SignIn
Kerala Kaumudi Online
Friday, 19 April 2024 8.20 PM IST

ആർ.എസ്.പിയുടെ സ്വത്വ പ്രതിസന്ധി

vi

ഗാന്ധിസത്തിന് പകരം മാർക്സിസം- ലെനിനിസം നയമാകണമെന്ന് വാദിച്ച് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്ത് പോന്നവർ പിന്നീട് കേരളത്തിലെത്തി രൂപീകരിച്ച പാർട്ടിയാണ് കേരള സോഷ്യലിസ്റ്റ് പാർട്ടി. എൻ. ശ്രീകണ്ഠൻ നായരുടെയും മത്തായി മാഞ്ഞൂരാന്റെയും നേതൃത്വത്തിലാണ് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞത്. അന്നവർ തള്ളിപ്പറഞ്ഞത് ജയപ്രകാശ് നാരായണനെയും രാം മനോഹർ ലോഹ്യയെയും അശോക്മേത്തയെയും പോലുള്ള പ്രഗല്ഭരായ സോഷ്യലിസ്റ്റ് നേതാക്കളെയായിരുന്നു.

സോഷ്യലിസ്റ്റ് പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവിൽ നിന്ന് ഇറങ്ങിപ്പോയ ശ്രീകണ്ഠൻ നായരും മാഞ്ഞൂരാനും മറ്റും പുതിയ സോഷ്യലിസ്റ്റ് പാർട്ടിയായി കെ.എസ്.പിയെ ഉണ്ടാക്കിയെടുത്തത് 1947 സെപ്റ്റംബറിലാണ്. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 21ന് കോഴിക്കോട്ട് വച്ച് കെ.എസ്.പി പിറന്നു. അപ്പോഴേക്കും രാജ്യം സ്വാതന്ത്ര്യത്തിന്റെ പുതിയ വിഹായസിലേക്ക് പറന്നുയർന്നുകഴിഞ്ഞിരുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ കെ.എസ്.പി തിളങ്ങിനിന്ന നക്ഷത്രമായി. അതിന്റെ കറകളഞ്ഞ ഇടതുപക്ഷ സ്വഭാവം ചെറുപ്പക്കാരിൽ വലിയൊരു വിഭാഗത്തെ ആകർഷിച്ചു. ടി.കെ. ദിവാകരൻ, കെ. ബാലകൃഷ്ണൻ, എം.പി. മേനോൻ, എ.പി. പിള്ള, കെ.എസ്. ജോസഫ്, ജി. ജനാർദ്ദനക്കുറുപ്പ്, കെ.എൻ. ഗോപാലക്കുറുപ്പ്, ബേബി ജോൺ, പ്രാക്കുളം ഭാസി, ആർ.എസ്. ഉണ്ണി, ജി. ഗോപിനാഥൻ നായർ, കെ.സി.എസ്. മണി, കെ. സദാനന്ദശാസ്ത്രി, ടി.പി. ഗോപാലൻ, പള്ളിച്ചൽ കുഞ്ഞുകൃഷ്ണൻ, ആർ.കെ. നാരായണപിള്ള, ചെങ്ങാരപ്പള്ളി ദാമോദരൻ പോറ്റി, ജോൺ മാഞ്ഞൂരാൻ, എൻ. മാധവൻ, വക്കം ലക്ഷ്മണൻ, കെ. പങ്കജാക്ഷൻ എന്നിങ്ങനെ ചെറുപ്പക്കാരുടെ വലിയ നിര ആവേശത്തോടെ കെ.എസ്.പിയിൽ അണി ചേർന്നു.

