SignIn
Kerala Kaumudi Online
Thursday, 25 April 2024 2.27 PM IST

നടപടിക്രമങ്ങളും ലളിതമാകണം

photo

ജില്ലാ കളക്ടർമാരുടെയും വകുപ്പുമേധാവികളുടെയും ദ്വിദിനയോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ കാര്യങ്ങൾ ഇതുപോലുള്ള വേദികളിൽ കൂടക്കൂടെ പറഞ്ഞതുതന്നെയാണ്. പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സർക്കാർ സേവനങ്ങൾ ഒട്ടും വൈകരുത്. പലകുറി അതിനായി ആളുകൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതി വരുത്തരുത്. സേവനം തേടി എത്തുന്നവരോട് മാന്യമായി പെരുമാറണം. ഇതുപോലുള്ള യോഗങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ കളക്ടർമാർക്കും വകുപ്പു മേധാവികൾക്കും പ്രത്യേക ഉത്തരവാദിത്വമുണ്ട്. ഏല്പിക്കുന്ന ചുമതലകൾ കൃത്യമായി നിറവേറ്റുന്നതിൽ കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു കാണുന്ന അനാസ്ഥ മുഖ്യമന്ത്രി എടുത്തുപറയുകയും ചെയ്തു.

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം വേഗത്തിലും ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിലും നടക്കണമെങ്കിൽ ഉദ്യോഗസ്ഥർ കർത്തവ്യബോധത്തോടെ ചുമതലകൾ നിർവഹിച്ചേ പറ്റൂ. ഇക്കാര്യത്തിൽ ചുമതലാബോധം മുകൾത്തട്ടിൽ നിന്ന് തുടങ്ങുകയും വേണം. അതിന്റെ അഭാവമാണ് സർക്കാർ സേവനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഇന്നു കേൾക്കുന്ന പരാതികളിലധികവും.

ഉദ്യോഗസ്ഥ മേധാവികളുടെ ഉന്നതതലയോഗങ്ങളും പരാതി പരിഹാരയജ്ഞങ്ങളുമൊക്കെ ഇടയ്ക്കിടെ സംഘടിപ്പിക്കാറുണ്ട്. കുടിശിക ഫയൽ തീർപ്പാക്കൽ അടുത്തകാലത്തായി സ്ഥിരം സംവിധാനമായി മാറിക്കഴിഞ്ഞു. ഇതൊക്കെ മുറപോലെ ചെയ്തിട്ടും സേവനത്തിന്റെ കാര്യത്തിൽ ബഹുഭൂരിപക്ഷം ജനങ്ങളും അത്ര തൃപ്തരല്ലെന്നതാണു സത്യം. ഒന്നോരണ്ടോ ദിവസം കൊണ്ട് ലഭിക്കേണ്ട സേവനത്തിനുപോലും ആഴ്ചകൾ അലയേണ്ടിവരുന്ന അനുഭവമുണ്ട്. ആളുകളെ ചുറ്റിക്കാൻ വേണ്ടി മാത്രം പണ്ടുകാലത്ത് പടച്ചുണ്ടാക്കിയ നടപടിക്രമങ്ങൾ ഏറെയുണ്ട്. ഈ കുരുക്കുകളിൽപ്പെട്ട് അപേക്ഷകളും നിവേദനങ്ങളും ഫയലുകളിൽത്തന്നെ കുരുങ്ങിപ്പോകും.

അത്യാവശ്യ കാര്യങ്ങൾക്കായി ജില്ലാ കളക്ടർമാരെയും വകുപ്പ് മേധാവികളെയും ഫോണിൽ വിളിച്ചാൽ കിട്ടാറില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ പരാതി പറയുകയുണ്ടായി. ലാൻഡ് ഫോൺ മാത്രമുള്ള കാലത്ത് അങ്ങനെയുള്ള അവസ്ഥയുണ്ടായിരുന്നു. ഇന്നിപ്പോൾ രണ്ടും മൂന്നും മൊബൈലുകളുമായി സഞ്ചരിക്കുന്ന ഉദ്യോഗസ്ഥരെ ഏതു സമയത്തും വിളിച്ചാൽ കിട്ടേണ്ടതു തന്നെയാണ്. അതുപോലെ ഫയൽ നീക്കത്തിനും തീരുമാനങ്ങൾ ഉടനുടൻ താഴേത്തലങ്ങളിൽ എത്തിക്കുന്നതിനും ആധുനിക വാർത്താവിനിമയ സൗകര്യങ്ങളുണ്ട്. സർക്കാർ ഓഫീസുകളിലെ കാലതാമസം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങളാണിതൊക്കെ. ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം ഒട്ടും വൈകാൻ പാടില്ലെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുകയുണ്ടായി. ആദ്യം തന്നെ നഷ്ടപരിഹാരം ലഭിക്കുമെന്നു വന്നാൽ ഭൂവുടമകളിൽ നിന്നുള്ള എതിർപ്പ് അത്രകണ്ടു കുറയും. ഏറ്റെടുത്ത ഭൂമിക്ക് പ്രതിഫലം ലഭിക്കുന്നതിലെ കാലതാമസമാണ് പ്രധാന തടസം. സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ വർദ്ധിച്ച വേഗത്തിലും ഉൗർജ്ജസ്വലമായും നടപ്പാക്കേണ്ട ചുമതല കളക്ടർമാർക്കാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത് ശ്രദ്ധേയമാണ്. എല്ലാ ജില്ലകളിലും ഇപ്പോൾ കളക്ടർമാരായിരിക്കുന്നവർ നന്നേ ചെറുപ്പമാണ്. ഏതു ചുമതലയും കാര്യപ്രാപ്തിയോടും ഭംഗിയായും ചെയ്യാൻ അവർക്കാകും. അവരിൽനിന്ന് ഏറ്റവും മികച്ച പ്രവർത്തനശേഷി സംസ്ഥാനത്തിന് ലഭിക്കാൻ സർക്കാർ ശ്രമിച്ചാൽ മതിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DELAY IN GOVERNMENT PROCEDURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.