SignIn
Kerala Kaumudi Online
Thursday, 25 April 2024 7.39 PM IST

മാറ്റങ്ങൾ എപ്പോഴും നല്ലതാണ്

cpm

വെള്ളിയാഴ്ച എറണാകുളത്തു സമാപിച്ച സി.പി.എം സംസ്ഥാന സമ്മേളനം കേരളത്തിന് പ്രതീക്ഷിക്കാൻ ഏറെ കാര്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. സംഘടനാമികവ് അക്ഷരംപ്രതി പ്രകടമായ സമ്മേളനം പാർട്ടിയുടെ കരുത്തും ശേഷിയും ഒരിക്കൽക്കൂടി അനുഭവവേദ്യമാക്കുകയും ചെയ്തു. അച്ചടക്കത്തിന് പരമപ്രാധാന്യം കല്പിക്കുന്ന പാർട്ടി ആ പാരമ്പര്യം പൂർണമായി നിലനിറുത്തിക്കൊണ്ടാണ് നാലുദിവസത്തെ സമ്മേളന നടപടികൾ പൂർത്തിയാക്കിയത്. അപശബ്ദങ്ങളോ നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന വിമർശനങ്ങളോ കാര്യമായി ഉയർന്നില്ലെന്നതും എടുത്തുപറയേണ്ടതു തന്നെ. സംസ്ഥാനത്ത് മറ്റൊരു കക്ഷിക്കും അവകാശപ്പെടാനാവാത്ത രാഷ്ട്രീയ മേന്മയാണിത്.

സമ്മേളനം തുടങ്ങും മുമ്പേ കേട്ടിരുന്ന ചില മാറ്റങ്ങൾക്ക് സമ്മേളനം അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും കുറച്ചുപേർ പോവുകയും പുതിയവർ വരികയും ചെയ്തു. സെക്രട്ടേറിയറ്റിൽ എട്ടുപേരും സംസ്ഥാന കമ്മിറ്റിയിൽ 16 പേരുമാണ് പുതിയതായി എത്തിയത്. എഴുപത്തഞ്ചു വയസ് തികഞ്ഞവർ ഭാരവാഹിത്വം വഹിക്കുന്നതിനെതിരെ പാർട്ടി വിലക്കുള്ളതുകൊണ്ടാണ് പരിണതപ്രജ്ഞരായ ഉന്നതനേതാക്കളിൽ ചിലർക്ക് സ്ഥാനം ത്യജിക്കേണ്ടിവന്നത്. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമേ പാർട്ടി ഒഴിവു നൽകിയിട്ടുള്ളൂ. സൗമ്യനും കാര്യശേഷികൊണ്ടും പാർട്ടിയിൽ മാത്രമല്ല പാർട്ടിക്കു പുറത്തും ആദരവു പിടിച്ചുപറ്റുന്ന കോടിയേരി ബാലകൃഷ്ണൻ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് പ്രതീക്ഷിച്ചതുതന്നെ. അദ്ദേഹം അമരക്കാരനായി തുടരുന്നത് പാർട്ടിക്കും പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനും കൂടുതൽ ശോഭ പകരുമെന്ന് തീർച്ചയാണ്. പാർട്ടി നേതൃത്വവും സർക്കാരും തമ്മിലുള്ള ഉൗഷ്മളമായ ബന്ധമാണ് ഇതോടെ അരക്കിട്ടുറപ്പിക്കുന്നത്. സംസ്ഥാന കമ്മിറ്റിയിൽ വനിതാ പ്രാതിനിദ്ധ്യം കൂടിയപ്പോൾ സെക്രട്ടേറിയറ്റിൽ പേരിനുമാത്രം ഒരു വനിതയേ ഉള്ളൂ . എല്ലാ മണ്ഡലങ്ങളിലും വനിതകൾക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകണമെന്ന വാദം നിലനിൽക്കെ പാർട്ടിയിലെ ഉന്നത പദവികളിൽ നിന്ന് അവരെ അകറ്റിനിറുത്തുന്നതിനെതിരെ വിമർശനം ഉയർന്നേക്കാം. യുവനിരയിൽ ഏറെ അർഹതയുള്ള ചിലരൊക്കെ പരിഗണിക്കപ്പെടാതെ പോയതിലും ആക്ഷേപമുയരാനിടയുണ്ട്.