സി.പി.എമ്മിലെ പ്രമുഖരായി മാറിയ വർക്കല രാധാകൃഷ്ണനും കെ. അനിരുദ്ധനും കെ. ഗോവിന്ദപിള്ളയും വി.വി. രാഘവനും കോൺഗ്രസിലെ പ്രമുഖനായ വക്കം പുരുഷോത്തമനുമെല്ലാം ആദ്യകാല കെ.എസ്.പിക്കാരായിരുന്നു. മലയാള പത്രപ്രവർത്തനത്തിലെ പ്രഗൽഭമതികളായ കെ. വിജയരാഘവനും എൻ. രാമചന്ദ്രനും ജി. വേണുഗോപാലും കെ.ആർ. ചുമ്മാറും സാഹിത്യകുലപതികളായ തകഴി ശിവശങ്കരപ്പിള്ളയും പി.കെ. ബാലകൃഷ്ണനും എൻ.എൻ.പിള്ളയും ഒ.വി. വിജയനും ജി.വിവേകാനന്ദനുമെല്ലാം പഴയ കെ.എസ്.പിക്കാർ.

ഇതിൽ നിന്നുതന്നെ കേരള സോഷ്യലിസ്റ്റ് പാർട്ടിക്ക് കേരളരാഷ്ട്രീയത്തിലുണ്ടായ തിളക്കവും സൗന്ദര്യവും സ്വീകാര്യതയും നമുക്ക് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. കൗമുദി ബാലകൃഷ്ണൻ എന്നറിയപ്പെട്ട കെ. ബാലകൃഷ്ണനായിരുന്നു കെ.എസ്.പിയുടെ ഏറ്റവും വലിയ ശക്തിയും സമ്പത്തും. പരന്ന വായനയും പാണ്ഡിത്യവും അക്കാലത്തെ ഏറ്റവും തലയെടുപ്പുള്ള നേതാവാക്കി ബാലകൃഷ്ണനെ മാറ്റി.

പക്ഷേ, വൈകാതെ കെ.എസ്.പിയിൽ അസ്വസ്ഥതകൾ ഉരുണ്ടുകൂടിത്തുടങ്ങി. സ്ഥാപകനേതാക്കളായ ശ്രീകണ്ഠൻ നായരും മത്തായി മാഞ്ഞൂരാനും തമ്മിൽ ഇടഞ്ഞുതുടങ്ങി. 47ൽ രൂപീകൃതമായ പ്രസ്ഥാനത്തിൽ 49ന്റെ തുടക്കത്തിൽ തന്നെ അസ്വാരസ്യം നീറിപ്പുകയുകയായി. സോഷ്യലിസ്റ്റ് പാർട്ടിയുടെ എക്കാലത്തെയും വലിയ ശാപമായി മാറിയ നേതാക്കൾതമ്മിലെ ചേരിപ്പോര് തന്നെയാണ് കെ.എസ്.പിയെയും ഗ്രസിച്ചത്.

കേരളം സ്വതന്ത്ര പരമാധികാര രാഷ്ട്രമാകണമെന്ന് പാർട്ടി സംസ്ഥാനസമ്മളനത്തിൽ മാഞ്ഞൂരാൻ പ്രമേയം അവതരിപ്പിച്ചു. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ ഭൂരിപക്ഷം പേർ എതിർത്തു. ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ മാർക്സിസം ലക്ഷ്യമാക്കുന്ന വിപ്ലവ സോഷ്യലിസ്റ്റ് പാർട്ടി ഉണ്ടാകണമെന്നും ഇന്ത്യയിൽ നിന്ന് വേറിട്ട് കേരളത്തിൽ മാത്രമായി സോഷ്യലിസ്റ്റ് പാർട്ടി നിലനിൽക്കുന്നത് നിരർത്ഥകമാണെന്നുമാണ് ശ്രീകണ്ഠൻ നായരും കൂട്ടരും വാദിച്ചത്. ഭിന്നിപ്പ് മൂർച്ഛിച്ചു കൊണ്ടിരുന്നു.

