SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.51 AM IST

തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണ സ്വാധീനം

photo

യു.പി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പു പൂർത്തിയായതോടെ കണ്ണും കാതും ഇനി പത്താം തീയതിയിലെ വോട്ടെണ്ണലിലേക്കാണ്. ഫലപ്രവചനങ്ങൾ പലതും വന്നുകഴിഞ്ഞു. യഥാർത്ഥ ഫലത്തിനായി അക്ഷമരായി കാത്തിരിക്കുമ്പോൾ എല്ലാ കക്ഷികളെയും ഒരുപോലെ അലോസരപ്പെടുത്തുന്നത് പ്രചാരണരംഗത്ത് പ്രകടമായ ആവേശം വോട്ടെടുപ്പിൽ കാണാനായില്ലെന്നതാണ്. മണിപ്പൂർ ഒഴികെ മറ്റ് നാലു സംസ്ഥാനങ്ങളിലെയും പോളിംഗ് ശതമാനം അത്രയധികം ഉയർന്ന തോതിലായിരുന്നില്ല. ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയും ബി.എസ്.പിയും കോൺഗ്രസുമൊക്കെ സർവസന്നാഹങ്ങളോടെ ഉഴുതുമറിച്ച യു.പിയിൽ പോലും ശരാശരി അൻപത്തഞ്ച് ശതമാനം വോട്ടർമാരെ മാത്രമേ ബൂത്തുകളിലെത്തിക്കാൻ കഴിഞ്ഞുള്ളൂ. വോട്ടർമാരിൽ നാല്പതു ശതമാനത്തിലധികം പേർ തിരഞ്ഞെടുപ്പിൽ പങ്കാളികളായില്ല എന്നത് ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥയുടെ പരാജയമായിത്തന്നെ കാണണം. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീവോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ മുന്നിൽ നിന്നതെന്ന പ്രത്യേകതയുമുണ്ട്. സ്‌ത്രീകളും സാധാരണക്കാരും കാണിച്ച പൗരബോധം ഇടത്തരക്കാരിൽ നിന്നും ഉപരിവർഗത്തിൽ നിന്നും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. സ്വന്തം ഭാഗധേയം നിർണയിക്കാനുള്ള അവകാശം പ്രയോജനപ്പെടുത്താതിരിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ജനാധിപത്യത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് പവിത്രമായ ധർമ്മം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ബി.ജെ.പിയുടെ സകല ദേശീയ നേതാക്കളും പലവട്ടം പ്രചാരണം നടത്തിയിട്ടും യു.പിയിൽ പോളിംഗ് ശതമാനം അറുപതിലെത്തിക്കാൻ കഴിഞ്ഞില്ല. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ നടന്ന അവസാനഘട്ട വോട്ടെടുപ്പിൽ 57 ശതമാനം വോട്ടർമാരാണ് ബൂത്തുകളിലെത്തിയത്. നേരത്തെ നടന്ന ഘട്ടങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി.

എത്രയൊക്കെ കരുതലുകളെടുത്തിട്ടും ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പുകളിലും കള്ളപ്പണത്തിന്റെ സ്വാധീനം തടയാൻ തിരഞ്ഞെടുപ്പു കമ്മിഷന് സാധിച്ചിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളിലുമായി 1200 കോടി രൂപയുടെ കള്ളപ്പണം പ്രചാരണകാലത്ത് എൻഫോഴ്‌സ്‌മെന്റ് അധികൃതർ പിടിച്ചെടുത്തതായാണു റിപ്പോർട്ട്. ഇതിൽ ഏറ്റവും അസ്വസ്ഥതയുളവാക്കുന്നത് പിടിച്ചെടുത്തതിൽ 571 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ ഉണ്ടായിരുന്നുവെന്നതാണ്. വോട്ടർമാരെ പാട്ടിലാക്കാൻ മദ്യവും മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും എല്ലാ കക്ഷികളും ധാരാളമായി വിതരണം ചെയ്യുന്നുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിൽ നിന്നാണ് നിരോധിത വസ്തുക്കളും കള്ളപ്പണവും ഏറ്റവുമധികം പിടിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലായി നിന്നായി പിടിച്ച കള്ളപ്പണത്തിന്റെ മുക്കാൽ പങ്കും യു.പി മണ്ഡലങ്ങളിൽ നിന്നുള്ളതാണ്. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും അധോലോക ശക്തികളുടെ ഇടപെടലുകൾ തിരഞ്ഞെടുപ്പുരംഗം കൂടുതലായി കൈയടക്കുന്നതിന്റെ തെളിവാണിത്. തിരഞ്ഞെടുപ്പു കമ്മിഷൻ പെടാപ്പാട് പെട്ടിട്ടും തിരഞ്ഞെടുപ്പുകളിൽ കള്ളപ്പണത്തിന്റെ സ്വാധീനം തടയാൻ പൂർണമായും കഴിയുന്നില്ല. ജനപ്രാതിനിദ്ധ്യ നിയമം കർക്കശ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഉടച്ചുവാർത്താലേ ഇതിന് പരിഹാരമുണ്ടാക്കാനാവൂ. പ്രചാരണകാലം കുറയ്ക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരണം. പ്രചാരണ ദിനങ്ങൾ നീളുന്തോറും കള്ളപ്പണവും കൂടുതലായി ഇറങ്ങിക്കൊണ്ടിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACK MONEY IN POLLS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.