SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.04 AM IST

ആരോഗ്യത്തിലെ കേരള മോഡലും ശൈലജയുടെ മടക്കവും

k-k-shylaja

കേരളം ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്തത് രണ്ടാം പിണറായി മന്ത്രിസഭയുടെ രൂപീകരണമാണ്. തലേദിവസം വരെയും മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച അഭ്യൂഹങ്ങളെയെല്ലാം തട്ടിത്തെറിപ്പിച്ച് ഏവരെയും അദ്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്ത ഒന്നായിത്തീർന്നു മന്ത്രിസഭാ രൂപീകരണം.

ഭരണത്തുടർച്ചയിൽ പരിചയസമ്പന്നത, ഒരു അനുകൂല ഘടകമാക്കാമെന്ന് ചിന്തിക്കുന്നവർ ഇല്ലാതെയില്ല. അതൊരു ശാസ്ത്രീയമായ യുക്തിയുമാണ്. ബ്യൂറോക്രസിയും രാഷ്ട്രീയ നേതൃത്വവും ഇടകലർന്ന് ഇടപെടേണ്ടി വരുന്ന ഒന്നാണല്ലോ ഭരണനേതൃത്വം. ബ്യൂറോക്രസിയെ ഇതുവരെ കൈകാര്യം ചെയ്തിരുന്നവർ വീണ്ടും കൈകാര്യം ചെയ്യുമ്പോൾ അതിനൊരു തുടർച്ചയുടെ അനായാസത അനുഭവപ്പെടും. അതൊരുപക്ഷേ ഭരണമികവിനും സഹായകരമാകും. എന്നാൽ, ഇവിടെ മുൻമന്ത്രിമാരെ ആരെയും പരിഗണിച്ചില്ല സി.പി.എം നേതൃത്വം. എല്ലാം പുതിയ മുഖങ്ങൾ വരട്ടെയെന്ന് ചിന്തിച്ചു. മന്ത്രിസഭയ്ക്ക് പുതുമയുടെ ഫ്രഷ്നെസ് അനുഭവിപ്പിക്കാമെന്ന് അവർ ചിന്തിച്ചു. 2006 ലെ വി.എസ്. അച്യുതാനന്ദൻ നേതൃത്വം നൽകിയ ഇടതുമുന്നണി മന്ത്രിസഭയുടെ കാലമാണ് ഓർമ്മ വന്നത്. അന്ന് ആ മന്ത്രിസഭയിൽ എല്ലാവരും പുതുമുഖ മന്ത്രിമാരായിരുന്നു. മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദൻ ഉൾപ്പെടെ. അപ്പോഴും ഒരു പ്രത്യേകതയുണ്ടായിരുന്നത് പലരും പാർലമെന്ററിരംഗത്ത് തഴക്കവും പഴക്കവും ചെന്നവരായിരുന്നു എന്നതാണ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും എ.കെ. ബാലനും ജി.സുധാകരനും എളമരം കരീമും മറ്റും. പാലോളി മുഹമ്മദ് കുട്ടിയായിരുന്നു മുൻമന്ത്രി എന്ന നിലയിൽ മുൻ പരിചയമുണ്ടായിരുന്ന ആൾ.

2006 ൽ പുതുമുഖങ്ങളുമായി വന്ന ആ മന്ത്രിസഭ മികച്ച പ്രതികരണം സൃഷ്ടിച്ചു. ധനകാര്യവകുപ്പൊക്കെ പേരെടുത്തത് അത്തവണയായിരുന്നു. ഡോ.ടി.എം. തോമസ് ഐസക് ആദ്യമായി ധനവകുപ്പിന്റെ കടിഞ്ഞാണേറ്റെടുത്തു. രണ്ടാം വരവിൽ പക്ഷേ, ഐസക് പഴയ ഐസകിന്റെ നിഴൽ മാത്രമായിരുന്നോ എന്ന് സന്ദേഹിച്ചവരുണ്ട്. എ.കെ. ബാലൻ 2006 ൽ വൈദ്യുതിമന്ത്രിയെന്ന നിലയിൽ മികച്ച പ്രതിച്ഛായ സൃഷ്ടിച്ചു. പൊതുജനാരോഗ്യ രംഗത്ത് അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ ശക്തമായ അടിത്തറയിട്ടത് പി.കെ. ശ്രീമതിയായിരുന്നു. ഭക്ഷ്യ -പൊതുവിതരണ രംഗത്ത് ഫലവത്തായ ഇടപെടലുകൾ സി. ദിവാകരൻ സാദ്ധ്യമാക്കി. കൃഷിയിൽ മുല്ലക്കര രത്നാകരന്റെ മികച്ച ഇടപെടലുകളുണ്ടായി. എല്ലാവരെയും എടുത്തുപറയുന്നില്ല.

