SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.38 PM IST

സംസ്കാരം തച്ചുടയ്ക്കപ്പെടുമ്പോൾ...

vivadavela

അകാലത്തിൽ പൊലിഞ്ഞുപോയ സച്ചി എന്ന ചലച്ചിത്രസംവിധായകൻ ഒരുക്കിയ അനാർക്കലി എന്ന സിനിമയിൽ ലക്ഷദ്വീപിലെ ഒരു പൊലീസ് സ്റ്റേഷനെപ്പറ്റി പറയുന്നുണ്ട് : "കേസുകളില്ലാത്തതിനാൽ പൊലീസ് സ്റ്റേഷൻ തുറക്കാറില്ല. ഇപ്പോൾ അത് ഗോഡൗണായി ഉപയോഗിക്കുകയാണ്... " ഈ സിനിമാ സംഭാഷണം അതിശയോക്തിയായി തോന്നുന്നുണ്ടല്ലേ. എന്നാൽ ലക്ഷദ്വീപിൽ ഒരിക്കലെങ്കിലും പോയിട്ടുള്ള ഒരാൾക്കും മേൽപ്പറഞ്ഞത് അതിശയോക്തിയായി തോന്നില്ല, ഉറപ്പ് !

ഇക്കഴിഞ്ഞ മേയ് 23ന് ഈ ലേഖകനുണർന്നത് സുഹൃത്തും സഹപാഠിയുമായ, പ്രമുഖനായ മലയാള ചലച്ചിത്രസംവിധായകൻ സലാം ബാപ്പു അയച്ചുതന്ന ഒരു വാട്സാപ് സന്ദേശത്തിന്റെ ശബ്‌ദം കേട്ടാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് കാണാനിടയില്ലാത്തതു കൊണ്ട് വാട്സാപ്പ് വഴി കൈമാറിയതാണ്. ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല. സ്വാതന്ത്ര്യപൂർവ കാലത്തെ ബ്രിട്ടീഷ് കോളനിവാഴ്ചയെപ്പറ്റി കേട്ട ക്രൂരകഥകളെ ഓർമ്മിപ്പിക്കുന്ന വാർത്ത ! നാനാത്വത്തിൽ ഏകത്വമെന്ന സവിശേഷമുദ്ര‌യാൽ അലംകൃതമായ ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും മനോഹരമായ ഒരു തുരുത്തിൽ നടക്കുന്ന ജനാധിപത്യ ധ്വംസനത്തെപ്പറ്റിയുള്ള ആ കുറിപ്പ് വായിച്ച ലേഖകന് ഈ രാജ്യത്ത് തുടർന്ന് ജീവിക്കാൻ പേടി തോന്നിപ്പോയ നിമിഷമായിരുന്നു അത്.

സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ തിരിച്ചുപിടിച്ച സാംസ്കാരികസ്വത്വം തച്ചുടയ്ക്കാൻ, 2014ന് മുമ്പ് ഇന്ത്യയിൽ ഒരു ഭരണകൂടവും ശ്രമിച്ചിട്ടില്ലായിരുന്നു. അഴിമതിക്കഥകളൊക്കെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയിട്ടുണ്ടാകാം. പക്ഷേ, ഈ അവസ്ഥ സമ്മാനിക്കുന്നത് നാണക്കേടല്ല ഭീതിയാണ് .

സലാം ബാപ്പു പറഞ്ഞു: നിഷ്‌കളങ്കരും സമാധാനപ്രിയരും സ്നേഹസമ്പന്നരും വഞ്ചനയും കളവുമില്ലാത്തവരും അക്രമികളോ മദ്യപാനികളോ അല്ലാത്തവരുമായ പരസ്പര സഹകരണത്തോടെ ജീവിക്കുന്ന ഒരു ജനതതിയെ പതുക്കെപ്പതുക്കെ ഒഴിപ്പിക്കുന്ന നടപടികളാണ് ലക്ഷദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്.

