SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.32 AM IST

ഗോഡ്സെ ചിരിക്കുമ്പോൾ

vivadavela

രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത് പല സവിശേഷതകൾ നിറഞ്ഞ അന്തരീക്ഷത്തിലാണ്. 1948 ലെ കൽക്കത്ത തിസീസിന് ശേഷം സ്വാതന്ത്ര്യദിനം ആഘോഷിച്ചിട്ടില്ലാത്ത സി.പി.എം ഇതാദ്യമായി പാർട്ടി ഓഫീസുകളിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന് കുറേക്കാലമായി സി.പി.എം എതിരല്ലെങ്കിൽപ്പോലും പ്രത്യക്ഷമായ സ്വാതന്ത്ര്യദിനാഘോഷത്തിന് അവർ മുതിർന്നത് ചരിത്രവഴിത്തിരിവായിരുന്നു. എന്നാൽ അതിനേക്കാൾ സവിശേഷമായി തോന്നിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമാണ്. ഇനി മുതൽ ആഗസ്റ്റ് 14, രാജ്യം വിഭജനഭീതിയുടെ ഓർമ്മദിനമായി ആചരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

അതായത്, ആഗസ്റ്റ് 15, രാജ്യം സ്വാതന്ത്ര്യദിനമായി ആഘോഷിക്കുമ്പോൾ തൊട്ടുതലേദിവസം രാജ്യം വിഭജനഭീതിയുടെ ഓർമ്മദിനമായി ആചരിക്കുന്നു. വിഭജനകാലത്തെ മുറിവുകൾ നമ്മെ വേദനിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചത് വെറുമൊരു ഓർമ്മപ്പെടുത്തലായി കാണാൻ അരിയാഹാരം കഴിക്കുന്ന ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. വെറുപ്പിന്റെ രാഷ്ട്രീയം വളർത്തുന്ന പ്രഖ്യാപനമെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി വാർത്താസമ്മേളനത്തിലൂടെ ഉടൻ പ്രതികരിച്ചത് മേൽപ്പറഞ്ഞ വിഭജനഭീതി ദിനാചരണപ്രഖ്യാപനത്തിന്റെ അപകടം തിരിച്ചറിഞ്ഞിട്ടായിരുന്നു. വിഭജനത്തിന്റെ വേദന മുറിവേല്പിച്ചെങ്കിലും അതിനെ മറികടന്ന്, നാനാത്വത്തിൽ ഏകത്വമെന്ന സവിശേഷതയുൾക്കൊണ്ട്, മതനിരപേക്ഷ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം നടത്താൻ നമുക്കായിട്ടുണ്ട്. എന്തൊക്കെ പോരായ്മകൾ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും ആ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെട്ട് നീങ്ങുന്ന ജനതതിയെ മറ്റൊരു അനാവശ്യമായ ഓർമ്മപ്പെടുത്തലിലൂടെ മുറിവേല്പിക്കുന്നതാകുമോ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവിലൂടെ പ്രഖ്യാപിച്ചിരിക്കുന്ന വിഭജനഭീതി ദിനാചരണം? രാജ്യത്തിന്റെ മതേതരഘടനയെ പൊള്ളിക്കുന്നു, ഈ ചോദ്യവും അതിന് പ്രതീക്ഷിക്കാവുന്ന ഉത്തരവും. കാരണം, രാജ്യം ഇന്ന് കടന്നുപോകുന്നത് അതിസങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാകുന്നു.

