SignIn
Kerala Kaumudi Online
Thursday, 25 April 2024 11.02 PM IST

അഫ്‌ഗാനിസ്ഥാനിലെ ഭരണമാറ്റം

taliban

അഫ്‌ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ ഭരണം വന്നതിൽ ഏറ്റവും കൂടുതൽ ആശങ്കപ്പെടേണ്ട ആദ്യത്തെ അയൽരാജ്യം ഇന്ത്യയാണ്. താലിബാൻ പോരാളികൾക്ക് പരിശീലനവും ആയുധസഹായവും നൽകിവന്നിരുന്ന പാകിസ്ഥാന് സ്വാഭാവികമായും ഇതിൽ അനല്‌‌പമായ സന്തോഷം ഉണ്ടാകും. ചൈനയും റഷ്യയും താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നു എന്നതിന്റെ സൂചനയായി എംബസികൾ നിലനിറുത്തിയിരിക്കുകയാണ്. ധനസമ്പുഷ്ടമായ അഫ്‌ഗാൻ മണ്ണിൽ രാഷ്ട്രീയത്തിനപ്പുറം സാമ്പത്തിക താത്‌പര്യങ്ങളാണ് ചൈന പുലർത്തുന്നത്.

ഇന്ത്യയോട് ശത്രുതാപരമായ സമീപനം പുലർത്തുന്ന പാകിസ്ഥാനും ചൈനയും അഫ്‌ഗാനിലെ പുതിയ ഭരണകൂടത്തെ ഇന്ത്യയ്ക്കെതിരെ തിരിക്കാനുള്ള തന്ത്രങ്ങൾ പയറ്റാതിരിക്കില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ വളരെ കരുതലോടെയും യാഥാർത്ഥ്യബോധത്തോടെയുമുള്ള വിദേശനയമായിരിക്കണം അഫ്‌ഗാനുമായുള്ള സമീപനത്തിൽ സ്വീകരിക്കേണ്ടത്. സോവിയറ്റ് യൂണിയന് അഫ്‌ഗാൻ അധിനിവേശം തെറ്റായിപ്പോയെന്ന് ബോദ്ധ്യപ്പെടാൻ കാൽനൂറ്റാണ്ട് വേണ്ടിവന്നു. അമേരിക്കയ്ക്ക് ഏതാണ്ട് ഇരുപത് വർഷവും. ലോകത്തിലെ രണ്ട് വൻശക്തികൾ തലയൂരി പിന്തിരിഞ്ഞ സ്ഥിതിക്ക് ഇനി മറ്റൊരു ശക്തിയും അവിടെ കാൽകുത്താനുള്ള വിദൂര സാദ്ധ്യത പോലുമില്ല. താലിബാൻ രക്തച്ചൊരിച്ചിൽ കൂടാതെ കാബൂൾ പിടിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം. പഷ്‌തൂൺ വംശജർക്ക് മേധാവിത്വമുള്ള കാണ്ഡഹാറിൽ 1994-ലാണ് താലിബാൻ രൂപമെടുത്തത്. ഇതേ പഷ്‌തൂൺ വംശജരുടെ സഹായത്തോടെയാണ് പാകിസ്ഥാൻ കാശ്‌മീരിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് പാക് അധിനിവേശ കാശ്മീരിന് രൂപം നൽകിയതും. അഫ്‌ഗാനിന്റെ പാറകളും ചെമ്മണ്ണും നിറഞ്ഞ ഭൂപ്രകൃതിയുടെ കാഠിന്യം ഏതാണ്ട് അതേപടി പുലർത്തുന്നവരാണ് അവിടത്തെ ഗോത്രവർഗങ്ങളും. ആയുധമെടുക്കുകയും പോരാടുകയും ചെയ്യുന്നത് അവരുടെ പാരമ്പര്യമാണ്. ഇത്തരം മരണഭയമില്ലാത്ത പോരാട്ടവീര്യം പുലർത്തുന്ന ഒരു ജനവിഭാഗത്തെ ഒരു ശക്തിക്കും പൂർണമായും കീഴടക്കാനോ എല്ലാക്കാലത്തേക്കും ചൊൽപ്പടിയിൽ നിറുത്താനോ കഴിയില്ല. അതു തന്നെയാണ് ഇപ്പോഴും സംഭവിച്ചത്. താലിബാൻ ഭരണം പിടിച്ചെടുത്ത സ്ഥിതിക്ക് ആ യാഥാർത്ഥ്യം അംഗീകരിക്കാതിരിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. ഇന്ത്യയുടെ താത്പര്യങ്ങൾ ബലികഴിക്കാതെ എങ്ങനെ അവരുമായി സഹകരിക്കാം എന്നതിന് തന്നെയാവണം ഇന്ത്യ വിദേശനയത്തിൽ വരുത്തുന്ന മാറ്റത്തിൽ പ്രാധാന്യം നൽകേണ്ടത്. താലിബാനിലും പഴയ തീഷ്ണതയിൽ കുറവ് വന്നിട്ടുണ്ട്. പേര് ഇസ്ളാമിക് എമിറേറ്റ് ഒഫ് അഫ്‌ഗാനിസ്ഥാൻ എന്നാക്കുമെന്നാണ് ആദ്യം തന്നെ താലിബാൻ അറിയിച്ചിരിക്കുന്നത്. ഇതിലൂടെ മതനിയമങ്ങൾക്ക് പ്രാധാന്യം വരുമ്പോൾ ആധുനികതയുടെ പല സ്വാതന്ത്ര്യങ്ങളും അവിടെ നിഷേധിക്കപ്പെട്ടേക്കാം. ആ രാജ്യത്തെ ജനതയുടെ ഭാവി രാജ്യാന്തരസമൂഹം ഉത്‌കണ്ഠയോടെ ഉറ്റുനോക്കുകയാണ്. വികസനത്തിലൂന്നിയ സുസ്ഥിര ഭരണം എന്നതിൽ ശ്രദ്ധപുലർത്താതെ താലിബാനും ഏറെക്കാലം അവിടെ നിലനിൽക്കാനാവില്ല. അങ്ങനെ വരാൻ വെടിയും പുകയും നിലയ്ക്കേണ്ടതുണ്ട്. അങ്ങനെ വന്നാൽ ഒരു ജനാധിപത്യ പുലരി അവിടെ വീണ്ടും ഉദിക്കില്ലെന്ന് ആർക്ക് പറയാനാകും. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രത്യാശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AFGANISTAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.