36 ദ്വീപുകൾ ലക്ഷദ്വീപ് സമൂഹത്തിലുണ്ട്. അവയിൽ പതിനൊന്ന് ദ്വീപുകളിലേ ജനവാസമുള്ളൂ. കവരത്തി, കൽപ്പേനി, കടമത്ത്, കിൽത്താൻ, ആന്ത്രോത്ത്, അമിനി, മിനിക്കോയ്, ചെത്ത്ലാത്ത്, ബിത്ര, അഗത്തി, ബംഗാര. ബാക്കിയെല്ലാം ജനവാസമില്ലാത്തവ. ടൂറിസം വികസനവും അതിലൂടെ വരുമാനവർദ്ധനവുമാണ് ലക്ഷ്യമിടുന്നതെങ്കിൽ ജനവാസമില്ലാത്ത മനോഹരങ്ങളായി തുടരുന്ന ദ്വീപുകളിൽ ചെയ്തുകൂടേ. ഒരു ജനതയുടെ ഉപജീവനത്തെയും ആവാസവ്യവസ്ഥയേയും സംസ്കാരത്തെയും തച്ചുടച്ച് വികസനം നടപ്പാക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കളാകാൻ ആരാണുണ്ടാവുക? ജനതയ്‌ക്ക് ദുസഹമായി തീരുന്ന വികസനത്തിന്റെ ധ്വനി തന്നെ ജനാധിപത്യവിരുദ്ധം എന്നാണ്.

ഈ മനോഹര തീരം...

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് നിന്ന് 200- 440 കിലോമീറ്റർ അകലെയുള്ള ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതി. 2011ലെ ജനസംഖ്യാ കണക്കനുസരിച്ച് അറുപത്തിയാറായിരം ആണ് ജനസംഖ്യ. മലയാളവും ദ്വീപ് ഭാഷയുമാണ് പ്രധാന വിനിമയഭാഷകൾ. 90 ശതമാനം പേരും ഇസ്ലാം മതവിശ്വാസികളായ ദളിത് വിഭാഗക്കാർ.

ലക്ഷദ്വീപിനെ ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്ന ഈ ദിവസങ്ങളിൽ തന്നെയാണ് അഞ്ച് സംസ്ഥാനങ്ങളിൽ പൗരത്വഭേദഗതി നിയമം പ്രാവർത്തികമാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത് എന്നത് യാദൃശ്ചികമായി കാണാനാവില്ല.

ആളുകൾ രാത്രികാലങ്ങളിൽ വാതിലുകളടച്ചിടാതെ കിടന്നുറങ്ങുന്ന നാടാണ് ലക്ഷദ്വീപെന്നാണ് സലാം ബാപ്പു പറഞ്ഞത്. അദ്ദേഹം പല തവണ അവിടെ സുഹൃത്തുക്കളുടെ അതിഥിസത്‌‌കാരം നുണഞ്ഞിട്ടുണ്ട് . മോഹിപ്പിക്കുന്ന സ്ഥലമെന്ന് സലാം പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്. കുറ്റകൃത്യനിരക്ക് ഏറ്റവും കുറവായി നിന്നിരുന്ന ആ സ്ഥലത്ത് ഗുണ്ടാനിയമം നടപ്പാക്കുന്നത് എന്തൊരു വിരോധാഭാസമാണ്. ജനതയെ ഉൾക്കൊണ്ടു വേണം നിയമനിർമ്മാണങ്ങളും വികസനവുമെന്ന് സംഘ്പരിവാർ യുക്തിക്ക് ഒട്ടും ബോധിക്കുന്ന കാലമല്ലെന്ന്, ഡൽഹിയിൽ മാസങ്ങളായി തുടരുന്ന കർഷകസമരം വിളിച്ചുപറയുന്നുണ്ട്. കർഷകർക്ക് ആവശ്യമില്ലാത്ത കർഷകനിയമങ്ങൾ തിരുത്താനല്ല, മറിച്ച് കോർപ്പറേറ്റുകൾക്കായി രാജ്യത്തെ വിഭവങ്ങളെയും നിയമങ്ങളെയുമെല്ലാം കാഴ്ചവയ്ക്കുന്ന നവകോളനീവത്‌കരണ യുക്തിയിലാണ് രാജ്യം മുന്നോട്ട് പോകുന്നത്. ഏറ്റവുമൊടുവിലത്തെ തലതിരിഞ്ഞ വാക്സിൻ നയം ഉദാഹരണമാണ്.

കേരളത്തിലെ ഒരു പഞ്ചായത്തിലെ ജനസംഖ്യ മാത്രമുള്ള സ്ഥലത്ത് എട്ടും 16ഉം കിലോമീറ്റർ നീളത്തിൽ രണ്ടുവരിയും നാലുവരിയും പാതകൾ സൃഷ്ടിക്കാൻ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ തുനിയുമ്പോൾ പൊളിച്ചെറിയുന്നത് പള്ളികളും ഖബർസ്ഥാനുകളും വീടുകളും മറ്രുമാണ്. അങ്ങനെ അവർ ജനതയുടെ വിശ്വാസത്തെയും സംസ്കാരത്തെയും പൊളിച്ചുകളയുന്നു.

