SignIn
Kerala Kaumudi Online
Saturday, 20 April 2024 5.16 AM IST

അയ്യപ്പനും മലയാള ബ്രാഹ്മണരും

sabarimala

യോഗനാദം 2021 ആഗസ്റ്റ് ഒന്നാംലക്കം എഡി​റ്റോറി​യൽ

.......................................................

കലിയുഗവരദനായ ശബരീശന് മുന്നിൽ മനുഷ്യനും ദൈവവും ഒന്നാണെന്നാണ് വിശ്വാസം. പക്ഷേ ശബരിമല ക്ഷേത്രം ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ബ്രാഹ്മണർക്ക്, വിശേഷിച്ച് മലയാള ബ്രാഹ്മണർക്ക് നൽകുന്ന സ്ഥാനം അയ്യപ്പനും മുകളിലാണ്.

ശബരിമല മേൽശാന്തി നിയമനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും കാണിക്കുന്ന ഇരട്ടത്താപ്പ് കേരളത്തിനും മലയാളികൾക്കും ലോകമെമ്പാടുനിന്നും കഠിനവ്രതം നോറ്റ് കെട്ടുനിറച്ചെത്തുന്ന ഭക്തകോടികൾക്കും അപമാനകരമാവുകയാണ്.

രാജ്യത്ത് ജാതിവിവേചനം കുറ്റകരവും ഭരണഘടനാവിരുദ്ധവുമാണ്. എന്നാൽ ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന്റെ കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പത്രപരസ്യം നൽകിയാണ് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് പറയുന്നത് ! നൂറ്റാണ്ടുകളായി തുടരുന്ന രീതിയാണെന്നാണ് നി​ലവി​ലെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന്റെ അവകാശവാദം. സംസ്ഥാന മുഖ്യമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും പിന്നാക്കസമുദായക്കാരാണ്. ദേവസ്വം മന്ത്രിയാകട്ടെ പട്ടികജാതിക്കാരനും. എന്നിട്ടും സർക്കാരിനും ബോർഡിനും ഈ അനീതിക്കെതിരെ ചെറുവിരലനക്കാൻ ധൈര്യമില്ല. ഇവർക്കൊക്കെ ആരെയാണ് ഭയം?​

അവർണരുടെ ക്ഷേത്രപ്രവേശനത്തി​ന് വേണ്ടി​ ഒരു വിഭാഗം സവർണർ സമരം ചെയ്യുകയും മർദ്ദനമേൽക്കുകയും ചെയ്ത ചരിത്രമുള്ള നാടാണി​ത്. 1936ലെ ക്ഷേത്രപ്രവേശന വി​ളംബരം രാജ്യത്തി​ന് തന്നെ മാതൃകയായി​രുന്നു. നവോത്ഥാന നായകർ അനവധി​ സമരങ്ങളി​ലൂടെ സ്ഫുടം ചെയ്തെടുത്ത കേരളത്തിന്റെ സാമൂഹി​ക നേട്ടങ്ങളെ വെല്ലുവിളിക്കുന്നതാണ് തി​രുവി​താംകൂർ ദേവസ്വം ബോർഡി​ന്റെ നി​ലപാട്. അവർണരുടെ ശ്രീകോവി​ൽ പ്രവേശനത്തി​നായി​ പ്രക്ഷോഭം നടത്തേണ്ടി​വരുന്നത് സാംസ്കാരിക കേരളത്തെ പരിഹസിക്കുന്നതു പോലെയാകും.

ശബരിമലയിൽ രാജ്യമെമ്പാടുനിന്നും എത്തുന്ന ഭക്തകോടികളിൽ ബഹുഭൂരിപക്ഷവും പിന്നാക്കവിഭാഗക്കാരാണ്. അവരെന്തായാലും ഈ വിവേചനത്തെ അനുകൂലിക്കില്ല. ബാക്കിയുള്ളവരിൽ മേൽജാതിക്കാരും അന്യമതസ്ഥരുമുണ്ട്. അവരിലും ഭൂരിഭാഗവും ഈ നി​ലപാടി​നെ പി​ന്തുണയ്‌ക്കി​ല്ല. ഇല്ലാത്ത, അല്ലെങ്കിൽ നാമമാത്രമായ എതിർപ്പിന്റെ പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന് തലമുറകളായി ഇവിടെ വസിക്കുന്ന ബ്രാഹ്മണരെയും മലയാളികളായ അബ്രാഹ്മണരെയും ഈ പദവി​യി​ൽ നി​ന്ന് അകറ്റി നിറുത്തുന്നതിൽ ഒരു ന്യായവുമില്ല.