കൊൽക്കത്തയിൽ ഇടതുപക്ഷ ഐക്യം ചർച്ച ചെയ്യാൻ ചേർന്ന സമ്മേളനത്തിൽ കെ. ബാലകൃഷ്ണൻ പങ്കെടുത്തത് വഴിത്തിരിവായി. ബാലകൃഷ്ണന്റെ പ്രസംഗം ശ്രദ്ധിച്ച ബംഗാളിലെ ആർ.എസ്.പി നേതാവ് തൃദീപ് ചൗധരി ബാലകൃഷ്ണനെ ക്ഷണിച്ചു. റവല്യുഷണറി സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളുമായി ബാലകൃഷ്ണൻ സംസാരിച്ചു. ഉത്തരേന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടികളിൽ ഏറ്റവും മെച്ചം ആർ.എസ്.പിയാണെന്ന് ബോദ്ധ്യപ്പെട്ട ബാലകൃഷ്ണനോട് തൃദീപ് ചൗധരി പറഞ്ഞു: "ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ ഈ പാർട്ടിക്ക് ഒരു പ്രാധാന്യവുമില്ല. ഒരു നീർച്ചാലാണെന്ന് പറയാം. ചിലപ്പോൾ മഹാപ്രവാഹവുമാകാം. വറ്റിക്കൂടെന്നുമില്ല."

കേരളത്തിൽ ആർ.എസ്.പി എന്ന രാഷ്ട്രീയപ്രസ്ഥാനം കടന്നുവരാൻ നിമിത്തമായത് ഈ കൊൽക്കത്ത യാത്രയായിരുന്നു. കെ.എസ്.പിയെ ആർ.എസ്.പിയാക്കി മാറ്റാനുള്ള തീരുമാനമുണ്ടായത് ഇതേത്തുടർന്നാണ്. ശ്രീകണ്ഠൻ നായരും ടി.കെ.ദിവാകരനും ബേബിജോണും കെ. ബാലകൃഷ്ണനും ആർ.എസ്. ഉണ്ണിയും പ്രാക്കുളം ഭാസിയും കെ. പങ്കജാക്ഷനും ടി.പി. ഗോപാലനും ചെങ്ങാരപ്പള്ളിയും വക്കം പുരുഷോത്തമനും കെ. വിജയരാഘവനും കെ.സി.എസ്. മണിയുമെല്ലാം ആർ.എസ്.പിയുടെ നേതാക്കളായി.

അനുശീലൻ മാർക്സിസ്റ്റുകൾ എന്നാണ് ആർ.എസ്.പിക്കാർ അറിയപ്പെട്ടത്. അവർക്ക് ജോസഫ് സ്റ്റാലിനെ സ്വീകാര്യമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ കാഴ്ചപ്പാടുകളോടും അവർ പ്രതിപത്തി കാട്ടിയില്ല. പക്ഷേ,​ മാർക്സിസം-ലെനിനിസത്തെ അവർ വാരിപ്പുണർന്നു. സുസ്ഥിരവും അനുസ്യൂതം തുടരുന്നതുമായ വിപ്ലവമാണ് അവർ സ്വീകരിച്ച പാത.

പ്രഗല്ഭമതികളായ രാഷ്ട്രീയനേതാക്കളുടെ സാന്നിദ്ധ്യത്താൽ പ്രശോഭിച്ചുനിന്ന ആർ.എസ്.പി ഏറെക്കാലം കേരളത്തിലെ ചുവന്ന ശോഭയായി വിരാജിച്ചുനിന്നിരുന്നു. ആ റവല്യുഷണറി സോഷ്യലിസ്റ്റ് പാർട്ടി, ഏഴ് പതിറ്റാണ്ടിനിപ്പുറത്ത് കേരളത്തിൽ വലിയൊരു അസ്തിത്വപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

പിളർപ്പിന്റെ ഭാരം താങ്ങനാവാതെ ആർ.എസ്.പി വല്ലാണ്ട് മെലിഞ്ഞുപോയിട്ടുണ്ട് . കേരളത്തിൽ അവരുടെ ശേഷിപ്പ് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ചുരുങ്ങിപ്പോയിരിക്കുന്നു. 1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി വട്ടപ്പൂജ്യമായിരുന്നു കേരള നിയമസഭയിൽ. 27 ഇടത്ത് അന്നവർ മത്സരിച്ചു. പക്ഷേ അന്ന് ആർ.എസ്.പിക്ക് കേരളരാഷ്ട്രീയത്തിലെ കരുത്ത് ചോർന്നിട്ടില്ലായിരുന്നു. എന്നാൽ നിറം വല്ലാതെ മങ്ങിപ്പോകുന്ന ആർ.എസ്.പിയെ നാമിന്ന് കാണുന്നു.