നാഥുറാം വിനായക് ഗോഡ്സെയുടെ രാഷ്ട്രീയം

അഖിലേന്ത്യാ മുസ്ലിംലീഗിനെയും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ഒരുപോലെ എതിർത്തിരുന്ന ഹിന്ദുമഹാസഭയുടെ ഭാഗമായിരുന്ന ആളാണ് നാഥുറാം വിനായക് ഗോഡ്സെ. രാഷ്ട്രം സ്വാതന്ത്ര്യം നേടിയ അതേ അവസരത്തിലാണല്ലോ മുഹമ്മദാലി ജിന്ന, മുസ്ലിം രാഷ്ട്രവാദമുന്നയിച്ചതും വിഭജനം സംഭവിച്ചതും. ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വ തന്ത്രങ്ങളുടെ ഉപോത്‌പന്നമായിരുന്നു രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ സംഭവിച്ച ഈയൊരു ദുരന്തം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് സന്തോഷിക്കേണ്ട സന്ദർഭത്തിൽ ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല, ദേശീയപ്രസ്ഥാനത്തെ നയിച്ച രാഷ്ട്രപിതാവ് മഹാത്മഗാന്ധി. അദ്ദേഹം ആഘോഷത്തിൽ നിന്ന് വിട്ടുനിന്നു.

സ്വാതന്ത്ര്യദിനത്തിൽ ഗാന്ധി ഡൽഹിയിലുണ്ടാകണമെന്ന് നെഹ്റുവും സഹപ്രവർത്തകരും ആഗ്രഹിച്ചു. എന്നാൽ ആ സ്വാതന്ത്ര്യദിനം വിഭജനത്തിന്റെ മുറിവ് പേറുന്ന ദിനം കൂടിയായതിനാൽ ആ ആഘോഷത്തിൽ പങ്കെടുക്കാനുള്ള മാനസികനില ഗാന്ധിജിക്ക് ഉണ്ടായില്ല. നവഖാലിയിൽ ചോര പുരളുന്ന കലാപങ്ങൾക്കിടയിൽ വ്രണിതഹൃദയനായി നടന്ന ബാപ്പുവിനോട് സ്വാതന്ത്ര്യദിന സന്ദേശം ആവശ്യപ്പെട്ട് ചെന്നവരോട് അദ്ദേഹം പറഞ്ഞു: "എന്റെ മനസ് വരണ്ടുണങ്ങിയിരിക്കുന്നു. അവിടെ സന്ദേശമില്ല."

ഇന്ത്യാ വിഭജനത്തോട് ആ മനസ് പൂർണമായും എതിരായിരുന്നു. പക്ഷേ, സാഹചര്യങ്ങളുടെ സമ്മർദ്ദത്തിന് മുന്നിൽ നിസഹായതയോടെ നിലകൊള്ളേണ്ടിവന്നു. വിഭജനാനന്തരം പാക്കിസ്ഥാന്, ഇന്ത്യ 55 കോടി നൽകണമെന്ന് ഇന്ത്യാ- പാക് വിഭജനക്കരാറിൽ എഴുതിവച്ചിരുന്നു. എന്നാൽ, വിഭജനത്തിന് പിന്നാലെ പാക്കിസ്ഥാൻ കാശ്മീരിൽ നുഴഞ്ഞുകയറ്റം ആരംഭിച്ചപ്പോൾ ആ 55 കോടി തത്‌കാലം നൽകേണ്ടെന്ന് നെഹ്റുസർക്കാർ തീരുമാനിച്ചു. എന്നാൽ, ഗാന്ധിജിയുടെ നീതിബോധത്തിന് ഇത് ഉൾക്കൊള്ളാനായിരുന്നില്ല. പാക്കിസ്ഥാന് വ്യവസ്ഥകളിൽ പറഞ്ഞതുപ്രകാരമുള്ള തുക മുഴുവൻ നൽകണമെന്ന് അദ്ദേഹം വാദിച്ചു. നെഹ്റു സർക്കാരിന് വഴങ്ങേണ്ടി വന്നു. വിഭജനം മുറിവേല്പിച്ച മനസുമായി നടന്നുനീങ്ങിയ ഗാന്ധി, അത് വാദിക്കുമ്പോൾ രാജ്യത്ത് വിഭജനകാലത്ത് അരങ്ങേറിയ ഹിന്ദു-മുസ്ലിം കലാപത്തിൽ മനംനൊന്ത് നിരാഹാരമനുഷ്ഠിക്കുകയായിരുന്നു.

