SignIn
Kerala Kaumudi Online
Friday, 19 April 2024 2.19 AM IST

ഫയൽ നീക്കാൻ ഇതുമാത്രം പോരാ

photo

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഫയൽ കുന്നുകൂടുന്നതിനു പരിഹാരമായി ഉദ്യോഗസ്ഥരുടെ ഹാജരും സാന്നിദ്ധ്യവും ഉറപ്പാക്കാൻ സർക്കാർ നടപടികൾക്കൊരുങ്ങുകയാണ്. എപ്പോഴെങ്കിലുമെത്തി ഒപ്പിട്ട് മുങ്ങുന്നവരെ ചട്ടം പഠിപ്പിക്കാൻ പഞ്ചിംഗ് സംവിധാനം ശമ്പളവിതരണത്തിനുള്ള സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് ആലോചന. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുമ്പും ഹാജർ ഉറപ്പാക്കാൻ നടപടികളുണ്ടായിട്ടുണ്ട്. ഒന്നുകിൽ തുടക്കത്തിൽത്തന്നെ അത് അട്ടിമറിക്കപ്പെട്ടു. അല്ലെങ്കിൽ പരിഷ്കാരം ആഴ്ചകൾക്കകം ആരോരുമറിയാതെ പ്രവർത്തനരഹിതമായി.

മുഴുവൻ സർക്കാർ ഓഫീസുകളിലും അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പഞ്ചിംഗ് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സർക്കാർ ശമ്പളം പറ്റുന്നവർ കൃത്യമായി ജോലിചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. അതിനുള്ള ഏതു നടപടിക്കും ജനങ്ങളുടെ പൂർണപിന്തുണ ലഭിക്കും.

പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിച്ചാൽ മാത്രം സർക്കാർ ഓഫീസുകളിൽ എല്ലാം നേരെയാകുമെന്ന പ്രതീക്ഷിക്കേണ്ട. ഓരോരുത്തരുടെയും മുന്നിലെത്തുന്ന അപേക്ഷകൾ വച്ചുതാമസിപ്പിക്കാതെ ഉടൻ തീരുമാനമെടുക്കാൻ കഴിഞ്ഞാൽ ഫയൽ കുടിശിക ഉണ്ടാവില്ല. ഓഫീസ് സമയത്ത് ജീവനക്കാരുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിലുപരി ജോലികൾ കൃത്യമായി നടക്കുന്നുണ്ടോ എന്നതാണ് പ്രധാനം. മിനിട്ട് തെറ്റാതെ ഹാജർ രേഖപ്പെടുത്തിയതുകൊണ്ടോ കസേരകളിൽ സാന്നിദ്ധ്യം അറിയിച്ചതുകൊണ്ടോ മാത്രം തീരാവുന്ന പ്രശ്നമല്ലിത്. ആറായിരത്തോളം ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ മാത്രം രണ്ടുലക്ഷത്തോളം ഫയലുകൾ തീരുമാനം കാത്തുകിടപ്പുണ്ടെന്നാണു കണക്ക്. പരിഹാരം വിഷമകരമായ കുറെ ഫയലുകളുണ്ടാവാം. എന്നാൽ ഭൂരിപക്ഷം ഫയലുകളും അനായാസം തീരുമാനമെടുക്കാൻ കഴിയുന്നവയാകാം. ഉദ്യോഗസ്ഥർ മനസുവച്ചാൽ തീർച്ചയായും അതിനു പരിഹാരവുമുണ്ടാകും. സെക്രട്ടേറിയറ്റിൽ മാത്രമല്ല, ജനങ്ങളുമായി ഏറ്റവുമധികം ബന്ധമുള്ള ഒട്ടേറെ ഓഫീസുകളിലും ഇതാണ് സ്ഥിതി. വിദ്യാഭ്യാസ ഓഫീസുകളിലും തദ്ദേശസ്വയംഭരണ വകുപ്പിലും ആരോഗ്യ ഡയറക്ടറേറ്റിലും പൊതുമരാമത്ത് ഓഫീസുകളിലുമൊക്കെ ഫയൽ കൂമ്പാരങ്ങൾ കാണാം. മേശപ്പുറത്ത് തീരുമാനം കാത്ത് ഫയലുകൾ അട്ടിയിട്ടുകിടക്കുമ്പോഴാകും ചുമതലപ്പെട്ട ഉദ്യോഗസ്ഥർ എന്നും രാവിലെ എത്തി ഒപ്പിട്ട് മുങ്ങുന്നത്. ജാഥയും ധർണയും മുതൽ വിവാഹവും മറ്റു വീട്ടാവാശ്യങ്ങൾ വരെ നടക്കുന്നത് ഓഫീസ് സമയത്താകും. സർവീസ് സംഘടനകൾ ശക്തമാകയാൽ വകുപ്പുമേധാവികളും ഇക്കാര്യത്തിൽ നിസഹായരാണ്.

സെക്രട്ടേറിയറ്റിൽ ജീവനക്കാരെ സ്വന്തം സീറ്റുകളിലുറപ്പിച്ചിരുത്താൻ ആക്‌സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുകയാണ്. ഓരോ തവണ പുറത്തുപോകുന്നതും രേഖപ്പെടുത്താൻ സംവിധാനമുള്ളതിനാൽ മുങ്ങൽ എളുപ്പമാകില്ല. ഓരോ വട്ടം പുറത്തു പോകുമ്പോഴും എത്രസമയം സീറ്റിലില്ലാതിരുന്നെന്നും മറ്റും രേഖപ്പെടുത്തിക്കൊണ്ടിരിക്കും. ശമ്പളത്തിനും അതു ബാധകമാക്കും.

സർക്കാരുമായി ഏറ്റുമുട്ടലില്ലാതെ തന്നെ കൃത്യനിർവഹണം സുഗമമാക്കുന്ന പ്രവൃത്തിസംസ്കാരം കൊണ്ടുവരുന്നതാകും ഉചിതം. എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്നു നിരീക്ഷിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതും ഓഫീസ് മേധാവികളാണ്. പൊതുജനങ്ങളിൽ നിന്ന് അപേക്ഷ ലഭിച്ചാൽ അതിന്മേൽ കൃത്യമായി തീരുമാനമെടുക്കണം.

സർക്കാർ ജീവനക്കാരുടെ മുന്നിലെത്തുന്ന ഓരോ അപേക്ഷയ്ക്കു പിന്നിലും നിസ്സഹായതയുടെയും കണ്ണീരിന്റെയും മുഖം കാണുമെന്ന് മുഖ്യമന്ത്രി ജീവനക്കാരെ ഓർമ്മിപ്പിക്കാറുണ്ട്. ഇത്തരം ഉദ്ബോധനങ്ങളൊന്നും ആരും കാര്യമായി എടുക്കാറില്ലെന്നതിനു തെളിവാണ് ഭരണസിരാകേന്ദ്രത്തിൽ കെട്ടിക്കിടക്കുന്ന രണ്ടുലക്ഷം ഫയലുകൾ. കൈനിറയെ ശമ്പളവും ഒട്ടനേകം ആനുകൂല്യങ്ങളും പറ്റുന്ന സർക്കാർ ജീവനക്കാരുടെ സേവന മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ട്. ഭീഷണിയിലൂടെയും സമ്മർദ്ദത്തിലൂടെയുമല്ല ജീവനക്കാരെ പൂർണ വിശ്വാസത്തിലെടുത്തായിരിക്കണം ഏതു പരിഷ്കാരവും കൊണ്ടുവരാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIOMETRIC PUNCHING -SPARK LINKING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.