SignIn
Kerala Kaumudi Online
Friday, 19 April 2024 10.50 PM IST

കവിതയുടെ മഞ്ഞിൽ വിരിഞ്ഞ ഗാനങ്ങൾ

bichu-thirumala

കവിത ശുദ്ധമായ പാലും ഗാനം ശുദ്ധ ജലവുമാണ്. രണ്ടും നന്നായി ചേരും. പ്രതിഭാശാലിയായ കവിയ്ക്കും ഗാനരചയിതാവിനും ഇവ സന്ദർഭാനുസരണം ലയിപ്പിക്കാനുള്ള സൂത്രവിദ്യ അറിയാം. കാലത്തെ അതിജീവിക്കുന്ന ഗാനങ്ങളിൽ കാവ്യാംശവും സംഗീതാംശവും കൂടുതലായിരിക്കും. അന്തരിച്ച കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അത്തരം എണ്ണമറ്റ ഗാനങ്ങൾ മലയാളത്തിന് സംഭാവന ചെയ്തു. ബിച്ചുവിന്റെ ഗാനങ്ങളുടെ അടിത്തട്ടിൽ കവിതയുടെ മാനത്തുകണ്ണികൾ വിഹരിക്കുന്നതും വെള്ളിച്ചില്ലു വിതറുന്നതും കാണാം.

ചേർത്തലയിൽ ജനിച്ച് തിരുമലയിൽ വളർന്ന ശിവശങ്കരൻ നായർ എന്ന ബിച്ചു, ബിച്ചു തിരുമലയായി ഗാനരംഗത്ത് സ്വന്തം കാവ്യമുദ്ര പതിപ്പിച്ചതിന് പിന്നിൽ കഠിനാദ്ധ്വാനമായിരുന്നു. വയലാർ, പി. ഭാസ്‌കരൻ, ഒ.എൻ.വി, ശ്രീകുമാരൻതമ്പി, യൂസഫലി കേച്ചേരി തുടങ്ങിയവർക്കൊപ്പം ഇരിപ്പിടം സ്വന്തമാക്കാൻ അദ്ദേഹത്തിനായി. മലയാളികൾ ഓർമ്മിക്കുന്നതും ഏറ്റുപാടുന്നതുമായ എത്രയോ സുന്ദരഗാനങ്ങൾ ആ തൂലികയിൽ പിറന്നു.

ആയിരത്തിലധികം സിനിമാ ഗാനങ്ങൾ, ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയടക്കം അയ്യായിരത്തോളം ഗാനങ്ങൾ. രണ്ട് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ്.

മികച്ച സംവിധായകരായ ഫാസിൽ, ഐ.വി. ശശി, ബാലചന്ദ്രമേനോൻ എന്നിവരുടെ ചിത്രങ്ങളിലൂടെ ബിച്ചു തിരുമലയുടെ ഗാനങ്ങൾ ജനപ്രിയമായി. ദേവരാജൻ മാസ്റ്റർ, ഇളയരാജ, രവീന്ദ്രൻ, എ.ടി. ഉമ്മർ, ശ്യാം എന്നിവരുടെ ഈണങ്ങൾ ആ ഗാനങ്ങൾക്ക് ചിറകുകളായി. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന ബിച്ചുവിന്റെ ഗാനങ്ങൾ പിറക്കുമ്പോഴേ ഈണം തുളുമ്പുന്നവയായിരുന്നു. സഹോദരങ്ങളായ പിന്നണി ഗായിക സുശീലാദേവി, സംഗീതസംവിധായകൻ ദർശൻ രാമൻ എന്നിവരും തങ്ങളുടേതായ സംഭാവന നൽകിയവർ. മകൻ സുമൻ ബിച്ചു സംഗീത സംവിധായകനാണ്. സഹോദരിക്കു പാടാൻ ലളിതഗാനങ്ങളെഴുതിയായിരുന്നു ബിച്ചുവിന്റെ തുടക്കം.