മറ്റൊരു രസകരമായ കാര്യം മലയാള ബ്രാഹ്മണൻ എന്നൊരു നിർവചനം സർക്കാർ രേഖകളിലൊന്നുമില്ലെന്നതാണ്. ആരാണ് മലയാള ബ്രാഹ്മണർ ? നമ്പൂതിരിമാരെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതാദ്യം വ്യക്തമാക്കണം. നിലവിലെ ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റി തുളു ബ്രാഹ്മണനാണ്. തൃശൂർ പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ പരേതനായ കൃഷ്ണൻ എമ്പ്രാന്തിരിയുടെ മകനാണ് ജയരാജ്. അതി​ൽത്തന്നെ പൊളി​ഞ്ഞുവീണു മലയാള ബ്രാഹ്മണനെന്ന വ്യവസ്ഥ. അതും പോകട്ടെ, ശബരി​മല തന്ത്രി​കുടുംബത്തി​ന്റെ തായ്‌വേരുകൾ ആന്ധ്രയി​ലാണ് ! ഇത്തരം പരസ്പരവി​രുദ്ധമായ കാര്യങ്ങൾ ഓരോ കാലഘട്ടത്തി​ലും ഓരോ താത്‌പര്യക്കാർ ചമച്ച കഥകളാണ്.
പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാകേഷിനെ എറണാകുളം നീറിക്കോട് മഹാദേവ ക്ഷേത്രത്തിൽ ശാന്തിയായി​ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമിച്ചപ്പോൾ തുടങ്ങിയ നിയമയുദ്ധം സുപ്രീംകോടതിയിലാണ് അവസാനിച്ചത്. 2002 ഒക്ടോബർ മൂന്നിന് ഈ കേസിൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച,​ പൂജാരി നിയമനത്തിൽ ജാതിവ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന വിധിയെ വെല്ലാൻ മറ്റൊരു വിധി ഉണ്ടായിട്ടില്ല. 1979 ൽ ഇതേ തി​രുവി​താംകൂർ ദേവസ്വം ബോർഡ് തന്നെ ഈഴവസമുദായാംഗവും പ്രശസ്ത തന്ത്രി​യുമായ മാത്താനം വിജയനെ ശബരി​മല മേൽശാന്തി​ നി​യമനത്തി​നായി​ പരി​ഗണി​ച്ച് അഭി​മുഖവും നടത്തി​. നറുക്കെടുപ്പി​നും പരി​ഗണി​ച്ചുവെന്നാണ് വി​വരം. അന്നി​ല്ലാത്ത മലയാള ബ്രാഹ്മണ വ്യവസ്ഥ പി​ന്നീട് 2002ൽ ദേവസ്വം ബോർഡ് കൊണ്ടുവന്നതാണ്. അതിനുള്ള കാരണവും രസാവഹമാണ്. മേൽശാന്തി​മാരെ തി​രഞ്ഞെടുക്കുന്ന സമി​തി​യി​ലെ അംഗത്വത്തി​ന്റെ പേരി​ൽ പന്തളം രാജകുടുംബവും തന്ത്രി​ കുടുംബവും തമ്മി​ൽ ഉത്ഭവി​ച്ച കേസി​ൽ മേൽശാന്തി​ നി​യമനത്തി​ന് മാനദണ്ഡം നി​ശ്ചയി​ക്കാൻ ഹൈക്കോടതി​ നി​ർദേശി​ച്ചി​രുന്നു. ആ പഴുതു നോക്കി​ ആരും പറയാതെ ബോർഡ് തന്നെ നി​ശ്ചയി​ച്ചതാണ് മലയാള ബ്രാഹ്മണവ്യവസ്ഥ. അത് ഹൈക്കോടതി​ അംഗീകരി​ച്ചതും സുപ്രീംകോടതി​ വി​ധി​ക്ക് മുമ്പാണ്. ഇതി​ലും വലി​യ എത്രയോ കല്ലേപി​ളർക്കുന്ന ശാസനകൾ വഴി​മാറി​യ ചരി​ത്രമുള്ള നാടാണ് കേരളം.

