SignIn
Kerala Kaumudi Online
Thursday, 25 April 2024 11.21 AM IST

മാറാൻ കൊതിക്കുന്ന കോൺഗ്രസ്

chinthan-sibiram

തകർച്ചയുടെ പടുകുഴിയിലെത്തി നിൽക്കവേയാണ് പാർട്ടിയിൽ കാതലായ മാറ്റങ്ങൾ അനിവാര്യമാണെന്ന ചിന്ത കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാകുന്നത്. രാജസ്ഥാനിലെ ഉദയ്‌പൂരിൽ വെള്ളിയാഴ്ച ആരംഭിച്ച ത്രിദിന ചിന്തൻ ശിബിരം ഭാവി വെല്ലുവിളികൾ നേരിടാൻ പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്നാണ് ചർച്ചചെയ്യുന്നത്. ഇപ്പോഴത്തെ ദുസ്ഥിതിയിൽ നിന്ന് പാർട്ടിയെ കരകയറ്റാൻ ഉതകുന്ന നിർദ്ദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ലോക്‌സഭയിൽ അൻപതിൽ താഴെ സീറ്റു മാത്രം നേടി പ്രതിപക്ഷ നേതൃപദവിക്കുപോലും അർഹതയില്ലാത്തവിധം ദയനീയ പതനത്തിലായ കോൺഗ്രസിനെ അടുത്ത പൊതുതിരഞ്ഞെടുപ്പിനുമുമ്പ് ശക്തമാക്കാനുള്ള മാർഗങ്ങളാണ് ആലോചിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള പാർട്ടിക്ക് ആഞ്ഞുശ്രമിച്ചാൽ നേടാവുന്ന ലക്ഷ്യമാണത്. അതിനു സഹായകമാംവിധം പാർട്ടിയുടെ പ്രവർത്തനശൈലി മാറേണ്ടതുണ്ട്. നേതൃമാറ്റം ഉൾപ്പെടെയുള്ള നടപടികളിലൂടെയേ നഷ്ടപ്പെട്ട പ്രതാപവും പ്രതിച്ഛായയും ഒരു പരിധിവരെയെങ്കിലും വീണ്ടെടുക്കാനാവൂ എന്ന് ആത്മാർത്ഥമായി ചിന്തിക്കുന്ന നിരവധി നേതാക്കൾ പാർട്ടിയിലുണ്ട്. എന്നാൽ സ്വാർത്ഥമതികളുടെ ദുഃസ്വാധീനം പൂർണമായും ഇല്ലാതായാലേ പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാനോ വെല്ലുവിളികൾ ഏറ്റെടുക്കാനോ കഴിയൂ. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നവരെ അച്ചടക്കലംഘകരെന്നു മുദ്ര‌കുത്തി അകറ്റിനിറുത്തുന്ന പഴയശീലം നിലനിൽക്കുകയാണ്. ഏതാനും മാസം മുമ്പ് നേതൃത്വവുമായി കലഹിച്ച് പുറംതിരിഞ്ഞുനിന്ന പ്രമുഖ നേതാക്കളുടെ ഗതി ഏവർക്കുമറിയാം. പുതിയൊരു നേതൃത്വം കൂടിയേ തീരൂ എന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. സമീപപ്രദേശങ്ങളിൽ നിന്ന് ലോറികളിൽ ആളെ ഇറക്കി നിലവിലെ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ആവശ്യത്തെ പ്രതിരോധിച്ചത്.

തിരഞ്ഞെടുപ്പിൽ ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്കുമാത്രം സീറ്റ്, ഒരാൾക്ക് ഒരു പദവി, പാർട്ടിയിൽ പകുതി പദവികൾ യുവാക്കൾക്കും വനിതകൾക്കും, പദവി അഞ്ചുവർഷത്തേക്ക് മാത്രം തുടങ്ങിയ സുപ്രധാന നിർദ്ദേശങ്ങൾ ചിന്തൻ ശിബിരം ചർച്ചചെയ്യുന്നു. ബ്ളോക്കുതലം മുതൽ എ.ഐ.സി.സി വരെയുള്ള സമിതികളിൽ പകുതിപേർ അൻപതു വയസിൽ താഴെയുള്ളവരാകണമെന്ന ശുപാർശ പാർട്ടിക്ക് യുവത്വം നൽകാനാണ്. എന്നാൽ പതിറ്റാണ്ടുകളായി പാർട്ടി പദവികളിൽ അള്ളിപ്പിടിച്ചിരിക്കുന്നവർ നിർദ്ദേശത്തെ എങ്ങനെ ഉൾക്കൊള്ളുമെന്നറിയില്ല. പദവി ഇല്ലാതാകുമ്പോൾ അവർ മറുകണ്ടം ചാടാനൊരുങ്ങും. എന്നും ശർക്കരക്കുടത്തിൽ കൈയിടാൻ അവസരം വേണമെന്നു ശഠിക്കുന്ന നേതൃപരമ്പര കോൺഗ്രസിന്റെ ബലഹീനതകളിലൊന്നാണ്.

സോണിയ കുടുംബത്തെ ഉദ്ദേശിച്ചു മാത്രമാണ് ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം ടിക്കറ്റ് എന്ന നിർദ്ദേശത്തിലും ഭേദഗതിയാകാമെന്ന ധാരണ. രാഹുൽഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്കയും തിരഞ്ഞെടുപ്പിൽ മത്സരിച്ചു കാണാൻ ആഗ്രഹിക്കുന്ന ഒട്ടേറെ നേതാക്കൾ പാർട്ടിയിലുണ്ട്. കുടുംബാധിപത്യമെന്ന ദുഷ‌്‌പേരിൽ നിന്ന് പാർട്ടി മോചിതമാകാനിടയില്ലെന്ന സൂചനയാണിത്. പ്രവർത്തന മികവ് കണക്കിലെടുത്ത് കുടുംബാംഗങ്ങളിൽ ഒരാൾക്കുകൂടി സ്ഥാനാർത്ഥിത്വം നൽകാമെന്ന ഇളവും മുതിർന്ന ചില നേതാക്കളെ ഉദ്ദേശിച്ചാകണം. സ്ഥാനമാനങ്ങൾ തുടർച്ചയായി നേതാക്കൾ തന്നെ പങ്കിട്ടെടുക്കുന്ന പ്രവണതയ്ക്കു മാറ്റം വന്നാലേ പുതുതലമുറയ്ക്ക് അർഹമായസ്ഥാനം ലഭിക്കൂ. പാർട്ടി സജീവവും സക്രിയവുമാകണമെങ്കിൽ വർദ്ധിച്ച യുവപ്രാതിനിദ്ധ്യം ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കാൻ പ്രവർത്തകരില്ലെന്നതാണ് പാർട്ടി നേരിടുന്ന മറ്റൊരു പ്രശ്നം. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവർക്കുവേണ്ട സഹായം നൽകുന്നതിലൂടെ മാത്രമേ ബഹുജനാടിത്തറ ശക്തമാക്കാനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS, CHINTHAN SIBIRAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.