SignIn
Kerala Kaumudi Online
Friday, 29 March 2024 6.37 AM IST

ആത്മവിശ്വാസം കൂട്ടുന്ന എട്ടുവർഷങ്ങൾ

narendra-modi

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഗവൺമെന്റ് ഒൻപതാം വർഷത്തിലേക്കു കടക്കുകയാണ്. എട്ടുവർഷത്തെ ഭരണത്തിനിടയിൽ ഇന്ത്യയ്ക്കോ ഇന്ത്യക്കാർക്കോ അപമാനമുണ്ടാക്കുന്ന യാതൊന്നും തന്റെ സർക്കാരിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് രണ്ടുദിവസം മുൻപ് ഗുജറാത്തിൽ ഒരു പൊതുചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി പറയുകയുണ്ടായി. രാഷ്ട്രീയവൈരികൾക്ക് വിരുദ്ധ അഭിപ്രായം ഉണ്ടാകാമെങ്കിലും ഈ അവകാശവാദം അടിവരയിടേണ്ട യാഥാർത്ഥ്യം ഉൾക്കൊള്ളുന്നു. സ്വാതന്ത്ര്യ‌ത്തിന്റെ കനകജൂബിലി ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന് അഭിമാനിക്കാനാവുന്ന ഒട്ടേറെ നേട്ടങ്ങളുടെ സുവർണത്തിളക്കത്തോടെയാണ് മോദിഭരണം ഒരുവർഷം കൂടി പിന്നിടുന്നത്. ദരിദ്രരുടെയും ദുർബല വിഭാഗങ്ങളുടെയും ഉന്നമനത്തിനായി കൈക്കൊണ്ടിട്ടുള്ള ബഹുമുഖ പരിപാടികളും സാമ്പത്തികവളർച്ച ലക്ഷ്യമാക്കി സ്വീകരിച്ച നയപരിപാടികളും രാജ്യത്തിന് ശക്തമായൊരു അടിത്തറ സൃഷ്ടിക്കാൻ പര്യാപ്തമായവയാണ്. അടുത്ത കാൽനൂറ്റാണ്ട് മുന്നിൽ കണ്ടുകൊണ്ടുള്ള കർമ്മപരിപാടികൾക്ക് തുടക്കം കുറിക്കാനുള്ള യത്നത്തിലാണ് സർക്കാർ. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വികസനസങ്കല്പം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിൽ എട്ടുവർഷത്തെ ഭരണനേട്ടങ്ങൾ സർക്കാരിന് കൂടുതൽ ആത്മവിശ്വാസം പകരുന്നു.

ഇന്ത്യയെപ്പോലെ പട്ടിണിയും ദാരിദ്ര്യ‌‌വും അതിസങ്കീർണങ്ങളായ സാമൂഹ്യ ഉച്ചനീചത്വങ്ങളുമെല്ലാം നിറഞ്ഞ രാജ്യത്ത് ഏവർക്കും പൂർണതൃപ്തി പ്രദാനം ചെയ്യുന്ന ഭരണം കാഴ്ചവയ്ക്കുക തീരെ എളുപ്പമല്ല. എണ്ണിയാലൊടുങ്ങാത്ത പരിമിതികൾക്കിടയിലും ജനങ്ങളിൽ വലിയൊരു വിഭാഗത്തിന് ഗുണകരമായ പല നല്ലകാര്യങ്ങളും ചെയ്യാൻ മോദി ഭരണത്തിന് സാധിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി സ്വീകരിച്ച നടപടികളിൽ പലതും രാജ്യത്ത് മുമ്പ് പരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതാണ്. കോടിക്കണക്കിനു കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം സിദ്ധിച്ചത്. വൈദ്യുതി, കുടിവെള്ളം, പാചകവാതകം, ഭക്ഷ്യധാന്യം, ആരോഗ്യ ഇൻഷ്വറൻസ്, ബാങ്ക് അക്കൗണ്ട്, നേരിട്ടുള്ള പണം കൈമാറ്റം, പാർപ്പിടം എന്നിങ്ങനെ നിരവധി മേഖലകളിൽ സർക്കാരിന്റെ സഹായഹസ്തം നീണ്ടുചെന്നു. സർക്കാർ സഹായ പദ്ധതികൾ അർഹരിൽത്തന്നെ എത്തിക്കാൻ അവ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാക്കിയത് എടുത്തുപറയേണ്ട പുരോഗമന നടപടിയാണ്. ഇടനിലക്കാരുടെ ചൂഷണം പാടേ ഒഴിവായതാണ് ഇതിന്റെ നേട്ടം.

