SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.31 AM IST

സഹകരണ സംഘത്തിലെ തട്ടിപ്പുകൾ

photo

സ്വകാര്യ ചിട്ടി, നിക്ഷേപ കമ്പനികൾ പൊട്ടുന്നത് കേരളത്തിൽ സാധാരണ സംഭവമാണ്. കോടികളുമായി ഉടമയും കുടുംബവും മുങ്ങി നിക്ഷേപകർ പെരുവഴിയിലെന്ന് വാർത്ത വരാതെ ഒരു വർഷവും കടന്നുപോകാറില്ല. എത്ര പറ്റിക്കപ്പെട്ടാലും നിക്ഷേപകർ വീണ്ടും ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് ആവർത്തിക്കപ്പെടുന്ന പ്രതിഭാസമായി മാറിയിരിക്കുകയാണ്. എന്നാൽ അതുപോലെയല്ല സഹകരണസംഘങ്ങളിലെ തട്ടിപ്പ്. സഹകരണ സംഘമായതിനാൽ ആരും പണവുമായി മുങ്ങില്ലെന്ന ഉത്തമവിശ്വാസത്തിലാണ് ജനങ്ങൾ പണം നിക്ഷേപിക്കുന്നത്. എന്നാൽ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും അടിക്കടി തട്ടിപ്പുകൾ അരങ്ങേറുന്നത് തടയാൻ കഴിയാത്തത് നിക്ഷേപകരുടെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്ത് ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിൽ 117 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ്.

ആക്‌ഷൻ കൗൺസിൽ രൂപീകരിക്കാനായി സംഘടിപ്പിച്ച നിക്ഷേപകരുടെ യോഗം ശേഖരിച്ച കണക്ക് പ്രകാരമാണ് കുറഞ്ഞത് ഇത്രയും തുക തട്ടിയെടുത്തെന്ന് കണക്കാക്കിയിരിക്കുന്നത്. ബി.എസ്.എൻ.എൽ ജീവനക്കാരായ 1200ഓളം പേരുടെ നിക്ഷേപങ്ങളെങ്കിലും നഷ്ടമായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസും കണ്ടെത്തി. ബി.എസ്.എൻ.എൽ ജീവനക്കാരെ കൂടാതെ അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും മറ്റും അമിതപലിശ മോഹിച്ച് നിക്ഷേപങ്ങൾ നടത്തിയിരുന്നു. മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പലിശ നിരക്കായ 9.5 ശതമാനമാണ് വി.ആർ.എസുകാർക്ക് സൊസൈറ്റി നൽകിയിരുന്നത്. ഇത് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ ഇടയാക്കി. വി.ആർ.എസ് എടുത്തവരുടെ അക്കൗണ്ടിൽ അവരുടെ അടുത്ത ബന്ധുക്കളും സ്വന്തം പേരിലല്ലാതെ നിക്ഷേപം നടത്തിയിരുന്നു. രണ്ടുലക്ഷം മുതൽ രണ്ടര കോടി വരെ നിക്ഷേപിച്ചവരുണ്ട്.

1987ൽ സൊസൈറ്റി രൂപീകരിച്ചതു മുതലുള്ള സെക്രട്ടറിയും പ്രസിഡന്റുമാണ് ഇപ്പോഴുമുള്ളത്. അതുതന്നെ തട്ടിപ്പിനുള്ള സാഹചര്യം ഒരുക്കുന്നതാണ്. നിശ്ചിത കാലാവധിക്ക് ശേഷം പുതിയ ഭരണസമിതി വരുമ്പോൾ അതുവരെയുള്ള കണക്കുകൾ പഴയ ഭാരവാഹികൾ നൽകേണ്ടിവരും. ഭാരവാഹികളുടെ മാറ്റം ഒരിക്കലും നടക്കാതെ വന്നാൽ കണക്കുകൾ ആർക്കും ആരെയും ബോധിപ്പിക്കേണ്ട. നിക്ഷേപം കുറവായിരുന്ന കാലത്ത് സൊസൈറ്റി നല്ലനിലയിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ബി.എസ്.എൻ.എൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനായി വി.ആർ.എസ് പ്രഖ്യാപിച്ചതോടെ സൊസൈറ്റിയിൽ സ്ഥിരനിക്ഷേപം നടത്തിയവരുടെ എണ്ണം വളരെ കൂടി. ഈ പണമാണ് തട്ടിപ്പുകാർ എടുത്ത് തിരിമറി നടത്തിയിരിക്കുന്നത്. ഇത് കൃത്യമായും കണ്ടുപിടിക്കാവുന്നതാണ്. അതിനായി പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ ചുമതലപ്പെടുത്തണം. ഒരു ആയുഷ്‌ക്കാലം മുഴുവൻ ജോലിചെയ്തവർ നിയമപരമായി നേടിയ ആനുകൂല്യം ഏതെങ്കിലും തട്ടിപ്പുകാർക്ക് കൈകാര്യം ചെയ്യാനുള്ളതല്ല. പലപ്പോഴും മൂന്ന് മാസം കൂടുമ്പോൾ നടത്തേണ്ട ആഭ്യന്തര ഓഡിറ്റ് പല സംഘങ്ങളിലും നടക്കാത്തതും ഇത്തരം തട്ടിപ്പുകൾ പുറത്തറിയാതിരിക്കാൻ ഇടയാക്കിയിട്ടുണ്ട്.

സൊസൈറ്റിയിൽ നിന്ന് 17 കോടിയോളം വായ്പ നൽകിയത് തിരിച്ചുകിട്ടാത്തതാണ് പ്രശ്നത്തിന് കാരണമെന്ന ഭാരവാഹികളുടെ വാദത്തിൽ കഴമ്പില്ല. ഇപ്പോൾ സൊസൈറ്റി അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലാക്കിയിരിക്കുകയാണ്. നിക്ഷേപകർ വിവരങ്ങൾ അറിയിക്കണമെന്ന് അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചിട്ടുണ്ട്. നിക്ഷേപകരുടെ സഹകരണം പൂർണ തോതിൽ ഉണ്ടാകണം. എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ തട്ടിപ്പുകാരെ പുറത്തുകൊണ്ടുവരാൻ കഴിയൂ. കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. തട്ടിപ്പുകാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നടപടി വേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BSNL COOPERATIVE SOCIETY FRAUD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.