SignIn
Kerala Kaumudi Online
Friday, 19 April 2024 7.45 PM IST

സാമൂഹ്യ കൊലപാതകം

vivadavela

അന്താരാഷ്ട്ര പ്രസിദ്ധിയുള്ള ആരോഗ്യ ജേർണൽ ലാൻസെറ്റ് നടത്തിയ വിമർശനമാണ് ഇപ്പോഴത്തെ ചൂടുള്ള ചർച്ച. തീവ്രവ്യാപനത്തോടെ കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗം ആഞ്ഞുവീശുമ്പോൾ ഇന്ത്യാ മഹാരാജ്യം വിറങ്ങലിച്ച് നില്പാണ്. ഈ പോക്കനുസരിച്ച് ആഗസ്റ്റ് ഒന്നാകുമ്പോഴേക്ക് ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ പത്തുലക്ഷം കടക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷൻ പഠനത്തെ ഉദ്ധരിച്ച് ലാൻസെറ്റ് പറഞ്ഞു.

അതിലേറെ ശ്രദ്ധേയമായത്, ലാൻസെറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ നടത്തിയ വിമർശനമാണ്. മഹാമാരിയെ പ്രതിരോധിക്കുന്നതിനേക്കാൾ പ്രധാനമന്ത്രി ശ്രദ്ധ കൊടുത്തത് ട്വിറ്ററിൽ ഉയരുന്ന വിമർശനങ്ങൾ ഇല്ലാതാക്കാനാണെന്നാണ് ആ വിമർശനം. തുറന്ന സംവാദങ്ങളും വിമർശനങ്ങളും അടിച്ചമർത്താൻ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും കൊവിഡിന്റെ തീവ്രവ്യാപന മുന്നറിയിപ്പുകൾ അവഗണിക്കുന്ന രീതിയിലാണ് മോദി പ്രവർത്തിച്ചതെന്നും ജേണൽ കുറ്റപ്പെടുത്തി.

കവി സച്ചിദാനന്ദന് കിട്ടിയ വിലക്ക്

ലാൻസെറ്റിന്റെ ഈ മുഖപ്രസംഗം തന്റെ മുഖപുസ്തക പേജിൽ പോസ്റ്റ് ചെയ്യാൻ തയാറെടുക്കവേ, കവി സച്ചിദാനന്ദന് മുഖപുസ്തകത്തിൽ നിന്ന് ഒരു മുന്നറിയിപ്പ് കിട്ടി. മറ്റുള്ളവർ നിന്ദ്യാർഹമായി കരുതുന്ന ചിലത് പോസ്റ്റ് ചെയ്യാൻ നിങ്ങൾ ശ്രമിക്കുന്നു എന്നായിരുന്നു സന്ദേശം.

പോസ്റ്റ് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തേക്ക് വിലക്കിക്കൊണ്ടുള്ള ഫേസ്ബുകിന്റെ അറിയിപ്പ് മേയ് ഏഴിന് സച്ചിദാനന്ദന് ലഭിച്ചു. അവരുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന പരാതിയുള്ളതിനാൽ 30 ദിവസം ഫേസ്ബുക് ലൈവിൽ പ്രത്യക്ഷപ്പെടരുതെന്നും നിർദ്ദേശം നല്‌കി. അതിന് പിന്നാലെയാണ് ലാൻസെറ്റ് ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ വന്ന മുന്നറിയിപ്പ്. സച്ചിദാനന്ദൻ പറഞ്ഞു: "ഒരു നിരീക്ഷകസംഘം എന്നെ പോലുള്ള വിമർശകർക്ക് പിറകെ ഉണ്ടെന്നാണ് ഇതിനർത്ഥം."

വാക്സിൻ നയം

വില നിർണയം വാക്‌സിൻ കമ്പനികൾക്ക് വിട്ടുകൊടുത്ത് വാക്‌സിൻ നയം പൊളിച്ചെഴുതിയത് നീതീകരിക്കാനാവാത്ത അപരാധമായി ആരോഗ്യവിദഗ്ദ്ധരെല്ലാം ഒരുപോലെ വിലയിരുത്തുന്നുണ്ട്. നാലുലക്ഷം പേർ പ്രതിദിനം അണുബാധിതരാവുകയും 3500 പേർ മരിച്ചുവീഴുകയും ചെയ്യുമ്പോൾ വിപണിയിൽ സ്വകാര്യ വാക്‌സിൻ ഉത്‌പാദകർക്ക് സൂപ്പർ ലാഭമുണ്ടാക്കിക്കൊടുക്കുന്നതിൽ അങ്ങേയറ്റത്തെ കരുതൽ കാണിക്കുന്ന ഒരു ഭരണാധികാരി ! ലോകത്തെവിടെയുണ്ടാകും ഇങ്ങനെയൊരാൾ?