പതിറ്റാണ്ടുകളായി രാജ്യത്തിന്റെ സമാധാനവും ശാന്തിയും തകർത്തുകൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ എട്ടുവർഷത്തിനിടെ സാധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കലാപവാർത്തകൾ ഇപ്പോൾ കേൾക്കുന്നില്ല. ജമ്മുകാശ്മീരിൽ ഇപ്പോഴും ഇടയ്ക്കിടെ വിധ്വംസക പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും സ്ഥിതി വലിയ തോതിൽ നിയന്ത്രണവിധേയമാക്കാൻ കേന്ദ്രം സ്വീകരിച്ച നടപടികളിലൂടെ സാധിച്ചു. ജമ്മുകാശ്മീരിന് പ്രത്യേകാവകാശാധികാരങ്ങൾ നൽകിയിരുന്ന ഭരണഘടനയിലെ വകുപ്പ് റദ്ദാക്കിയതും തുടർന്നുള്ള സ്ഥിതിഗതികൾ സമർത്ഥമായി നിയന്ത്രിച്ചതും സർക്കാരിന്റെ നേട്ടമായി കരുതണം. രാജ്യത്ത് ഉറച്ച ഒരു ഭരണകൂടമുണ്ടെന്ന് ജനങ്ങളെ മാത്രമല്ല വിദേശ രാജ്യങ്ങളെയും ബോദ്ധ്യപ്പെടുത്തിയ ഭരണനടപടി കൂടിയായിരുന്നു ഇത്. സാഹസികതയ്ക്കു തുനിയാത്തവിധം പാകിസ്ഥാനെയും ചൈനയെയും നിയന്ത്രിച്ചുനിറുത്താൻ കഴിയുന്നത് ശക്തമായ ഒരു രാജ്യത്തെ പൗരന്മാരെന്ന നിലയിൽ ഓരോ ഇന്ത്യക്കാരനിലും ആത്മാഭിമാനം വളർത്തുന്നു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും മോദി സർക്കാരിന്റെ വിദേശ നയം വിജയിക്കുന്നുണ്ട്.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് വലിയ വിമർശനം പരക്കെയുണ്ട്. എട്ടുവർഷത്തെ ഭരണത്തിനിടയിലുണ്ടായിരുന്ന തൊഴിലുകൾ കൂടി ഇല്ലാതായി എന്നും വിമർശകർ ആക്ഷേപമുന്നയിക്കുന്നു. മഹാമാരി സൃഷ്ടിച്ച തൊഴിൽനഷ്ടം പൂർണമായും നികത്താൻ സാധിച്ചിട്ടില്ലെന്നത് സത്യമാണ്. അതേസമയം വ്യവസായമേഖലയിൽ സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഒട്ടധികം നടപടികളും പരിഷ്കാരങ്ങളും യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ പലതും റദ്ദാക്കിയത് വ്യവസായ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സുപ്രധാന മേഖലകളിലുൾപ്പെടെ കൂടുതൽ വിദേശനിക്ഷേപങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് കൂടുതൽ തൊഴിൽ സാദ്ധ്യതകളുമുണ്ടാകും. 'ആത്മനിർഭർ ഭാരത്" പദ്ധതി വഴി പ്രതിരോധമേഖല ഉൾപ്പെടെ പല രംഗങ്ങളിലും സ്വാശ്രയത്വം നേടാനുള്ള തീവ്രശ്രമത്തിലാണ് രാജ്യം. ആയുധസാമഗ്രികളുടെ ഇറക്കുമതി കുറയുന്നതിലൂടെ പ്രതിരോധ ഉത്‌പാദന മേഖല ഗണ്യമായി വളരും. കൂടുതൽ പേർക്ക് തൊഴിലും ലഭിക്കും.

