SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.58 AM IST

പണി വരുന്ന ഇ -വഴികൾ

car

ജനങ്ങളുമായി നേരിട്ട് ദൈനംദിനം ബന്ധപ്പെടുന്ന ഉദ്യോഗസ്ഥനാണ് വില്ലേജ് ഓഫീസർ. വസ്തുക്കളും വീടുകളും മറ്റും നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ട് സർട്ടിഫിക്കറ്റ് നൽകാൻ യാത്ര ചെയ്‌തും അല്ലാത്ത സമയം ഓഫീസിലിരുന്നും ജോലി നോക്കേണ്ട ഉദ്യോഗസ്ഥൻ. അപേക്ഷകന്റെ വണ്ടിയിൽ കയറി വില്ലേജ് ഓഫീസർ പോകുന്നത് ചട്ടപ്രകാരം ശരിയല്ല. മറ്റ് മാർഗമില്ലാത്തിടത്ത് അതാണ് നടക്കുന്നത്. ഇല്ലെങ്കിൽ അപേക്ഷകൻ പലതവണ കയറിയിറങ്ങി ചെരുപ്പ് തേയേണ്ടി വരും. എന്തായാലും വില്ലേജ് ഓഫീസർ നിരന്തരം തന്റെ വില്ലേജിൽ യാത്ര ചെയ്യേണ്ടിവരും. റവന്യൂമന്ത്രി കെ. രാജൻ വിളിച്ചുചേർത്ത വില്ലേജ് ഓഫീസർമാരുടെ ആദ്യ യോഗത്തിൽ അവർ ഉന്നയിച്ച പ്രധാന ആവശ്യം ഒരു ഇ -സ്‌കൂട്ടർ ഓരോ വില്ലേജ് ഓഫീസർക്കും അനുവദിക്കണമെന്നതായിരുന്നു. സംസ്ഥാനത്ത് മൊത്തം 1600-ൽപ്പരം വില്ലേജ് ഓഫീസുകളാണുള്ളത്. ഒരു സ്‌കൂട്ടറിന് 1.25 ലക്ഷം രൂപ വിലയാകും. മൊത്തം തുക 20 കോടി. ഇതു നൽകാൻ ആലോചന തുടങ്ങിയപ്പോൾ, ആരാണെന്നറിയില്ല മൂന്നോ നാലോ വില്ലേജ് ഓഫീസുകൾക്കായി ഒരു ഇ -കാർ നൽകാമെന്ന ആശയം മുന്നോട്ടു വച്ചത്. ഓരോ ജില്ലയിലും എത്ര കാർ വേണമെന്ന് ഈ മാസം തന്നെ ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ അറിയിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. മൂന്ന് വില്ലേജ് ഓഫീസിന് ഒന്ന് എന്ന് കണക്കാക്കിയാൽ 500 ഇ- കാറുകൾ വേണ്ടിവരും. കാർ ഒന്നിന് വില 15 ലക്ഷം. മൊത്തം തുക 75 കോടി. സ്‌കൂട്ടറിന് പകരം കാർ കൊള്ളാമെന്ന് തോന്നുമെങ്കിലും ഇത് ജനങ്ങൾക്ക് പണി വരുന്ന വഴിയാണെന്ന് മനസിലാക്കണം. മൂന്ന് വില്ലേജാഫീസിന് ഒരു കാർ നൽകിയാൽ ഫലത്തിൽ ഒരിടത്തെയും പണി നടക്കില്ല. ഒരിടത്ത് തിരക്കുമ്പോൾ കാർ മറ്റേ ഓഫീസിലാണെന്ന് പറയും. കാറായാലും ഇ - സ്‌കൂട്ടറായാലും നല്‌കുന്നെങ്കിൽ എല്ലാ വില്ലേജ് ഓഫീസർമാർക്കും നൽകണം. എന്തായാലും പണം മുടക്കുന്നു. ജനത്തിന് ഗുണകരമായില്ലെങ്കിൽ പ്രയോജനം എന്താണ്. പല പദ്ധതികളും ഇതുപോലെ 'നല്ല ആശയം" അവതരിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥർ അട്ടിമറിച്ചിട്ടുണ്ട്. ഉയർന്ന മൂന്ന് ഉദ്യോഗസ്ഥരുടെ ഓഫീസുകൾക്കായി ഒരു കാർ മാത്രമേ നൽകൂ എന്ന് പറഞ്ഞാൽ അവർ സമ്മതിക്കുമോ ? വില്ലേജ് ഓഫീസർമാർ ന്യായമായാണ് ഓരോ ഇ - സ്‌കൂട്ടർ വേണമെന്ന് ആവശ്യപ്പെട്ടത്. അത് അനുവദിച്ചാൽ എല്ലാവർക്കും വാഹനമാകും. അവരുടെ യാത്രയ്ക്ക് വണ്ടിയില്ലെന്ന തടസവും ഒഴിവാകും. അപ്പോഴാണ് കാർ പദ്ധതി ആരോ അവതരിപ്പിച്ചത്. ഇതൊരു പണിയാണ്. അത് മന്ത്രി മനസിലാക്കണം. നൽകുകയാണെങ്കിൽ എല്ലാവർക്കും കാർ നൽകണം. എത്രയോ പണം ചെലവഴിക്കുന്നു. താഴ്‌ന്ന തട്ടിലുള്ള റവന്യൂ ഉദ്യോഗസ്ഥന് ഇ - കാർ നൽകിയ ആദ്യ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് മറ്റുള്ളവർക്ക് മാതൃകയാകാം. കമ്മ്യൂണിസ്റ്റ് ചിന്താഗതി പ്രകാരമാണെങ്കിലും താഴ്‌‌ന്ന തട്ടിലുള്ള ഉദ്യോഗസ്ഥർക്കാണ് ആദ്യം കാർ നൽകേണ്ടത്. പക്ഷേ അത് രണ്ടും മൂന്നും വില്ലേജുകളുമായി കൂട്ടിക്കെട്ടി നൽകരുത്. മൂന്നിടത്തെയും കാര്യം നടക്കില്ലെന്ന് മാത്രമല്ല പരസ്പരം തർക്കിക്കാനും പിണങ്ങാനും വണ്ടിക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ ഉത്തരവാദിത്വം മറ്റൊരാളിന്റെ തലയിൽ ചുമത്താനുമൊക്കെ ഇടയാക്കും. അതിനാൽ സർക്കാർ ജാഗ്രതയോടെ വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: E CAR FOR VILLAGE OFFICERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.