ആർ.എസ്.പിയിലെ പിളർപ്പുകൾ

70കളിൽ ആർ.എസ്.പിക്കകത്ത് ഭിന്നിപ്പുണ്ടായിരുന്നു. അതും പക്ഷേ ആർ.എസ്.പിയുടെ വീര്യം ചോർത്തിയില്ല. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.പിയും സി.പി.ഐയെ പോലെ സി.പി.എമ്മിന്റെ ചേരിയിലില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് ഐക്യത്തിനായുള്ള ഭട്ടിൻഡ പാർട്ടി കോൺഗ്രസിന്റെ ആഹ്വാനമനുസരിച്ചാണ്, അടിയന്തരാവസ്ഥക്കാലത്തെ കോൺഗ്രസ് ബാന്ധവം വെടിഞ്ഞ് സി.പി.ഐ, സി.പി.എമ്മിനൊപ്പം ഇടതുചേരിയിൽ നിലയുറപ്പിക്കുന്നത്. ആർ.എസ്.പിയും പിന്നാലെ ആ കണ്ണിയിൽ അണിചേർന്നു.

കേരളം ഇന്നത്തെ മുന്നണി സംവിധാനത്തിലേക്ക് മാറിയ 80കൾ തൊട്ടാണ് സി.പി.എമ്മും സി.പി.ഐയും ഉൾപ്പെട്ട ഇടതുചേരിയുടെ ഭാഗമായി ആർ.എസ്.പി മാറുന്നത്. പക്ഷേ, 1982ൽ പാർട്ടിയിലുണ്ടായ പിളർപ്പ് ആർ.എസ്.പി എന്ന വടവൃക്ഷത്തിനേറ്റ ആദ്യ അടിയായി. ആർ.എസ്.പിയുടെ പ്രാഗ്‌രൂപമായ കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നീട് ആർ.എസ്.പി കേരള ഘടകത്തിന്റെയും സ്ഥാപകനേതാക്കളിലൊരാളായ എൻ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ തന്നെയാണ് ഒരു വിഭാഗം പാർട്ടിയെ പിളർത്തി ആർ.എസ്.പി-എസ് രൂപകരിച്ചത്. ശ്രീകണ്ഠൻ നായരും കെ.സി. വാമദേവനും കടവൂർ ശിവദാസനും അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പാർട്ടി പിളർന്ന് ആർ.എസ്.പി-എസ് രൂപീകരിച്ചത്.

ഇവരിൽ ശ്രീകണ്ഠൻ നായരും വാമദേവനും മറ്റും പിന്നീട് വീണ്ടുവിചാരം തോന്നി ഔദ്യോഗിക ആർ.എസ്.പിയിലേക്ക് തിരിച്ചെത്തി. യു.ഡി.എഫ് മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ച ഹാങ് ഓവർ കാരണമാകാം, കടവൂർ ശിവദാസൻ കോൺഗ്രസിൽ നാലണ മെമ്പറായി ശിഷ്ടകാലം കെ. കരുണാകരന്റെ അനുയായിയായി.

