SignIn
Kerala Kaumudi Online
Thursday, 25 April 2024 4.03 PM IST

വാർത്തകളുടെ വർഗീയ നിറം

photo

ഭിന്നിപ്പിച്ച് ഭരിക്കുക ഒരു തന്ത്രമാണ്. ബ്രിട്ടീഷുകാർ യഥേഷ്ടം അത് ഉപയോഗിച്ചിരുന്നു. നാട്ടുരാജാക്കന്മാരെ ഭിന്നിപ്പിച്ച് നിറുത്തുക. അതിന്റെ പേരിൽ രണ്ടുകൂട്ടർക്കും സംരക്ഷണം നൽകുക. എന്നിട്ട് രണ്ട് പക്ഷത്തുനിന്നും കപ്പം വാങ്ങുക. കാലക്രമേണ അവരെ അപ്രസക്തരാക്കി ഭരണം നിയന്ത്രിക്കുക. ബ്രിട്ടീഷുകാർ പോയിട്ടും ഈ തന്ത്രം ഇന്ത്യയിൽ നിന്ന് പോയിട്ടില്ല. രാഷ്ട്രീയ പാർട്ടികളും വിവിധ വോട്ടുബാങ്കുകളെ സ്വാധീനിക്കാൻ ഈ നയം തുടർന്നു. ഭിന്നിപ്പിന് ഏറ്റവും 'ഫലപ്രദമായ" ആയുധം വർഗീയതയാണ്. ഹിന്ദുക്കളെയും മുസ്ളിങ്ങളെയും ഭിന്നിപ്പിച്ച് നിറുത്തുന്നതിൽനിന്ന് നേട്ടം കൊയ്യുന്ന നിരവധി ശക്തികൾ അരങ്ങുവാഴുന്ന നാടാണിത്. ഉത്തരവാദപ്പെട്ട മാദ്ധ്യമങ്ങൾ മാത്രം പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഭിന്നിപ്പിന്റെ രൂക്ഷത അവർ ആഗ്രഹിക്കുന്ന തലത്തിൽ ഉണ്ടാകാൻ പ്രയാസമാണ്. എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ എല്ലാ സമുദായങ്ങളിലുമുള്ള ചെറിയ വിഭാഗം ഇറങ്ങിയിരിക്കുകയാണ്. ഏതു പച്ചക്കള്ളവും ഇവർ പ്രചരിപ്പിക്കും. ശരിയായ കാര്യം പോലും വർഗീയതയുടെ കിന്നരിവച്ച് വളച്ചൊടിച്ച് ദുഷ്ടലാക്കോടെ പ്രചരിപ്പിക്കും. ഇത് എല്ലാ പരിധികളും ലംഘിച്ച് മുന്നേറുന്ന കാലഘട്ടമാണിത്. ഇക്കാര്യം കണക്കിലെടുത്താണ് വെബ് പോർട്ടലുകൾ ഉൾപ്പെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിലും യൂട്യൂബിലുമൊക്കെ വരുന്ന ചില വാർത്തകൾക്ക് സാമുദായിക നിറം നൽകുന്നത് രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ നിരീക്ഷിച്ചിരിക്കുന്നത്. ചിലർ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് ഉത്തരവാദിത്വമില്ല. അവർ കോടതിയെപ്പോലും മാനിക്കുന്നില്ല. സ്ഥാപനങ്ങളെ മോശമായി ചിത്രീകരിക്കുന്നു. ഉള്ളടക്കത്തെപ്പറ്റിയുള്ള സ്ഥാപനങ്ങളുടെയും ജഡ്‌ജിമാരുടെയും പരാതികൾ അവർ അവഗണിക്കുന്നു." ഇതാണ് സുപ്രീംകോടതി നടത്തിയിരിക്കുന്ന നിരീക്ഷണം.

2020ൽ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ആയിരക്കണക്കിനാളുകൾ രാജ്യമെമ്പാടും കൊവിഡ് പരത്തിയെന്ന മട്ടിൽ ഒരുവിഭാഗം മാദ്ധ്യമങ്ങൾ വർഗീയനിറമുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതകോടതിയുടെ ഈ നിരീക്ഷണം. കൊവിഡിന് തബ്‌ലീഗ് സമ്മേളനമെന്നോ കുംഭമേളയെന്നോ പരിഗണനയൊന്നുമില്ല. ആൾക്കൂട്ടം എവിടെയായാലും കൊവിഡ് വ്യാപിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ ശാസ്ത്രീയ കാഴ്ചപ്പാട് മറച്ചുവച്ച് വർഗീയനിറം നൽകുന്നത് കേവലം രസത്തിന് മാത്രമല്ല. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ചില ഗൂഢശക്തികളുടെ ചട്ടുകങ്ങളായി മാറുന്നവരാണ് ഇത്തരം നീചവർത്തമാനങ്ങൾ പ്രചരിപ്പിക്കുന്നത്. വാർത്തയുടെ ഉള്ളടക്കത്തിന്റെ ഗുണമേന്മ വിലയിരുത്തിയല്ല അത് എത്രപേരിലെത്തി എന്നത് കണക്കിലെടുത്താണ് യൂട്യൂബും മറ്റും പണം നൽകുന്നത്. അതിനാൽ എന്തും പറയാനുള്ള ലൈസൻസായി സോഷ്യൽ മീഡിയയെ ചിലർ ഉപയോഗിക്കുന്നു. ഇതിനൊരു കടിഞ്ഞാൺ വന്നേ മതിയാകൂ. പുതിയ ചട്ടം നടപ്പാക്കുകയാണ് പരിഹാരമെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു. ചട്ടങ്ങൾ മാത്രമല്ല, അതനുസരിച്ചുള്ള ശിക്ഷകളും കാലതാമസം കൂടാതെ നടപ്പാക്കാൻ പ്രത്യേക കോടതികളും ഉണ്ടാകണം. വാർത്തകളിൽ വിഷംപുരട്ടുന്ന രീതി അവസാനിപ്പിച്ചില്ലെങ്കിൽ അതിന് വില കൊടുക്കേണ്ടിവരുന്നത് ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാ സമുദായങ്ങളിലും ഉൾപ്പെട്ട ഭൂരിപക്ഷം സാധാരണ ജനങ്ങൾ ആയിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS, COMMUNAL NEWS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.