എറണാകുളം സമ്മേളനത്തെ ഏറെ ശ്രദ്ധേയമാക്കുന്നത് അടുത്ത ഇരുപത്തഞ്ചുവർഷം ലക്ഷ്യമിട്ടുകൊണ്ട് നവകേരള സൃഷ്ടിക്കായുള്ള പുതിയൊരു നയരേഖ അംഗീകരിച്ചതിന്റെ പേരിലായിരിക്കും. കാലത്തിന്റെ മാറ്റങ്ങൾ പാർട്ടിയും ഉൾക്കൊണ്ടതിന്റെ ശുഭസൂചനയാണിത്. വിദ്യാഭ്യാസ - വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് വികസനരേഖ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ യഥാവിധി നടപ്പാക്കാനായാൽ നേട്ടം വളരെ വലുതായിരിക്കും. ഒരുകാലത്ത് പ്രത്യയശാസ്ത്രത്തിന്റെ പേരിൽ നിഷ്‌കരുണം നിരാകരിക്കപ്പെട്ട പല നല്ല നിർദ്ദേശങ്ങളും ഇന്നും ഏറെ പ്രസക്തമാണെന്ന തിരിച്ചറിവ് അങ്ങേയറ്റം ഗുണകരമാണ്. ട്രേഡ് യൂണിയൻ രംഗത്തെ അനഭിലഷണീയ പ്രവണതകൾ നിലനിൽക്കുന്നതിനെതിരെ മുഖ്യമന്ത്രി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. നോക്കുകൂലി എന്ന പ്രാകൃത സമ്പ്രദായത്തിനെതിരെ സർക്കാർ നിയമം കൊണ്ടുവന്നിട്ടും ദുരാചാരമെന്നപോലെ അതു തുടരുകയാണ്. ഉന്നത നീതിപീഠവും പലകുറി ഇടപെട്ട കാര്യമാണിത്. വ്യവസായികളും കച്ചവടക്കാരും പൊതുജനവും ഒരുപോലെ ഭയപ്പാടോടെ കാണുന്ന ഈ സാമൂഹ്യവിരുദ്ധ സമ്പ്രദായത്തിന് പരിഷ്‌കൃത സമൂഹത്തിൽ ഒരു സ്ഥാനവുമില്ലെന്ന സത്യം തൊഴിലാളികളും അവരെ നയിക്കുന്നവരും തിരിച്ചറിയണം. വ്യവസായരംഗത്തു സമാധാനം നിലനിൽക്കാൻ ട്രേഡ് യൂണിയനുകൾ വിട്ടുവീഴ്ചകൾക്കും മാറ്റങ്ങൾക്കും തയ്യാറാകേണ്ടതുണ്ട്. നോക്കുകൂലി പ്രശ്നത്തിൽ മാത്രമല്ല കാതലായ ചില കാര്യങ്ങളിലും ട്രേഡ് യൂണിയനുകളുടെ സമീപനത്തിൽ കാലോചിതമായ മാറ്റമുണ്ടാകണം. സംഘടനകൾ അതിന് എത്രത്തോളം തയ്യാറാകുമെന്നതിനെ ആശ്രയിച്ചാകും വികസനരേഖാ നിർദ്ദേശങ്ങളുടെ പ്രസക്തി.

നവകേരള സൃഷ്ടിയിൽ വിദ്യാഭ്യാസ - ആരോഗ്യരംഗങ്ങളുടെ വികസനം സുപ്രധാന ഘടകങ്ങളാണ്. ഈ രണ്ടു മേഖലകളിലും വിദേശ - സ്വകാര്യ നിക്ഷേപങ്ങൾ വർദ്ധിച്ചതോതിൽ വന്നാലേ ദ്രുതഗതിയിലുള്ള വികസനം സാദ്ധ്യമാവൂ. വിദ്യാഭ്യാസരംഗത്ത് വിദേശമൂലധന നിക്ഷേപത്തിന് സി.പി.എം മുൻപ് തീർത്തും എതിരായിരുന്നു. സ്വകാര്യമേഖല ഈ രംഗത്തേക്കു കടക്കുന്നതിനെയും ശക്തിയായി എതിർത്തിരുന്നു. അതിന്റെ പേരിൽ നടന്നിട്ടുള്ള സമരപരമ്പരകൾ പലരും ഓർക്കുന്നുണ്ടാകും. നല്ല ലക്ഷ്യത്തോടെ നിലവിൽവന്ന ഉന്നത വിദ്യാഭ്യാസ കമ്മിഷനെ പോലും നിർജ്ജീവമാക്കി നാടുകടത്തിയതും മറക്കാറായിട്ടില്ല. സർക്കാരിന്റെ ശക്തമായ നിയന്ത്രണങ്ങളോടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങൾ ഉയർന്നുവരേണ്ടത് നാടിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. ആയിരക്കണക്കിന് യുവതീയുവാക്കളാണ് ഉന്നതവിദ്യാഭ്യാസം തേടി അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പോകുന്നത്. സ്വകാര്യ മെഡിക്കൽ കോളേജുകൾ മാത്രമല്ല മെഡിക്കൽ സർവകലാശാല പോലും സാദ്ധ്യമാണ്. വിശാല കാഴ്ചപ്പാടോടെ ഇത്തരം സാദ്ധ്യതകൾ കാണണമെന്നു മാത്രം. യുദ്ധകലുഷിതമായ യുക്രെയിനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ കൂട്ടപ്പലായനം സാദ്ധ്യതകൾ തിരിച്ചറിയാനുള്ള അവസരം കൂടിയാണ്.ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താൻ വിദേശമൂലധന നിക്ഷേപം സ്വീകരിക്കാമെന്ന നിർദ്ദേശം നയരേഖയിലുണ്ടെന്നത് സ്വാഗതാർഹമാണ്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങാൻ സ്വകാര്യമേഖലയ്ക്ക് സർക്കാർ എല്ലാവിധ സഹായവും നൽകണം. ഒപ്പം ഫീസ്, പ്രവേശന വിഷയങ്ങളിൽ ഫലപ്രദമായ നിയന്ത്രണവും വേണം.

രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികമാഘോഷിക്കാൻ പോവുകയാണ്. എണ്ണിപ്പറയാൻ നേട്ടങ്ങൾ ധാരാളമുണ്ടെങ്കിലും സർക്കാരിന്റെ ശ്രദ്ധപതിയേണ്ട മേഖലകൾ നിരവധിയുണ്ട്. പ്രധാനമായും ചൂണ്ടിക്കാണിക്കാനുള്ളത് ഭരണതലത്തിൽ നിലനിൽക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും തന്നെ. സർക്കാരിന്റെ സേവനങ്ങൾക്കായി പൊതുജനം കാത്തുകെട്ടിക്കിടക്കേണ്ടിവരുന്ന സ്ഥിതി മാറിയേ തീരൂ. കൈക്കൂലി എന്ന മഹാമാരണം പാവപ്പെട്ടവനെ വല്ലാതെ ശ്വാസംമുട്ടിക്കുന്ന വലിയ പ്രശ്നമാണ്. കൈക്കൂലി നൽകാതെ കടലാസ് നീങ്ങുകയില്ലെന്ന അവസ്ഥ ചില ഓഫീസുകളിൽ ഇപ്പോഴുമുണ്ട്. സർവീസ് സംഘടനകളെ വിശ്വാസത്തിലെടുത്ത് ഇതിനു പരിഹാരമാർഗം തേടാം. അപേക്ഷകളിൽ തീരുമാനമെടുക്കാൻ വൈകുന്നതാണ് അഴിമതിക്കു കളമൊരുക്കുന്നത്. ഭരണനടപടികൾ വേഗത്തിലാക്കിയാൽ അതിനുള്ള സാദ്ധ്യത കുറയും.പി.എസ്.സി പരീക്ഷകളുടെ പേരിൽ ഇടയ്ക്ക് ഉയർന്നുവന്ന ആക്ഷേപങ്ങൾ ആവർത്തിക്കാതിരിക്കാനും ജാഗ്രത ആവശ്യമാണ്.

സർവീസ് മേഖലയിൽ നിലനിൽക്കുന്ന അപചയങ്ങൾ പാർട്ടി സമ്മേളനത്തിൽ ചർച്ചയ്ക്കു വന്നില്ല. ഉദ്യോഗസ്ഥരിൽ നിന്ന് പൊതുജനം നേരിടുന്ന അവഗണനയും കാലതാമസവും ഗൗരവമേറിയതും സർക്കാരിന്റെ സജീവ ശ്രദ്ധപതിയേണ്ടതുമായ പ്രധാന വിഷയമാണ്. ജനങ്ങൾക്കിടയിൽ സർക്കാരിന്റെ പ്രതിച്ഛായ കൂട്ടുന്നതും കുറയ്ക്കുന്നതും ഉദ്യോഗസ്ഥരാണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങളോടുള്ള അവരുടെ സമീപനം മാതൃകാപരമാകേണ്ടതുണ്ട്. സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി പൊലീസിൽ കാണുന്ന ചില അനഭിലഷണീയ പ്രവണതകളെക്കുറിച്ചും പറയുകയുണ്ടായി. സർക്കാരിനു ചീത്തപ്പേരുണ്ടാക്കുന്ന നടപടികൾ പൊലീസിൽ വർദ്ധിച്ചുവരികയാണെന്ന് പാർട്ടി പ്രതിനിധികളും ശബ്ദമുയർത്തിയിരുന്നു. സർക്കാർ നയമനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കേണ്ടതെന്നും പാർട്ടി നിലപാടല്ല പിന്തുടരേണ്ടതെന്നുമുള്ള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടിയും ശ്രദ്ധേയമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.