അറയ്ക്കൽ രാജംവശവും ദ്വീപും

കേരളവുമായി അഭേദ്യബന്ധമാണ് ലക്ഷദ്വീപിന്. അറയ്ക്കൽ രാജവംശത്തിന് കീഴിലായിരുന്നു ഒരിക്കൽ ദ്വീപും ദ്വീപുവാസികളും. പോർച്ചുഗീസ് ആധിപത്യത്തിന് തടയിടാൻ അറയ്ക്കൽ രാജാവിന്റെ സഹായം തേടുകയായിരുന്നു. കണ്ണൂർ ജില്ലയ്ക്ക് ലക്ഷദ്വീപുമായുള്ള നാഭീനാള ബന്ധം ഇവിടെ തുടങ്ങുന്നു. ലക്ഷദ്വീപിൽ നിന്നുള്ള കുമ്മായം ഒരു കാലത്ത് കണ്ണൂർ ജില്ലയിലെ കെട്ടിടനിർമ്മാണങ്ങൾക്കെല്ലാം അവിഭാജ്യഘടകമായിരുന്നു!

1921ലെ മലബാർ കലാപത്തിൽ നാടുകടത്തപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളായ മുസ്ലിംനേതാക്കളുടെ പിൻതലമുറക്കാരാണ് ഇന്നും ലക്ഷദ്വീപിലെന്ന് പറയുന്നുണ്ട്. ആ അർത്ഥത്തിൽ കേരളത്തിന്റെ സ്വാതന്ത്ര്യസമരവുമായും അഭേദ്യബന്ധമുണ്ട്, ലക്ഷദ്വീപിന്.

എ.ഡി ആറാം നൂറ്റാണ്ടിൽ ബുദ്ധമതക്കാർ ഈ ദ്വീപ് സമൂഹത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 1498ൽ പോർച്ചുഗീസുകാർ ഇവിടെ കൈയേറി കോട്ട സ്ഥാപിച്ചു. അവരെ ഒഴിപ്പിച്ചത് നാട്ടുകാരുടെ പോരാട്ടമാണ്. 1787ൽ ടിപ്പുസുൽത്താൻ ദ്വീപ് പിടിച്ചടക്കി. മൂന്നാം ആംഗ്ലോ- മൈസുരു യുദ്ധത്തിന് ശേഷം ടിപ്പുവിന്റെ ഭരണകാലത്തിനും അസ്തമനമായി.

കൊവിഡ് കേസുകൾ

കുതിച്ചുയർന്നു

ജനുവരി പകുതി വരെ ലക്ഷദ്വീപിൽ ഒരാൾക്ക് പോലും കൊവിഡ് ഉണ്ടായിരുന്നില്ല. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചതിലൂടെയാണ് ഇത് സാദ്ധ്യമായത്. കഴിഞ്ഞ ഡിസംബറിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല പ്രഫുൽ ഖോഡ പട്ടേലിന് കേന്ദ്രസർക്കാർ കൈമാറുന്നത്. 2016ൽ ദാദ്രനഗർ ഹവേലിയുടെയും ദാമൻദിയുവിന്റെയും ചുമതലക്കാരനായി നിയമിക്കപ്പെട്ടയാളാണ് പട്ടേൽ. അദ്ദേഹം അവിടെ നടത്തിയ ക്രൂരതകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാണ്. ലക്ഷദ്വീപിലെത്തിയ ഉടൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയറിൽ ഇളവ് വരുത്തി. ടൂറിസത്തിന്റെ പേരിൽ മദ്യശാലകൾ അനുവദിച്ചു.

പിന്നാലെ മാർച്ചിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ഇപ്പോൾ 6500 പേർ കൊവിഡ് ബാധിതരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 65 ശതമാനമായി.

പട്ടേൽ ചരിതം...

ഗുജറാത്തിലെ റോഡ് കോൺട്രാക്ടറായിരുന്നു പ്രഫുൽ ഖോഡ പട്ടേൽ. സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമ. അതിലുപരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മീയഗുരുവായ ആർ.എസ്.എസ് നേതാവ് രൺജേദ്ഭായ് പട്ടേലിന്റെ മകനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയുമൊക്കെ വിശ്വസ്തനായി അറിയപ്പെടുന്നു.