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയായിരുന്നോ ഇതിലും ഭേദം? ആണെന്ന് കരുതാൻ ഒരുപാട് സാഹചര്യത്തെളിവുകൾ നമുക്ക് മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നുണ്ട്.

വാക്സിൻ മൈത്രി

ഇന്ത്യ ഇതാ കൊവിഡിനെ തുരത്തിയിരിക്കുന്നുവെന്ന്, രണ്ടാം തരംഗത്തിന്റെ മുന്നറിയിപ്പുകളെ പാടേ അവഗണിച്ച് ലോകത്തിന് മുന്നിൽ പൊങ്ങച്ചം പറഞ്ഞ ഭരണാധികാരികളാണ് നമ്മുടെ വർത്തമാനകാല ദുരന്തം. ഫെബ്രുവരിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇത് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം കൊവിഡ്-19നെ വിജയകരമായി കീഴടക്കി എന്ന് ഫെബ്രുവരിയിൽ ബി.ജെ.പി അഖിലേന്ത്യാ നേതൃത്വം പ്രമേയം പാസാക്കി.

ലോകത്തിന് മുന്നിൽ മോദിയും മോദിയുടെ മാത്രം ഇന്ത്യയും സൂപ്പർ പവർ ആണെന്ന് സ്ഥാപിച്ചെടുക്കാൻ നടത്തിയ അദ്ധ്വാനം ചെറുതായിരുന്നില്ല. നാനാത്വത്തിൽ ഏകത്വം എന്ന സവിശേഷതയുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ സങ്കീർണമായ ഘടനയെ മാനിക്കാതെ വാക്‌സിൻ മൈത്രി എന്ന പേരിൽ വാക്‌സിൻ ദേശീയത കൊണ്ടാടാൻ ഭരണകൂടം വ്യഗ്രത കാട്ടിയെന്ന് വിമർശനമുയരുന്നു. ലോക സാമ്പത്തികഫോറം ഉച്ചകോടിയിൽ മോദി പ്രഖ്യാപിച്ചു: ലോകത്തിന് കൂടുതൽ വാക്‌സിനുകൾ ഇന്ത്യ നൽകും. മാർച്ച് അവസാനം, ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയുടെ പ്രതിനിധി 'അഭിമാന'ത്തോടെ പ്രഖ്യാപിച്ചു: "70 രാജ്യങ്ങളിലേക്ക് ആറുകോടി ഡോസ് വാക്‌സിൻ ഇന്ത്യ കയറ്റി അയച്ചു." കാൽക്കീഴിൽ ഒരു ജനത ഞെരിഞ്ഞമരാനായി തയാറെടുത്ത് കൊണ്ടിരിക്കുന്നതിനെ അപ്പോൾ അദ്ദേഹം കണ്ടിരുന്നുവോ, എന്തോ!

കൊവിഡിനെ തുരത്തിയോടിച്ചുവെന്ന മിഥ്യാഭിമാന ബോധത്തോടെ, കണ്ണടച്ച് ഇരുട്ടാക്കിയിരുന്ന രാജ്യത്ത് കുംഭമേളയ്ക്കും തിരഞ്ഞെടുപ്പ് മഹോത്സവങ്ങൾക്കും റാലികൾക്കുമൊന്നും ഒരു പഞ്ഞവുമുണ്ടായില്ല. നീണ്ട താടിയുഴിഞ്ഞ് പ്രധാനമന്ത്രി തന്നെ റാലികളിലണിനിരന്നു. പശ്ചിമബംഗാൾ ഏതുവിധേനയും പിടിക്കാൻ ലാക്കാക്കി, എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തി. എന്നിട്ട് ഫലമുണ്ടായോ? ഇല്ല!

ഇന്ധനവില വർദ്ധന

പുര കത്തുമ്പോൾ വാഴ വെട്ടിക്കൊണ്ടിരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പുത്സവം പ്രമാണിച്ച് നിറുത്തിവച്ചിരുന്ന ഇന്ധന വില വർദ്ധന , തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ പൂർവാധികം ഭംഗിയോടും ശക്തിയോടും പുനരാരംഭിച്ചിരിക്കുന്നു.