ഏറെ വർഷങ്ങൾക്കുശേഷം അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയ്ക്ക് സ്വത്വം വീണ്ടുകിട്ടിയ കാലമാണിത്. ഇന്ത്യയുടെ ശബ്ദത്തിന് ചെവികൊടുക്കാൻ വൻശക്തികളുൾപ്പെടെ അനേകം രാജ്യങ്ങൾ ഉണ്ടെന്ന നിലയാണിപ്പോൾ. ശക്തനായ ഭരണാധികാരിയായി പ്രധാനമന്ത്രി മോദിയെ ലോകം തിരിച്ചറിയുന്നു. രാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന കാര്യമാണിത്.

കൊവിഡ് മഹാമാരി പല ലോകരാജ്യങ്ങളെയും പാടേ തകർത്തപ്പോൾ വലിയ കേടുപാടില്ലാതെ പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്കു സാധിച്ചത് മോദി സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകൾകൊണ്ടാണ്. കുറഞ്ഞകാലം കൊണ്ട് ഇത്രയധികം പേർക്ക് പ്രതിരോധ കുത്തിവയ്പ് നടത്തിയ മറ്റൊരു രാജ്യവും ലോകത്തില്ല. രാജ്യത്തെ പാവപ്പെട്ട ഇരുപതുകോടി സ്‌ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചും എൺപതുകോടി ജനങ്ങൾക്ക് മാസങ്ങളോളം സൗജന്യമായി ഭക്ഷ്യധാന്യം നൽകിയും മോദി സർക്കാർ ജനങ്ങളുടെ സഹായത്തിനെത്തി.

പണപ്പെരുപ്പവും വിലക്കയറ്റവുമാണ് സാമ്പത്തികരംഗത്തു രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നേട്ടങ്ങൾക്കിടയിലും ഇന്ധനനയത്തിലെ ജനവിരുദ്ധത രൂക്ഷമായ എതിർപ്പ് ഉയർത്തുന്നുമുണ്ട്. ഇന്ധനവിലയിൽ യുക്തിസഹമായ മാറ്റം വരുത്താൻ തയ്യാറാകാത്തിടത്തോളം സർക്കാരിനെതിരെ ജനരോഷം ശക്തമായിക്കൊണ്ടിരിക്കും. ഇന്ധനവില ഇപ്പോഴത്തെ തോതിൽ നിൽക്കുന്നിടത്തോളം സാധനവിലയും ഉയർന്നുകൊണ്ടേയിരിക്കും. ക്ലിപ്ത വരുമാനക്കാരും പാവപ്പെട്ടവരുമാണ് ഇതുമൂലം ഏറെ ക്ളേശിക്കുക. ഈ യാഥാർത്ഥ്യം തിരിച്ചറിയാൻ സർക്കാരിനു കഴിയണം.

ഭിന്നിച്ചുനിൽക്കുന്ന പ്രതിപക്ഷ കക്ഷികളാണ് ഒരുതരത്തിൽ മോദി സർക്കാരിന്റെ ബലവും അനുകൂല ഘടകവുമെന്നു പറയാം. മോദി ഭരണത്തെ താഴെയിറക്കണമെന്ന വാശിക്കപ്പുറം ജനങ്ങളെ ഒപ്പം നിറുത്താൻ പര്യാപ്തമായ നയപരിപാടികളൊന്നും മുന്നോട്ടുവയ്ക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് കഴിയുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 8 YEARS OF MODI GOVT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.