2007ലാണ് രാഷ്ട്രീയപ്രവേശനം. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് മോദിയുടെ കീഴിൽ ഗുജറാത്തിൽ ആഭ്യന്തരമന്ത്രിയായി. 2012ൽ മത്സരിച്ചപ്പോൾ പരാജയപ്പെട്ടത് സ്വാഭാവികം. 2016ലാണ് ദാദ്രനഗർ ഹവേലിയിൽ ചുമതലക്കാരനായി നിയുക്തനാകുന്നത്. ദാമൻ -ദിയുവിൽ വികസനത്തിന്റെ പേരിൽ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ വീടുകൾ പൊളിച്ചു. സമരം ചെയ്ത ആ പാവം ദ്വീപുവാസികളെ ജയിലിലടച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്, ദാമൻ- ദിയുവിൽ തിരഞ്ഞെടുപ്പ് ചുമതലക്കാരനായി എത്തിയപ്പോൾ പട്ടേലിൽ നിന്നുണ്ടായ ദുരനുഭവത്തെ തുടർന്നാണെന്നാണ് പറയുന്നത്. അവിടത്തെ എം.പിയായിരുന്ന മോഹൻ ദേൽകറുടെ ആത്മഹത്യയും ചർച്ചയായി.

കാശ്മീരും ദ്വീപും

രണ്ടാം മോദി സർക്കാരിന്റെ ആദ്യ അജൻഡ, ദീർഘകാലമായി അവർ മനസിൽ കൊണ്ടുനടക്കുന്ന കാര്യം തന്നെ. ജമ്മു-കാശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ എടുത്തുകളയുക . അതിന് മുന്നോടിയായി ആദ്യം ചെയ്തത്, ലോകത്തെ തന്നെ ഏറ്റവും വലിയ സൈനിക സാന്നിദ്ധ്യമുള്ള മേഖലകളിലൊന്നായ കാശ്മീരിൽ വീണ്ടും സൈന്യത്തെ വിന്യസിക്കുകയായിരുന്നു. ആർ.എസ്.എസിന്റെ ദീർഘകാലമായുള്ള അജൻഡയാണ് കാശ്മീരിന്റെ സ്വയംഭരണ പദവി എടുത്തുകളയുക എന്നത്. അതിന് ജനതയെയാകെ ശ്വാസംമുട്ടിക്കണമായിരുന്നു. കാശ്മീരിൽ നടന്ന ജനാധിപത്യ ധ്വംസനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംസ്ഥാന പദവി എടുത്തുകളഞ്ഞാണ് കേന്ദ്രഭരണപ്രദേശങ്ങളായി കാശ്മീരിനെയും ജമ്മുവിനെയും മാറ്റിയത്.

ഇപ്പോൾ ലക്ഷദ്വീപിൽ ടൂറിസം വികസനം പറഞ്ഞ് നടത്തുന്ന പൊല്ലാപ്പുകൾ ആരെ തുണയ്ക്കാനാണെന്ന് ചിന്തിക്കുക. കോർപ്പറേറ്റുകളുടെ പരിലാളനകളാൽ സ്വയം പുഷ്ടിപ്പെട്ടു കൊണ്ടിരിക്കുന്ന സംഘപരിവാർ ശക്തികളുടെ ജനകീയ പ്രതിബദ്ധത തുലനം ചെയ്യപ്പെടേണ്ടത്, ദ്വീപ് സമൂഹം ആർക്കെങ്കിലും പണയപ്പെടുന്നതുമായിട്ടാകണം. അദാനിക്കോ അംബാനിക്കോ, അതോ മറ്റേതെങ്കിലും മുതലാളിക്കോ... ആർക്കാകും പണയപ്പെടുത്താൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം ?

ജനതയെ മറന്നുള്ള പരിപാടികൾക്ക് അജൻഡ നിശ്ചയിക്കുന്ന യുക്തിയെ, ഇന്ത്യയിലെ മറ്റെല്ലാ സാമാന്യരീതികളോടും തുലനം ചെയ്യാൻ മുതിരുന്നവരെ ഓർക്കുമ്പോഴാണ് ഭയം വർദ്ധിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, LAKSHADWEEP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.