമേശ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന സ്വന്തം രൂപത്തെ അദ്ദേഹം ഒരിക്കലെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടാവും എന്നുതന്നെയാണ് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുക. വിധിവശാൽ ഫലം തിരിച്ചാവുകയും അദ്ദേഹത്തിന് സ്ഥാനം തെറിക്കുകയുമായിരുന്നു.

ഫലത്തിൽ, ഗവർണർ- സർക്കാർ പോരിനിടയിൽ നിന്ന് മുട്ടനാടിന്റെ ചോര പ്രതീക്ഷിച്ചിറങ്ങിയ പ്രതിപക്ഷത്തിന്റെ അവസ്ഥയെന്തായി എന്നല്ലേ. ചക്കിന് വച്ചത് കൊക്കിന് കൊണ്ടോ എന്നൊക്കെ ചോദിക്കാൻ വരട്ടെ. ഇനിയും സമയമുണ്ടല്ലോ. ഏതായാലും കോൺഗ്രസിലെ കഥാഗതിയിൽ സി.പി.എമ്മിനകത്ത് അല്പസ്വല്പം ആഹ്ലാദം അലതല്ലാതെ ഇല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.