ഇരുപതിനായിരം കോടിയുടെ മുതൽ മുടക്കിൽ സെൻട്രൽ വിസ്ത പദ്ധതി, ഓക്സിജൻ കിട്ടാതെ വിറങ്ങലിച്ചു നിൽക്കുന്ന ഡൽഹി നഗരത്തിൽ, ഒരു മുടക്കവും കൂടാതെ പുരോഗമിക്കുന്നു. 13500കോടിയുടെ പ്രവൃത്തികൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഡൽഹിയിലെ ലോക്ക് ഡൗണൊന്നും ഈ പണിയെ ബാധിക്കുന്നേയില്ല. പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്രീകൃത സെൻട്രൽ സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും പുതിയ വസതികളുമൊക്കെയാണ് വരുന്നത്. ജനം തൃണസമാനം. രാജ്പഥിലെ രാഷ്ട്രപതി ഭവൻ തൊട്ട് ഇന്ത്യാഗേറ്റ് വരെയുള്ള പൗരാണികമായ വിളക്കുകളും തൂണുകളും ഇരുമ്പ് ചങ്ങലകളുമെല്ലാം പൊളിച്ചു മാറ്റപ്പെട്ടു കഴിഞ്ഞു. 4642 മരങ്ങൾ തണൽവിരിച്ചു നിൽക്കുന്ന വീഥിയിൽ നിന്ന് 3230 മരങ്ങളും പിഴുതുമാറ്റും. ജനങ്ങൾ മരിച്ചു വീഴുമ്പോൾ ഇത് വേണോ എന്ന ചോദ്യങ്ങൾ ചെന്നുപതിക്കുന്നത് സ്വാഭാവികമായും ബധിരകർണങ്ങളിലാണ്. അതാണല്ലോ, പുതിയ 'ദേശീയതാബോധ'ത്തിന്റെ കാവ്യനീതികൾ!

സാമൂഹ്യ കൊലപാതകം

1840കളിൽ ഇംഗ്ലണ്ടിലെ തൊഴിലാളിവർഗം നേരിട്ട കൊടിയ ചൂഷണത്തെ ഫ്രെഡറിക് ഏംഗൽസ് വിശേഷിപ്പിച്ചത് സാമൂഹ്യ കൊലപാതകം എന്നാണ്. മനുഷ്യരെന്ന പരിഗണനയില്ലാതെ തൊഴിലാളികളെ പണിയെടുപ്പിച്ചപ്പോൾ രോഗങ്ങളും അകാലമരണവും അന്നവരെ കീഴടക്കിയിരുന്നു. സാധാരണ കൊലപാതകം പോലെയാണിതും. പക്ഷേ, കൊലപാതകി പ്രത്യക്ഷത്തിലുണ്ടാവില്ല. സ്വാഭാവികമരണമായാണ് സാമൂഹ്യകൊലപാതകം അനുഭവപ്പെടുക. ഇംഗ്ലണ്ടിലെ തൊഴിലാളികളുടേത് പോലെ.

കഴിഞ്ഞ വർഷം ഒന്നാം കൊവിഡ് തരംഗമുണ്ടായപ്പോൾ രാജ്യം അന്തർസംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് സാക്ഷ്യം വഹിച്ചു. അതവരുടെ ഉത്തരവാദിത്വമെന്ന ഭരണകൂടയുക്തിയിലൂന്നിയ ന്യായീകരണവാദങ്ങൾ നിരത്തപ്പെട്ടെങ്കിലും അതൊരു ലക്ഷണമൊത്ത സാമൂഹ്യ കൊലപാതകമായിരുന്നു. അതിൽ നിന്ന് പാഠങ്ങൾ പഠിച്ചുവോ, നമ്മൾ!

കേരള പോസ്റ്റ്പോൾ

സർവേ കൗതുകം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇത്തവണ ബി.ജെ.പിക്ക് ഉണ്ടായിരുന്ന അവരുടെ ഏക സീറ്റും നഷ്ടമായി. അധികാരത്തിലിരുന്ന ഇടതുമുന്നണി 99 സീറ്റുകളുമായി വൻ മുന്നേറ്റത്തോടെ തുടർഭരണം സ്വന്തമാക്കി. പ്രതിപക്ഷത്ത് യു.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാളും താഴേക്ക് പോയി.

ദേശീയ ദിനപത്രമായ ദ ഹിന്ദു സ്വകാര്യ ഏജൻസിയെ കൂട്ടുപിടിച്ച് നടത്തിയ പോസ്റ്റ്പോൾ സർവേയുടെ ഫലം മൂന്ന് ദിവസം മുമ്പ് പുറത്തുവിടുകയുണ്ടായി. മഹാമാരിയുടെ കാലത്തെ കേരള സർക്കാരിന്റെ പ്രവൃത്തികൾ എടുത്തു പറയേണ്ടതാണെന്ന് സർവേ കണ്ടെത്തിയിരുന്നു. എന്നാൽ, രസകരമായ ചില കണ്ടെത്തലുകൾ ആ സർവേ ഫലത്തിലുണ്ടായി.