സിനിമയുടെ പശ്ചാത്തലത്തിനനുസൃതമായി എഴുതുമ്പോഴും ബിച്ചു തിരുമലയുടെ കാവ്യഭാവന തടസപ്പെട്ടില്ല. മൈനാകം കടലിൽ നിന്ന് ചിറകുള്ള മേഘങ്ങളായി ഉയരുന്നതും നീർപ്പോളകളുടെ ലാളനമേറ്റ് നീലത്താമര വിരിയുന്നതും മകൾ പാതി മലരാകുന്നതും ആയിരം കണ്ണുമായി കാത്തിരിക്കുന്നതും ഒറ്റക്കമ്പി നാദത്തിന്റെ മുഴക്കവും മിഴിയോരം നനഞ്ഞൊഴുകുന്ന മേഘങ്ങളും ഹൃദയം ദേവാലയമാകുന്നതും നക്ഷത്രദീപങ്ങൾ തിളങ്ങുന്നതും നമ്മെ അനുഭവപ്പെടുത്തി. ഏഴുസ്വരങ്ങളും തഴുകിവരുന്ന ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനാശേഖരങ്ങളിലെ സുഗന്ധം.

ഈണത്തിനൊത്ത് അതിവേഗത്തിൽ ഗാനങ്ങൾ രചിക്കുന്നതിൽ പ്രത്യേക പാടവമുണ്ടായിരുന്നു ബിച്ചുവിന്. ഈണത്തിന്റെ നൂലിൽ ഏതെങ്കിലും പദങ്ങൾ കോർത്തിട്ടാൽ പൂമാലയാവില്ലെന്നും സാഹിത്യ ശ്രീകോവിലിൽ അർച്ചിക്കാൻ കൊള്ളില്ലെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. എഴുതിയശേഷം ഈണമിട്ടവയും ഈണമിട്ടശേഷം എഴുതിയവയും എന്ന് തരംതിരിച്ച് നോക്കുമ്പോഴും അപൂർവമായ ഭാവനാവിലാസവും പദസമ്പത്തും ഈ ഗാനരചയിതാവിന് കൂട്ടായിരുന്നെന്ന് കാണാം.

ആർദ്ര‌മായ നിരവധി ശോകഗാനങ്ങൾ രചിച്ച ആ തൂലികയിൽ നിന്നാണ് ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കുട്ടി, എട്ടപ്പം ചുടണം, പടകാളി ചണ്ഡിചങ്കരി, കാക്കാ പൂച്ച കൊക്കരക്കോഴി, കട്ടുറുമ്പേ വായാടി തുടങ്ങിയ ഹാസ്യഗാനങ്ങൾ പിറന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പല താരാട്ടുപാട്ടുകളും ബിച്ചു തിരുമലയുടെ സംഭാവനയാണ്.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും സ്വതസിദ്ധമായ ലാളിത്യവും നിലപാടുകളും അദ്ദേഹം കൈവെടിഞ്ഞില്ല. ഗാനരചനാരംഗത്ത് ആധിപത്യമുറപ്പിച്ചെങ്കിലും കവിതയെ ബിച്ചു കൈവിട്ടില്ല. സ്‌നേഹാർദ്രമായതും അനുഭൂതികളുടെ മഞ്ഞണിഞ്ഞതുമായ നിരവധി കവിതകൾ അദ്ദേഹം രചിച്ചു. 'അനുസരണയില്ലാത്ത മനസ്" എന്ന കവിതാ സമാഹാരം അതിനു ദൃഷ്ടാന്തമാണ്.

കേരളകൗമുദി ഓണപ്പതിപ്പുകളിൽ പതിവു സാന്നിദ്ധ്യമായിരുന്ന ബിച്ചു തിരുമല കേരളകൗമുദിയുടെ ആത്മമിത്രമായിരുന്നു. പനിനീർചന്ദ്രിക പോലെ വെണ്മയും കുളിർമ്മയും ഒത്തുചേർന്ന കവിതകളും ഗാനങ്ങളും മലയാളത്തിനു സമ്മാനിച്ച പ്രതിഭയുടെ വേർപാടിൽ കുടുംബത്തിനും ആരാധകർക്കുമൊപ്പം ഞങ്ങളും ദുഃഖിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BICHU THIRUMALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.