SignIn
Kerala Kaumudi Online
Thursday, 28 March 2024 5.30 PM IST

കാടിറങ്ങി മൃഗങ്ങൾ,​ നാടുവിടാനൊരുങ്ങി കർഷകർ

vazha

കൃഷിയിടത്തിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ ‌ഞെട്ടലിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല കഞ്ചിക്കോട് വലിയേരിയിലെ ജനങ്ങൾ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ജനാദേവിയുടെ ശരീരത്തിലെ മുറിവുകൾ കണ്ടാൽ നമ്മുടെ പെരുവിരലിൽ നിന്നൊരു വിറയൽ പടരും. തലയിലും വയറ്റിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ഇറങ്ങിയപ്പോഴാണ് അഞ്ജനയെ കാട്ടാന ആക്രമിച്ചത്. മലമ്പുഴ നിയോജക മണ്ഡലത്തിലെ കർഷകർക്ക് ഇതാദ്യ അനുഭവമല്ല. ഏതുസമയത്തും ഉണ്ടാകാവുന്ന വന്യമൃഗ ആക്രമണ ഭീതിയിലാണ് ഇവിടെത്തെ ജനജീവിതം. നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും കർഷകർ ദുരിതത്തിലാണ്. ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൾ കറങ്ങി നടക്കുകയാണ്. വിളഞ്ഞ നെൽപ്പാടങ്ങൾ,​ കൊയ്തെടുത്ത നെല്ല്,​ കായ്ഫലം തരുന്നതും തരാറായതുമായ വാഴകൾ തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്ന കാഴ്ച നിസഹായരായി കണ്ടുനിൽക്കുകയേ ഇവർക്ക് വഴിയുള്ളൂ. കർഷകരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നങ്ങളുടെ പരമ്പര തുടർന്നു കൊണ്ടേയിരിക്കുന്നു. മാറിമാറി വരുന്ന സർക്കാരുകൾ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും അതിലൊന്നു പോലും നാളിതുവരെ യാഥാർത്ഥ്യമായിട്ടില്ല. ആനകളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിന് വനംവകുപ്പ് പാലക്കാട് ഡിവിഷന് കീഴിൽ 256 കിലോമീറ്റർ സൗരോർജ വേലിയും 11 കിലോമീറ്റർ ആന പ്രതിരോധ കിടങ്ങിന്റെയും പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ടെന്നാണ് വകുപ്പ് മന്ത്രി കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്. വന്യമൃഗങ്ങളോട് പോരടിച്ച് ഇനിയും എത്രനാൾ മുന്നോട്ട് പോകാനാകും എന്നറിയാതെ ആശങ്കയിലാണ് പതിനായിരക്കണക്കിന് കർഷകർ.

പൊലിഞ്ഞത് 11 ജീവൻ

കഴിഞ്ഞ ഏഴര വർഷത്തിനിടെ കഞ്ചിക്കോട് – വാളയാർ വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർ. മരിച്ചവരിൽ രണ്ട് വനംവകുപ്പ് വാച്ചർമാരും ഉൾപ്പെടും. ഒന്നരവർഷം മുമ്പ് ഇതേ വലിയേരിക്കു സമീപം വനംവകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ജില്ലയിൽ കാട്ടാനശല്യം രൂക്ഷമായ പഞ്ചായത്തുകളിലൊന്നാണു പുതുശ്ശേരി. വേനോലി മുതൽ വാളയാർ വരെയുള്ള മേഖലയിൽ കാട്ടാനയുടെ ആക്രമണവും കൃഷിനാശവും പതിവാണ്. റെയിൽവേ ട്രാക്ക് മുറിച്ചു കടന്നാണ് ആന ജനവാസ മേഖലയിലെത്തുന്നത്. അപകടങ്ങൾ ആവർത്തിക്കുമ്പോഴും ഇതിനു പരിഹാരമായി പ്രഖ്യാപിച്ച റെയിൽവേലി പദ്ധതി വകുപ്പുകളുടെ ഏകോപനമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മേഖലയിലെ ഫെൻസിങ്ങും അറ്റകുറ്റപ്പണിയില്ലാതെ തകർന്നിരിക്കുകയാണ്. ഇനിയൊരു രക്തസാക്ഷിയ്‌ക്കായി കാത്തിരിക്കാതെ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. അല്ലാത്തപക്ഷം, കിട്ടുന്ന വിലയ്ക്ക് ഭൂമി വിറ്റ് മറ്റിടങ്ങളിലേക്ക് കുടിയേറേണ്ടതായി വരുമെന്നും കർഷകർ പറയുന്നു.