എൺപതിലെ പിളർപ്പ് ക്ഷീണമുണ്ടാക്കിയെങ്കിലും തൊണ്ണൂറുകളുടെ ഒടുക്കം വരെയും ആർ.എസ്.പി കേരളത്തിൽ എണ്ണപ്പെട്ട കക്ഷിയായിരുന്നു. ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞാൽ പ്രബലകക്ഷി ആർ.എസ്.പിയായിരുന്നു. ബംഗാളിലെ ആ പാർട്ടിയുടെ കരുത്തും അതിനൊരു ഘടകമായിട്ടുണ്ടാകാം. അവിടെ തൃണമൂൽ കോൺഗ്രസ് അധികാരം പിടിക്കുന്നതിന് തൊട്ടുമുമ്പ് വരെയും സി.പി.എം കഴിഞ്ഞാൽ കരുത്ത് ആർ.എസ്.പിക്കായിരുന്നു. സി.പി.ഐ അതിനും പിന്നിലേ വരൂ.

കേരളത്തിലേക്ക് വന്നാൽ, ബേബി ജോണിനെയും കെ. പങ്കജാക്ഷനെയും പോലുള്ള കരുത്തന്മാർ ആർ.എസ്.പിയുടെ മുതൽക്കൂട്ടായിരുന്നു.

1999ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമന്ത്രിസഭയിൽ ജലസേചന മന്ത്രിയായിരിക്കെ ബേബി ജോൺ അപ്രതീക്ഷിതമായി അസുഖബാധിതനായി. അത് ആ പാർട്ടിയെ ആകപ്പാടെ രോഗഗ്രസ്തമാക്കി. കേരള കിസിഞ്ചർ എന്നറിയപ്പെട്ട ബേബി ജോണിന്റെ കരുത്തിന്റെ ബലത്തിലാണ് പാർട്ടിക്കകത്തെ അന്തച്ഛിദ്രങ്ങളെ അടക്കിനിറുത്തിയിരുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങൾ.

ബേബി ജോണിന്റെ വീഴ്ച പാർട്ടിയിൽ അടക്കിനിറുത്തപ്പെട്ടിരുന്ന അന്തച്ഛിദ്രങ്ങളെ മറനീക്കി പുറത്തെത്തിച്ചു. സംസ്ഥാനസെക്രട്ടറിയായിരുന്ന കെ. പങ്കജാക്ഷൻ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽസെക്രട്ടറിയാവുന്നത് ആയിടയ്ക്കാണ്. അദ്ദേഹം സംസ്ഥാനസെക്രട്ടറി പദമൊഴിഞ്ഞു. പുതിയ സെക്രട്ടറിയെ നിയോഗിക്കാൻ സംസ്ഥാനകമ്മിറ്റി ചേർന്നപ്പോൾ നേതാക്കൾ ചേരി തിരിഞ്ഞു. കെ.സി. വാമദേവനും പ്രൊഫ.ടി.ജെ. ചന്ദ്രചൂഡനും പരസ്പരം മത്സരിച്ചു. സിറ്റിംഗ് എം.എൽ.എമാരായ പ്രൊഫ.എ.വി. താമരാക്ഷനും ബാബു ദിവാകരനും ടി. നാണുമാസ്റ്ററുമടക്കം വാമദേവനായി നിലകൊണ്ടു. ഔദ്യോഗികചേരി ചന്ദ്രചൂഡനൊപ്പവും. പിന്നീട് പാർട്ടി കൊല്ലം സമ്മേളനത്തിൽ ചന്ദ്രചൂഡനെ തോല്പിച്ച് വി.പി. രാമകൃഷ്ണപിള്ള പാർട്ടി സെക്രട്ടറിയായി. അപ്പോഴേക്കും ഭരണമാറ്റം സംഭവിച്ചിരുന്നു.

ബേബിജോൺ കിടപ്പിലായപ്പോൾ പകരം മന്ത്രിസ്ഥാനത്തേക്ക് നാണുമാസ്റ്റർക്കും വി.പി. രാമകൃഷ്ണപിള്ളയ്ക്കും വേണ്ടി വടംവലികളുണ്ടായി. രാമകൃഷ്ണപിള്ളയ്ക്കാണ് നറുക്കുവീണത്. അതിലേറ്റ ക്ഷീണം മറികടക്കാനാണ് സെക്രട്ടറി തിരഞ്ഞെടുപ്പിൽ മറുചേരി ശ്രമിച്ചത്. രൂക്ഷമായ ചേരിപ്പോരിനൊടുവിൽ പാർട്ടി പിളർന്നു. ഒരു പക്ഷേ ബേബി ജോൺ അബോധാവസ്ഥയിലല്ലായിന്നെങ്കിൽ ആ പിളർപ്പ് സംഭവിക്കില്ലായിരുന്നെന്ന് കരുതുന്നവരാണ് പാർട്ടിയിലേറെയും.