2016 ലേക്ക് നോക്കുമ്പോൾ കന്നിക്കാരനായി സഭയിലേക്കെത്തിയ എം.എം. മണിയെ കാണാം. മണിയാശാൻ എന്നെല്ലാവരും വിളിയ്‌ക്കുന്ന എം.എം. മണി വൈദ്യുതിവകുപ്പിനെ നന്നായി നയിച്ചു. അദ്ദേഹത്തിന് നിയമസഭയിൽ കന്നിയങ്കമായിരുന്നു. പാർലമെന്ററിരംഗത്ത് നേരത്തേ മുതൽ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി മന്ത്രിപദത്തിലെത്തിയ ഇ.പി. ജയരാജൻ വ്യവസായവകുപ്പിൽ മികച്ച ഫലമുണ്ടാക്കിയിട്ടുണ്ട്. തുടക്കത്തിലെ വിവാദം ഒഴിച്ചുനിറുത്തിയാൽ.

മാറ്റത്തിലെ യുക്തിയും അയുക്തിയും

2016ന് മുമ്പും നിയമസഭയിൽ അംഗമായിരുന്ന ആളാണ് കെ.കെ. ശൈലജ. പക്ഷേ ശൈലജയുടെ മന്ത്രിസ്ഥാനത്തേക്കുള്ള വരവ് ആദ്യമായിട്ടായിരുന്നു. ആരോഗ്യം പോലെ ജനങ്ങളോട് നേരിട്ട് ഇടപഴകേണ്ടി വരുന്ന സുപ്രധാന വകുപ്പാണ് അവരെ തേടിയെത്തിയത്. പരിചയക്കുറവിന്റെ അസ്വസ്ഥതകൾ തുടക്കകാലത്ത് അവരെ അലട്ടിയിരുന്നു. അത് 2006 ൽ പി.കെ. ശ്രീമതിയുടെ കാര്യത്തിലും ആ അസ്വസ്ഥതകൾ ഉണ്ടായിരുന്നു.

ശ്രീമതി പിന്നീട് സ്ഥിതി മെച്ചപ്പെടുത്തിയത് പോലെ ശൈലജയ്ക്കും അതിനുള്ള അവസരമുണ്ടായി. ഒരുപക്ഷേ, ശ്രീമതിയേക്കാൾ വകുപ്പിൽ ഇടപെടാൻ അവസരം കിട്ടിയ മന്ത്രിയായിരുന്നു ശൈലജ. ജീവിതശൈലീ രോഗങ്ങൾ കേരളീയ സമൂഹത്തെ രോഗാതുരമാക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ആ ഘട്ടത്തിലാണ് പൊതുജനാരോഗ്യ ശൃംഖലയിൽ പുതിയ കാലത്തിന് ഉതകുന്ന മാറ്റങ്ങൾക്ക് ശ്രീമതിയുടെ കാലം തുടക്കമിട്ടത്. ക്യൂബൻ മോഡൽ കുടുംബാരോഗ്യ സംവിധാനമൊക്കെ അവർ തുടങ്ങിവച്ചതാണ്.

തുടക്കകാലത്തിന്റെ ചില ചെറിയ പാളിച്ചകളിൽ നിന്ന് ശൈലജയ്ക്ക് തിരിച്ചുകയറാനായത് കോഴിക്കോട്ട് പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് പ്രതിരോധ നടപടിയിലാണ്. അന്ന് കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് ശൈലജ ആരോഗ്യപ്രവർത്തകർക്കൊപ്പം തണലായി നിന്നു. അത്തരമൊരു തുണ, ആരോഗ്യപ്രവർത്തകർക്ക് നല്‌കുന്ന ആത്മവിശ്വാസം ചെറുതല്ല.

