SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.28 AM IST

വളർച്ചയിലെ വഴിത്തിരിവ്

photo

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയുടെ വളർച്ചയ്ക്ക് തടസമായത് സർക്കാരിന്റെ നയപരിപാടികളായിരുന്നു. പൊതുമേഖലയ്ക്ക് നൽകിയ പ്രാധാന്യം സ്വകാര്യമേഖലയ്ക്ക് നൽകിയില്ലെന്ന് മാത്രമല്ല അശാസ്ത്രീയ നികുതി സംവിധാനവും ലൈസൻസ് രാജും ഏർപ്പെടുത്തി സ്വകാര്യമേഖലയുടെ വളർച്ചയ്ക്ക് വിലങ്ങിടാനാണ് സർക്കാർ സർവശ്രദ്ധയും പതിപ്പിച്ചത്. അക്കാലത്ത് സർക്കാരിന്റെ ഇടപെടൽ ഏറ്റവും കുറഞ്ഞ അളവിലേക്ക് മാറ്റിയ രാജ്യങ്ങളാണ് സാമ്പത്തികമായി ഇന്ന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്. എൺപതുകളിൽ നയം മാറ്റിയ ചൈനയ്ക്ക് നാല്പത് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാൻ കഴിഞ്ഞു. ജനസംഖ്യ കൂടിയ രാജ്യങ്ങൾക്ക് വലിയ വളർച്ച നേടുക ദുഷ്‌കരമാണെന്ന ഒരു സാമ്പത്തിക സിദ്ധാന്തം നിലനിന്ന കാലത്താണ് കുറഞ്ഞ വേതനത്തിൽ ജനസംഖ്യയിലെ വലിയൊരു ശതമാനത്തെ ജോലിചെയ്യുന്നവരാക്കി മാറ്റിക്കൊണ്ട് ചൈന വിദേശനിക്ഷേപം ആകർഷിച്ചത്. അപ്പോഴും ഇന്ത്യ മാറാൻ തയ്യാറായില്ല. തൊണ്ണൂറുകളിലെ ആഗോളവത്‌ക്കരണത്തിന് ശേഷമാണ് ഇന്ത്യ സാമ്പത്തിക നയപരിപാടികളിലെ കടുംപിടിത്തം ഉപേക്ഷിച്ചത്. അതിന് ചുക്കാൻ പിടിച്ചത് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവും ധനകാര്യമന്ത്രി ഡോ. മൻമോഹൻസിംഗുമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ വളർച്ചയിൽ സംഭവിച്ച ആദ്യത്തെ വഴിത്തിരിവായിരുന്നു അത്. ഇന്ത്യയിൽ തന്നെ നിർമ്മിക്കാവുന്ന പല സാധനങ്ങളും പണം നൽകി വിദേശരാജ്യങ്ങളിൽ നിന്ന് വാങ്ങുന്ന രീതിയാണ് അതുവരെ നമ്മൾ പിന്തുടർന്നത്. 2000ത്തിന് ശേഷം സംഭവിച്ച ഐ.ടി രംഗത്തിന്റെ വളർച്ച 90 ശതമാനവും സ്വകാര്യ മേഖലയിലാണ്. ഇതാണ് പലരുടെയും കണ്ണുതുറപ്പിച്ചത്. സർക്കാർ എല്ലാം നേരിട്ട് ചെയ്യാതെ വിവിധ മേഖലകളുടെ വളർച്ചയ്ക്ക് വേണ്ട സൗകര്യം പ്രദാനം ചെയ്യുകയും അവയെ നിയന്ത്രിക്കുകയും ചെയ്താൽ രാജ്യം അതിവേഗം പുരോഗമിക്കുമെന്ന് ഭരണാധികാരികൾക്കും ആസൂത്രണ വിദഗ്ദ്ധർക്കും ബോദ്ധ്യമായി. സ്വാതന്ത്ര്യത്തിനു ശേഷം അമ്പതുവർഷത്തിനിടയിൽ നേടിയ വളർച്ചയുടെ ഇരട്ടിയിലധികം കൈവരിക്കാൻ കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ നമുക്കായി. ഇനിയിപ്പോൾ അഞ്ചുലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിൽ ഏറ്റവും നിർണായകമായ വഴിത്തിരിവാകുകയാണ് 5 ജി ടെലികോം സേവനങ്ങളുടെ കടന്നുവരവ്. ഇ - ഗവേണൻസ്, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം, ശാസ്‌ത്രം, ഗവേഷണം തുടങ്ങിയ എല്ലാ മേഖലയിലും വിപ്ളവകരമായ വേഗതയ്ക്കും മാറ്റങ്ങൾക്കും 5 ജി കളമൊരുക്കും. ഇന്ത്യയുടെ തനത് സ്‌പെക്ട്രമാണിത്. വേഗതയേറിയ ഇന്റർനെറ്റ് സാങ്കേതികവിദ്യക്കായി ഇന്ത്യയ്ക്ക് ഇനി ഒരു രാജ്യത്തിന്റെ മുൻപിലും കൈനീട്ടേണ്ടിവരില്ല. മാത്രമല്ല പല കാരണങ്ങളാൽ ചൈനയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച പല രാജ്യങ്ങൾക്കും ഇന്ത്യയ്ക്ക് 5ജി നൽകാനുമാവും. ഇപ്പോൾത്തന്നെ 80 കോടി ഇന്ത്യക്കാരാണ് ഓൺലൈൻ ഇടപാടുകളിലേക്കു കടന്നുവന്നിട്ടുള്ളത്. 5 ജിയുടെ വരവോടെ രാജ്യത്തെ തൊണ്ണൂറു ശതമാനം ജനങ്ങളും ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നവരായി മാറും. ഉത്‌പാദനരംഗത്തും കൃഷിയിലും മറ്റും ഇതുണ്ടാക്കുന്ന മാറ്റം അഭൂതപൂർവമായിരിക്കും. ഉപഭോക്താക്കൾ, സംരംഭങ്ങൾ, സർക്കാർ സേവനങ്ങൾ എന്നിവയിലെല്ലാം വരുംനാളുകളിൽ പ്രകടമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 5G IN INDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.