പിളർന്നുപോയവർ ആർ.എസ്.പി- ബോൾഷെവിക് രൂപീകരിച്ചു. കിടപ്പിലായിപ്പോയ ബേബി ജോണിനെ അവർ നേതാവാക്കി ഉയർത്തിക്കാട്ടി. 2001ലെ തിരഞ്ഞെടുപ്പാവുമ്പോഴേക്കും ആർ.എസ്.പി-ബി യു.ഡി.എഫിനൊപ്പമായി. ഇരവിപുരത്ത് വിജയിച്ച ബാബു ദിവാകരൻ അന്ന് മന്ത്രിയായി. ബാബു ദിവാകരൻ, പാർട്ടിയുടെ സ്ഥാപകനേതാവും പ്രഗല്‌ഭനുമായ പരേതനായ ടി.കെ. ദിവാകരന്റെ മകനാണ്.

ബേബിജോണിന്റെ മകനായ ഷിബു രാഷ്ട്രീയത്തിൽ അച്ഛന്റെ പിൻഗാമിയായി സജീവമായിത്തുടങ്ങിയിരുന്നു. ഷിബു ബോൾഷെവിക് പക്ഷത്തായതിനാലാണ് ബേബിജോൺ അവരുടെ നേതാവായി അവരോധിക്കപ്പെട്ടതും. 2006ലെ തിരഞ്ഞെടുപ്പിൽ ചവറയിൽ ഷിബു ബേബിജോണിനെ മലർത്തിയടിച്ച് ഔദ്യോഗിക ആർ.എസ്.പിയുടെ കരുത്തായത് ബേബിജോണിന്റെയും പങ്കജാക്ഷന്റെയും പ്രിയശിഷ്യൻ എൻ.കെ. പ്രേമചന്ദ്രനായിരുന്നു. പ്രേമചന്ദ്രൻ മന്ത്രിയുമായി.

ഇതിനിടയിൽ ആർ.എസ്.പിയുടെ കരുത്ത് വലിയ തോതിൽ ചോർന്നുപോയിരുന്നു. ഒരു ദശകം മുമ്പുവരെയും ഏഴ് സീറ്റുകളിൽ വരെ മത്സരിക്കുകയും നാലും അഞ്ചും എം.എൽ.എമാരെ വരെ വിജയിപ്പിച്ചെടുക്കുകയും ചെയ്ത ആർ.എസ്.പി നിയമസഭയിൽ രണ്ട് പേരിലേക്ക് ഒതുങ്ങി. ഇടതുമുന്നണിയിൽ ലഭിച്ചുവന്നിരുന്ന കൊല്ലം ലോക്‌സഭാ സീറ്റ് കൈവിടേണ്ടി വന്നു.