അഖിലേന്ത്യാ മുസ്ലിംലീഗിന്റെ സമ്മതത്തോടെ മാത്രമേ ബ്രിട്ടൻ രാജ്യത്തിന് സ്വാതന്ത്ര്യം നൽകൂ എന്നായപ്പോഴാണ് മുഹമ്മദാലി ജിന്നയുമായി ഗാന്ധിജി സംഭാഷണത്തിന് തയാറായത്. വിഭജനം നടക്കുന്നത് വരെ സ്വാതന്ത്ര്യം നീട്ടിവയ്ക്കുക എന്നത് ജിന്നയുടെ ആഗ്രഹമായിരുന്നു. ഹിന്ദുമഹാസഭയും ആഗ്രഹിച്ചത് അതായിരുന്നു. പല തരത്തിലും ഗാന്ധിജിയെ സ്വാധീനിക്കാൻ ജിന്ന നടത്തിയ ശ്രമങ്ങൾ വിഫലമായി. അദ്ദേഹം അക്കാലത്ത് ഗാന്ധിക്കെഴുതിയ തുറന്ന കത്തിൽ അത് വ്യക്തമാക്കിയിട്ടുണ്ട്. ജിന്ന കുറ്റപ്പെടുത്തി: "ഗാന്ധി കൗശലക്കാരനായ കുറുക്കനാണ്, പിന്തിരിപ്പനായ ഹിന്ദുവാണ്." (അവലംബം ശശിധരൻ കാട്ടായിക്കോണം രചിച്ച ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ എന്ന പുസ്തകം)

ഈ ഗാന്ധിയെയാണ് മുസ്ലിംവാദിയെന്ന് ആരോപിച്ച് ഒരുകാലത്ത് ആർ.എസ്.എസ് പ്രവർത്തകനായിരുന്ന നാഥുറാം വിനായക് ഗോഡ്സെ വെടിവച്ച് കൊന്നത്. വിഭജനവാദിയെന്ന് ഗാന്ധിയെ ഗോഡ്സെയുടെ പിൻഗാമികളും പിൽക്കാലത്ത് മുദ്രകുത്താൻ മത്സരിച്ചു.

1948 ജനുവരി 30 വൈകുന്നേരം 5.17നാണ് മറാത്തി ബ്രാഹ്മണനായ ഗോഡ്സെ ഗാന്ധിയെ വധിച്ചത്. വിഭജനത്തിൽ പൂർണമായും ദു:ഖിച്ച സന്യാസിവര്യനെ വിഭജനവാദിയെന്ന് മുദ്രകുത്തിയാണ് വെടിവച്ച് കൊന്നത്. ഒരു വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഗോഡ്സെയ്ക്ക് ഡൽഹി ചെങ്കോട്ടയിൽ പ്രത്യേകം സജ്ജീകരിച്ച പ്രത്യേക കോടതി വധശിക്ഷ വിധിക്കുന്നത്. കുറ്റപത്രത്തിൽ 93 താളുകളിലായി ഗോഡ്സെയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ക്വിറ്റിന്ത്യാ സമരകാലത്ത് ബ്രിട്ടീഷുകാരുമായി കൈകോർത്ത പാരമ്പര്യവും ഗോഡ്സെയുടെ സംഘടനയായ ഹിന്ദു മഹാസഭയ്ക്കുണ്ടായിരുന്നു എന്നതും ചരിത്രത്തിലെ വലിയ തമാശ.