കേരള രാഷ്ട്രീയത്തിൽ ഒരു മൂന്നാം ബദൽ ആവശ്യമോ എന്ന ചോദ്യമാണ് അതിലൊന്ന്. 56 ശതമാനം പേരും വേണ്ട എന്ന് പ്രതികരിച്ചു. 33 ശതമാനം പേർ ആകാം എന്നും. കേരളത്തിന്റെ സാമൂഹ്യഘടനയ്ക്ക് ബി.ജെ.പിയുടെ ഉദയം നല്ലതോ മോശമോ എന്ന ചോദ്യത്തിന്, 54 ശതമാനം പേരും മോശം എന്ന് പ്രതികരിച്ചപ്പോൾ 17 ശതമാനം പേരാണ് നല്ലതെന്ന് പറഞ്ഞത്. ബാക്കി നിഷ്പക്ഷമതികളാണ്.

ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലായി തോന്നിയത് പുതുവോട്ടർമാരുടെ കാഴ്ചപ്പാടാണ്. 25 വയസ് വരെ പ്രായം വരുന്ന കന്നി വോട്ടർമാർ മാനസികമായി ബി.ജെ.പിയെ ഉൾക്കൊള്ളുന്നില്ല എന്നൊരു പരിണാമം 2016ൽ നിന്ന് 2021ലെത്തുമ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒന്നാം മോദി സർക്കാർ രണ്ട് വർഷം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിന് മുമ്പത്തെ യു.പി.എ ഭരണത്തിന്റെ പ്രതിച്ഛായാ ശോഷണം വലിയ അളവിൽ നിലനില്‌ക്കുന്ന കാലം. മോദിയുടെ വ്യക്തിപ്രഭാവം മാറ്റമില്ലാതെ തുടരുന്ന കാലം.

ഇന്നിപ്പോൾ കാലം മാറി. മോദി ഭരണകൂടത്തിന്റെ താത്‌പര്യങ്ങൾ ജനം തിരിച്ചറിയുന്നു. പ്രത്യേകിച്ച് കേരളത്തിലെ ചെറുപ്പക്കാർ. 25 വയസ് വരെയുള്ള വിഭാഗത്തിൽ നിന്നുള്ള പിന്തുണ 2016 നേക്കാൾ 13 ശതമാനം കുറവാണ് ബി.ജെ.പിക്കുണ്ടായിരിക്കുന്നത്. അവർ പിന്തുണയ്ക്കുന്നത് ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാരിനെയാണെന്നതും ശ്രദ്ധേയം.

ചൈനയുടെ

അതിരുകടന്ന പോസ്റ്റ്

ഇനിയൊരു ആന്റി ക്ലൈമാക്സ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റിക്കൽ ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി അടുത്തിടെ ഇട്ടൊരു ഫേസ്ബുക് പോസ്റ്റ് ചൈനയിൽ തന്നെ വലിയ സംവാദവിഷയമായി കത്തിപ്പടരുകയാണ്. 15 ദശലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ടാണ്. ചൈനയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ ചിത്രവും ഇന്ത്യയിലെ ശ്മശാനത്തിന്റെ ചിത്രവും അടുത്തടുത്ത് വച്ച ശേഷം കമന്റ് ഇങ്ങനെ: 'ചൈന ലൈറ്റിംഗ് എ ഫയർ, ഇന്ത്യ ലൈറ്റിംഗ് എ ഫയർ.'

സാഡിസ്റ്റിക് മനോഭാവത്തിൽ നിന്നുള്ള വികൃതമായ പോസ്റ്റ് ആണിതെന്നതിൽ സംശയമില്ല. കൊവിഡ് മഹാമാരിയുടെ ദുരന്തത്തിന് നടുവിൽ നില്‌ക്കുന്ന അയൽരാജ്യത്തിന്റെ അവസ്ഥയിൽ ആഹ്ലാദിക്കുന്ന മാനസികാവസ്ഥ ഒട്ടും നല്ലതല്ല. ചൈനയിൽ നിന്നുതന്നെ ഇതിനെതിരെ ശക്തമായ വിമർശനങ്ങളുയരുന്നു എന്നത് അതുകൊണ്ട് ശുഭോദർക്കവുമാണ്. മാദ്ധ്യമങ്ങളടക്കം ചൈനയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റിനെതിരെ വിമർശനവുമായെത്തിയിട്ടുണ്ട്.

ചൈനയിലെ പ്രശസ്ത കമന്റേറ്റർ ആയ റെൻ യി പറഞ്ഞതാണ് ശരി: "സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിൽ നമുക്കുറപ്പ് തരാനാവില്ലായിരിക്കാം. പക്ഷേ, ശത്രുക്കളെ ഉണ്ടാക്കില്ലെന്ന് നമുക്കുറപ്പിക്കാനാവും."

ചൈന അവിടെ നിൽക്കട്ടെ. കടുത്ത പ്രതിസന്ധിയുടെ ഈ കാലത്ത് പ്രതീക്ഷയുടെ സൂര്യോദയം സ്വപ്നം കണ്ട് നമുക്ക് നീങ്ങാനാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.