പിന്നീട് ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് -19 മഹാമാരി തൃശൂരിലാദ്യമായി റിപ്പോർട്ട് ചെയ്തെന്നറിഞ്ഞപ്പോൾ പാതിരാത്രിയിൽ തൃശൂരിലേക്ക് പറന്നെത്തി ഉറക്കമിളച്ച് ക്യാമ്പ് ചെയ്ത് ശൈലജ നൽകിയ നേതൃത്വം കേരളം ചർച്ച ചെയ്തതാണ്. പിന്നീടിങ്ങോട്ടും ശൈലജയുടെ ഇടപെടൽ രോഗപ്രതിരോധമേഖലയിൽ സജീവമായി. ശൈലജയുടെ പ്രവർത്തനങ്ങൾ വാഴ്‌ത്തപ്പെട്ടു. മഹാമാരികൾ സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോൾ സ്വാഭാവികമായും എല്ലാവരും ഉറ്റുനോക്കുന്നത് ആരോഗ്യസംവിധാനത്തെയായിരിക്കും. ആരോഗ്യസംവിധാനത്തിന് മേൽനോട്ടം വഹിക്കുന്ന മന്ത്രിയുടെ പ്രവർത്തനവും ഉറ്റുനോക്കപ്പെടും. പ്രതിസന്ധികാലത്തെ രാഷ്ട്രീയനേതാക്കൾ അവസരമാക്കിയെടുക്കുന്നത് ക്രിയാത്മക ഇടപെടലുകളിലൂടെ മികവ് തെളിയിച്ചിട്ടാണ്. കൊവിഡ് മഹാമാരിക്കാലത്തെ അത്തരം ഇടപെടൽ തന്നെയാണ് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെയും കൂടുതൽ ജനകീയനാക്കിയത്.

ശൈലജയെ ലോകം ചർച്ച ചെയ്തതും അങ്ങനെയായിരുന്നു. കൊവിഡ് മഹാമാരിയുടെ പിടിയിൽനിന്ന് നമ്മുടെ രാജ്യം ഇപ്പോഴും കരകയറിയിട്ടില്ല. കേരളവും അതിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. ആ പോരാട്ടത്തിന്റെ മൂർദ്ധന്യത്തിലാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പും ഭരണത്തുടർച്ചയും പുതിയ മന്ത്രിസഭാ രൂപീകരണവുമൊക്കെയുണ്ടായത്.

മഹാമാരി അതിതീവ്രമായി പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോൾ അതി വിദഗ്ദ്ധമായി അതിനെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഉദ്യോഗസ്ഥ സംവിധാനത്തെയും ആരോഗ്യപ്രവർത്തകരുടെ ശൃംഖലയെയുമെല്ലാം ഒറ്റച്ചങ്ങലയിൽ കോർത്തിണക്കി ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനാകണം. അതിന് ഭരണരംഗത്തെ അനുഭവപരിചയവും കഴിഞ്ഞ ആഴ്ച വരെയും കൈകാര്യം ചെയ്തതിന്റെ പരിചയസമ്പത്തും ശൈലജയ്ക്ക് തുണയായേനെ.

മഹാമാരിക്കാലത്ത് ഭരണരംഗത്ത് ഇടവേള നന്നാവില്ല. പുതുതായെത്തുന്ന ഒരു മന്ത്രിക്ക് കാര്യങ്ങൾ പഠിച്ച് വേണം ഇടപെട്ട് തുടങ്ങാൻ. അപ്പോൾ ഒരിടവേള സ്വാഭാവികമാണ്. അതുകൊണ്ടാണ് കൊവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന ഈ വേളയിൽ ശൈലജയ്ക്ക് കൂടി ഒരു തുടർച്ച നൽകാമായിരുന്നുവെന്ന് പലരും ചിന്തിച്ചുപോയത്. അതൊരു ശാസ്ത്രീയ യുക്തിയാണ്.

പുതിയ മന്ത്രിയുടെ മെറിറ്റിനെ ഇവിടെ റദ്ദാക്കുന്നില്ല. അവർ മാദ്ധ്യമപ്രവർത്തകയായിരിക്കെ തന്നെ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ അ‌ഞ്ചുവർഷം എം.എൽ.എ എന്ന നിലയിൽ ജനകീയത കൈവരിച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തിൽ മികവ് കാട്ടാനുള്ള വിരുത് മാദ്ധ്യമപ്രവർത്തകർക്ക് അല്ലെങ്കിൽത്തന്നെയുണ്ട്.

കേരള മോഡൽ ആരോഗ്യ മികവിനെ, ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ, ലോകവും രാജ്യവും ഉറ്റുനോക്കുന്നുണ്ട്. അതുകൊണ്ട് വീണ ജോർജ്ജിന് പുതിയ മന്ത്രിയെന്ന നിലയിൽ എല്ലാ ആശംസകളും നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.