ചരിത്രം നമുക്ക് മുന്നിൽ ചിരിച്ചുനിൽക്കെയാണ്, ആഗസ്റ്റ് 14ന് വിഭജനഭീതി ദിനാചരണമായി ആചരിക്കാനുള്ള ആഹ്വാനം പറന്നെത്തുന്നത്. അത്തരമൊരു ആഹ്വാനത്തെ നിഷ്കളങ്കമായ ദേശീയവികാരമായി വാഴ്ത്താമോ എന്ന് ചോദിക്കുന്നിടത്താണ്, എ.കെ. ആന്റണിയുടെ പ്രതികരണത്തിന് പ്രസക്തിയേറുന്നത്.

സി.പി.എം ആഘോഷിക്കുന്നത്

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ 75ാം വാർഷികാഘോഷത്തിന് സി.പി.എം തയാറായതാണ് പലവിധങ്ങളായ ചർച്ചകൾക്കും സംവാദങ്ങൾക്കും സമീപദിവസങ്ങളിൽ വിത്തുപാകിയത്. സ്വാതന്ത്ര്യസമരത്തിൽ കമ്മ്യൂണിസ്റ്റുകളുടെ പങ്ക്, ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഭാവനകൾ, ഇന്ത്യ എന്ന ആശയം ദൃഢപ്പെടുത്തിയെടുക്കുന്നതിൽ നൽകിയ സേവനം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനായാണ് 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് അവരുടെ കേന്ദ്രകമ്മിറ്റി ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ആർ.എസ്.എസിന്റെ പൂർണ അസാന്നിദ്ധ്യവും ബ്രിട്ടീഷുകാരുമായി അവർ സഖ്യം ചേർന്നതും മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന ഭരണഘടനാദത്തമായ ഘടനയെ തകർക്കാൻ നടത്തുന്ന ബോധപൂർവനീക്കങ്ങളും തുറന്നുകാട്ടുന്നതും ലക്ഷ്യമായി പാർട്ടി ഉയർത്തിക്കാട്ടി.

കൽക്കത്ത തിസീസ് കാലത്തിന് ശേഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പൂർണസ്വരാജ് ആയിട്ടില്ലെന്ന് പാർട്ടി നിലപാടെടുത്തു. 1947 ആഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പാർട്ടി പങ്കുചേർന്നിരുന്നു. പിന്നീട് കൽക്കത്തയിൽ ചേർന്ന രണ്ടാം പാർട്ടി കോൺഗ്രസ്, അതിൽ പിഴവ് കണ്ടെത്തി. സാമ്രാജ്യത്വ താത്‌പര്യ സംരക്ഷണത്തിനായി ബ്രിട്ടനും ഇന്ത്യയിലെ നാട്ടുരാജാക്കന്മാരും തമ്മിൽ നടന്നിരുന്ന തർക്കവിതർക്കങ്ങൾ ഗൂഢാലോചനാ ഫലമായിരുന്നു എന്ന് കാലേക്കൂട്ടി തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധവാന്മാരാക്കാൻ പാർട്ടി കേന്ദ്രകമ്മിറ്റിക്ക് കഴിയാതെ പോയെന്ന് അവിഭക്ത പാർട്ടിയുടെ രണ്ടാം കോൺഗ്രസ് സ്വയംവിമർശനപരമായി വിലയിരുത്തി. തെലങ്കാനസമരവും മറ്റും പകർന്ന ആവേശത്തിൽ സായുധസമരത്തിലേക്ക് നീങ്ങണമെന്ന ലൈനിലേക്ക് പാർട്ടിയെത്തുന്ന കാലത്തായിരുന്നു ഇത്. ജനങ്ങളെ വഞ്ചിച്ചും ഇന്ത്യൻ സ്വാതന്ത്ര്യത്തെ ഒറ്റിക്കൊടുത്തും സാമ്രാജ്യത്വ- മുതലാളിത്ത ശക്തികളുമായി കൈകോർത്തു പോകുന്ന നെഹ്റുസർക്കാരിന് പാർട്ടിയിലെ തിരുത്തൽവാദികൾ എല്ലാ പിന്തുണയും നൽകിയെന്നും അന്ന് രാഷ്ട്രീയപ്രമേയം കുറ്റപ്പെടുത്തി.