ശബരി​മലയി​ലെ സ്ത്രീപ്രവേശം പോലുള്ള വി​ഷയമല്ലി​ത്. മേൽശാന്തി​ തസ്തി​കയി​ലേക്കുള്ള ഒട്ടേറെപ്പേരുടെ അവസരങ്ങളെ നഷ്ടപ്പെടുത്തുന്ന വ്യവസ്ഥയാണ്. സുവ്യക്തമായ സുപ്രീംകോടതി​ വി​ധി​യുമുണ്ട്. പൂജാവൃത്തി​യി​ൽ മി​കവും പാണ്ഡി​ത്യവും മാത്രമേ ഈ നി​യമനത്തി​ൽ നോക്കേണ്ടതുള്ളൂ. യോഗ്യരായ അന്യമതക്കാരുണ്ടെങ്കി​ൽ അവരെ പരി​ഗണി​ച്ചാൽ പോലും കുഴപ്പമി​ല്ല. അയ്യപ്പക്ഷേത്രം ജാതി​മത ഭേദങ്ങൾക്ക് അതീതമാണ്.

എസ്.എൻ.ഡി.പി യോഗം പോലുള്ള പിന്നാക്ക സമുദായ സംഘടനകൾക്ക് ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട്. ഇവിടെയെല്ലാം പൂജാവൃത്തി ചെയ്യുന്നവരാരും പൂണൂലിന്റെ ബലത്തിൽ ആ പദവി​യി​ലേക്ക് എത്തിയവരല്ല. ആചാര്യന്മാരുടെ പക്കൽ നിന്ന് പഠിച്ചും പരിശീലിച്ചും പൂജാവൃത്തി തൊഴിലാക്കിയവരാണ്. അവരിൽ ഡോക്ടറേറ്റും ഒന്നിലേറെ ബിരുദാനന്തര ബിരുദവും ഉള്ളവരും സംസ്കൃത പണ്ഡിതരുമൊക്കെ ഉൾപ്പെടുന്നു. ഉന്നതവിദ്യാഭ്യാസവും ചിട്ടയായ പരിശീലനവും ലഭിച്ച ഇക്കൂട്ടരെ ഇനി ഹി​ന്ദുവിശ്വാസി സമൂഹത്തിന് അവഗണിക്കാനാവില്ല. വിശേഷിച്ച് ബ്രാഹ്മണ സമൂഹത്തിലെ പുതിയ തലമുറ ഈ ജീവിതവൃത്തിയിൽ നിന്ന് അകലുന്ന കാലഘട്ടത്തിൽ. എസ്.എൻ.ഡി.പിയോഗത്തിന്റെ പോഷകസംഘടനയായ വൈദിക യോഗത്തിന് കീഴിൽത്തന്നെ രണ്ടായിരത്തിലേറെ വൈദികരുണ്ട്. ദേവസ്വം ക്ഷേത്രങ്ങളിൽ ജോലിചെയ്യുന്ന അഞ്ഞൂറോളം പേർ വേറെയുമുണ്ട്. സമീപഭാവിയിൽ തന്നെ ജന്മബ്രാഹ്മണരേക്കാൾ കർമ്മബ്രാഹ്മണർ ഈ രംഗത്ത് മേൽക്കോയ്മ നേടും. അപ്പോൾ ശബരിമല പോലെയുള്ള മഹാക്ഷേത്രങ്ങളിൽ നിന്ന് ഇവരെ അകറ്റി നിറുത്താനുള്ള സങ്കുചിതമായ സമീപനങ്ങൾ അലങ്കാരമായി കൊണ്ടുനടക്കുന്നത് അനുചിതമാണ്. അപമാനമാണ്. പ്രതിഷേധാർഹമാണ്. എത്രയും വേഗം ഈ വിവേചനം അവസാനിപ്പിക്കാനുള്ള വിവേകവും സദ്ബുദ്ധിയും തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാനസർക്കാരിനും ഉണ്ടാകട്ടെയെന്ന് ശബരീശനോട് പ്രാർത്ഥിക്കാം.

സ്വാമിയേ ശരണമയ്യപ്പ....

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.