SignIn
Kerala Kaumudi Online
Saturday, 20 April 2024 10.49 AM IST

പരിസ്ഥിതിലോല മേഖലയും ആശങ്കയും

photo

വന്യജീവി സങ്കേതങ്ങളോടും ദേശീയോദ്യാനങ്ങളോടും ചേർന്ന് ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്നും ഇവിടെ ജനവാസം അനുവദിക്കരുതെന്നുമുള്ള സുപ്രീംകോടതി നിർദ്ദേശം കേരളത്തിലെ മലയോര ജില്ലകളിൽ കനത്ത ആശങ്ക പടർത്തിയിരിക്കുകയാണ്. ജനങ്ങളെ കുടിയിറക്കുന്ന നടപടി ഉണ്ടാകില്ലെന്നും അതേസമയം സുപ്രീംകോടതി നിർദ്ദേശം പാലിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. രണ്ടുംകൂടി എങ്ങനെ ഒത്തുപോകുമെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു. സുപ്രീംകോടതി നിർദ്ദേശപ്രകാരം നിയന്ത്രണങ്ങൾ നിലവിൽ വന്നാൽ വനമേഖലകൾക്ക് സമീപം താമസിച്ച് കൃഷിചെയ്ത് ജീവിക്കുന്ന പതിനായിരങ്ങളെ പ്രതികൂലമായി ബാധിക്കും. വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാ‌നങ്ങളുമായി കേരളത്തിൽ 24 സംരക്ഷിത മേഖലകളാണുള്ളത്. ഇതിൽ ഭൂരിപക്ഷത്തിന്റെയും പരിസ്ഥിതിലോല മേഖല സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ടില്ല.

ഇ.എസ്.സെഡിലെ നിയന്ത്രണം കൃഷിക്ക് തടസമാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം കഴിഞ്ഞവർഷം വ്യക്തമാക്കിയിരുന്നെങ്കിലും സുപ്രീംകോടതിയുടെ നിർദ്ദേശം പാലിക്കേണ്ടിവന്നാൽ കൃഷിചെയ്യാനും സ്വാഭാവികമായും നിയന്ത്രണം വരുമെന്നാണ് കർഷകർ ഭയക്കുന്നത്. ഈ നിയമം നടപ്പാക്കുന്നതിന്,​ വർദ്ധിച്ച ജനസംഖ്യയും ജനസാന്ദ്രതയുമുള്ള കേരളത്തെ മറ്റ് സംസ്ഥാനങ്ങളുമായി തുല്യനിലയിൽ കാണുന്നത് ശരിയല്ല. ജനങ്ങളെ കുടിയിറക്കിക്കൊണ്ട് പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിർണയിക്കാൻ ശ്രമിക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് തന്നെ ഇടയാക്കും. അതേസമയം സഹ്യപർവതത്തിന്റെ മടിത്തട്ട് സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ പ്രകൃതിതന്നെ ജനങ്ങളെ കുടിയിറക്കുന്ന ക്ഷോഭങ്ങൾ ആവർത്തിക്കാനും ഇടയുണ്ട്. വനങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതും പർവത മേഖലകളിലെ അനധികൃത ഖനനവും മറ്റ് നിർമ്മാണ പ്രവൃത്തികളുമാണ് തുടരെ സംഭവിക്കുന്ന ഉരുൾപൊട്ടൽ ദുരന്തങ്ങൾക്കും ആവർത്തിക്കുന്ന പ്രളയങ്ങൾക്കും മറ്റും കാരണമായി പരിസ്ഥിതി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ജനവാസ മേഖലയിൽ തൽസ്ഥിതി നിലനിറുത്തിക്കൊണ്ടുള്ള പരിസ്ഥിതിലോല മേഖലാ പുനർനിർണയമായിരിക്കും അഭികാമ്യം. അന്തിമ വിജ്ഞാപനത്തിൽ അതിരുകൾ നിർണയിക്കപ്പെട്ടുകഴിഞ്ഞാൽ ഒരു കാരണവശാലും പിന്നീട് അവിടെ നിയമലംഘനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സർക്കാർ കാണിക്കുകയും വേണം. മനുഷ്യനെ കൈവിടാതെയും എന്നാൽ പരിസ്ഥിതിയെ ദ്രോഹിക്കാതെയുമുള്ള ഒരു നയത്തിനും കർമ്മപരിപാടിക്കുമാണ് സർക്കാർ രൂപം നൽകേണ്ടത്.

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അപ്രായോഗികമാണെന്നും വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുവേന്ദ്ര യാദവ് ഡൽഹിയിൽ അഭിപ്രായപ്പെട്ടത് മലയോര മേഖലയിലെ ഉത്കണ്ഠയ്ക്ക് താത്‌കാലിക ശമനം നൽകുന്നതാണ്.

സുപ്രീംകോടതി നിർദ്ദേശം പാലിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന കാര്യം കേരളം കൃത്യമായ വിവരങ്ങളുടെയും കണക്കുകളുടെയും മറ്റും അടിസ്ഥാനത്തിൽ കോടതിയെ ബോധിപ്പിക്കണം. അതേസമയം ഇളവ് മേഖലകൾ കാര്യകാരണ സഹിതം ചൂണ്ടിക്കാണിക്കുകയും വേണം. പശ്ചിമഘട്ട സംരക്ഷണം കേന്ദ്രത്തിന്റെ മാത്രം ആവശ്യമല്ല. കേരളത്തിന്റെ നിലനില്പിനു തന്നെ അത് അത്യന്താപേക്ഷിതമാണ്. ഈ വീക്ഷണകോണിലുള്ള മനോഭാവത്തിനാവണം കേരളം മുൻതൂക്കം നൽകേണ്ടത്. അതേസമയം മലയോരപ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റേണ്ടുന്ന ചുമതലയും ബാദ്ധ്യതയും സർക്കാർ ഏറ്റെടുക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ECO SENSITIVE ZONE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.