ആ തിരുത്തൽവാദികളുമായുള്ള ആശയഭിന്നത മൂർച്ഛിച്ചാണ് ഒടുവിൽ 1964ലെ പിളർപ്പിലേക്ക് വരെയെത്തുന്നത്. പിളർപ്പിന് പിന്നാലെ സി.പി.ഐ സ്വാതന്ത്ര്യദിനാഘോഷത്തിൽ തെറ്റില്ലെന്ന് തീരുമാനിച്ചിരുന്നു. യഥാർത്ഥത്തിൽ സി.പി.എമ്മും നേരത്തേ തന്നെ ഇതു ചെയ്യേണ്ടതായിരുന്നു. നെഹ്റുവിന്റെ കാലത്തെ തീരുമാനമാണ് പിശകിയതെന്ന് പാർട്ടി ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്ന് പറയുന്നതാവും ശരി. ഇന്ന് രാജ്യം അതിതീവ്ര ഉദാരീകരണത്തിന്റെയും തീവ്രഹിന്ദുത്വവത്കരണത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്നു. കോർപ്പറേറ്റ് മുതലാളിമാരുടെ നവകോളനീകരണം സംഭവിക്കുന്നുവെന്ന് പറയാം. ചങ്ങാത്ത മുതലാളിത്തത്തിന്റെ വഴിയിലാണ് ഭരണകൂടം. യഥാർത്ഥത്തിൽ ഇന്നാണ്, നാം നേടിയ സ്വാതന്ത്ര്യത്തിന് എന്തർത്ഥമെന്ന് തോന്നിപ്പോകേണ്ട കാലം.

അങ്ങനെയാണെങ്കിലും സി.പി.എമ്മിന്റേത് വർത്തമാനയാഥാർത്ഥ്യം ഉൾക്കൊണ്ടുള്ള തീരുമാനമാണെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. ചരിത്രത്തെ തമസ്കരിക്കാനുള്ള ബോധപൂർവനീക്കങ്ങൾ കൂടി ഫാസിസ്റ്റ് അജൻഡകളുടെ ഭാഗമായി സംഭവിക്കുമ്പോൾ ഇത്തരത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായിക്കൊണ്ടുള്ള ഇടപെടലിന് രാഷ്ട്രീയമാനമുണ്ട്.

വിഭജനഭീതി ദിനാചരണത്തിനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും ആഭ്യന്തരമന്ത്രാലയത്തിന്റെ അതുസംബന്ധിച്ച ഉത്തരവും വരുമ്പോൾ, സി.പി.എം ഇപ്പോഴെടുത്ത രാഷ്ട്രീയതീരുമാനത്തിനും പ്രസക്തിയേറുന്നുണ്ട്.

ഗോഡ്സെ ചിരിക്കുമോ?

ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യമിതാണ്: നാഥുറാം വിനായക് ഗോഡ്സെ ചിരിക്കുമോ? വിഭജനഭീതി ദിനാചരണത്തിലൂടെ ഗാന്ധി ഘാതകനായ ഗോഡ്സെയാണ് പരോക്ഷമായി വാഴ്ത്തപ്പെടുന്നത്. ആർ.എസ്.എസിന്റെ ആഗ്രഹസഫലീകരണം സമാഗതമാകുകയാണെന്ന് പറയേണ്ടിയിരിക്കുന്നു. രാജ്യത്തിന് രണ്ട് നായകന്മാർ എത്തുമോ? രാഷ്ട്രപിതാവ് മഹാത്മജിക്കും മീതേ വാഴ്ത്തപ്പെടുന്ന നായകനായി അദ്ദേഹത്തെ വധിച്ച് ചരിത്രത്തെ കൊലചെയ്ത ഗോഡ്സെ മഹത്വവത്കരിക്കപ്പെടുന്നു എന്ന് പറയാതെ വയ്യ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, GODSE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.