ഏറ്റുമുട്ടലിന് വരുന്നവരല്ല മൃഗങ്ങൾ

കുടിയേറ്റ കാലത്ത് വന്യമൃഗങ്ങളോടും മലമ്പനിയോടും പൊരുതിയാണ് കർഷകർ മണ്ണിൽ കാലുറപ്പിച്ചത്. അന്നത് സ്വാഭാവികവുമായിരുന്നു. പിന്നീട് കാട്ടിൽനിന്നു നാട്ടിലേക്ക് മൃഗങ്ങൾ വരുന്നത് കുറഞ്ഞു വന്നു; തീരെ വരാതെയുമായി. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെയാണ് മേഖലയിൽ വന്യജീവികളുടെ ആക്രമണം ഇത്രമേൽ രൂക്ഷമായതെന്ന് കർഷകർ പറയുന്നു. ഒരു കൃഷിയും ചെയ്യാൻ വയ്യാത്ത സ്ഥിതി. പഴയ തലമുറ കർഷകരുടെ ഓർമ്മകളിൽ കാട്ടിൽനിന്നു കൃഷിയിടങ്ങളിൽ ഇറങ്ങിയിരുന്നത് കാട്ടുപന്നിയായിരുന്നില്ല, കുറുക്കനായിരുന്നു. ഞണ്ടിനെ തിന്നാനായിരുന്നു വരവ്. കുറുക്കനെ പേടിയായതുകൊണ്ട് കാട്ടുപന്നികൾ ഈ മേഖലയിലേക്ക് അടുത്തിരുന്നില്ല. കൃഷിയിടങ്ങളിൽ കീടനാശിനി ഉപയോഗം രൂക്ഷമായതോടെ ഞണ്ടുകൾ ഇല്ലാതായി. കുറുക്കൻ വരാതായി. അതോടെയാണ് പതിയെപ്പതിയെ പന്നികൾ വന്നുതുടങ്ങിയത്.

വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് എന്തുകൊണ്ടെന്ന് വനംവകുപ്പ് പഠനം നടത്തി കണ്ടുപിടിക്കണം; എന്നിട്ട് ശാശ്വത പരിഹാരമുണ്ടാക്കണം. ഈ ആവശ്യം പലപ്പോഴായി കർഷകരിൽ നിന്നും സാമൂഹിക പ്രവർത്തകരിൽനിന്നും ജനപ്രതിനിധികളിൽനിന്നും ഉയർന്നിരുന്നു. പക്ഷേ, അങ്ങനെയൊരു പഠനത്തിലോ അന്വേഷണത്തിലോ വനംവകുപ്പിനു താത്‌പര്യമില്ലെന്നതാണ് വാസ്തവം.

മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മാത്രമാണ്. ഒറ്റയടിക്കല്ല അത്തരമൊരു സ്ഥിതിയിലേക്ക് വനവും വന്യജീവികളും എത്തിയത്. വാസ്തവത്തിൽ കാട്ടുമൃഗങ്ങൾ കർഷകരുമായി ഏറ്റുമുട്ടാൻ ഇറങ്ങിവരുന്നതല്ല, അതിജീവനത്തിനുള്ള തീവ്രശ്രമത്തിലാണ് അവ. കാടിന്റെ മൂന്നിലൊന്ന് ഭാഗവും നിബിഡ വനങ്ങൾക്ക് പകരം തോട്ടവനങ്ങളാണ്. അവിടെ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണമില്ല. തേക്ക് പ്ലാന്റേഷൻ മുഴുവൻ പരിസ്ഥിതിക്ക് യോജ്യമല്ലെന്ന തിരിച്ചറിവ് അധികൃതർക്കില്ല. തോട്ടവനങ്ങൾ മുഴുവൻ മുറിച്ചു നീക്കുകയാണ് സർക്കാർ ആദ്യമായി ചെയ്യേണ്ടത്. പകരം അവിടെ സ്വാഭാവിക വനം വളരാൻ അനുവദിക്കണം. അപ്പോൾ കാട്ടുമൃഗങ്ങൾക്ക് ആവശ്യമുള്ള ധാരാളം ഭക്ഷ്യവസ്തുക്കളും അവിടെ ഉണ്ടാകും. ജൈവ വൈവിദ്ധ്യം പോഷിപ്പിക്കുന്ന നീർമരങ്ങൾ തഴച്ചുവളരുമ്പോൾ മണ്ണിൽ ജലവും ഉണ്ടാകും. വെള്ളം തേടിയും ഭക്ഷണം തേടിയും മൃഗങ്ങൾക്കു നാട്ടിലേക്ക് വരേണ്ടിവരില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കാടേത്, നാടേതെന്നറിയാതെ

വനഭൂമി ഏത്, വനം അല്ലാത്ത ഭൂമിയേത് എന്നതിൽ വ്യക്തതക്കുറവുണ്ട് ഭരണകൂടത്തിന്. സ്വന്തം അധികാര പരിധിയിൽപ്പെട്ട വനഭൂമിയുടെ കൃത്യമായ കണക്ക് സംസ്ഥാനത്തെ ഒരു ഡി.എഫ്.ഒയുടെയും കൈവശവുമില്ലെന്നതാണ് യാഥാർത്ഥ്യം. വിജ്ഞാപനം ചെയ്തതു പ്രകാരമുള്ള വനത്തിന്റെ രൂപരേഖ, ആ വനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്നിവ ചോദിച്ചാൽ ലഭ്യമല്ല എന്നാണ് മറുപടി. അവർ സംരക്ഷിക്കേണ്ട ഭൂമിയുടെ കൃത്യമായ അളവ് അവർക്കറിയില്ലെന്നത് എത്ര ഗുരുതര വീഴ്ചയാണ്.
വനംവകുപ്പിന്റെ രേഖയിൽ കേരളത്തിലെ ആകെ വനം 11521.814 ചതുരശ്ര കിലോമീറ്ററാണ്. സംസ്ഥാനത്തിന്റെ ആകെ വിസ്തീർണത്തിന്റെ 29.1ശതമാനം. ഇതിൽ 9195.735 ചതുരശ്ര കിലോമീറ്ററും റിസർവ് വനമാണ്. പ്രപ്പോസ്ഡ് റിസർവാകട്ടെ 291.575 ചതുരശ്ര കിലോമീറ്റർ. നിക്ഷിപ്ത വനങ്ങളും പരിസ്ഥിതി ദുർബല പ്രദേശങ്ങളുമാണ് 1905.476 കിലോമീറ്റർ. കണക്കുകൾ പരിശോധിക്കുമ്പോൾ തന്നെ സ്വാഭാവിക നിബിഡവനം കുറവാണെന്ന് വ്യക്തം. ആകെ വനത്തിന്റെ മൂന്നിലൊന്നോളം തോട്ട വനങ്ങളാണ്. ഇത്തരം വനങ്ങൾ ജൈവവൈവിദ്ധ്യം നിലനിറുത്തുന്നില്ല. ഇത് തിരിച്ചറിഞ്ഞ് സ്വാഭാവിക നിബിഡ വനവത്കരണം നടപ്പാക്കുകയാണ് വേണ്ടത്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെട്ടാൽ അവ നാട്ടിലിറങ്ങുന്നതിനും അവസാനമാകും. സർക്കാരിന് തിരിച്ചറിവുണ്ടാകുമെന്ന പ്രതീക്ഷ കൈവിടാതെ കാത്തിരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKADU DIARY, WILD ELEPHANT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.