2014ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിലനില്പ് പോലും അപകടത്തിലാവുന്ന ഘട്ടത്തിലാണ് മുമ്പ് കൈവിട്ട കൊല്ലം ലോക്‌സഭാ സീറ്റ് ആർ.എസ്.പി തിരിച്ചുചോദിച്ചത്. ഉഭയകക്ഷി ചർച്ച നടക്കും മുമ്പേ എം.എ. ബേബിയെ കൊല്ലത്ത് സ്ഥാനാർത്ഥിയായി സി.പി.എം നിശ്ചയിച്ചു. അത് ആർ.എസ്.പിയുടെ ആത്മാഭിമാനത്തെ വല്ലാതെ മുറിവേല്പിച്ചു. ഇടതുമുന്നണി വിടുകയെന്ന കടുത്ത തീരുമാനത്തിലേക്ക് ആ പാർട്ടിയെ എത്തിച്ചു. തക്കസമയത്ത് ഇടപെട്ട് ആർ.എസ്.പിക്ക് യു.ഡി.എഫിലേക്കുള്ള പരവതാനി ഒരുക്കിയത് അന്ന് ആർ.എസ്.പി-ബിയുടെ മന്ത്രിയായിരുന്ന ഷിബു ബേബിജോൺ ആണ്. ക്രമേണ ആർ.എസ്.പി-ബി, ഔദ്യോഗിക ആർ.എസ്.പിയിൽ ലയിച്ചു. എം.എൽ.എ ആയിരുന്ന കോവൂർ കുഞ്ഞുമോൻ ഔദ്യോഗിക ആർ.എസ്.പി വിട്ട് ആർ.എസ്.പി-ലെനിനിസ്റ്റ് ഉണ്ടാക്കി സ്വതന്ത്രനായി.

പിന്നീട് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആർ.എസ്.പിക്ക് നഷ്ടം മാത്രമാണുണ്ടായത്. 2016ലും 2021ലും അഞ്ചിടത്ത് വീതം യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ച അവർക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല.

കൊല്ലത്തെ പരമ്പരാഗത തൊഴിലാളിമേഖലകളിലാണ് ആർ.എസ്.പിയുടെ കരുത്തും വീര്യവും. ആ മേഖലയിലിപ്പോൾ കടുത്ത നിരാശയാണ്. ഇടതുചേരിയാണ് ആർ.എസ്.പിക്ക് പഥ്യമെന്ന് ചിന്തിക്കുന്നവരേറെ. മാനസികമായി യു.ഡി.എഫിനോട് പൊരുത്തപ്പെടാനാവാത്തവരാണ് മുന്നണിമാറ്റം ആഗ്രഹിക്കുന്നത്.

ഇടതുചേരിയിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരേറെയാണ് ആ പാർട്ടിയിൽ. സി.പി.എമ്മിന്റെ അവഗണനയുണ്ടായാൽ പോലും തിരഞ്ഞെടുപ്പിലും മറ്റും മത്സരിക്കുമ്പോൾ ഇടതുപ്രവർത്തകർ വർദ്ധിതവീര്യത്തോടെ ഒരുമിച്ച് നിൽക്കുമായിരുന്നു. കോൺഗ്രസിന്റെ അവസ്ഥ അതല്ല. തദ്ദേശഭരണ തിരഞ്ഞെടുപ്പിലും മറ്റും മുന്നണിസ്ഥാനാർത്ഥികളായി ആർ.എസ്.പി പ്രവർത്തകർ ഔദ്യോഗികപരിവേഷത്തിൽ നിൽക്കുമ്പോൾ വിമതരായി കോൺഗ്രസുകാരുണ്ടാകും. ഒരു ഘട്ടമെത്തുമ്പോൾ അവർ കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിച്ച് ഔദ്യോഗികസ്ഥാനാർത്ഥികളായി മാറും.

ഇത്തരമൊരു പോക്കിൽ നഷ്ടക്കച്ചവടം മാത്രമായ യു.ഡി.എഫ് ബാന്ധവം തുടരുന്നതെന്തിനെന്ന ചോദ്യമാണ് ആർ.എസ്.പിയുടെ ഇക്കഴിഞ്ഞ സംസ്ഥാനകമ്മിറ്റി യോഗത്തിലുമുയർന്നുകേട്ടത്.

ആർ.എസ്.പി അകപ്പെട്ടിരിക്കുന്ന സ്വത്വപ്രതിസന്ധിയെ അവർക്ക് എങ്ങനെയാവും മറികടക്കാനാവുക. രാഷ്ട്രീയകേരളത്തിലെ ഒരു കൗതുകമുണർത്തുന്ന ചോദ്യമായിരിക്കുന്നു ഇന്നിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, RSP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.