SignIn
Kerala Kaumudi Online
Friday, 19 April 2024 4.33 AM IST

ആകാശക്കൊള്ള തടഞ്ഞേ മതിയാകൂ

air-line

വിമാനയാത്രയ്ക്കിറങ്ങുന്നവർ ധനാഢ്യരാണെന്ന ധാരണ വിമാനക്കമ്പനികളിൽനിന്നു വിട്ടുപോയിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിരക്കുകൾ തെളിയിക്കുന്നത്. ഉത്സവകാലങ്ങളിൽ വേഗത്തിലാണ് നിരക്കുകൾ ഉയരുന്നത്. യാത്രക്കാർ കൂടുമ്പോൾ നിരക്കു കുറയ്ക്കുകയെന്നതാണ് നീതിയെങ്കിലും കമ്പനികൾ മറിച്ചാണു ചിന്തിക്കുന്നത്. നിലവിലുള്ള നിരക്കിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആണ് വാങ്ങുന്നത്. വിമാനയാത്രക്കാർ സംഘടിതരല്ലാത്തതുകൊണ്ട് പറയുന്ന നിരക്ക് നൽകി സഞ്ചരിക്കാൻ നിർബന്ധിതരാകും. യാത്ര മുൻകൂട്ടി പ്ളാൻ ചെയ്യുന്നവരിൽ ഒരുവിഭാഗം ഇരുട്ടടിയിൽ നിന്നു രക്ഷപ്പെടുമെങ്കിലും ഭൂരിഭാഗവും അമിതനിരക്കിന്റെ ഇരകളാണ്.

രാജ്യത്തെ വിമാനക്കമ്പനികൾ ഇപ്പോൾ ഈടാക്കുന്ന അമിത നിരക്ക് കുറയ്ക്കാൻ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഫലമുണ്ടാകുമോയെന്നു സംശയമാണ്.

എല്ലാ കമ്പനികളും ഒരേതരത്തിലാണ് നിരക്ക് കൂട്ടുന്നത്. അതുകൊണ്ടുതന്നെ യാത്രക്കാരന് മറ്റ് ഉപാധികളൊന്നുമില്ല. പ്രവാസി സംഘടനകളും ആഭ്യന്തരസഞ്ചാരികളും ഈ അനീതി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. പ്രവാസികളുടെ കഷ്ടപ്പാടുകളിൽ മുതലക്കണ്ണീരൊഴുക്കാറുള്ള രാഷ്ട്രീയക്കാർ വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയ്ക്കെതിരെ ചെറുവിരൽ അനക്കാറില്ല. അവർക്ക് അതിന്റെ ആവശ്യമില്ല, മിക്കവാറും യാത്ര സൗജന്യ ടിക്കറ്റിലായിരിക്കുമല്ലോ. എന്നാൽ അത്യദ്ധ്വാനം ചെയ്തു സമ്പാദിക്കുന്ന പണത്തിൽനിന്ന് ടിക്കറ്റെടുക്കേണ്ടി വരുന്ന സാധാരണക്കാർക്ക് ഈ നിരക്കുകൾ ദുർവഹമാണ്. ഒഴിച്ചുകൂടാനാവാത്ത ചെലവുകൾക്കായി ഉപയോഗിക്കേണ്ട പണമാകും വിമാനയാത്രയ്ക്കായി മാറ്റിവയ്ക്കേണ്ടിവരുന്നത്. മൂന്നും നാലും വർഷം കൂടുമ്പോൾ മാത്രം നാട്ടിലേക്കു വിമാനം കയറുന്ന സാധാരണ പ്രവാസിയുടെ മിച്ചസമ്പാദ്യം അപ്പാടെ വേണ്ടിവരും സീസണിൽ ഒന്നു നാട്ടിലെത്താൻ. ഓണവും ക്രിസ്‌മസും പെരുന്നാളുമൊക്കെ വിമാനകമ്പനികൾക്ക് കൊയ്ത്തുകാലമാണ്. അടുത്തകാലത്തായി സ്‌കൂളവധിക്കാലത്തും കൊയ്‌ത്തു തന്നെ. വിദേശങ്ങളിൽനിന്ന്, പ്രത്യേകിച്ചും ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങൾ ടിക്കറ്റുനിരക്ക് കണ്ട് തലയിൽ കൈവച്ചിരിക്കുകയാണ്. ഒറ്റയടിക്ക് മൂന്നിരട്ടിയിലധികമാണ് ഇപ്പോൾ ഗൾഫ് നാടുകളിലേക്കുള്ള വിമാനനിരക്കുകൾ. അമേരിക്ക, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇതാണ് സ്ഥിതി.

ആഭ്യന്തര സർവീസുകളിലുമുണ്ട് വൻവർദ്ധന. രണ്ടായിരം മുതൽ നാലായിരം വരെയുണ്ടായിരുന്ന ടിക്കറ്റ് ഇപ്പോൾ ഇരട്ടിയും അതിലധികവുമായി ഉയർന്നിട്ടുണ്ട്. കൊവിഡ് ഒഴിഞ്ഞ് വിനോദസഞ്ചാര മേഖല സാധാരണ നിലയിലേക്കു മടങ്ങവേ വിമാനക്കമ്പനികൾ യാത്രക്കാരെ പിഴിയുന്നത് മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ മുഖ്യമന്ത്രി ഇക്കാര്യം പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. വളരെയധികം പേർ നാട്ടിലേക്കു വന്നുപോകുന്ന സമയം നോക്കി നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച വിമാനക്കമ്പനികൾ വലിയ ദ്രോഹമാണ് പ്രവാസി കുടുംബങ്ങളോടു ചെയ്യുന്നത്. പുരകത്തുമ്പോൾ വാഴവെട്ടുന്ന ഈ പ്രവണത സർക്കാർവക വിമാനക്കമ്പനികൾ മാത്രം പ്രവർത്തിച്ചിരുന്ന കാലം തൊട്ടേയുള്ളതാണ്. പ്രത്യക്ഷത്തിൽത്തന്നെ അനീതി ബോദ്ധ്യമാകുന്നതാണ് പുതിയ നിരക്കുകളിലെ അന്തരം. ഓരോ തവണയും ഈ അനീതിക്കെതിരെ പലകേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധം ഉയരാറുമുണ്ട്. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെ വിഷയത്തിൽ ഇടപെട്ടതായി അറിവില്ല. വിമാനക്കമ്പനികളെ ഇത്തരത്തിൽ സ്വതന്ത്രരായി മേയാൻ വിടുന്നതുവഴി സാധാരണക്കാർക്കുണ്ടാകുന്ന അമിതഭാരം സർക്കാരിനു പ്രശ്നമല്ലായിരിക്കാം. എന്നാൽ ജനത്തോടുള്ള വലിയ വഞ്ചനയാണത്. വിമാനക്കമ്പനികൾ ലോകത്തെല്ലായിടത്തും ഇങ്ങനെയൊക്കെയാണെന്നു പറയുന്നതിൽ കഥയൊന്നുമില്ല. അമിതനിരക്കിൽ നിന്നു ജനങ്ങൾക്ക് ആശ്വാസം നൽകാൻ വേണ്ടിയാണല്ലോ സർക്കാരുള്ളത്. ഈ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടുകതന്നെ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIR TICKET FARE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.